കാഞ്ഞങ്ങാട് : ' ആ സ്കൂളിലെത്തിയാൽ, അവിടത്തെ കുട്ടികളെ കാണുമ്പോൾ മറ്റെല്ലാം മറക്കും. സ്നേഹം മാത്രം നിറയുന്ന, നിഷകളങ്ക മനസ്സുള്ള കുറേ കുട്ടികൾ. അതൊരു പ്രത്യേക ലോകമാണ്'. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിനെക്കുറിച്ച് പറയുമ്പോൾ ഡോ. എം.ആർ. നമ്പ്യാരുടെ മുഖത്ത് സന്തോഷം നിറയുന്നത് കാണാം.

To advertise here,

ആ കുട്ടികളെക്കുറിച്ച് പറഞ്ഞും അവിടെയെത്തി കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുകയുംചെയ്യുന്ന ആതുരശുശ്രൂഷകൻ. കാഞ്ഞങ്ങാട് റോട്ടറി സ്ഥാപിച്ച ഈ സ്‌കൂളിന്റെ നടത്തിപ്പിൽ അന്നും ഇന്നും കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന അസ്ഥിരോഗ വിദഗ്ധനായ എം.ആർ. എന്ന രത്നാകരൻ നമ്പ്യാർ മുന്നിലുണ്ട്.

റോട്ടറി സേവനവും ഡോക്ടർ സേവനവും ഒരുപോലെ കൊണ്ടുനടക്കുന്നു ഇദ്ദേഹം. വയസ് 78 പിന്നിടുന്നു. അര നൂറ്റാണ്ടിന്റെ ഡോക്ടർ സേവനത്തെയും റോട്ടറി സേവനത്തെയും മുൻനിർത്തി ഇദ്ദേഹത്തെ നാട് ആദരിക്കുന്നു. കാഞ്ഞങ്ങാട് റോട്ടറിയാണ് ഇതിന്‌ ചുക്കാൻപിടിക്കുന്നത്. 180 ഡിഗ്രിയിൽ വളഞ്ഞ കൗമാരക്കാരന്റെ ഇരു കാലുകളും ശസ്ത്രക്രിയ നടത്തി ശരിയാക്കിയതിന് ഡോ. എം.ആർ. നമ്പ്യാരെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത കാണാം വീട്ടിൽ സൂക്ഷിച്ച ഇദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ. കാഞ്ഞങ്ങാട് കുന്നുമ്മലിലെ 'രത്‌ന'ത്തിലെത്തിയാൽ ഈ നാട് ഒരു ഡോക്ടറെ ഹൃദയതാളത്തിൽ ചേർത്തതെങ്ങനെയെന്ന് മനസ്സിലാകും.

മണിപ്പാൽ മെഡിക്കൽ കോളേജിൽനിന്ന്‌ എം.ബി.ബി.എസും മംഗളൂരു കെ.എം.സി.യിൽനിന്ന് ഓർത്തോപീഡിക്‌സിൽ പി.ജി.യും നേടി. കാഞ്ഞങ്ങാട് റോട്ടറിയുടെ സേവനപ്രവർത്തനങ്ങളിലെല്ലാം സജീവമാണ് ഡോ. എം.ആർ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് കൃത്രിമ അവയവങ്ങൾ നിർമിക്കുന്ന ജില്ലയിലെ ആദ്യ കേന്ദ്രമായ റോട്ടറി ആർട്ടിഫിഷ്യൽ ലിംബ് സെന്റർ കാഞ്ഞങ്ങാട് റോട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്നു. മാതൃകാപരമായ ഈ സേവനത്തിനും മുന്നിൽനിൽക്കുന്നത് ഡോ. എം.ആർ. നമ്പ്യാരാണ്. മികവാർന്ന സേവനപ്രവർത്തനങ്ങളെ മുൻനിർത്തി അദ്ദേഹത്തിന് ഏതാനുംദിവസം മുൻപ് റോട്ടറിയുടെ ദേശീയ പുരസ്കാരം ലഭിച്ചു. കുമാരി നമ്പ്യാരാണ് ഭാര്യ. മക്കൾ: കൃഷ്ണൻ നമ്പ്യാർ, അഞ്ജലി സിദ്ധാർഥ്.

ആദരച്ചടങ്ങ് നാളെ

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്കൂളിൽ നടക്കുന്ന ആദരച്ചടങ്ങ് ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനംചെയ്യും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം.വി. മോഹൻദാസ് മേനോൻ മുഖ്യാതിഥിയാകും. സ്വാമി മുക്താനന്ദ പ്രഭാഷണം നടത്തും.

സംഘാടകസമിതി ചെയർമാനും റോട്ടറി മുൻ അസി. ഗവർണറുമായ എം.കെ. വിനോദ്കുമാർ, റോട്ടറി റവന്യൂ ഡിസ്ട്രിക്ട് സെക്രട്ടറി ബി. മുകുന്ദ് പ്രഭു, കാഞ്ഞങ്ങാട് റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. അഡ്വ. എ. മനോജ്കുമാർ, മുൻ പ്രസിഡന്റുമാരായ കെ.കെ. സെവിച്ചൻ, എം. അരുൺ, എൻ. സുരേഷ്, സെക്രട്ടറി ഡോ. രാജശ്രീ സുരേഷ്, മല്ലികാ രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.