വ്യക്തി ശുചിത്വവും പരിസര ശുചിത്വവും വളരെയേറെ പ്രധാനമാണെന്ന് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ നിയോഗിച്ച ഹൈപവർ കമ്മിറ്റി ചെയർമാനും ലോകാരോഗ്യ സംഘടന ആഗോള സമിതി അംഗവുമായ ഡോ. എസ്. എസ്. ലാൽ. ഉന്നതാധികാര സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ആരോഗ്യം-ദേവസ്വം മന്ത്രി കെ. മുരളീധരന് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിനുള്ള ശുപാർശകളാണ് കമ്മിറ്റി നൽകിയിട്ടുള്ളത്. റിപ്പോർട്ടിന്മേൽ സർക്കാർ നടപടികൾ സ്വീകരിക്കും. കമ്മിറ്റിയുടെ പൊതുവായ ശുപാർശകളെക്കുറിച്ചും ആരോഗ്യരംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും എസ്. എസ്. ലാൽ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.

To advertise here,

ദിവസേന പതിനായിരത്തിലധികം പകർച്ചപ്പനി കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്ന് ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പിനെ പഴി ചാരുമ്പോഴും ഗുരുതര പ്രത്യാഘാതങ്ങളല്ലേ ഇതുണ്ടാക്കിയത് ?

കേരളത്തിൽ എല്ലാ വർഷവും മഴക്കാല രോഗങ്ങളും സീസണൽ രോഗങ്ങളും ഉണ്ടാകാറുണ്ട്. ഇത്തവണയും രോഗങ്ങൾ വന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗബാധ കുറവാണെങ്കിലും അതിനുള്ള മുൻകരുതൽ പ്രവർത്തനങ്ങളിൽ ചില പോരായ്മകൾ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പും പുതിയ സർക്കാരിന്റെ അധികാരമേറ്റെടുക്കലും മൂലം ചില കാര്യങ്ങളിൽ വിടവുണ്ടായി.

പുതിയ നേതൃത്വമാണ് വന്നതെങ്കിലും സംവിധാനങ്ങൾ പഴയതുതന്നെയാണ്. ഈ സാഹചര്യത്തിൽ ചില അടിയന്തര ഇടപെടലുകൾ അനിവാര്യമായിരുന്നു. ആരോഗ്യവകുപ്പ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ഏകദേശം ഒരു ലക്ഷം ആരോഗ്യപ്രവർത്തകരുണ്ട്. എന്നിരുന്നാലും, ചില മേഖലകളിൽ ഉണ്ടായ ചെറിയ വീഴ്ചകൾ പരിഹരിക്കേണ്ടതുണ്ടായി. അതിനാണ് ഹൈപവർ കമ്മിറ്റി രൂപീകരിച്ചത്.

കേരളത്തിലെ ആരോഗ്യസംവിധാനം ലോകത്തിലെ മികച്ച സംവിധാനങ്ങളിലൊന്നും ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധാനവുമാണ്. അതിനെ മാറ്റാനോ തിരുത്താനോ അല്ല ഹൈപവർ കമ്മിറ്റിയുടെ ലക്ഷ്യം. ചില വിടവുകൾ കണ്ടെത്തി അവ നികത്തുകയാണ് ലക്ഷ്യം.

ഡിഎച്ച്എസിന് വീഴ്ച സംഭവിച്ചോ? ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിൽ മന്ത്രിയുടെ പങ്ക് എങ്ങനെയായിരിക്കണം?

ഒരു ലാത്തിച്ചാർജ് നടക്കുന്ന സ്ഥലത്തേക്ക് ആഭ്യന്തരമന്ത്രി നേരിട്ട് പോകാറില്ല. രാഷ്ട്രീയ നേതൃത്വം നിയന്ത്രണവും മാർഗനിർദേശവും നൽകാം. എന്നാൽ ആരോഗ്യ പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ രാഷ്ട്രീയക്കാർ ഏറ്റെടുക്കരുത്. ആഭ്യന്തരമന്ത്രി ലാത്തിച്ചാർജ് നടത്താൻ പോകാത്തതുപോലെ ആരോഗ്യമന്ത്രിക്കും നേരിട്ട് കുത്തിവെപ്പ് നടത്താൻ കഴിയില്ല. അത് ചെയ്യുന്നവരെ ഏകോപിപ്പിക്കുകയാണ് അദ്ദേഹത്തിൻ്റെ ജോലി.

മന്ത്രിസഭയുടെ കാലാവധി കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരുമ്പോൾ രാഷ്ട്രീയ നേതൃത്വത്തിന്റെ ശ്രദ്ധ മാറുന്നത് മനസ്സിലാക്കാം. പക്ഷേ മന്ത്രിസഭ ഇല്ലാതിരുന്നപ്പോഴും ഗവർണർ ഭരണം ഉണ്ടായിരുന്നപ്പോഴും കേരളത്തിലെ ആരോഗ്യവകുപ്പ് പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് ആരോഗ്യവകുപ്പിനെ അതിന്റെ സ്വാഭാവിക സംവിധാനത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടത് ആവശ്യമാണ്.

മന്ത്രിമാർക്ക് രാഷ്ട്രീയ മൈലേജ് ലഭിച്ചേക്കാം. പക്ഷേ മന്ത്രിമാരാണ് ആരോഗ്യവകുപ്പ് എന്ന ധാരണ തിരുത്തേണ്ടതുണ്ട്. കഴിഞ്ഞ പത്ത് വർഷം സംഭവിച്ചത് ഇതാണ്. മന്ത്രിമാരുടെ വൺമാൻ ഷോയ്ക്ക് വേണ്ടി ഒരുപാട് അശാസ്ത്രീയ പ്രചാരണങ്ങൾ നടന്നു. മുൻപ് നിപയെ ഓടിച്ചത് ആരോഗ്യമന്ത്രിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടായി. നിപയ്ക്ക് ബോധമുണ്ടായിരുന്നെങ്കിൽ അതും ചിരിച്ചുപോകും. മന്ത്രിയല്ല, പ്രധാനമന്ത്രി ഓടിച്ചാലും ഒരു രോഗവും ഓടിപ്പോകില്ല. നിപ തനിയെ പോയതാണ്. നിപയുമായി ബന്ധപ്പെട്ട് ഒരു സിനിമ എടുത്തപ്പോൾ ജനത്തിനോട് ലാഘവത്തോടെ പറഞ്ഞു, മന്ത്രി ഉണ്ടെങ്കിൽ ഇനി ഒരു അസുഖവും വരില്ലെന്ന്. കോവിഡ് വന്നപ്പോൾ ഇതേ കാര്യം നടന്നു. നമ്മുടെ മന്ത്രി ഉണ്ടെങ്കിൽ കോവിഡ് വരില്ല എന്ന തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അങ്ങനെയല്ല ആരോഗ്യ സംവിധാനം പ്രവർത്തിക്കേണ്ടത്.

കേരളത്തിൽ വേണ്ട നടപടികൾ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. മന്ത്രി മാസ്കിട്ട് രോഗബാധിത പ്രദേശങ്ങളിൽ പോകേണ്ട കാര്യമില്ല. മന്ത്രിയുടെ ജോലി നേതൃത്വം നൽകലാണ്, രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത് ആരോഗ്യ സംവിധാനവും വിദഗ്ധരുമാണ്.

ഇവിടെ ഡിഎച്ച്എസിൻ്റെ പേര് എത്രപേർക്ക് അറിയാം. ഇപ്പോൾ ഒരു നടപടി ഉണ്ടായത് കൊണ്ട് കുറച്ചാളുകൾ അറിഞ്ഞു. 2023-ൽ അവതരിപ്പിച്ച പൊതുജനാരോഗ്യ നിയമത്തിൽ കേരളത്തിന്റെ ആരോഗ്യ അധികാരി ആരോഗ്യ ഡയറക്ടറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്, മന്ത്രിമാർ വരുകയും പോകുകയും ചെയ്യും. പക്ഷേ ആരോഗ്യ സംവിധാനം ശക്തമായി നിലനിൽക്കണം. അതിനെ ദുർബലപ്പെടുത്തരുത്. ആരോഗ്യ ഡയറക്ടർ മാത്രമല്ല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, കുടുംബശ്രീ തുടങ്ങിയവയെ ഉൾക്കൊള്ളുന്ന വലിയൊരു സംവിധാനമാണ് കേരളത്തിനുള്ളത്. ഒരു ലക്ഷത്തോളം പേരുള്ള ഈ സൈന്യമാണ് പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്.

ഡിഎച്ച്എസ് പവർലെസ് ആയിരുന്നുവെന്നാണ് ഞാൻ പറയുന്നത്. ഡിഎച്ച്എസിനെ നിർവീര്യമാക്കി. ഏതെങ്കിലും ഒരു പരിപാടിക്ക് മന്ത്രിക്ക് ഒപ്പം ഡിഎച്ച്എസ് ഇരിക്കുന്നത് കണ്ടിട്ടുണ്ടോ. സാങ്കേതിക വിഷയങ്ങളിൽ ആരോഗ്യ ഡയറക്ടറും ആരോഗ്യ വിദഗ്ധരും സംസാരിക്കേണ്ടിടത്ത് രാഷ്ട്രീയ നേതാക്കളാണ് മുന്നിൽ നിന്നത്. കോവിഡ് കാലത്ത് മുഖ്യമന്ത്രിയോട് സാങ്കേതിക ചോദ്യങ്ങൾ ചോദിക്കുമ്പോൾ, “എന്റെ അടുത്ത് ആരോഗ്യ ഡയറക്ടർ ഉണ്ട്, അവർ മറുപടി പറയും” എന്ന് പറയേണ്ടതായിരുന്നു. രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ജനങ്ങൾക്ക് നൽകേണ്ടത് ആരോഗ്യവിദഗ്ധരാണ്. രാഷ്ട്രീയ നേതൃത്വം വേണം, പക്ഷേ ആരോഗ്യ കാര്യങ്ങൾ ആരോഗ്യ സംവിധാനങ്ങൾ തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. അത് ചെയ്യാതിരുന്നതിന്റെ പ്രത്യാഘാതമാണ് മന്ത്രിസഭ മാറിയപ്പോൾ മഴക്കാലപൂർവ ശുചീകരണം പോലുള്ള പ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ച.

വൈറസിനും ബാക്ടീരിയക്കും തിരഞ്ഞെടുപ്പ് നടക്കുകയാണെന്നോ മന്ത്രിസഭ മാറിയെന്നോ അറിയില്ല. പക്ഷേ സംവിധാനത്തിന് അത് അറിയാം. അതുകൊണ്ട് സംവിധാനത്തെ ദുർബലപ്പെടുത്തരുത്. രോഗങ്ങളെ ശാസ്ത്രീയമായ രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും അതിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. ശാസ്ത്രീയ നേതൃത്വം നൽകാൻ ഡിഎച്ച്എസിനും ആരോഗ്യവിദഗ്ധർക്കും അവസരം നൽകണം.

നിപയെ സംബന്ധിച്ച് ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമുണ്ടോ?

നിപയെ സംബന്ധിച്ച് ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിൽ തന്നെ ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലാണ് നിപ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിപയെ സംബന്ധിച്ച പ്രധാന പ്രശ്നം അതിനെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമല്ല എന്നതാണ്. നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുള്ള കേസുകളിൽ സർവൈലൻസ് കൃത്യമായി നടക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിപയുടെ ലക്ഷണങ്ങളുമായി വരുന്നവരെ ചികിത്സിക്കുക മാത്രമല്ല, ആരോഗ്യവകുപ്പിനെ അറിയിക്കുകയും വേണം. പ്രത്യേകിച്ച് സ്വകാര്യ മേഖലയിലും ഇത് ശ്രദ്ധിക്കണം. സ്വകാര്യ ആശുപത്രികളിൽ എത്തുന്ന കേസുകളുടെ വിവരങ്ങൾ സർക്കാരിന് ലഭിച്ചില്ലെങ്കിൽ ചില കാര്യങ്ങൾ അറിയാതെ പോകാൻ സാധ്യതയുണ്ട്.

നിപ എന്തുകൊണ്ടാണ് കേരളത്തിലെ ചില ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നതിന് കൃത്യമായ ഉത്തരമില്ല. വവ്വാലുകളിലൂടെ രോഗം പകരുന്നുവെന്ന സൂചനകളും ചില തെളിവുകളും ഉണ്ട്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമുണ്ട്. ലോകാരോഗ്യ സംഘടനയുടെയും പൊതുജനാരോഗ്യ ഗവേഷണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ശാസ്ത്രീയ പഠനങ്ങൾ നടത്തി കൃത്യമായ അറിവ് ലഭ്യമാക്കണം. വിവരങ്ങൾ മറച്ചുവയ്ക്കുകയോ രേഖകൾ കൈകാര്യം ചെയ്യുകയോ ചെയ്യരുത്. ഡേറ്റയുടെ കാര്യത്തിൽ സുതാര്യതയാണ് വേണ്ടത്.

ഹൈപവർ കമ്മിറ്റി മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ എന്തൊക്കെയാണ്?

ആരോഗ്യം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ല. കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതും രോഗപ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന് മാത്രം ചെയ്യാൻ കഴിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണ്. അതാണ് ഞങ്ങളുടെ പ്രധാന നിർദേശങ്ങളിലൊന്ന്.

ഡെങ്കിപ്പനി വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേക്ക് സംസ്ഥാനത്ത് ശക്തമായ ശുചീകരണ യജ്ഞം നടത്തണം. രോഗവ്യാപന ഹോട്ട്‌സ്‌പോട്ടുകൾ തിരിച്ചറിഞ്ഞ് അവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിഭവങ്ങളും ജീവനക്കാരെയും കാര്യക്ഷമമായി വിനിയോഗിക്കുകയും വേണം.

ബോധവൽക്കരണത്തിനും വലിയ പ്രാധാന്യമുണ്ട്. ഭക്ഷണശാലകളിലെ ശുചിത്വം, സുരക്ഷിത കുടിവെള്ളം, വ്യക്തിശുചിത്വം എന്നിവയിൽ കൂടുതൽ ശ്രദ്ധ വേണം. തുറന്നുവെച്ച ഭക്ഷണത്തിൽ ഈച്ചകൾ വന്നാലും വൃത്തിഹീനമായ പാത്രങ്ങളിലൂടെയും ശുദ്ധമല്ലാത്ത വെള്ളത്തിലൂടെയും രോഗങ്ങൾ പകരാം. തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവും ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ ശുചിത്വവും ഉറപ്പാക്കണം. ആശാ പ്രവർത്തകരുടെയും വിവിധ തലങ്ങളിലെ കോർഡിനേറ്റർമാരുടെയും സഹായത്തോടെ ആരോഗ്യ സന്ദേശങ്ങൾ കൂടുതൽ വ്യാപകമായി ജനങ്ങളിലെത്തിക്കണം.

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ കൂടുതലായും പകൽസമയത്താണ് കടിക്കുന്നത്. അതിനാൽ രാത്രി കൊതുകുവല ഉപയോഗിക്കുന്നത് മാത്രം മതിയാകില്ല. വീടുകളിലും പരിസരങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുകയും ടെറസുകളിലും ഉപേക്ഷിച്ച പാത്രങ്ങളിലുമുള്ള വെള്ളം നീക്കം ചെയ്യുകയും വേണം. എലിപ്പനിക്കെതിരെ കർഷകരും വയലുകളിൽ ജോലി ചെയ്യുന്നവരും ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത തൊഴിലുടമകളെയും ബോധ്യപ്പെടുത്തണം.

തട്ടുകടകൾ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിലെ ശുചിത്വം പരിശോധിക്കാൻ ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, ഫുഡ് സേഫ്റ്റി വിഭാഗം എന്നിവയുടെ സംയുക്ത സ്ക്വാഡുകൾ രൂപീകരിക്കണം. പരിശോധനകളുടെ ലക്ഷ്യം തൊഴിൽ നഷ്ടപ്പെടുത്തലല്ല, രോഗവ്യാപനം തടയലാണ്.

പരിശോധനാ സാമഗ്രികളും ലബോറട്ടറി സൗകര്യങ്ങളും എല്ലാ ജില്ലകളിലും സജ്ജമാക്കണം. സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് സർക്കാർ സംവിധാനങ്ങളിലൂടെ പരിശോധന ഉറപ്പാക്കേണ്ടതുണ്ട്.

രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് കലണ്ടർ അടിസ്ഥാനത്തിലുള്ള സമീപനവും ആവശ്യമാണ്. രോഗസാധ്യതയുള്ള കാലയളവുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങളും ബോധവൽക്കരണ പരിപാടികളും ആരംഭിക്കണം. സ്കൂളുകൾ, ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ഈ പ്രവർത്തനങ്ങൾ ക്രമബദ്ധമായി നടപ്പാക്കണം.

കേരളത്തിലെ ആരോഗ്യപ്രവർത്തകർ മികച്ച സേവനമാണ് നൽകുന്നത്. കോവിഡ് കാലത്ത് നടത്തിയ പഠനത്തിൽ 95 ശതമാനം ആളുകളും മാസ്ക് ധരിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ആരോഗ്യബോധവും സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കാനുള്ള മനോഭാവവും കേരള ജനതയ്ക്കുണ്ട്.

പല പനിയും കോവിഡ് ആകാമെന്ന് ഡോക്ടർമാർ പറയുന്നു. കോവിഡിനെ ഇപ്പോൾ ഭയക്കേണ്ട സാഹചര്യമുണ്ടോ ?

കോവിഡ് സംബന്ധിച്ച് ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ല. രോഗത്തിന്റെ ഗുരുതര സ്വഭാവം കുറഞ്ഞിട്ടുണ്ട്. എന്നാൽ ജലദോഷം പോലുള്ള വായുവിലൂടെ പകരുന്ന രോഗങ്ങൾ ഉള്ളപ്പോൾ മാസ്ക് ധരിക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ അല്ലെങ്കിൽ തുണി ഉപയോഗിക്കുകയും കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും വേണം.

ഷിഗെല്ല എത്രത്തോളം അപകടകാരിയാണ്? കുട്ടികളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം ?

ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്ക രോഗമാണ് ഷിഗെല്ല. മലിനജലത്തിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഇത് പകരുന്നത്. വെള്ളം കാണാൻ ശുദ്ധമാണെന്ന് തോന്നാമെങ്കിലും, അതിന്റെ ഉറവിടത്തിൽ ബാക്ടീരിയ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് രോഗബാധയുണ്ടെങ്കിൽ അതിലൂടെയും രോഗം പകരാം. ‌അതുകൊണ്ട് ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. കൈകൾ ശുദ്ധമായി സൂക്ഷിക്കുകയും, പ്രത്യേകിച്ച് ഭക്ഷണം പാചകം ചെയ്യുന്നവരും വിളമ്പുന്നവരും കൈകൾ നന്നായി കഴുകുകയും വേണം. ഭക്ഷണം വൃത്തിയായി കൈകാര്യം ചെയ്യണം. ശുദ്ധമായ വെള്ളം മാത്രം കുടിക്കണം. ചൂടുള്ളതും പുതുതായി തയ്യാറാക്കിയതുമായ ഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കണം. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

ഈ വയറിളക്ക രോഗം വരുമ്പോൾ ശരീരത്തിൽ നിന്ന് ജലവും ചില ധാതുക്കളും നഷ്ടപ്പെടുന്നു. നിർജലീകരണമാണ് ഏറ്റവും വലിയ അപകടം. അതിനാൽ ഒആർഎസ് ലായനി കഴിക്കണം. ഒന്നും ലഭ്യമല്ലെങ്കിൽ കഞ്ഞിവെള്ളത്തിൽ ഉപ്പ് ചേർത്ത് കുടിക്കാം. ഏത് രൂപത്തിലായാലും ശരീരത്തിൽ ആവശ്യത്തിന് ജലം ലഭ്യമാക്കേണ്ടത് പ്രധാനമാണ്.

ഇത് ബാക്ടീരിയ രോഗമായതിനാൽ ആന്റിബയോട്ടിക് ചികിത്സ ആവശ്യമായി വരാം. അതിനാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ ലഭ്യമായ ചികിത്സ തേടണം. ഡോക്ടർ നിർദേശിക്കുന്ന രീതിയിൽ തന്നെ ചികിത്സ സ്വീകരിക്കണം. അനാവശ്യ ഉപദേശങ്ങൾ കേട്ട് സ്വയം ചികിത്സ നടത്തരുത്.

രോഗത്തിന്റെ ഉറവിടത്തെക്കുറിച്ച് പറയുകയാണെങ്കിൽ, മലിനജലവും വൃത്തിഹീനമായ ഭക്ഷണവുമാണ് പ്രധാന കാരണം. നമ്മുടെ ശുചിത്വക്കുറവും രോഗവ്യാപനത്തിന് കാരണമാകുന്നു. മലയാളികൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുവേ കൂടുതൽ ശുചിത്വം പാലിക്കുന്നവരാണ്. എന്നാൽ കൈകളുടെ ശുചിത്വം അതീവ പ്രധാനമാണ്. നമ്മുടെ കൈകളിൽ അണുക്കൾ ഉണ്ടാകാം. ടോയ്‌ലറ്റിൽ പോയതിന് ശേഷം കൈകൾ ശരിയായി കഴുകാതിരുന്നാൽ നമ്മുടെ കൈകളിലൂടെ തന്നെ മറ്റൊരാൾക്ക് രോഗവും ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. അതിനാൽ കൈകൾ എപ്പോഴും ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിയണം.

കഴിഞ്ഞ സർക്കാരുകളിലെ ആരോഗ്യ മന്ത്രിമാരെ വിലയിരുത്തുമ്പോൾ ആരുടെ പ്രവർത്തനമാണ് മികച്ചതെന്ന് തോന്നിയിട്ടുള്ളത്?

എനിക്ക് ഓർമയുള്ളതും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതുമായ ആരോഗ്യ മന്ത്രിമാരെ നോക്കുകയാണെങ്കിൽ, ഞങ്ങൾ വിദ്യാർഥികളായിരുന്ന കാലത്ത് വക്കം പുരുഷോത്തമൻ എടുത്ത ചില തീരുമാനങ്ങൾ കേരളത്തിലെ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരുന്നു. മെഡിക്കൽ കോളേജുകളെ റഫറൽ സംവിധാനത്തിലേക്ക് കൊണ്ടുവന്നതടക്കമുള്ള നിരവധി നടപടികൾ അദ്ദേഹത്തിന്റെ കാലത്താണ് ഉണ്ടായത്.

പിന്നീട് വി.എം. സുധീരൻ ആരോഗ്യമന്ത്രിയായപ്പോൾ ട്രാൻസ്ഫർ ആൻഡ് പോസ്റ്റിംഗ് നോർമുകൾ കൊണ്ടുവന്നു. അതിന് മുമ്പ് മന്ത്രി ഓഫീസുകളെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇന്നും ട്രാൻസ്ഫറുകൾ നടക്കുന്നു. പക്ഷേ വലിയ പരാതികൾ ഉണ്ടാകാത്തത് നോർമുകൾ നിലവിൽ വന്നതുകൊണ്ടാണ്. അദ്ദേഹവും നിരവധി നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

പി കെ ശ്രീമതി ടീച്ചറും മികച്ച തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. റെസിഡൻസി പോലുള്ള വിഷയങ്ങളിലും വിവാദങ്ങൾ ഉണ്ടായിരുന്ന ചില കാര്യങ്ങളിലും അവർ നിലപാടെടുത്തിരുന്നു. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ രാഷ്ട്രീയം നോക്കി ഒരാളെ വിലയിരുത്താൻ പാടില്ല. കേരളത്തിന് മികച്ച ആരോഗ്യ മന്ത്രിമാർ ഉണ്ടായിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.

ശൈലജ ടീച്ചർ രാഷ്ട്രീയപരമായി കൂടുതൽ ശക്തമായിരുന്നു. പാർട്ടിക്കുള്ളിൽ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശേഷി അവർക്കുണ്ടായിരുന്നു. എന്നാൽ വീണാ ജോർജിന് ആ തരത്തിലുള്ള സീനിയോറിറ്റിയോ രാഷ്ട്രീയ സ്വാധീനമോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചിലപ്പോൾ തെറ്റാണെന്ന് തോന്നിയ കാര്യങ്ങൾ പോലും തിരുത്താൻ അവർക്ക് കഴിയാതെ വന്നിട്ടുണ്ട്.

ആരോഗ്യവകുപ്പ് എന്നത് വളരെയധികം സമയം മാറ്റിവെക്കേണ്ട വകുപ്പാണ്. മനുഷ്യരുടെ ജീവൻ സംബന്ധിച്ച വിഷയങ്ങളാണ് അവിടെ കൈകാര്യം ചെയ്യുന്നത്. അതിനാൽ ആരോഗ്യപ്രശ്നങ്ങൾക്ക് സമയം ചെലവഴിക്കേണ്ടി വരും. ഞായറാഴ്ച രാത്രി പത്തുമണിവരെ പോലും ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രി കെ. മുരളീധരൻ സമയം കണ്ടെത്താറുണ്ട്. എന്നാൽ അതൊന്നും അദ്ദേഹം പ്രചാരണ വിഷയമാക്കാറില്ല.

പകർച്ചവ്യാധികൾ വ്യാപിക്കുന്ന സമയത്ത് ആരോഗ്യപ്രവർത്തകർ വലിയ മാനസിക സമ്മർദം നേരിടുന്നുണ്ട്. അവരും പരിഗണന അർഹിക്കുന്ന വിഭാഗമല്ലേ?

അത് പലപ്പോഴും മറന്നുപോകുന്ന കാര്യമാണ്. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും മുൻനിര പോരാളികളാണ്. രോഗികൾ നേരിട്ട് അവരുടെ മുന്നിൽ വരുന്നു. രോഗികൾ ചുമക്കുകയും തുമ്മുകയും ചെയ്യുമ്പോൾ പോലും ഡോക്ടർമാർക്ക് അവരെ പരിശോധിക്കാതെ മാറിനിൽക്കാൻ കഴിയില്ല. അതുകൊണ്ട് രോഗബാധയുടെ സാധ്യത അവർ നേരിടുന്നുണ്ട്.

അവർ നമ്മുടെ പട്ടാളം പോലെയാണ്. എന്നാൽ പട്ടാളത്തിൽ ചേരുന്ന ഒരാൾക്ക് അപകടസാധ്യതയുണ്ടെന്ന് അറിയാവുന്നതുപോലെ, ആരോഗ്യപ്രവർത്തകരും ഈ റിസ്ക് അറിഞ്ഞാണ് ഈ മേഖലയിൽ വരുന്നത്. പക്ഷേ അതുകൊണ്ട് അവർക്ക് സൗകര്യങ്ങൾ വേണ്ട എന്നല്ല.

പല ആശുപത്രികളുടെയും അവസ്ഥ ഇപ്പോഴും ശോചനീയമാണ്. ടോയ്‌ലറ്റ്, അടിസ്ഥാന സൗകര്യങ്ങൾ, ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഞാൻ ആദ്യമായി ജോലി ചെയ്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ടോയ്‌ലറ്റ് പോലും ഉണ്ടായിരുന്നില്ല. കുടിവെള്ള സൗകര്യവും ഇല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്.

അതുകൊണ്ട് ആരോഗ്യപ്രവർത്തകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കണം. കൂടുതൽ ഡോക്ടർമാരും ജീവനക്കാരും ആവശ്യമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് കാർഡിയോളജിസ്റ്റുകൾക്ക് ഒരു ദിവസം നൂറുകണക്കിന് രോഗികളെ പരിശോധിക്കേണ്ട സാഹചര്യമുണ്ട്. ഇത് ദീർഘകാലം തുടരാനാകില്ല. അതുകൊണ്ട് ഇത്തരം നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഇനി കമ്മിറ്റിയുടെ മുന്നിലുള്ള ദൗത്യം എന്താണ്?

ആർക്കും അറിയാത്ത കാര്യങ്ങൾ കണ്ടെത്തുക എന്നതായിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. പല പ്രശ്നങ്ങളും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് കണ്ടെത്തുകയായിരുന്നു പ്രാഥമിക റിപ്പോർട്ടിന്റെ ലക്ഷ്യം.

ഇത് ഒരാഴ്ചത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ്. കൂടുതൽ മേഖലകൾ പഠിക്കണം. കൂടുതൽ പ്രദേശങ്ങൾ സന്ദർശിക്കണം. ജീവനക്കാരുമായും വിദഗ്ധരുമായും സാധാരണക്കാരുമായും സംസാരിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കും.

ആരോഗ്യരംഗത്തെ വിലയിരുത്തലും പരിഷ്കാരങ്ങളും തുടർച്ചയായി നടന്നുകൊണ്ടിരിക്കേണ്ട പ്രക്രിയയാണ്. ആരോഗ്യരംഗത്തെ റിപ്പോർട്ടുകളും പുതുക്കിക്കൊണ്ടേയിരിക്കണം.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർക്കലയിലെ സാധ്യതാ പട്ടികയിൽ പേരുണ്ടായിരുന്നു. അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. എന്താണ് അന്ന് സംഭവിച്ചത്?

മുൻപത്തെ തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് സംശയം ഉണ്ടായിരുന്ന സീറ്റിലാണ് അന്ന് നിന്നത്. എന്നോട് പാർട്ടി പറഞ്ഞത് ലാലാണെങ്കിൽ ചിലപ്പോൾ ജയിക്കാൻ സാധ്യതയുണ്ടെന്നാണ്. അങ്ങനെയാണ് ഞാൻ കഴക്കൂട്ടത്ത് നിന്നത്.

ഇപ്രാവശ്യം വർക്കലയിൽ മത്സരിക്കുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു. എനിക്കും വിജയസാധ്യതയുണ്ടെന്ന് തോന്നിയിരുന്നു. സിപിഎമ്മിനും അത് അറിയാമായിരുന്നു. പക്ഷേ അവിടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിന് താൽപര്യമുണ്ടായിരുന്നു. പാർട്ടിക്കുള്ളിൽ മറ്റ് ചർച്ചകളും നടന്നുകൊണ്ടിരുന്നു.

എന്റെ പേരിൽ പുതിയ തർക്കങ്ങൾ ഉണ്ടാകേണ്ടതില്ലെന്ന് കരുതി ഞാൻ തന്നെ പിന്മാറുകയായിരുന്നു. ജനാധിപത്യത്തിൽ അവസരങ്ങളാണ് പ്രധാനമെന്നും അധികാരം പിടിച്ചുപറിക്കേണ്ട ഒന്നല്ലെന്നും ഞാൻ വിശ്വസിക്കുന്നു. മന്ത്രിയാകുന്നത് മാത്രമല്ല ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മാർഗം. അതുകൊണ്ട് എനിക്ക് അതിൽ വിഷമമോ ഖേദമോ ഇല്ല.

ഞാൻ സ്വയം മാറിനിന്ന് ഒരു മാതൃക കാണിച്ചു. അത് മറ്റ് ചിലരും പിന്തുടർന്നു. മന്ത്രിയായാൽ അറിയുന്ന കാര്യങ്ങൾ വെച്ച് തീരുമാനങ്ങൾ എടുത്ത് ജനങ്ങൾക്ക് സഹായിക്കാൻ പറ്റും. പക്ഷേ അത് പിടിച്ചുപറിക്കേണ്ട ഒന്നല്ല. പാർട്ടിക്കുള്ളിൽ നേരത്തേ തന്നെ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എന്റെ പേരിൽ പുതിയ തർക്കങ്ങൾ ഉണ്ടാകേണ്ടതില്ലെന്ന് കരുതിയാണ് ഞാൻ മാറിനിന്നത്.

സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള പദ്ധതിയുണ്ടോ?

ഞാൻ ഇപ്പോഴും സജീവ രാഷ്ട്രീയത്തിലാണ്. ഖദർ ധരിച്ച് സമരത്തിന്റെ മുന്നിൽ നിൽക്കുന്നത് മാത്രമല്ല രാഷ്ട്രീയം. മനുഷ്യരുടെ പ്രതിസന്ധികളിൽ ഇടപെടുന്നതും രാഷ്ട്രീയം തന്നെയാണ്.

ഹൃദയം മാറ്റിവയ്ക്കാനുള്ള സഹായങ്ങൾ ചെയ്യാറുണ്ട്. അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് സഹായം എത്തിക്കാൻ ശ്രമിക്കാറുണ്ട്. സ്വകാര്യ ആശുപത്രികളിലെ വലിയ ബില്ലുകൾ കുറയ്ക്കുന്നതിനും ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും ഇടപെടാറുണ്ട്. പൊതുജനാരോഗ്യ വിഷയങ്ങളിൽ ഇടപെടുന്നതും രാഷ്ട്രീയമാണ്.

ഞാൻ ഒരു ഡോക്ടറാണ്. പൊതുജനാരോഗ്യമാണ് എന്റെ പ്രധാന രാഷ്ട്രീയം. അതുകൊണ്ടാണ് ഹൈപവർ കമ്മിറ്റിയുടെ ചെയർമാനായി എന്നെ നിയോഗിച്ചത്. ജനങ്ങളുടെ അസുഖങ്ങൾ കുറയുകയും ആരോഗ്യസംരക്ഷണം മെച്ചപ്പെടുകയും ചെയ്യുന്നതാണ് എനിക്ക് രാഷ്ട്രീയം.

എപ്പോഴും രാഷ്ട്രീയക്കാരന്റെ വേഷം ധരിച്ച് സമരത്തിന്റെ മുന്നിൽ നിന്നാൽ മാത്രമേ രാഷ്ട്രീയം ആകൂ എന്ന ധാരണ ശരിയല്ല. എനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് ഗുണം ചെയ്യുകയാണ് എന്റെ ലക്ഷ്യം. ജനങ്ങളുടെ അസുഖങ്ങൾ കുറയണം. അതാണ് രാഷ്ട്രീയം.

നിലവിലെ സാഹചര്യത്തിൽ പകർച്ചപ്പനികളുടെ വ്യാപനം നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ രോഗബാധ കുറവാണ്. അതിന് ഏതെങ്കിലും സർക്കാരിന്റെ മാത്രം അവകാശവാദം ഉന്നയിക്കേണ്ട കാര്യമില്ല. ആരോഗ്യപ്രവർത്തകർ നന്നായി പ്രവർത്തിക്കുന്നുണ്ട്. ജനങ്ങളും കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ ഭാവിയിൽ കൂടുതൽ രോഗങ്ങൾ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡെങ്കിപ്പനി കൂടുതൽ വ്യാപകമാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ജാഗ്രത അനിവാര്യമാണ്.

ഒരുകാര്യം ഞാൻ ആവർത്തിക്കാം. പ്രതിപക്ഷ കൊതുകും ഭരണപക്ഷ കൊതുകും എന്നൊന്നില്ല. ഡെങ്കിപ്പനി വൈറസ് ഉള്ള കൊതുക് ആരെയും കുത്തും. അത് പാർട്ടിയുടെ നിറമോ ആളുകളുടെ രാഷ്ട്രീയമോ നോക്കിയല്ല വരുന്നത്. സിപിഎമ്മുകാരനും കോൺഗ്രസുകാരനും മുസ്ലിം ലീഗുകാരനും പാർട്ടിയില്ലാത്തവർക്കും ഒരുപോലെ രോഗം വരാം.

അതിനാൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണം. ഒരു വിദേശരാജ്യത്തിന്റെ ആക്രമണം നേരിടുമ്പോൾ നാം ഒന്നിക്കുന്നതുപോലെ, രോഗാണുക്കളെതിരെയുള്ള പോരാട്ടത്തിലും ഒരുമിച്ച് നിൽക്കണം. ഇത് രോഗാണുക്കൾക്കെതിരെയുള്ള യുദ്ധമാണ്.

മുന്നിൽ നിൽക്കുന്ന ക്യാപ്റ്റന്റെ കാലുവാരാൻ നോക്കരുത്. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. എന്നാൽ ജനങ്ങളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ നിസ്സാര വിമർശനങ്ങൾ നടത്തുന്നതിന് പകരം രോഗപ്രതിരോധത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്. വീണാ ജോർജായാലും മുൻ ആരോഗ്യമന്ത്രിമാരായാലും ജനങ്ങളോട് പറയേണ്ടത് ഒന്നുതന്നെയാണ് - കൊതുക് നശിപ്പിക്കുക, വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക, ഭക്ഷണം ശുചിത്വത്തോടെ പാചകം ചെയ്യുക, കൈ കഴുകുക എന്നിവയാണ്.

ആരോഗ്യ മന്ത്രിയുടെ കാലുവാരാൻ ശ്രമിക്കുകയല്ല വേണ്ടത്. തെറ്റുകൾ ഉണ്ടെങ്കിൽ പറയണം. ഞാൻ പോലും പലപ്പോഴും പഴയ മന്ത്രിമാരെ നേരിട്ട് വിളിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് തെറ്റ് സംഭവിച്ചാൽ അത് എല്ലാവരെയും ബാധിക്കുന്ന കാര്യമാണ്.

ഇപ്പോൾ പ്രധാനമായി സംസാരിക്കേണ്ടത് രോഗപ്രതിരോധത്തെക്കുറിച്ചാണ്. രോഗപ്രതിരോധത്തെക്കുറിച്ച് സംസാരിക്കാതെ ആരോഗ്യമന്ത്രിയെ മാത്രം കടന്നാക്രമിക്കാൻ ശ്രമിക്കുന്നത് അസംബന്ധവും ജനവിരുദ്ധവുമാണ്.