ഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് ഷിഗല്ലെ കേസുകളിൽ മൂന്നിരട്ടിയോളം വർധനവ് ഉണ്ടാവുകയും കഴിഞ്ഞ ദിവസം കോഴിക്കോട് നാല് വയസുകാരിക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമാകുമ്പോൾ ഷിഗെല്ല വൈറസിന്റെ വ്യാപനം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും കൃത്യമായ ചികിത്സയാണ് വേണ്ടതെന്നും പറയുകയാണ് ഡോ.രാജീവ് ജയദേവൻ. പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്നും ഇതിന് കൃത്യമായ ആന്റിബയോട്ടിക് ചികിത്സ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സമ്പർക്കവിലക്കും വ്യക്തിശുചിത്വവും പാലിക്കുന്നതിലൂടെ രോഗവ്യാപനം തടയാമെന്നും മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കേരളത്തിലെ ജലസ്രോതസ്സുകൾ കൃത്യമായി ക്ലോറിനേഷൻ ചെയ്യേണ്ടതിന്റെ പ്രാധാന്യവും ഹോട്ടലുകളിലെ ഭക്ഷണശുചിത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് ഡോ.രാജീവ് ജയദേവൻ.

To advertise here,

ഷിഗെല്ല രോഗവ്യാപനം വർധിക്കുമ്പോൾ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടോ?
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ അങ്ങനെ അമിതമായിട്ടുള്ള ആശങ്കയുടെ ആവശ്യമില്ല. മഴക്കാലത്ത് നമ്മുടെ ജലശ്രോതസുകളിലെ ജലം മലിനമാകാറുണ്ട്. ശുചിമുറി മാലിന്യം ഉറവയായും അല്ലാതെയും ഒഴുകി വന്ന് നമ്മുടെ ജലസ്രോതസുകളിലെ ജലവുമായി കലർന്ന് മലിനമാകാറുണ്ട്. എന്നാൽ കൃത്യമായി ക്ലോറിനേഷൻ ചെയ്തും ഫിൽറ്റർ ചെയ്തും ഈ പ്രശ്നം നമുക്ക് പരിഹരിക്കാവുന്നതാണ്. എന്നാൽ ഷിഗെല്ലയുടെ പ്രത്യേകത ഈ ബാക്ടീരിയ ഏറെക്കാലം നമ്മുടെ പരിസ്ഥിതിയിൽ ജീവനോടെ ഇരിക്കുമെന്നതാണ്. രോഗിയിൽ നിന്നും പുറത്തുവരുന്ന ഈ രോഗാണുക്കൾ ഏറെക്കാലം ഈ മലിന ജലത്തിൽ ജീവനോടെ ഇരിക്കുന്നതിനാൽ അത് നമ്മുടെ ജലാശയങ്ങളുമായി കലരുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. ഇതിന്റെ പ്രത്യേകത ഇൻഫെക്ടീവ് ഡോസ് എന്ന് പറയും. നൂറ് ബാക്ടീരിയയിൽ കുറഞ്ഞ എണ്ണമാണ് ഉള്ളതെങ്കിൽ പോലും രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഒരു ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ഒരു വ്യക്തി, അയാൾക്ക് രോഗബാധയുണ്ടെന്നിരിക്കെ ടോയ്ലറ്റ് ഉപയോഗിച്ച ശേഷം കൈ കഴുകില്ലെങ്കിൽ അയാളുടെ കൈയിൽ രോഗാണുക്കൾ ഉണ്ടായിരിക്കാം. നേരിട്ട് നോക്കുമ്പോൾ അഴുക്കൊന്നുമില്ലെങ്കിലും കയ്യിൽ ബാക്ടീരിയ ഉണ്ടായിരിക്കാം. ഈ ബാക്ടീരിയകൾ ഭക്ഷണസാധനത്തിലേക്ക് പകരുകയും ആ ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും തന്നെ രോഗം വരാനും സാധ്യതയുണ്ട്.
അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് ഇത് കൂടുതലും ഗുരുതര പ്രശ്നമായിട്ട് വരുന്നത്. കഴിഞ്ഞ വർഷവും ഷിഗെല്ലബാധയെത്തുടർന്ന് മൂന്നര വയസ്സുള്ള കുഞ്ഞാണ് മരണപ്പെട്ടത്. ആ പ്രായം ഉള്ള സെഗ്മെന്റിലുള്ള കുട്ടികൾ കൂടുതൽ സൂക്ഷിക്കണം. അവർക്ക് കൊടുക്കുന്ന ഭക്ഷണം അതുപോലെ ജലം ഇതെല്ലാം സേഫ് ആയിരിക്കണമെന്ന് ഉത്തരവാദിത്വപ്പെട്ടവർ ഉറപ്പാക്കേണ്ടേത്. മുതിർന്നവർക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകാറില്ല. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഇന്നും ഒരു പേപ്പർ ഉണ്ട്. അതാണ് ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള പേപ്പർ. അതായത് 25 ലെ ഡേറ്റയാണ്. അപ്പോൾ താരതമ്യേന തീവ്രത കുറഞ്ഞ തരം ഷിഗെല്ലയാണ് കേരളത്തിൽ കൂടുതലായിട്ട് അവർ കണ്ടെത്തിയത്. നിസാരമാണെന്ന് അല്ല പകരം മറ്റ് സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും കാണുന്നതിനേക്കാൾ അല്പം കൂടി തീവ്രത കുറഞ്ഞ ഷിഗെല്ല വകഭേദമാണ് കേരളത്തിൽ കഴിഞ്ഞ വർഷം കൂടുതലായി കണ്ടെത്തിയിട്ടുണ്ടായിരുന്നത്. ഇത്തവണത്തെ ഡാറ്റ ഇതുവരെ ലഭ്യമായിട്ടില്ല.
ജലസ്രോതസ്സുകൾ സൂക്ഷിക്കുക എന്നുള്ളതാണ് അതോടൊപ്പം നമ്മുടെ ആരോഗ്യമന്ത്രി പറഞ്ഞതുപോലെ ഐസ്, പലപ്പോഴും ശീതളപാനീയങ്ങളിലും മറ്റും ഐസ് ഉപയോഗിച്ച് കഴിക്കാൻ നമുക് എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ ഈ ഐസ് എവിടെ നിന്നാണ് വരുന്നതെന്ന് നമ്മൾ അന്വേഷിക്കാറില്ല. അപ്പോൾ ആ ഐസ് നമ്മുടെ കുടിവെള്ളത്തിൽ അല്ലെങ്കിൽ കുടിക്കാനുള്ള പാനീയങ്ങളിൽ ഇടുകയാണെങ്കിൽ തീർച്ചയായിട്ടും അതിനകത്ത് ബാക്ടീരിയകളും മറ്റും ഉണ്ടായെന്നിരിക്കാം. ക്ലോറിനേറ്റ് ചെയ്ത വെള്ളം സേഫ് ആണ്. അതുപോലെതന്നെ ഈ രോഗബാധയുടെ ലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടുകയും ചെയ്യുകയെന്നതാണ് പ്രധാനം. പക്ഷേ ഈ മഴക്കാലത്ത് ഷിഗെല്ല മാത്രമല്ല മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ട്. അപൂർവ്വമായിട്ടെങ്കിലും കോളേറയും പൊട്ടിപ്പുറപ്പെടാറുണ്ട്.
വയറിളക്കമാണ് ഷിഗെല്ലയുടെ ഒരു പ്രധാനപ്പെട്ട ലക്ഷണം. മറ്റു ലക്ഷണങ്ങൾ എന്തൊക്കെയാണ്

ഷിഗെല്ല പലർക്കും പല രീതിയിലാണ് ഉണ്ടാകുന്നത്. വയറിളക്കം ആണെങ്കിൽ തുടക്കത്തിൽ സാധാരണ രീതിയിലുള്ള വയറിളക്കമായിരിക്കും. തുടക്കത്തിൽ സാധാരണ രീതിയിലുള്ള വയറിളക്കം ഉണ്ടായതിനുശേഷം അത് വൻകുടലിൽ കോളൻ എന്നുള്ള അവയവം ഉണ്ട്. അവിടെ വൃണം രൂപപ്പെടും. അതിനുശേഷമാണ് ഈ രക്തം കാണപ്പെടുക. അതുകൊണ്ട് തീർച്ചയായിട്ടും അതിന്റെ പ്രധാനപ്പെട്ട രോഗ ലക്ഷണം ഇതുതന്നെയാണ്.
രക്തം കലർന്ന രീതിയിൽ ഉള്ള വയറിളക്കവുംകടുത്ത വയറുവേദനയും മറ്റും ഉണ്ടായെന്നിരിക്കാം. ചെറിയ കുഞ്ഞുങ്ങൾക്ക് തലച്ചോറിനുള്ളിൽ ഒരു ആഘാതം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് വളരെ സീരിയസ് ആണ്. ചിലർക്ക് അത് ഫിറ്റ്സ് അല്ലെങ്കിൽ എപ്പിലസി ഉണ്ടായിന്നിരിക്കാം.
അങ്ങനെ ഉണ്ടാവുകയാണെങ്കിൽ തീവ്ര പരിചരണം ആവശ്യമായി വരും. അവർ രക്ഷപ്പെടാറുണ്ട് എന്നിരുന്നാലും ചെറിയ കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതായി വരാറുണ്ട്. ചിലർക്ക് ഇത് വൃക്കരോഗം ഉണ്ടാക്കാറുണ്ട്. ചിലർക്ക് ആർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വരെ 126 പേർക്കാണ് ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിന്റെ വ്യാപനം കൂടാനുള്ള സാധ്യത എത്രത്തോളമാണ്?
ഏത് രോഗാണുവിന്റെയും വ്യാപനം നമുക്ക് തടയണമെങ്കിൽ അതിന്റെ തന്നെ ചില പബ്ലിക് ഹെൽത്ത് മെഷേഴ്സ് ഉണ്ട്. അത് തീർച്ചയായിട്ടും വളരെ നേരത്തെ തന്നെ കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ സാധ്യമായതുകൊണ്ടാണ് വലിയ ഔട്ട്ബ്രേക്കുകൾ ഉണ്ടാകാത്തത്. അപ്പോൾ ഈ ഒരു വ്യക്തിയിൽ വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് പകരാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും അവിടെ എടുത്തിട്ടുണ്ടാകും. അതുപോലെ സ്രോതസുകൾ അവിടെയുള്ള ജലം പരിശോധിച്ച് എവിടെ കൃത്യമായിട്ട് എവിടെ നിന്നാണ് ഇത് വന്നത് എന്നുള്ള ഇൻവെസ്റ്റിഗേഷൻ ഇതൊക്കെ ചെയ്യുന്നതിൽ നമ്മുടെ സംസ്ഥാനം വളരെ മുമ്പിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ഔട്ട്ബ്രേക്കിന്റെ സൈസ് കുറയ്ക്കാൻ നമുക്ക് സാധിക്കും എന്നുള്ളതാണ് വിശ്വാസം.
ചില പ്രദേശങ്ങളിലാണ് ഇപ്പോൾ കൂടുതലായിട്ട് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?

സംസ്ഥാനത്ത് ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ഈ മൂന്ന് ഭാഗങ്ങളിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. മറ്റു സ്ഥലങ്ങളിലും ഇത് ഉണ്ടായെന്നിരിക്കാം. എല്ലായിപ്പോഴും ഇത് ഷിഗെല്ലയാണെന്ന് തിരിച്ചറിയപ്പെടാതെ പോകാറുമുണ്ട്. കാരണം ഇതിന്റെ കൾച്ചർ ഒക്കെ ചെയ്യുന്നത് ചിലവേറിയ ഒരു സംഗതി തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് ശ്രദ്ധിക്കപ്പെടാതെ പലയിടത്തും പോയെന്നിരിക്കാം.
കേരളത്തിൽ പല സ്ഥലങ്ങളിലും കിണറ്റിൽ നിന്നുള്ള വെള്ളമാണ് നമ്മൾ ഉപയോഗിക്കുന്നത്. ഈ കിണറ്റിൽ നിന്നുള്ള വെള്ളം നമ്മൾ എല്ലായിപ്പോഴും ക്ലോറിനേറ്റ് ചെയ്യണമെന്നില്ല. അതേക്കുറിച്ചൊക്കെ പറയുമെങ്കിലും ഫലത്തിൽ അതങ്ങനെ കണ്ടുവരാറില്ല. അതുകൊണ്ടുതന്നെ ഈ കിണറ്റിലേക്കുള്ള ഉറവകൾ ഏതുതരം ഉറവകളാണെന്ന് നമുക് അറിയാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരത്തിലുള്ള കുടിവെള്ള സ്രോതസുകൾ പീരിയോഡിക് ആയിട്ട് ക്ലോറിനേറ്റ് ചെയ്യുന്നതാണ് നല്ലത്.
ഷിഗെല്ല ഉണ്ടായാൽ വീട്ടിലെ മറ്റുള്ളവർ രോഗബാധ ഉണ്ടാകാതിരിക്കാനായി എന്തൊക്കെ മുൻകരുതലുകളാണ് ചെയ്യേണ്ടത്
ഷിഗെല്ല ബാധിച്ച ഒരു വ്യക്തി ചികിത്സക്ക് ശേഷം തിരികെ വീട്ടിൽ വരുമ്പോൾ ഓർക്കേണ്ടത് ഈ വ്യക്തിയിൽ നിന്നും ഈ രോഗലക്ഷണങ്ങൾ മാറിയതിനുശേഷവും കുറെ ദിവസത്തേക്ക് ഈ ഷിഗെല്ല രോഗാണുക്കൾ പുറത്തേക്ക് വന്നേക്കാം.അതുകൊണ്ട് തന്നെ രോഗം ബാധിച്ച വ്യക്തി ഉപയോഗിക്കുന്ന പാത്രങ്ങൾ, ഈ വ്യക്തിയുടെ വ്യക്തി ശുചിത്വം ഇതെല്ലാം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ബാത്റൂം ആണെങ്കിൽ അത് ബ്ലീച്ച് ഉപയോഗിച്ച് വൃത്തിയാക്കണം. പാത്രങ്ങളും ബ്ലീച്ചിങ് സൊല്യൂഷൻ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് അഭികാമ്യം.
കുഞ്ഞുങ്ങളുമായിട്ടുള്ള സമ്പർക്കം തൽക്കാലം ഒന്ന് ഒഴിവാക്കുക. ഇത് രോഗം പൂർണമായും മാറി ബാക്ടീരിയ ശരീരത്തിൽ നിന്ന് പോയതിനുശേഷം സാധാരണ ജീവിതത്തിലേക്ക് സാധാരണ സമ്പർക്കത്തിലേക്ക് മടങ്ങുന്നതാണ് നല്ലത്.
എന്തൊക്കെ മുൻകരുതലുകൾ പ്രധാനമായിട്ടും ഈ ഒരു സമയത്ത് നമ്മൾ എടുക്കണം.
അവരവർ കുടിക്കുന്ന വെള്ളവും ഭക്ഷണവും വൃത്തിയുള്ളതാണ് രോഗമുക്തമാണ് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. നമ്മൾ ചൂടാക്കി തിളപ്പിച്ച് ഭക്ഷണം കഴിക്കുകയാണെങ്കിൽ ഒരു പ്രശ്നമില്ല. പക്ഷേ നമ്മൾ തണുത്ത ഭക്ഷണം കഴിക്കുകയാണ് അല്ലെങ്കിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുകയാണെങ്കിലോ റോഡ് സൈഡിൽ നിന്നോ അല്ലാതെയോ ശീതള പാനീയങ്ങൾ ജ്യൂസ് ഒക്കെ കുടിക്കുകയാണ് എങ്കിൽ അതിൽ ഉപയോഗിച്ചിരിക്കുന്ന വെള്ളം എവിടെ നിന്ന് വന്നു ഐസ് ഉപയോഗിച്ച്ട്ടുണ്ടെങ്കിൽ ഈ ഐസ് എവിടെ നിന്ന് വന്നു ഇങ്ങനെയുള്ള ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകണം. അതുകൊണ്ട് യാത്രകൾ ചെയ്യുമ്പോഴെല്ലാം കുടിക്കാനുള്ള വെള്ളം വീട്ടിൽ നിന്നും കൊണ്ടു പോകാവുന്നതാണ്.
നമ്മൾ ഒരു ഭക്ഷണശാലയിൽ നിൽക്കുകയാണെങ്കിൽ അവിടെ ഈച്ച ഉണ്ടോ എന്ന് നോക്കാം. ഈച്ച ഉണ്ടെങ്കിൽ തീർച്ചയായിട്ടും അവിടുന്ന് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം ദൂരസ്ഥല സ്ഥലങ്ങളിൽ നിന്നും വരുന്ന ബാക്ടീരിയകൾ രോഗാണുക്കളെ നമ്മുടെ പ്രദേശത്ത് കൊണ്ട് എത്തിക്കുന്ന ഓർഗാനിസംസ് ആണ് ഈച്ച. മാത്രമല്ല വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് പൊതുവേ ഈച്ച കണ്ടുവരാറുള്ളത്. ഈച്ചയുടെ സാന്നിധ്യം ഉണ്ടെങ്കിൽ അവിടെ ഷിഗെല്ലയുടെ സാന്നിധ്യം ഉണ്ടായേക്കാം എന്ന ഒരു ചിന്ത മനസ്സിലുള്ളത് നല്ലതാണ്. അല്പം കരുതലോടെ മുന്നോട്ട് പോകാൻ കഴിഞ്ഞാൽ ഇതിന്റെ തീവ്രതയും ഇതിന്റെ മൊത്തത്തിലുള്ള ആഘാതവും കുറയ്ക്കാൻ സാധിക്കും.