
അടുത്ത കുറച്ചുകാലങ്ങളിലായി ആത്മനിയന്ത്രണം വിട്ട് പെരുമാറുന്ന കുട്ടികളുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്നുണ്ട്. അധ്യാപകരോടും മാതാപിതാക്കളോടുമൊക്കെ കയർക്കുകയും ആക്രമണോത്സുകരാവുകയും കൂടെ പഠിക്കുന്നവരെ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കുകയുമൊക്കെ ചെയ്യുന്ന കുട്ടികളുടെ വാർത്തകൾ വന്നിരുന്നു. നിസ്സാര കാര്യങ്ങൾക്കുപോലും പ്രകോപിതരാവുക, ആത്മനിയന്ത്രണമില്ലാതെ പെരുമാറുക തുടങ്ങിയവയൊക്കെ കുട്ടികളിൽ കണ്ടേക്കാം. ചിലരിലെങ്കിലും ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിൽ ബിഹേവിയറൽ ഡിസോർഡറാവാം കാരണമെന്നും അതിനെ ആത്മസംയമനത്തോടെ നേരിടേണ്ടതുണ്ടെന്നും രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവുമൊക്കെ തിരിച്ചറിയേണ്ടതുണ്ട്. കുട്ടികളിലെ പെരുമാറ്റ വ്യത്യാസങ്ങളെക്കുറിച്ച് മൈൻഡ് മാറ്റേഴ്സിൽ വിശദീകരിക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാനസികാരോഗ്യ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. വർഷ വിദ്യാധരൻ.

അതിവൈകാരികമായി പ്രതികരിക്കുന്ന കുട്ടികളുണ്ട്. തീരെ ചെറിയ കാര്യങ്ങൾക്കുപോലും ആത്മനിയന്ത്രണം വിട്ട് പെരുമാറുന്നവർ. അത് നിസ്സാരമായി കാണേണ്ടതുമല്ലല്ലോ. ചിലഘട്ടങ്ങളിലെങ്കിലും ബിഹേവിയറൽ ഡിസോർഡേഴ്സ് ആയിരിക്കാം കുട്ടികളിലെ ഈ പെരുമാറ്റങ്ങൾക്കു പിന്നിൽ. എത്രത്തോളം പ്രധാന്യത്തോടെ വേണം ആ വിഷയം കൂടി കണക്കിലെടുക്കാൻ?
എപ്പോഴും ഇത്തരം കാര്യങ്ങൾ ഒരു പ്രശ്നമായി പുറത്തുവരുമ്പോഴാണ് പൊതുജനശ്രദ്ധ കിട്ടുക. ഇതിനുപിറകേ അന്വേഷിച്ച് പോവുമ്പോഴാണ് ഈ പറഞ്ഞ വിഷയങ്ങളൊക്കെ പലതരം രീതിയിൽ നേരത്തേ പ്രകടമായിരുന്നുവെന്ന് മനസ്സിലാവുക. ഒരുപക്ഷേ സ്കൂളിൽ നിന്ന് പലതവണ പ്രശ്നം ഉണ്ടായിട്ടുണ്ടാവണം. അധ്യാപകർ താക്കീത് ചെയ്തിരിക്കണം. ഇതൊക്കെ സാമൂഹികമാധ്യമത്തിലെത്തി ആളുകൾ അറിയുന്ന രീതിയിലെത്തുമ്പോഴാണ് ഒരു പ്രശ്നമായി മാറുന്നത്. കുട്ടികളുടെ വളർച്ചാകാലഘട്ടങ്ങളിൽ സ്വഭാവം, പെരുമാറ്റം തുടങ്ങിയവയൊക്കെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് പെരുമാറ്റങ്ങളെ എത്രമാത്രം ആരോഗ്യകരമായി കൊണ്ടുപോവാൻ പറ്റുന്നുണ്ട് എന്ന് ചോദിച്ചാൽ പ്രയാസമാണ്. കുട്ടികൾക്ക് മോശം വഴികളിലേക്ക് എത്താൻതന്നെ ഒരുപാട് വഴികളുണ്ട്. അതിനൊപ്പം അവരുടെ ജന്മനാലുള്ള പ്രകൃതം, സ്വഭാവം, വളർച്ചാകാലഘട്ടങ്ങളിലുള്ള പോരായ്മകൾ കൂടിയാകുമ്പോൾ ബിഹേവിയറൽ പ്രോംബ്ലം ആയാണ് പുറത്തുവരുക. ഞങ്ങളെ പണ്ട് പഠിപ്പിക്കുന്ന കാലത്ത് അധ്യാപകർ പറയാറുണ്ട്, കുഞ്ഞിനല്ല പ്രശ്നം ചില പെരുമാറ്റങ്ങൾക്കാണെന്ന്. ആ പ്രശ്നത്തെ അഡ്രസ് ചെയ്യാൻ മാതാപിതാക്കളേയോ, അധ്യാപകരേയോ പഠിപ്പിക്കുകയാണ് വേണ്ടത്. അവൻ അങ്ങനെയാണ്, അവനോട് പറഞ്ഞിട്ട് കാര്യമില്ല, അവനെ സഹിക്കാൻ ബുദ്ധിമുട്ടാണ് എന്നുതുടങ്ങി കുട്ടിയെ സ്റ്റാമ്പ് ചെയ്യുമ്പോൾ പരിഹാരം കൂടുതൽ ബുദ്ധിമുട്ടാകും. പക്വതയില്ലാതെ, പ്രതീക്ഷിക്കുന്നതിൽ കവിഞ്ഞ് ഒരുപാട് വ്യത്യാസമായുള്ള പെരുമാറ്റങ്ങൾ കണ്ടാൽ ശ്രദ്ധിക്കണം. വളരുമ്പോൾ വികൃതിയും വാശിയും ഒച്ചയെടുക്കലുമൊക്കെയുണ്ടാകും. അതൊക്കെ പ്രായത്തിൽ കവിഞ്ഞ് സ്ഥിരം സ്വഭാവ/ പെരുമാറ്റ പ്രശ്നങ്ങളായി കാണുമ്പോൾ അതിലെന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്ന് ഇടപെടേണ്ടതുണ്ട്.
കുട്ടികൾ പൊതുവേ ഹൈപ്പറായി കാണുന്നവരാണ്. പക്ഷേ അത് ഒരു ഘട്ടം കഴിയുമ്പോൾ മാറുകയും ചെയ്യാം. സ്വാഭാവികമായുള്ള പെരുമാറ്റമാണോ ബിഹേവിയറൽ ഡിസോർഡറാണോ എന്ന് എങ്ങനെ തിരിച്ചറിയാം.
ഇക്കാര്യത്തിൽ സാമാന്യബോധം ഉപയോഗിച്ചാൽ മതി. ഒരിക്കൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരുകുട്ടിയുടെ മാതാപിതാക്കൾ എന്നെ കാണാൻ വന്നിരുന്നു. തരക്കേടില്ലാതെ പഠിക്കുമായിരുന്ന, അനുസരണ അൽപം കുറവുള്ള, വീട്ടിലെ കാര്യങ്ങളോട് സഹകരിക്കാൻ പ്രശ്നമുള്ള കുട്ടിയായിരുന്നു. ഒരുഘട്ടത്തിൽ മാതാപിതാക്കൾ അവന് ഐ പാഡ് വാങ്ങിക്കൊടുത്തു. പിന്നെ ശ്രദ്ധ മുഴുവൻ അതിലേക്കായി. സ്കൂളിൽ പോയിവരും എന്നതിൽ കവിഞ്ഞ് മറ്റാരുമായും ഒരു ഇടപെടലും ഇല്ലാതെ ഐപാഡിൽ ഗെയിമിങ്ങിൽ മാത്രമായി ശ്രദ്ധ. അത് പഠിത്തത്തേയും ദൈനംദിന ജീവിതത്തേയും ബാധിച്ചുതുടങ്ങിയപ്പോൾ മാതാപിതാക്കൾ നിർബന്ധപൂർവം ഐപാഡ് മാറ്റിവച്ചു. ഇതോടെ അവൻ പൂർണമായും അവരോട് സംസാരിക്കാതെയായി. റിബലായുള്ള പെരുമാറ്റം പ്രകടിപ്പിച്ചു തുടങ്ങി. പിന്നാലെ ഓൺലൈനിൽ നിന്ന് പുസ്തകം ഓർഡർ ചെയ്ത് വായിക്കാൻ തുടങ്ങി. തുടക്കത്തിൽ ഇത് മാതാപിതാക്കളെ സന്തോഷിപ്പിച്ചിരുന്നു. ഗെയിമിങ്ങിലെ ശ്രദ്ധമാറി, വായനയിലേക്ക് തിരിഞ്ഞല്ലോ എന്നാശ്വസിച്ചു. എന്നാൽ ഭക്ഷണം കഴിക്കുമ്പോഴും സ്കൂൾ വിട്ടുവന്നാലും പഠിക്കാൻ ധാരാളമുള്ളപ്പോഴുമൊക്കെ വായനയിൽ മാത്രമായി ശ്രദ്ധ. പണ്ട് ഗെയിമിങ് ചെയ്തിരുന്ന ഐപാഡിന്റെ സ്ഥാനത്തേക്ക് പുസ്തകം വരികയാണുണ്ടായത്. ഇതിലെന്തോ പ്രശ്നമുണ്ടല്ലോ എന്ന തോന്നൽ വന്നതോടെയാണ് എന്റെയരികിലെത്തിയത്.
കുട്ടിയുടെ വളർച്ചാകാലഘട്ടങ്ങളിൽ സാധാരണ കാണുന്ന പെരുമാറ്റങ്ങളിൽ കവിഞ്ഞ് പ്രകടമാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അതായത് വളർച്ചാകാലഘട്ടങ്ങളെ മൂന്നായി തിരിക്കും. ഒന്ന് ന്യൂറോഡെവലപ്മെന്റൽ. മസ്തിഷ്കത്തിന്റെ വളർച്ചാകാലഘട്ടങ്ങളിൽ കാണുന്ന വളർച്ചാപരമായ പ്രശ്നങ്ങളാണിവ. അതിലാണ് ഇന്റലക്ച്വൽ ഡെവലപ്മെന്റൽ ഡിസോർഡറൊക്കെ വരുന്നത്. കുട്ടി ശരീരംകൊണ്ട് വളരുന്നുണ്ട്, പക്ഷേ മസ്തിഷ്കത്തിന്റെ പക്വത അതിനനുസരിച്ച് വളരുന്നില്ല. അടുത്തത് ഓട്ടിസ്റ്റിക് സ്പെക്ട്രം ഡിസോർഡർ, ഇവിടെയും കുഞ്ഞ് വളരുന്നുണ്ട്. പക്ഷേ വളർച്ച സമൂഹത്തിന്റെ സാധാരണരീതിയിൽ നിന്ന് വ്യത്യസ്തമായാണ്. മറ്റൊന്ന് എഡിഎച്ച്ഡി. കുറച്ച് ശ്രദ്ധക്കുറവ്, കുറച്ച് ഹൈപ്പർ ആക്റ്റിവിറ്റി, എടുത്തുചാട്ടം എന്നിവയൊക്കെ കവിഞ്ഞ് പഠിത്തത്തേയും ജീവിതത്തേയും ബാധിക്കുന്ന തരത്തിലുള്ള ക്ഷമക്കുറവ്, ശ്രദ്ധയില്ലായ്മ, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയവ. ചില കുട്ടികൾക്ക് സോക്സ് ഇടാനും ഷൂവിന്റെ ലെയ്സിടാനും ഭക്ഷണം കഴിക്കുമ്പോൾ താഴെവീഴാതെ കഴിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയൊക്കെ കാണാം. ഇതെല്ലാം ഒരുപ്രായം വരെ കുഴപ്പമില്ല, പക്ഷേ പത്തു പന്ത്രണ്ട് വയസ്സായിട്ടും ഇതേപോലെതന്നെ തുടരുകയാണെങ്കിൽ ഡെവലപ്മെന്റൽ കോ-ഓർഡിനേഷൻ പ്രശ്നങ്ങൾ എന്നുപറയും. ഇതെല്ലാം ന്യൂറോഡെവലപ്മെന്റൽ പ്രശ്നങ്ങളിൽ വരുന്നവയാണ്.
രണ്ടാമത്തേത് എക്സ്റ്റേണലൈസിങ് പ്രശ്നങ്ങൾ. പെരുമാറ്റ വൈകല്യങ്ങൾ, ആർക്കെന്ത് സംഭവിച്ചാലും പ്രശ്നമില്ല, എനിക്കെന്റേതായ നിയമങ്ങളാണ്, നിയമം ലംഘിക്കാം, കള്ളം പറയാം, മോഷ്ടിക്കാം, എന്ത് അപകടവും കാണിക്കാം, തീയിട്ട് കത്തിക്കാം, മൃഗങ്ങളെ ഉപദ്രവിക്കാം തുടങ്ങിയവയൊക്കെ ഇവിടെയാണ് പ്രകടമാവുക. മാതാപിതാക്കൾ അല്ലെങ്കിൽ അധികാരികൾ പറയുന്ന നല്ല കാര്യങ്ങൾ അനുസരിക്കാൻ കഴിയാതിരിക്കും. എഡിഎച്ച്ഡിയുടെ ചില ലക്ഷണങ്ങളും ഇതേപോലെ പുറത്തു കാണുന്നവയാണ്.
അടുത്തത് ഇന്റേണലൈസിങ് പ്രശ്നങ്ങളാണ്. കുട്ടിയെ പുറത്തേക്ക് കാണുമ്പോൾ പ്രശ്നമുണ്ടാകില്ല, പക്ഷേ ഉത്കണ്ഠ, വിഷാദം തുടങ്ങി ആങ്സൈറ്റിയുടെ പലവിധ വകഭേദങ്ങൾ കാണാം. ആറേഴു വയസ്സുള്ള കുട്ടിയൊക്കെ കുറച്ചുദിവസമായി വിഷമിച്ചിരിക്കുന്നു, ആരോടും മിണ്ടുന്നില്ല, വിഷാദവാനാണ് എന്നുപറയുമ്പോൾ എന്താണ് കാര്യമെന്ന് ചോദിക്കുമ്പോൾ അമ്മയ്ക്കും അച്ഛനും അപകടം സംഭവിക്കുമോ എന്നൊക്കെയുള്ള ആവർത്തിച്ചുള്ള പേടിയുണ്ടെന്ന് കാണാറുണ്ട്. സാധാരണയിൽ കവിഞ്ഞ പ്രശ്നങ്ങൾ എന്തെങ്കിലും തുടർച്ചയായി വരുന്നുണ്ടോ, അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ, ഒന്നിലധികം ഇടങ്ങളിൽ ഈ പെരുമാറ്റംമൂലം പ്രശ്നമുണ്ടാകുന്നുണ്ടോ , പഠിത്തത്തെയോ അവരുടെ പ്രവൃത്തികളെയോ സ്ഥിരം ബാധിക്കുന്നുണ്ടോ എന്നെല്ലാം പരിശോധിച്ചാണ് ഇതൊരു പ്രശ്നമുള്ള പെരുമാറ്റമാണോ എന്ന് വിലയിരുത്തുന്നത്.
കുട്ടികളുടെ പ്രശ്നമുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ തെറ്റാണ്. വിദേശരാജ്യങ്ങളിലാെക്കെ കുട്ടികളുടെ സ്വകാര്യത ഗൗരവകരമായി കാണുന്ന വിഷയമാണ്. പക്ഷേ ഇവിടെ അതത്ര വലിയ കാര്യമായല്ല കാണുന്നത്. കുട്ടികളെ വീണ്ടും ട്രോമയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമൊക്കെ തള്ളിവിടുകയല്ലേ ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിലൂടെ സംഭവിക്കുന്നത്..
പലമാതാപിതാക്കളും കുട്ടികളുടെ ദേഷ്യവുംമറ്റും കൈകാര്യം ചെയ്യാൻ കഴിയാതെ ഒരുപാട് കഷ്ടപ്പെട്ട് അവരുടേതായ രീതിയിലുള്ള എല്ലാവഴിയും സ്വീകരിക്കും. അവസാനം അവർ വളർത്തിക്കുഴപ്പത്തിലാക്കി എന്ന കുറ്റപ്പെടുത്തലിലുമെത്തിച്ചേരും. പ്രശ്നമുള്ള പെരുമാറ്റങ്ങൾ കുട്ടികളിൽ നിന്ന് വരുമ്പോൾ പക്വതയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ ഒന്നോ രണ്ടോ കുട്ടികളുടെ പെരുമാറ്റങ്ങൾ കാണുമ്പോൾ മാതാപിതാക്കൾക്കുതന്നെ ക്ഷമ കൈവിടാറുണ്ട്. അപ്പോൾ നാൽപതും നാൽപത്തിയഞ്ചും കുട്ടികളുള്ള ക്ലാസ്സിൽ പലവിധം ബഹളക്കാരും പ്രശ്നക്കാരുമാകുമ്പോൾ എത്രമാത്രം പക്വതയോടെ അധ്യാപകർക്ക് പെരുമാറാനാവും എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ കുഞ്ഞുങ്ങളിലെ സ്വഭാവപ്രശ്നങ്ങൾ മാതാപിതാക്കളേപ്പോലെതന്നെ അധ്യാപകർക്കും തിരിച്ചറിയാനാവും. ഇത് ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ കൈകാര്യം ചെയ്യുക എളുപ്പമായിരിക്കും. എത്ര പക്വതയോടുകൂടി കാര്യങ്ങൾ ചെയ്യാനാവും എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പലപ്പോഴും ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടേയില്ലെന്ന് കുട്ടികൾ പറയുന്നത് കാണാറുണ്ട്. അധ്യാപകർ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മാതാപിതാക്കളും പറയുമ്പോൾ തെളിവിനായി അധ്യാപകർ വീഡിയോ റെക്കോഡിങ്ങുകളെ ആശ്രയിച്ചേക്കാം. പക്ഷേ അത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവസ്ഥയിലെത്തുമ്പോൾ സ്ഥിതി കൈവിട്ടുപോവും.
നമ്മൾ എപ്പോഴും പ്രശ്നക്കാരായ കുട്ടികളേക്കുറിച്ച് പറയാറുണ്ട്. പക്ഷേ അതേപോലെ തന്നെ പ്രശ്നക്കാരായ അധ്യാപകരേക്കുറിച്ചോ രക്ഷിതാക്കളേക്കുറിച്ചോ സംസാരിക്കാറുമില്ല. സത്യത്തിൽ അതുകൂടി ചർച്ച ചെയ്യപ്പെടേണ്ടതല്ലേ.
എന്റെ കുട്ടികൾക്ക് എന്റെയോ, ഭർത്താവിന്റെ കുടുംബത്തിലേയോ ഒക്കെ ഒരുപാട് പ്രത്യേകതകൾ കിട്ടിയിട്ടുണ്ടാവും. അത്തരം കുട്ടികൾ വളർന്നുവലുതാകുമ്പോൾ സ്വഭാവത്തിൽ മാറ്റം വരണമെങ്കിൽ മോഡലിങ് നല്ലരീതിയിൽ വരണം. കാണുന്ന ചിത്രങ്ങൾ, കേൾക്കുന്ന വർത്തമാനങ്ങൾ തുടങ്ങിയവയൊക്കെ നല്ലരീതിയിലാവണം. പക്ഷേ ഇന്നത്തെ കാലത്ത് ഏറ്റവും നല്ല വസ്ത്രങ്ങളും സ്കൂളുമൊക്കെയുണ്ടാവാം. പക്ഷേ അവരുടെ സംസാരം, ഭാഷ, കേൾക്കുന്ന കാര്യങ്ങൾ, ചുറ്റിലുമുള്ള ഹരാസ്മെന്റ്, തുടങ്ങിയവയൊക്കെ പെരുമാറ്റത്തേ ബാധിക്കാം. വേട്ടയാടപ്പെടുന്നയാൾക്ക് പിന്നീട് വേട്ടക്കാരൻ ആകാനുള്ള സാധ്യതയാണ് കൂടുതലുള്ളത്. ഇതേതെങ്കിലും ഒരു കുട്ടിയുടെ പ്രശ്നം എന്നതിൽക്കവിഞ്ഞ് കുട്ടി, മാതാപിതാക്കൾ, സ്കൂൾ എന്ന യൂണിറ്റിൽ എന്തൊക്കെ പ്രശ്നങ്ങളുണ്ട് എന്ന് പരിശോധിക്കുകയാണ് വേണ്ടത്.
അമിതമായ സ്ക്രീൻ അഡിക്ഷൻ ബിഹേവിയറൽ ഡിസോർഡറിന് കാരണമാകുന്നുണ്ടോ? അങ്ങനെയെങ്കിൽ എങ്ങനെയാണ് അതിന് നിയന്ത്രണം വരുത്തുക.
എല്ലാ കുട്ടികൾക്കും ഡിജിറ്റൽ സ്ക്രീനുകളോട് അമിതമായ താൽപര്യം ഉണ്ടാകണമെന്നില്ല. പൊതുവേ കുട്ടികൾക്ക് ഡിജിറ്റൽ സ്ക്രീനുകളോട് താൽപര്യമുണ്ടായിരിക്കും. വിരസത മാറ്റാനും, വിനോധോപാധി എന്ന നിലയിലുമൊക്കെ സ്ക്രീൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉപയോഗപ്രദമാണ്. പക്ഷേ ചില സമയങ്ങളിൽ ഇവർക്ക് ഈ ഡിവൈസുകൾ ലഭ്യമാകുന്നതിന് ഒരു നിയന്ത്രണം ഇല്ലാതെയാകുന്നു. അപ്പോഴാണ് ആസക്തിയിലേക്ക് പോവുക. അത്തരം കുട്ടികളിൽ ശ്രദ്ധക്കുറവ്, ഏകാഗ്രതയില്ലായ്മ, അമിതമായ വിരസത തുടങ്ങിയവയ്ക്കൊപ്പം ഉത്കണ്ഠ, വിഷാദം, സ്വഭാവ പെരുമാറ്റപ്രശ്നങ്ങളൊക്കെയുണ്ടാവാം. വീട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കുട്ടിയെ മൊബൈൽ കൊടുത്ത് അടക്കിയിരുത്തുന്നവരുമുണ്ട്. സാധാരണഗതിയിൽ ഒരു കുടുംബത്തിന്റെ മേൽനോട്ടത്തോടെ അവർക്ക് ഡിജിറ്റൽ ഡിവൈസ് കൊടുക്കുകയാണെങ്കിൽ നോ പറയാതിരിക്കാനാവും. മാത്രമല്ല ഒരുപാട് ആരോഗ്യകരമായ വീഡിയോകളും ഗെയിമുകളും ലഭ്യമാണ്. പ്രായത്തിനൊത്ത ഗെയിമുകളാണോ അവർ കളിക്കുന്നതെന്ന് പരിശോധിക്കാം. സെക്ഷ്വാലിറ്റി കണ്ടന്റ് ഉണ്ടോ, നിയമം ലംഘിക്കപ്പെടുന്ന തരത്തിലുള്ളതാണോ, എത്രനേരം ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങൾ നിർബന്ധമായും നിരീക്ഷിക്കണം. എല്ലാ ഗെയിമുകളും അപകടകാരികളല്ല. നിരീക്ഷണവും നിയന്ത്രണവുമില്ലാത്ത ഫോൺ ഉപയോഗമാണ് കുട്ടികളെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. മൊബൈലിന്റെ ആരോഗ്യകരമായ ഉപയോഗം കുടുംബമാകെ തന്നെ കൊണ്ടുവരേണ്ടിവരും. അവബോധങ്ങൾ സ്കൂളിടങ്ങളിലും കൊണ്ടുവരേണ്ടതുണ്ട്.
മൊബൈലിനെ മാറ്റിവെക്കണം, അല്ലെങ്കിൽ കുട്ടികളുടെ ശ്രദ്ധ അതിൽനിന്നു മാറ്റാനായി എന്തു ചെയ്യാനാവും.
ഇന്റർനെറ്റ് ഗെയിമിങ് ഡിസോർഡർ എന്നുപറഞ്ഞ് നമ്മളിപ്പോൾ ചികിത്സിക്കുന്നുണ്ട്. ചികിത്സിക്കപ്പെടേണ്ട ഒരു അവസ്ഥയിലേക്ക് അതെത്തി. പണ്ട് ഞങ്ങളൊക്കെ സൈക്യാട്രി പഠിക്കുന്ന സമയത്ത് അഡിക്ഷൻ എന്നത് ആറോളം ലഹരിസാധനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇപ്പോൾ പി.ജി. വിദ്യാർഥികളെ പതിന്നാലോളം അഡിക്റ്റിങ് സബ്സ്റ്റൻസുകളേക്കുറിച്ച് പഠിപ്പിക്കുന്നുണ്ട്. പണ്ട് പെരുമാറ്റങ്ങൾ അഡിക്ഷനാണെന്ന് പഠിപ്പിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് പഠിപ്പിക്കുന്നുണ്ട്. ഇന്റർനെറ്റ് ഗെയിമിങ്. ഗാംബ്ലിങ്, അമിതമായി സെൽഫിയെടുക്കുന്നത്, അമിതമായി ഭക്ഷണം കഴിക്കുന്നത്, അമിതമായി വിൻഡോ ഷോപ്പിങ് ചെയ്യുന്നത് തുടങ്ങിയ നിയന്ത്രണമില്ലാത്ത പെരുമാറ്റങ്ങളൊക്കെ അഡിക്ഷനാണ്. കാണുന്ന സ്വഭാവത്തിൽ അപകടസാധ്യത ഉണ്ടോയെന്ന് മാതാപിതാക്കൾ പരിശോധിക്കണം. കുട്ടിയുടെ പക്കൽ മൊബൈൽഫോൺ കാണുമ്പോഴേക്കും മാതാപിതാക്കൾ ടെൻഷനായി, അവർ മനസ്സിലാക്കുന്നില്ലെന്ന് കുട്ടി വിചാരിച്ച്, അവരുടെയിടയിൽ പ്രശ്നമായതിനുശേഷമായിരിക്കും വിദഗ്ധരുടെയടുത്തെത്തുക. കാണുന്ന ദൃശ്യങ്ങളിൽ പ്രശ്നമുണ്ടെങ്കിൽ അത് കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം. ഞാൻ കുറേ കാര്യം പറയും, അവർ അനുസരിക്കണം എന്നതല്ല. കുട്ടിയെ കേൾക്കാൻ തയ്യാറാവണം. പുതിയ തലമുറയിലെ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേകിച്ച് ശ്രദ്ധിക്കണം. ജീവിതം ഒരുപാട് പാഠങ്ങൾ പഠിച്ച തലമുറയാണ് പണ്ടത്തേത്. ഇപ്പോൾ കുട്ടികൾക്ക് അതിനുള്ള അവസരം നൽകാതെ അവർക്ക് സുരക്ഷിതത്വം നൽകുന്നുണ്ടല്ലോ. ഗിവ്&ടേക് റിലേഷൻഷിപ്പ് ആണ് ഉണ്ടാക്കേണ്ടത്. സ്ക്രീൻ ടൈം കൂടി സ്വഭാവപെരുമാറ്റ പ്രശ്നങ്ങളിലേക്ക് എത്തുന്നുണ്ടെങ്കിൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ ശ്രമിക്കുക. കുട്ടികൾക്ക് മുന്നിൽ ക്ഷമവിട്ട് പെരുമാറിയെങ്കിൽ പിന്നീട് സോറി പറയാനും മടി വിചാരിക്കേണ്ടതില്ല. അമ്മയ്ക്ക് തെറ്റുപറ്റിപ്പോയി, ഇനി ശ്രദ്ധിക്കാം എന്നു പറയുമ്പോൾ കുട്ടിയും തെറ്റുവന്നാൽ ക്ഷമചോദിച്ച് തിരുത്തണം എന്ന പാഠം പഠിക്കുകയാണ് ചെയ്യുന്നത്. കുട്ടിക്ക് ഇൻേഡാർ ആക്റ്റിവിറ്റികളും ഔട്ട്ഡോർ ആക്റ്റിവിറ്റികളും പരമാവധി കൊടുക്കാം. ഇതൊന്നുമില്ലാതെ വീടിനുള്ളിൽ ഒറ്റയ്ക്കിരിക്കുന്ന കുട്ടി മൊബൈലിൽ കുത്തിയിരിക്കുന്നു എന്നു പറയുന്നതിൽ അർഥമില്ല.
ഈ സാഹചര്യത്തിൽ പ്രത്യേകം എടുത്തുപറയേണ്ട വിഷയമാണ് ലഹരി. ഈയടുത്ത് ലഹരിക്കടിമയാവുകയും പിന്നീട് ജീവിതത്തിലേക്ക് തിരികെയെത്തുകയും ചെയ്തൊരു യുവാവിന്റെ അഭിമുഖം പുറത്തുവന്നിരുന്നു. ലഹരി കിട്ടാതാവുമ്പോൾ ദേഷ്യം നിയന്ത്രിക്കാനാവില്ലെന്നും വീട്ടുകാരെ അപായപ്പെടുത്താൻപോലും ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. ഈയടുത്താണ് ലഹരിക്കടിമയായ ഒരുമകൻ സ്വന്തം അമ്മയെ കുത്തിക്കൊന്നതും. എത്രയൊക്കെ ലഹരിവിരുദ്ധ കാമ്പയിനുകൾ നടന്നാലും ഇവയിപ്പോഴും സുലഭമാണെന്നതും വെല്ലുവിളിയല്ലേ.
അസാധാരണമായ പെരുമാറ്റങ്ങൾ അതുവരെ കാണാത്ത കുട്ടികളിൽ പ്രത്യേകിച്ച് കാണുമ്പോൾ ലഹരി സാധനങ്ങളുടെ ഉപയോഗം ഉണ്ടോ എന്ന് ശ്രദ്ധിക്കണം. സ്ഥിരമായി ഉപയോഗിക്കുന്നില്ലെങ്കിൽക്കൂടിയും, ചെറിയ രീതിയിൽ ഉപയോഗിക്കുന്നതുപോലും അവരുടെ പെരുമാറ്റത്തെ വ്യത്യാസപ്പെടുത്തിയേക്കാം. കൂട്ടുകെട്ട് ആരുമായിട്ടാണ്, പൈസ എങ്ങനെ ഉപയോഗിക്കുന്നു, എവിടെയൊക്കെയാണ് പോകുന്നത് എന്നതൊക്കെ പരിശോധിക്കണം. പലപ്പോഴും വീട്ടിലെ പൈസയും സ്വർണവുമൊക്കെ കുട്ടികൾ അവരറിയാതെ സെക്കൻഡ്ഹാൻഡ് ഫോൺ വാങ്ങാനോ, ലഹരിക്കായോ ഉപയോഗിക്കുന്നുണ്ട്. പെരുമാറ്റപ്രശ്നങ്ങൾ അതുവരെ കാണാതെ പെട്ടെന്ന് കാണുമ്പോൾ അവരുടെകൂടെ സമയം ചെലവഴിച്ച് ജാഗരൂകരായി ആയി കാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നത് തന്നെയാണ് പരിഹാരം.
ഇത്തരം കുട്ടികളെ എങ്ങനെ തെറാപ്പിസ്റ്റിന് അടുക്കലെത്തിക്കാം? പലപ്പോഴും തിരിച്ചറിയാൻ വൈകുന്നതുകൊണ്ട് സാഹചര്യം വഷളായതിനുശേഷമാവാം വിദഗ്ധരുടെ അടുക്കലെത്തുക.
എന്തൊക്കെ ബുദ്ധിമുട്ടുണ്ട് എന്നതിനെ ആശ്രയിച്ചാണ് ചികിത്സ നൽകേണ്ടത്. മാത്രമല്ല സെൻസിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയവുമാണിത്. അവർ കുറ്റക്കാരാണ്, പ്രശ്നക്കാരാണ് എന്നതിനു പകരം കുട്ടിക്കല്ല, ചില പെരുമാറ്റ പ്രശ്നങ്ങളേയാണ് അഡ്രസ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കണം. ഏറ്റവും മിടുക്കരായ കുട്ടികളെ അഭിനന്ദിക്കാനും കൂട്ടിപ്പിടിക്കാനും എല്ലാ മനുഷ്യർക്കും സാധിക്കും. പക്ഷേ ഒരു പ്രശ്നത്തിലൂടെ കടന്നുപോകുന്നയാളെ സഹായിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. സെൻസിബിളായി, വലിയ പ്രശ്നമാക്കാതെ ചികിത്സയിലേക്ക് എത്തിക്കുകയാണ് വേണ്ടത്. മാതാപിതാക്കളേയാണ് കൂടുതൽ കൗൺസിൽ ചെയ്യേണ്ടി വരാറുള്ളത്. കുട്ടിക്ക് ഏതു രീതിയിലുള്ള സ്വഭാവ പെരുമാറ്റ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തുകയാണ് വേണ്ടത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തുടങ്ങി ഒന്നിൽക്കൂടുതൽ പേരടങ്ങിയ ടീം സപ്പോർട്ടാണ് ഈ പ്രശ്നങ്ങളെ നേരിടുക. ചില കുട്ടികൾ വേഗത്തിൽ ശരിയാകുമെങ്കിൽ ചില കുട്ടികൾക്ക് സമയം കൂടുതൽ വേണ്ടിവരും.
Content Highlights: Child Behavioral Disorders: Understanding & Solutions
Published: 03 Apr 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented