നൃത്തത്തിൽ പാഷനേറ്റ് ആയ, ആർക്കിയോളജിയിൽ തത്പരയായ പെൺകുട്ടി. തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിഎച്ച്.ഡി. ചെയ്തു കൊണ്ടിരിക്കുന്ന കാലത്ത് അപ്രതീക്ഷിതമായി വന്ന രോ​ഗം ജീവിതത്തെ മറ്റൊരു ദിശയിലേക്ക് നയിച്ചു. ഇരുപത്തിയേഴാം വയസ്സിൽ ഒവേറിയൻ കാൻസർ ബാധിച്ചതിനെക്കുറിച്ച് പറയുമ്പോഴും ഉത്തര ബാബു എന്ന തൃശ്ശൂർ സ്വദേശിനി ആത്മവിശ്വാസം കൈവിട്ടിട്ടില്ല. ലക്ഷണങ്ങൾ പ്രകടമായ സമയത്ത് ഒരൽപംകൂടി ശ്രദ്ധ നൽകിയിരുന്നുവെങ്കിൽ ചികിത്സ കുറച്ചുകൂടി നേരത്തേ ആക്കാമായിരുന്നു എന്നു മാത്രമേ ചിന്തിക്കുന്നുള്ളു. അർബുദം ഓവറിയെയും യൂട്രസിനെയും വയറിന്റെ ഒരു ഭാ​ഗത്തെയുമൊക്കെ ബാധിക്കുകയും അവ നീക്കുകയും ചെയ്തപ്പോഴും ഈ രോ​ഗത്തിന് മുന്നിൽ വിട്ടുവീഴ്ച്ച ചെയ്യാതെ പോരാടുമെന്ന് ഉത്തര ഉറപ്പിച്ചിരുന്നു. രോ​ഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും അപ്രതീക്ഷിതമായെത്തിയ അർബു​ദത്തിന് മുന്നിൽ പകച്ചുനിൽക്കാതെ ആത്മവിശ്വാസത്തോടെ പൊരുതുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഉത്തര. 

To advertise here,

ചരിത്രത്തിലാണ് ഉത്തര പിഎച്ച്.ഡി. ചെയ്യുന്നത്, സ്‌പെഷ്യലൈസേഷന്‍ ആർക്കിയോളജിയിൽ. എക്സ്കവേഷൻ സൈറ്റുകളിലും കോൺഫറൻസുകളിലുമൊക്കെ ഓടിനടക്കുന്നതിനിടെയാണ് രോ​ഗം പതിയെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതെന്ന് ഉത്തര പറയുന്നു. ഇരുപത്തിരണ്ടാം വയസ്സു മുതൽ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ളതുകൊണ്ടു തന്നെ ആർത്തവപ്രശ്നങ്ങൾ പലതും അതിന്റേതാകുമെന്നാണ് ഉത്തര കരുതിയിരുന്നത്. എന്നാൽ മിക്ക ഡോക്ടർമാരെ കാണുമ്പോഴും വിവാഹം കഴിച്ച് കുട്ടികളായിക്കഴിഞ്ഞാൽ ആർത്തവപ്രശ്നങ്ങൾ ശരിയാകും എന്നാണ് അവരൊക്കെ പറഞ്ഞതെന്നും ഉത്തര പറയുന്നു. പിന്നീട് 2022 നവംബറിൽ തായ്ലന്റിൽ വച്ചുനടന്ന കോൺഫറൻസിൽ പങ്കെടുത്ത് തിരികെ വരവേയാണ് പല ലക്ഷണങ്ങളും തലപൊക്കിയത്‌. 

ലക്ഷണങ്ങൾ നിസ്സാരമാക്കി

കുട്ടികളായാൽ എല്ലാം ശരിയാകുമെന്നും ശരീരഭാരം കുറയ്ക്കണമെന്നുമൊക്കെയാണ് മിക്ക ഡോക്ടർമാരും പറഞ്ഞിരുന്നത്. നൃത്തം ചെയ്യുന്നതുകൊണ്ട് വണ്ണം വളരെ കൂടുതലായിരുന്നുമില്ല. പക്ഷേ, മധുരമൊക്കെ കുറച്ചിട്ടും നിലവിലെ വണ്ണം കുറയുന്നുണ്ടായിരുന്നില്ല. തായ്ലന്റിലെ കോൺഫറൻസിൽ പങ്കെടുത്ത് തിരിച്ചുവന്നപ്പോൾ പനി ബാധിച്ചിരുന്നു. പിന്നീടങ്ങോട്ട് ഭക്ഷണത്തോടൊക്കെ മടുപ്പായി. ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേക്കും പെട്ടെന്ന് വയറു നിറഞ്ഞതുപോലെയൊക്കെ തോന്നും. അപ്പോഴും അതങ്ങനെ സ്ഥിരമായി കണ്ടിരുന്നില്ല. ചില ഭക്ഷണം കഴിക്കുമ്പോൾ അങ്ങനെ തോന്നിയിരുന്നുമില്ല. അതു കൂടാതെ തുടർച്ചയായി പുറംവേദനയും ഉണ്ടായിരുന്നു. അതും വണ്ടിയോടിക്കുന്നതുകൊണ്ടും ഇരിക്കുന്ന ജോലി കൊണ്ടുമൊക്കെയാകാം എന്നുകരുതി. മാത്രമല്ല ഉളുക്കൊക്കെ പോലെ സഹിക്കാവുന്ന വിധം വേദനയുമായിരുന്നു.

ആർത്തവം അത്ര ക്രമരഹിതമായിരുന്നില്ലെന്നും ഉത്തര പറയുന്നു. മൂന്നോ നാലോ ദിവസമൊക്കെ നീളുന്നതൊഴിച്ചാൽ വേറെ പ്രശ്നമില്ലായിരുന്നു. തായ്ലാന്റിൽ പോയിവന്ന സമയത്തു തന്നെയാണ് ഒരിക്കൽ ഭയങ്കരമായ അടിവയറുവേദന വന്നതും. ആർത്തവവേദന പോലെതന്നെയായിരുന്നു അതും. അന്നും വേദനാസംഹാരി കഴിച്ചപ്പോൾ അതു നിന്നതുകൊണ്ട് കാര്യമാക്കിയില്ല. അതുകൂടാതെ ലൈം​ഗികബന്ധത്തിനിടയിലും വളരെയധികം വയറുവേദന അനുഭവപ്പെട്ടിരുന്നു. അതും ലക്ഷണങ്ങളിലൊന്നായിരുന്നു. പക്ഷേ ഇതൊന്നും സ്ഥിരമായി കണ്ടിട്ടില്ലാത്തതുകൊണ്ട് നിസ്സാരമാക്കി വിടുകയായിരുന്നു.  വേദനയും മറ്റുലക്ഷണങ്ങളുമൊക്കെ നിസ്സാരവൽക്കരിച്ചതാണ് ചികിത്സ വൈകിയതിനു കാരണമെന്ന് പറയുകയാണ് ഉത്തര.

ആരോ​ഗ്യകാര്യത്തിൽ ഒട്ടും ശ്രദ്ധാലുവുമായിരുന്നില്ല. വയറു കുറയാത്തത് ജങ്ക് ഫൂഡും എണ്ണപ്പലഹാരങ്ങളും കഴിക്കുന്നതുകൊണ്ടാകാം എന്നു കരുതി. പലപ്പോഴും വേദന വരുമ്പോഴൊക്കെ നാം അതിനെ കാര്യമാക്കാതെവിടുന്നതാണ് പ്രശ്നം. അതുമാത്രമല്ല എന്തെങ്കിലും ചികിത്സയ്ക്കായി ഒരു ഡോക്ടറുടെ വാക്കുകൾ മാത്രംകേട്ട് തീരുമാനങ്ങൾ എടുക്കാതിരിക്കുക  എന്നതും പ്രധാനമാണെന്ന് ഉത്തര പറയുന്നു. 

അപ്രതീക്ഷിതമായി വന്നെത്തിയ കാൻസർ

കഴിഞ്ഞ വർഷം ഓണംനാൾ അച്ഛന് ഒരു സർജറിയുമായി ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോയതായിരുന്നു ഉത്തര.  അച്ഛന് സ്കാൻ ചെയ്യേണ്ടതുകൊണ്ട് തന്റെ പിസിഒഎസ് നിലവിൽ ഏത് അവസ്ഥയിലാണ് എന്നുനോക്കാം എന്നുകരുതിയാണ് സ്കാൻ ചെയ്യാൻ തീരുമാനിക്കുന്നത്. അന്നു സ്കാൻ ചെയ്ത റേഡിയോളജിസ്റ്റ് പെൽവിക്കിന്റെ ഭാ​ഗത്ത് ഒരു തടിപ്പ് കാണുന്നുണ്ടെന്നു പറഞ്ഞു. അവർക്ക് ഉത്തര ​ഗർഭിണിയാണോ എന്നതായിരുന്നു സംശയം. ​ഗർഭം സ്ഥിരീകരിക്കാനുള്ള ടെസ്റ്റ് ചെയ്യിക്കുകയും ചെയ്തു. വെറുതെയൊരു സംശയം തീർക്കാൻ ഇത് കാൻസർ വല്ലതുമാണോയെന്ന് അന്ന് റേഡിയോളജിസ്റ്റിനോട് ചോദിച്ചത് ഉത്തര ഇന്നുമോർക്കുന്നു. പക്ഷേ അതിന് ഗൈനക്കോളജിസ്റ്റിനെ കാണാനാണ് റേഡിയോളജിസ്റ്റ് മറുപടി നൽകിയത്. തൃശ്ശൂ‌രിലുള്ള ഒരു ​ഗൈനക്കോളജിസ്റ്റിനെയാണ് ആദ്യം കാണിച്ചത്. കല്ല്യാണം കഴിഞ്ഞു മൂന്നു വർഷമായിട്ടും കുട്ടികൾ ആകാത്തത് എന്തുകൊണ്ടാണ് അതിനാദ്യം ശ്രമിക്കൂ എന്നൊക്കെ പറഞ്ഞ് വഴക്കു പറയുകയാണ് അവർ ചെയ്തതെന്ന് ഉത്തര പറയുന്നു.

ഞാനിപ്പോൾ ​ഗർഭിണിയാകുന്നതിനെക്കുറിച്ച് സംസാരിക്കാനല്ല നിലവിലെ ആരോ​ഗ്യപ്രശ്നം പരിഹരിക്കാനാണ് ഇവിടെ വന്നതെന്നു പറഞ്ഞ് 
വഴക്കുണ്ടാക്കിയാണ് അവിടെനിന്ന് ഇറങ്ങുന്നത്. എന്താണ് ഇനി കൃത്യമായി ചെയ്യേണ്ടതെന്നോ ആരെയാണ് കാണേണ്ടതെന്നോ ഒന്നും അവർ പറഞ്ഞില്ല. ഒരു പാപ്സ്മിയർ ടെസ്റ്റ് ചെയ്യാൻ പറഞ്ഞു, പക്ഷേ അതിൽ കുഴപ്പമില്ലായിരുന്നു. അതിനുശേഷം കസിൻ നിർദേശിച്ച്  മറ്റൊരു ​ഗൈനക്കോളജിസ്റ്റിനെ കണ്ടെങ്കിലും അവരും ​ഗർഭധാരണം നേരത്തെയാക്കാനാണ് പറഞ്ഞത്. സ്കാൻ ചെയ്യണമെന്നോ ശ്രദ്ധിക്കണമെന്നോ ഒന്നും പറഞ്ഞിരുന്നില്ല. 

ആർത്തവം ആയതിനു ശേഷം അഞ്ചാമത്തെ ദിവസം സ്കാൻ ചെയ്യണമെന്ന് ഉത്തരയോട് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷേ ആ മാസംതൊട്ട്  ആർത്തവം വൈകി. മൂന്നു മാസത്തേക്ക് ആർത്തവം ആയതേയില്ല. ആദ്യമായിട്ടായിരുന്നു തനിക്കത്രയും വൈകുന്നതെന്നും ഉത്തര പറയുന്നു. 

placeholder
ഉത്തര ബാബു | ഫോട്ടോ: ജെയ്വിൻ.ടി.സേവ്യർ

സൈപ്രസിലേക്ക് ഒരു കോൺഫറൻസുമായി ബന്ധപ്പെട്ട് പോകാൻ തയ്യാറെടുക്കുന്ന സമയമായിരുന്നു അത്. ​ഗവേഷണത്തിന്റെ പിരിമുറുക്കം കാരണമായിരിക്കും ആർത്തവം വൈകിയത് എന്നാണ് കരുതിയിരുന്നത്. ജനുവരിയിൽ ഐ.ഐ‍.ടി. ബോംബെയിൽ വര്‍ക്ക്‌ഷോപ്പിന്
പോകാൻ അവസരം ലഭിച്ചു. അതിനു പോകാൻ തയ്യാറെടുക്കുമ്പോഴാണ് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത ക്ഷീണം അനുഭവപ്പെടുന്നത്. അത്രയ്ക്കു ക്ഷീണവും ആദ്യമായിരുന്നു. അങ്ങനെയാണ് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോകുന്നത്. സി.ബി.സി.(complete blood count ) ചെയ്തു നോക്കിയപ്പോൾ കൗണ്ടിൽ ചെറിയ വ്യത്യാസമുണ്ട്. പക്ഷേ, വലിയ വ്യത്യാസമൊന്നും പ്ലേറ്റ്ലെറ്റ് കൗണ്ടിൽ ഇല്ലായിരുന്നു. അങ്ങനെ അവിടെനിന്ന് വര്‍ക്ക്‌ഷോപ്പ് പരിപാടി ഉപേക്ഷിച്ച് നാട്ടിലേക്കുവന്ന് ഡോക്ടറെ കാണാൻ തീരുമാനിച്ചു. അപ്പോഴും വീട്ടുകാരൊന്നും ഇതാകും കാരണമെന്ന് കരുതുന്നേയില്ല, അമ്മ കുറേ ഈന്തപ്പഴമൊക്കെ തന്ന് ആർ‌ത്തവം വരാനുള്ള വീട്ടിലെ പൊടിക്കൈകൾ ചെയ്യിച്ചു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ ആർത്തവം വന്നെങ്കിലും അതിഭയങ്കര വേദനയായിരുന്നു. മൂന്നു പെയിൻ കില്ലറുകൾ വരെ കഴിച്ചിട്ടും വേദനയ്ക്ക് ശമനമില്ല. അങ്ങനെ ആശുപത്രിയിൽ പോവുകയും അവിടെ നിന്ന് വേദനയ്ക്കുള്ള ഇൻഞ്ചക്ഷൻ നൽകുകയും ചെയ്തു. അവിടെ വച്ചു തന്നെ ആർത്തവവുമായി. അപ്പോൾ സമാധാനമാവുകയും ചെയ്തു. 

അവിടെവച്ച് ഒരു സുഹൃത്താണ് ഉത്തരയോട് ​ഗൈനക്കോളജിസ്റ്റിനെ ഒന്നു കണ്ടിട്ടുപോകൂ എന്നു പറഞ്ഞത്. മുമ്പത്തെ സ്കാനിങ് റിപ്പോർട്ട്  നോക്കി, സിസ്റ്റ് ഒക്കെ ചുരുക്കാമെന്നു പറയുകയും അതിനൊപ്പം ഒരു ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറയുകയും ചെയ്തു. സിഎ125 എന്ന ബ്ലഡ് ടെസ്റ്റായിരുന്നു അത്. പക്ഷേ, അത് എന്തിന്റേതാണ് എന്നുമാത്രം ഉത്തരയോട് പറഞ്ഞിരുന്നില്ല. ഒവേറിയൻ കാൻസർ ബയോമാർക്കർ ടെസ്റ്റായിരുന്നു അത്. അടുത്ത ദിവസം റിസൽട്ട് വന്നപ്പോഴാണ് കൗണ്ടിൽ വലിയ വ്യത്യാസം കാണുന്നത്. പക്ഷേ എൻഡോമെട്രിയോസിസ് ഉള്ളവർ, ​ഗർഭിണികൾ തുടങ്ങിയവരിൽ അത് സ്വാഭാവികമായും ഉയർന്നു നിൽക്കും. തനിക്ക് എൻഡോമെട്രിയോസിസ് എന്ന അവസ്ഥകൂടി ഉണ്ടായിരുന്നതുകൊണ്ട് അതിന്റേതാകുമോ എന്ന് ചിന്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഡോക്ടറുടെ അടുത്തെത്തിയപ്പോഴാണ് ഒവേറിയൻ കാൻസറാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് ഉത്തരയ്ക്ക് മനസ്സിലായത്.  

അൾട്രാസൗണ്ട് സ്കാനിങ്, എം.ഐർ.ഐ.,  സി.ടി സ്കാൻ, എൻഡോസ്കോപ്പി, ബയോപ്സി, പെറ്റ് സി.ടി.സ്കാൻ തുടങ്ങിയവയ്ക്കെല്ലാം ഒടുവിൽ തനിക്ക് കാൻസർ ആണെന്ന് ഉത്തര തിരിച്ചറിഞ്ഞു.  ഓവറി, യൂട്രസ്, വയർ ഉൾപ്പടെ വ്യാപിച്ച സാർക്കോമ ആയിരുന്നു അത്. തുടർന്ന് അർബു​ദത്തിന്റെ ആരംഭസ്ഥലം ഏതാണെന്ന് നോക്കാൻ ബയോപ്സി ചെയ്തു, അതിലാണ് ഓവറിയിലാണെന്നു തിരിച്ചറിയുന്നത്. യാദൃശ്ചികമെന്നോണം ഫെബ്രുവരി നാല് ലോകകാൻസർ ദിനത്തിലാണ് ഉത്തരയുടേത് സ്റ്റേജ് ഫോർബി മെറ്റാസ്റ്റേറ്റിക് ഒവേറിയൻ കാൻസറാണെന്ന് സ്ഥിരീകരിക്കുന്നത്. 

ഒവേറിയൻ കാൻസറിനെ നിശബ്ദ കൊലയാളി എന്നാണ് പറയാറുള്ളത്. അന്ന് CA125 എന്ന ടെസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ താനിപ്പോഴും ​ഗവേഷണവും ചെയ്ത് തന്റെ ഉള്ളിൽ അർബുദം പടരുകയാണെന്നറിയാതെ കഴിയുന്നുണ്ടായേനെ എന്നാണ് ഉത്തര പറയുന്നത്. പൊതുവേ അമ്പതിനു മുകളിൽ പ്രായമുള്ളവരിരെ ബാധിക്കുന്ന ഈ കാൻസർ എന്തുകൊണ്ട് ഈ പ്രായത്തിൽ തന്നെ ബാധിച്ചു എന്നും ഉത്തര കരുതിയിരുന്നു.  രോ​ഗസ്ഥിരീകരണത്തിനു ശേഷം ഇന്ത്യക്കകത്തും പുറത്തുമൊക്കെയുള്ള ഒവേറിയൻ കാൻസർബാധിതരായ നിരവധി പേരെ ബന്ധപ്പെട്ടിരുന്നു. അവരുമായി നിരന്തരം ഇടപെട്ടതിനു ശേഷമാണ് ചെറുപ്പക്കാരായ നിരവധി പേർക്ക് ഈ രോ​ഗമുണ്ടെന്നും വൈകിയ വേളയിലാണ് തിരിച്ചറിയാറുള്ളതെന്നും മനസ്സിലായത്. 

ചികിത്സാഘട്ടം

നിലവിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് കഴിഞ്ഞിരിക്കുകയാണ് ഉത്തര. ആറ് റൗണ്ട് കീമോതെറാപ്പിയാണ് ചെയ്തത്. ആദ്യത്തെ മൂന്ന് കീമോ കഴിഞ്ഞ് മുഴകളെ ചുരുക്കി സർജറി ചെയ്തു. രോ​ഗം ബാധിച്ച രണ്ട് ഓവറികൾ, ഫലോപിയൻ ട്യൂബ്, യൂട്രസ്, വയറിന്റെ ഒരു പ്രത്യേക പാളി തുടങ്ങിയവയൊക്കെ എടുത്തുനീക്കി. അതു കഴിഞ്ഞ് വീണ്ടും മൂന്ന് കീമോതെറാപ്പി ചെയ്തു. രോ​ഗം വ്യാപിച്ചതിനാൽ അണ്ഡം ശീതികരിച്ച് സൂക്ഷിച്ച് ചികിത്സയ്ക്കു ശേഷം ഉപയോ​ഗിക്കാനുള്ള സാധ്യതയും ഇല്ലായിരുന്നുവെന്ന് ഉത്തര പറയുന്നു. എ​ഗ് ഫ്രീസിങ്ങിനായി ഹോർമോൺ ചികിത്സ നടത്തേണ്ടതുണ്ട്, അത് രോ​ഗാവസ്ഥ കൂടുതൽ വഷളാക്കുമെന്നതായിരുന്നു സാഹചര്യം. തങ്ങൾ കരുതിയിരുന്നതിനേക്കാൾ ​തീവ്രസ്വഭാവമുള്ള കാൻസറായിരുന്നു ഉത്തരയുടേതെന്ന് ഡോക്ടർമാർ പിന്നീട് പറയുകയുണ്ടായി. പക്ഷേ, ചെറുപ്പം ആയതുകൊണ്ടുതന്നെ ചികിത്സ കുറച്ചുകൂടി എളുപ്പമാക്കാൻ ഉത്തരയുടെ ശരീരം പ്രാപ്തമായിരുന്നു. കീമോതെറാപ്പി കാലത്തെല്ലാം ​ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയും വായനയിൽ മുഴുകുകയുമായിരുന്നു ഉത്തര. 

കരുത്ത് കുടുംബം തന്നെ

ഒന്നിനും അതിരുകൾ വെക്കാത്ത കുടുംബമാണ് തന്റെ കരുത്തെന്ന് പറയുകയാണ് ഉത്തര, ഒപ്പം അതുപോലെ പഠനത്തിലും പ്രൊഫഷനിലും താങ്ങായി നിൽക്കുന്ന ഒരുകൂട്ടം സു​ഹൃത്തുക്കളും. ഭർത്താവ് ഹരികൃഷ്ണനും  മാതാപിതാക്കളായ ബാബുവും ഡോ. മീരയും സഹോദരി പ്രിയംവദയുമൊക്കെ സദാപിന്തുണയുമായി കൂടെയുണ്ട്. രോ​ഗം ആണെന്നു സ്ഥിരീകരിച്ചപ്പോഴും തനിക്ക് മുന്നിൽ പതറാതെ നിൽക്കുകയാണ് അവർ ചെയ്തത്. പക്ഷേ, രോ​ഗത്തെക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെയും മറ്റും തുറന്നുപറഞ്ഞതിന്റെ പേരിൽ അകന്ന ബന്ധത്തിലുള്ളവരും സാമൂഹികമാധ്യമത്തിൽ വിദ്യാസമ്പന്നരായ പലരുമൊക്കെ വിമർശിച്ചിരുന്നു. ഇതു തുറന്നുപറയുന്നതോടെ തന്റെ ഐഡന്റിറ്റി മാറുമെന്നും കാൻസർ അതിജീവിത എന്നാകും എന്നായിത്തീരും എന്നുമൊക്കെയാണ് ഉത്തരയോട് അവർ പറഞ്ഞത്. 

എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു യാഥാർഥ്യമാണ്. ഇതിൽ നിന്ന് എങ്ങോട്ടും ഒളിച്ചോടാനാവില്ല. അതേസമയം, രോ​ഗത്തെക്കുറിച്ച് തുറന്നുപറയാനാവാത്ത നിരവധി പേർ അവർക്കതിനുള്ള ധൈര്യമുണ്ടായില്ല എന്നുപറഞ്ഞ് മെസേജ് അയച്ചു. മാത്രമല്ല ​ഗൈനക്കോളജിക്കൽ കാൻസർ വരുമ്പോൾ പൊതുവേ കുട്ടികളുണ്ടാകില്ല, അത് മോശമായി ചിത്രീകരിക്കുമോ എന്ന ഭയത്തോടെ തുറന്നുപറയാത്തവരുമുണ്ട്.

തുറന്നുപറയാൻ തയ്യാറാകണം

രോ​ഗത്തെക്കുറിച്ച് തുറന്നുപറഞ്ഞാൽ പ്രശ്നമാണെന്നു കരുതുന്ന സമൂഹമാണ് ഇവിടുത്തേതെന്നും അതിൽ മാറ്റം വരേണ്ടതുണ്ടെന്നും ഉത്തര പറയുന്നു. രോ​ഗമാണെന്നറിഞ്ഞപ്പോൾ തന്നെ ഈ രോ​ഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുമായി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഇന്ത്യയിൽ നിന്നുള്ള പലരും അവരുടെ വ്യക്തിത്വം വെളിപ്പെടുത്താനൊന്നും തയ്യാറായിരുന്നില്ല. യു.എസിൽ നിന്നുള്ള ഒരു വനിത സമാന അവസ്ഥയിലൂടെ കടന്നുപോയിരുന്നു. സാമൂഹികമാധ്യമത്തിലൂടെ അവരെ ബന്ധപ്പെടുകയും അന്നുതൊട്ടിന്നോളം ആ ബന്ധം തുടരുകയും ചെയ്യുന്നുണ്ട്.

ഈ രോ​ഗത്തിന് പുറത്തുള്ള ചികിത്സയെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമൊക്കെ അറിയാനായാണ് ഇത്തരം ബന്ധങ്ങൾ തുടരാൻ ശ്രമിച്ചതും. പുറത്തൊക്കെ കുറച്ചുകൂടി ഇവ ചർച്ചചെയ്യാൻ തുറന്ന മനസ്സുള്ളവരാണുള്ളത്. പരസ്പരം ഡയറ്റുകൾ പങ്കുവെക്കാനും സ്കാർഫുകൾ ഷെയർ ചെയ്യാനുമൊക്കെ അവർ തയ്യാറാവാറുണ്ട്. നിർബന്ധിത ആർത്തവവിരാമം ആയതിന്റെ ആരോ​ഗ്യപ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യാനും പരസ്പരം താങ്ങാവാനും അവർ മനസ്സുകാണിക്കാറുണ്ട്. ഇവിടെയാണെങ്കിൽ കാൻസറാണെന്നു പറയുന്നയുടൻ സഹതാപത്തോടെ സംസാരിക്കുന്നവരാണ് ഏറെയും. കാൻസറാണെന്ന് തുറന്നുപറയുന്നതുകൊണ്ട് താനൊരു മോശം ആളാവുകയല്ലെന്നും തുറന്നുപറയാൻ മടിയില്ലെന്നും പറയുകയാണ് ഉത്തര.

പ്രതീക്ഷകൾ

പിഎച്ച്.ഡി പൂർത്തീകരിക്കണം എന്നതിനാണ് ഉത്തര നിലവിൽ പ്രാമുഖ്യം നൽകുന്നത്. ​ഗവേഷണകാലത്ത് മൂന്നാം വർഷമാണ് കാൻസർ സ്ഥിരീകരിച്ച് മെഡിക്കൽ ലീവിലേക്ക് പോകുന്നത്. ഇതിനിടയ്ക്ക് പി.എസ്.സി. എഴുതുകയും അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിൽ പത്താം റാങ്ക് നേടുകയും ചെയ്തിരുന്നു. അതിനുള്ള അപ്പോയിന്റ്മെന്റ് വരാനായി കാത്തിരിക്കുകയാണ്. രോ​ഗം കാരണം ഇറ്റലിയിൽ ഒരു കോൺഫറൻസിന് അവസരം ലഭിച്ചത് ഒഴിവാക്കിയിരുന്നു. അതുകൊണ്ട് ഈജിപ്തിൽ വച്ച് എക്സ്കവേഷനു ലഭിച്ച അവസരവും പരമാവധി വിനിയോ​ഗിക്കണമെന്നുണ്ട്. പത്തൊമ്പതു വർഷത്തോളം നൃത്തം പഠിച്ചിട്ടുള്ളയാളാണ്, അതും ​ഗൗരവത്തോടെ വീണ്ടും കാണണമെന്നും പറയുകയാണ് ഉത്തര. 

കാൻസറായി എന്നു കേൾക്കുമ്പോൾ ജീവിതം അവസാനിച്ചു എന്നുകരുതുന്നവരോടും ഉത്തരയ്ക്ക് പറയാനുണ്ട്. പലരും സ്റ്റേജ് ഫോർ കാൻസർ ആണെന്നൊക്കെ അറിയുന്നതോടെ ആകെ തകർന്നിരിക്കും. പക്ഷേ ഫലപ്രദമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നവർ നിരവധിയുണ്ട്.  അത്തരം അനുഭവങ്ങൾ കേൾക്കാൻ ശ്രമിക്കുകയും ചികിത്സയിൽ വിശ്വസിക്കുകയും ചെയ്ത് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകണമെന്നാണ് ഉത്തര പറയുന്നത്. 

ഒവേറിയൻ കാൻസറിനെക്കുറിച്ച് പറയുകയാണ് ഉത്തരയെ ചികിത്സിക്കുന്ന, ആസ്റ്റർ മെഡിസിറ്റിയിൽ സർജിക്കൽ ഓങ്കോളജി വിഭാ​ഗം അസോസിയേറ്റ് കൺസൾട്ടന്റായ ഡോ.ഫഹദ് ബിൻ അബ്ദുൾ മജീദ്.

വളരെ അനിശ്ചിതമായ രോ​ഗമാണിത്. പ്രത്യേകിച്ച് ഈയൊരു കാരണം കൊണ്ടാണ് ഒവേറിയൻ കാൻസർ വരുന്നത് എന്നതു സംബന്ധിച്ച പഠനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വളരെ അപൂർവമായാണ് ചെറുപ്പക്കാരിൽ ഒവേറിയൻ കാൻസർ വരിക. വൈകിയ ഘട്ടത്തിൽ മാത്രമാണ് ഒവേറിയൻ കാൻസർ ലക്ഷണങ്ങൾ പ്രകടമാവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ മറ്റു കാൻസറുകൾ പോലെ ഇത്തരം ലക്ഷണങ്ങളാണ് എന്നത് എടുത്തുപറയാനാവില്ല.  ജനിതകകാരണങ്ങൾ പറയാറുണ്ട്, പക്ഷേ അവ അഞ്ചു മുതൽ പത്തു ശതമാനം വരെ മാത്രമേയുള്ളു.

placeholder
ഡോ.ഫഹദ് ബിൻ അബ്ദുൾ മജീദ്

നിരന്തരമായി അടിവയറിലുണ്ടാകുന്ന വേദന ഒവേറിയൻ കാൻസറിന്റെ ലക്ഷണമായി പറയാറുണ്ട്. ഇടയ്ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നൽ ഒവേറിയൻ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. പക്ഷേ അവ ധാരാളം വെള്ളംകുടിക്കുന്നതിന്റെയോ മൂത്രാശയ അണുബാധയുടെയോ ആണെന്നു കരുതി അവ​ഗണിക്കുന്നവരാണ് ഏറെയും. മറ്റൊന്ന് വയറിൽ കട്ടികെട്ടുന്ന അവസ്ഥയാണ്. വയറു നന്നായി പെരുകുകയും വ്യക്തി മെലിയുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുക. പക്ഷേ, അപ്പോഴും ഡയറ്റ് നോക്കുന്നതിന്റെയും വ്യായാമം ചെയ്യുന്നതിന്റെയും ഭാ​ഗമായി വണ്ണംകുറയുന്നതാണ് എന്നാണ് പലരും കരുതുക. കൂടാതെ ആഹാരം കഴിച്ചുതുടങ്ങുമ്പോഴേക്കും വയറുനിറഞ്ഞതായി അനുഭവപ്പെടും. ഓവറിയിൽ നിന്ന് രോ​ഗം വ്യാപിച്ച് ആമാശയത്തിലേക്ക് എത്തുന്ന ഘട്ടങ്ങളിലാണ് ഈ ലക്ഷണം പ്രകടമാവുക.  ഇൻ‌ഫെർട്ടിലിറ്റി ട്രീറ്റ്മെന്റിന്റെ ഭാ​ഗമായി സ്കാൻ ചെയ്യുമ്പോൾ തടിപ്പ് കണ്ടും രോ​ഗം സ്ഥിരീകരിക്കാം. 

യാതൊരു ലക്ഷണങ്ങളും ഇല്ലാതെ വന്നയാളാണ് ഉത്തര. ആർത്തവം രണ്ടു മാസം വൈകി എന്നതുമാത്രമായിരുന്നു ഉത്തരയുടെ പ്രശ്നം. തുടർന്നു നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. ഒവേറിയൻ കാൻസർ ആയതുകൊണ്ടുതന്നെ ​ഗൈനക്കോളജിക്കൽ ലക്ഷണങ്ങൾ ആകാം പ്രകടമാവുക എന്നു ധരിക്കുന്നവരുമുണ്ട്. അതും ശരിയല്ല, ഒരു ഓവറിയെ രോ​ഗം ബാധിച്ചാലും അടുത്ത ഓവറിക്ക് പ്രശ്നമില്ലെങ്കിൽ ഹോർമോണൽ വ്യതിയാനങ്ങൾ ഉണ്ടാകണമെന്നില്ല. അതിനാൽ ആർത്തവത്തിന്റെ ക്രമക്കേട് ഒരു പ്രധാന​ ലക്ഷണമായി കരുതാനാവില്ല.