കേരളത്തിൽ സമീപകാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പകർച്ച വ്യാധികളിൽ ഏറ്റവും അധികം ആശങ്ക പരത്തുന്ന ഒന്നാണ് ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗബാധ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഈ രോഗം കൂടുതൽ മാരകമാകുന്നതും വേഗത്തിൽ പടരുന്നതും. പൊതുവേ പ്രതിരോധശേഷി കുറഞ്ഞവരിലും പ്രായമായവരിലും കുട്ടികളിലും കണ്ടുവരുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രപരമായി ഷിഗെല്ലോസിസ് എന്നാണ് വിളിക്കുന്നത്. മലിനമായ ജലം, ശരിയായി പാകം ചെയ്യാത്തതോ കേടായതോ ആയ ഭക്ഷണം, രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം, ഈച്ചകൾ എന്നിവയിലൂടെയെല്ലാം അതിവേഗം പകരുന്ന ഈ രോഗം അതീവ ഗുരുതരമായ ആന്തരിക സങ്കീർണ്ണതകൾക്ക് കാരണമാകാറുണ്ട്. രക്ഷിതാക്കളും മുതിർന്നവരും ഒരുപോലെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതുമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണിത്.

To advertise here,

ഷിഗെല്ല ഗ്രൂപ്പിൽപ്പെട്ട ഗ്രാം-നെഗറ്റീവ് ബാക്ടീരിയകൾ മനുഷ്യന്റെ വൻകുടലിന്റെ ആവരണങ്ങളെയാണ് പ്രധാനമായും ആക്രമിക്കുന്നത്. മുതിർന്നവരുടെ ശരീരത്തിലേക്ക് ഈ ബാക്ടീരിയ പ്രവേശിക്കുമ്പോൾ അവരുടെ പ്രതിരോധ സംവിധാനം അതിനെ ഒരു പരിധിവരെ ചെറുത്തുതോൽപ്പിക്കുമെങ്കിലും കുട്ടികളുടെ കാര്യത്തിൽ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. കുട്ടികൾ പൂർണ്ണവളർച്ചയെത്താത്തതിനാൽ അവരുടെ രോഗപ്രതിരോധ സംവിധാനത്തിന് ഈ ബാക്ടീരിയകൾ വൻതോതിൽ ഉത്പാദിപ്പിക്കുന്ന ഷിഗ ടോക്സിൻ എന്ന മാരക വിഷാംശത്തെ തടഞ്ഞുനിർത്താൻ കെൽപ്പില്ല. കുടലിലെ കോശങ്ങളെ നശിപ്പിച്ച് രക്തസ്രാവമുണ്ടാക്കുന്ന ഈ രോഗബാധ സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയിലേക്ക് അതിവേഗം വഴിമാറാം.

കുട്ടികൾ കൂടുതൽ അപകടസാധ്യത നേരിടാനുള്ള കാരണങ്ങൾ

കുട്ടികളുടെ ശരീരപ്രകൃതിയും അവരുടെ പ്രതിരോധശേഷിയും മുതിർന്നവരുടേതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. പ്രധാന കാരണങ്ങൾ ഇവയാണ്:

പൂർണ്ണവളർച്ചയെത്താത്ത രോഗപ്രതിരോധ സംവിധാനം: കുട്ടികളുടെ രോഗപ്രതിരോധ ശേഷി മുതിർന്നവരുടേത് പോലെ ശക്തമല്ല. ഷിഗെല്ല പുറപ്പെടുവിക്കുന്ന ഷിഗ ടോക്സിൻ എന്ന വിഷാംശത്തെ പ്രതിരോധിക്കാൻ കുട്ടികളുടെ ശരീരത്തിന് സാധിക്കാതെ വരുന്നു.

നിർജ്ജലീകരണം: കുട്ടികളുടെ ശരീരഭാരവുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് വളരെ കൂടുതലാണ്. അതിനാൽ, കുട്ടികളിൽ വയറിളക്കവും ഛർദ്ദിയും മൂലം വളരെ വേഗത്തിൽ ജലവും ലവണങ്ങളും നഷ്ടപ്പെടുകയും ഗുരുതര നിർജ്ജലീകരണം ഉണ്ടാകുകയും ചെയ്യാം. ഇത് പെട്ടെന്ന് തന്നെ ബോധക്ഷയത്തിലേക്കോ ഷോക്കിലേക്കോ നയിക്കാം.

കുടലിന്റെ ഘടനയിലുള്ള പ്രത്യേകതകൾ: കുട്ടികളുടെ കുടലിലെ ആവരണങ്ങൾ കൂടുതൽ മൃദുലമാണ്. ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന ടോക്സിനുകൾ ഈ കോശങ്ങളെ വേഗത്തിൽ നശിപ്പിക്കുകയും കടുത്ത വയറുവേദനയ്ക്കും രക്തം കലർന്ന മലവിസർജ്ജനത്തിനും കാരണമാകുകയും ചെയ്യുന്നു.

വ്യക്തിശുചിത്വം: കുട്ടികൾ കളിക്കുന്നതിനിടയിൽ കൈകൾ ശരിയായി കഴുകാതെ ആഹാരം കഴിക്കുന്നതും, സാധനങ്ങൾ വായിൽ വെക്കുന്നതും സാധാരണമാണ്. വളരെ കുറഞ്ഞ എണ്ണം (പത്തിൽ താഴെ) ഷിഗെല്ല ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ചാൽ പോലും കുട്ടികളിൽ രോഗമുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

 

കുട്ടികളിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നുരണ്ടു ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും:

1. ശക്തമായ പനി

2. കടുത്ത വയറുവേദനയും ഇടയ്ക്കിടെ ചെറിയ അളവിൽ മലമൊഴിക്കുന്ന അവസ്ഥയും

3. ചോരയും കഫവും കലർന്ന വയറിളക്കം

4. ഛർദ്ദിയും ക്ഷീണവും

5. കടുത്ത നിർജ്ജലീകരണം മൂലം കുട്ടി മയങ്ങിപ്പോകുക

ശ്രദ്ധിക്കുക: ചില കുട്ടികളിൽ കടുത്ത പനിയും ടോക്സിനുകളുടെ ആധിക്യവും കാരണം ജെന്നി /അപസ്മാരം (Fits / Seizures) വരാനുള്ള സാധ്യതയുണ്ട്. ഇത് കണ്ടാലുടൻ എത്രയും വേഗം വിദഗ്ദ്ധ വൈദ്യസഹായം ലഭ്യമാക്കണം.

പ്രതിരോധവും ചികിത്സയും

ഷിഗെല്ലയ്ക്ക് എതിരെ സ്വയംചികിത്സ പൂർണ്ണമായും ഒഴിവാക്കണം. എല്ലാ വയറിളക്കത്തിനും ആന്റിബയോട്ടിക് ആവശ്യമില്ല. ഷിഗെല്ല സംശയിക്കുന്ന സാഹചര്യങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ആന്റിബയോട്ടിക് ഉപയോഗിക്കാവൂ."

ഒ.ആർ.എസ്: രോഗലക്ഷണം കണ്ടാലുടൻ ഒ.ആർ.എസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളമോ നൽകി നിർജ്ജലീകരണം തടയുക.

കൈകൾ വൃത്തിയാക്കൽ: ആഹാരത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കൻഡ് എങ്കിലും നന്നായി കഴുകുക.

തിളപ്പിച്ചാറ്റിയ വെള്ളം: കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

ഭക്ഷണ ശുചിത്വം: പഴകിയതും തുറന്നുവെച്ചതുമായ ആഹാരസാധനങ്ങൾ കുട്ടികൾക്ക് നൽകരുത്.

കുട്ടികളിലെ ചെറിയൊരു വയറിളക്കം പോലും ഷിഗെല്ല ആകാനുള്ള സാധ്യതയുള്ളതിനാൽ തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സ നൽകുക എന്നതാണ് ഏറ്റവും പ്രധാനം. ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെ നമ്മുടെ കുട്ടികളെ ഈ രോഗബാധയിൽനിന്നു പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും.

 

(ആസ്റ്റർ മിംസ് കോട്ടക്കലിൽ പീഡിയാട്രിക്സ് & നിയോനറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)