കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പുതൊട്ടേ ഉത്കണ്ഠയും സമ്മർദവുമൊക്കെ അനുഭവപ്പെടാറുണ്ടോ? രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അമിതമായ സമ്മർദവും ആശങ്കയുമൊക്കെ അനുഭവപ്പെടുന്ന അവസ്ഥയാണ് മോണിങ് ആങ്സൈറ്റി. അസ്വസ്ഥത അനുഭവപ്പെടുക, ക്ഷീണം- ക്ഷോഭം എന്നിവ തോന്നുക, പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുക, ഏകാ​ഗ്രത ഇല്ലാതിരിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. മോണിങ് ആങ്സൈറ്റിയുടെ കാരണങ്ങളും ലക്ഷണങ്ങളും പരിഹാരവും പരിശോധിക്കാം. 

To advertise here,

ലക്ഷണങ്ങൾ

  • വിശ്രമരഹിതമായി അനുഭവപ്പെടുക
  • അസ്വസ്ഥതയും നിരാശയും
  • അമിതക്ഷീണം
  • നെഞ്ചിൽ കനം തോന്നുന്നതുപോലെയും പേശികൾ വലിഞ്ഞുമുറുകുന്നതുപോലെയും ഹൃദയമിടിപ്പും ശ്വസനനിരക്കും വേ​ഗത്തിലാവുകയും ചെയ്യുക.
  • മനസ്സിനെ ശാന്തമാക്കാൻ കഴിയാതിരിക്കുക
  • ആശങ്കകളെ നിയന്ത്രിക്കാൻ കഴിയാതാവുക
  • ഉറക്കക്കുറവ്
  • ദഹനക്കുറവ്
  • തലവേദന

എന്തുകൊണ്ട് രാവിലെകളിൽ ഉത്കണ്ഠ?

കെമിക്കലുകളിലെ അസന്തുലിതാവസ്ഥ, പാരിസ്ഥിതിക ഘടകങ്ങൾ, പാരമ്പര്യം തുടങ്ങി ആങ്സൈറ്റി ഡിസോർഡറിലേക്ക് നയിക്കുന്ന ഘടകങ്ങൾ തന്നെയാണ് രാവിലെകളിലെ ഉത്കണയ്ക്കുമുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇവ കൂടാതെ ഒരുദിവസം എങ്ങനെ കടന്നുപോകുമെന്നും കാര്യങ്ങൾ ചെയ്തുതീർക്കുമെന്നും അമിതമായി ആശങ്കപ്പെടുക, മുൻകാലത്ത് നേരിട്ട ഒരു സമ്മർദം നിറഞ്ഞ അനുഭവത്തെ അതിജീവിക്കാൻ കഴിയാതിരിക്കുക, സമ്മർദം വർധിപ്പിക്കുന്ന ഹോർമോണായ കോർട്ടിസോൾ ഉയരുക, കഫീനും പഞ്ചസാരയും ഉപയോ​ഗിക്കുക തുടങ്ങിയവയെല്ലാം രാവിലെകളിലെ ഉത്കണ്ഠ വർധിപ്പിക്കുന്ന കാര്യങ്ങളാണ്. രാത്രിയിൽ ആശങ്കകളോടെയും ഉത്കണ്ഠ നിറഞ്ഞ ചിന്തകളോടെയും കിടക്കുന്നവർ രാവിലെകളിലും അതേ ചിന്തകളോടെയാവും എഴുന്നേൽക്കുക. 

എങ്ങനെ അതിജീവിക്കാം?

രാവിലെകളിലെ ഉത്കണ്ഠയെ അതിജീവിക്കാൻ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുന്നത് നല്ലതാണ്. അതിലാദ്യത്തേത് ശാരീരിക വ്യായാമമാണ്. വ്യായാമം ചെയ്യുന്നത് ഉത്കണ്ഠാ ലക്ഷണങ്ങളെ കുറയ്ക്കുമെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ആങ്സൈറ്റി ആന്റ് ഡിപ്രഷൻ വ്യക്തമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മർദത്തെ അതിജീവിക്കാനും ഉറക്കം മെച്ചപ്പെടുത്താനും കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു.

ആഴ്ച്ചയിൽ അഞ്ചുദിവസമെങ്കിലും അരമണിക്കൂറോളം വ്യായാമം ചെയ്യുന്നത് ​ഗുണം ചെയ്യും. നടത്തം, യോ​ഗ, നീന്തൽ, സൈക്ലിംങ്, നൃത്തം തുടങ്ങിയവപോലും ​ഗുണം ചെയ്യും. കൂടാതെ രാവിലെ എഴുന്നേറ്റയുടൻ ശ്വസനവ്യായാമങ്ങൾ ചെയ്യുന്നതും ​ഗുണംചെയ്യും. 

ഒപ്പം ഉറക്കത്തിന്റെ കാര്യത്തിൽ‍ വിട്ടുവീഴ്ച്ച ചെയ്യാനും പാടില്ല. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം മദ്യത്തിന്റെ ഉപഭോ​ഗവും കഫീൻ ശീലവും കുറയ്ക്കണം. ഭക്ഷണം പോഷകസമ്പന്നവും മിതവുമായിരിക്കണം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരമാർന്നവയും കുറയ്ക്കണം. അതിനുപകരം ധാരാളം പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. 

ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ അൽപനേരം ശ്വസനവ്യായാമം ചെയ്യുന്നതിലൂടെ നെ​ഗറ്റീവ് ചിന്തകൾ ഇല്ലാതാവുകയും ഉത്കണ്ഠയെ അകറ്റുകയും ചെയ്യാം. അവനവനെക്കൊണ്ട് കഴിയുന്ന രീതിയെല്ലാം പരിശ്രമിച്ചിട്ടും ഫലംകണ്ടില്ലെങ്കിൽ വിദ​ഗ്ധസഹായം തേടാനും മടികാണിക്കരുത്. 

ഡോക്ടറെ കാണേണ്ടതെപ്പോൾ?

രാവിലെകളിലെ ഉത്കണ്ഠ നിയന്ത്രണാതീതമാകുമ്പോൾ ആങ്സൈറ്റി ഡിസോർഡ‍റിലേക്ക് പോകാനിടയുണ്ട്. അതിനാൽ അത്തരം സാഹചര്യങ്ങളിൽ വിദ​ഗ്ധസഹായം തേടാൻ വൈകരുത്. തെറാപ്പി, മരുന്ന് ചികിത്സ, ശീലങ്ങളിലെ മാറ്റങ്ങൾ തുടങ്ങിയവയിലൂടെ മോണിങ് ആങ്സൈറ്റിയെ അതിജീവിക്കാം.