ആൻജിയോപ്ലാസ്റ്റി ആവശ്യമില്ലാത്തവർക്കുപോലും അതുചെയ്യുന്ന അവസ്ഥയ്ക്കെതിരെ കാമ്പയിൻ നടത്തണം- കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാക്കുകളാണിത്. 10 ആൻജിയോപ്ലാസ്റ്റി ചെയ്താൽ രണ്ടെണ്ണത്തിന്റെ കാശ് ഡോക്ടർക്ക് കിട്ടുമെന്നും വീട്ടിൽപ്പോയി സംസാരിച്ചതിനുശേഷം ആൻജിയോപ്ലാസ്റ്റി ചെയ്യാമെന്നു പറഞ്ഞാൽ നിങ്ങളുടെ റിസ്കിലാണെന്ന് ഡോക്ടർമാർ പറയുമെന്നും വീട്ടിൽപ്പോയി തിരിച്ചുവന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട ഘട്ടമെന്താണെന്നും ഏതു സാഹചര്യത്തിലാണ് ആൻജിയോപ്ലാസ്റ്റി ജീവൻരക്ഷാമാർഗം ആകുന്നതെന്നും പരിശോധിക്കാം.
ഹൃദയത്തിന്റെ പേശികളിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സം നേരിടുന്നതാണ് ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്. രക്തം കട്ടപിടിക്കുന്നതുകൊണ്ടാണ് ഇതുസംഭവിക്കുന്നത്. എത്രയും പെട്ടെന്ന് തടസ്സം നീക്കലാണ് ചികിത്സയുടെ പ്രധാനലക്ഷ്യം. ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ ഹൃദയപേശിയുടെ ബാധിക്കപ്പെട്ട ഭാഗം മിനിറ്റുകൾക്കുള്ളിൽത്തന്നെ നശിക്കാൻ തുടങ്ങും. അതുകൊണ്ടാണ് ഹൃദയാഘാതം അടിയന്തര വൈദ്യസഹായം ആവശ്യമുള്ള അവസ്ഥയാണെന്നു പറയുന്നത്. രക്തയോട്ടം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുക എന്നതാണ് പ്രധാനം. ഹൃദയാഘാതം സംശയിക്കപ്പെട്ട / സ്ഥിരീകരിക്കപ്പെട്ട രോഗികളെ ഹൃദയ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയാണ് ആരോഗ്യസ്ഥിതി നിരീക്ഷിക്കുക. രക്തമർദം കൂട്ടാനോ കുറയ്ക്കാനോ ഉള്ള മരുന്നുകൾ, നെഞ്ചിലെ നീർക്കെട്ട് നീക്കംചെയ്യാനുള്ള മരുന്ന്, ഓക്‌സിജൻ വെന്റിലേറ്റർ പ്ലേറ്റ്ലെറ്റുകളുടെ പ്രവർത്തനം കുറയ്ക്കാൻ വേണ്ടിയുള്ള മരുന്നുകൾ തുടങ്ങിയവ ആവശ്യമെങ്കിൽ നൽകും. പൂർണ ഹൃദയാഘാതം ഉണ്ടാകന്ന സാഹചര്യങ്ങളിൽ രക്തധമനിയിലെ തടസ്സം എത്രയും പെട്ടെന്ന് നീക്കംചെയ്യേണ്ടത് അത്യാവശ്യാണ്. ഇതിനു സ്വീകരിക്കുന്ന രണ്ട് ചികിത്സാരീതികളിലൊന്നാണ് ആൻജിയോപ്ലാസ്റ്റി, മറ്റൊന്ന് മരുന്ന് കുത്തിവെച്ച് രക്തക്കട്ട അലിയിക്കുന്ന ത്രോംബോലൈറ്റിക് ചികിത്സയും.
നെഞ്ചുതുറന്ന് ഹൃദയത്തിൽ നടത്തുന്ന കൊറോണറി ബൈപാസ് ശസ്ത്രക്രിയയുമുണ്ട്.
ത്രോംബോലൈറ്റിക് ചികിത്സയുടെ വിജയസാധ്യത ശരാശരി 70 ശതമാനം ആണെങ്കിൽ (അടഞ്ഞുപോയ രക്തപ്രവാഹം പുനഃസ്ഥാപിക്കപ്പെടുന്ന അവസ്ഥയാണ് ചികിത്സയുടെ വിജയം) ആൻജിയോപ്ലാസ്റ്റി 90-95 ശതമാനം വരെ വിജയസാധ്യതയുള്ളതാണ്. കൈത്തണ്ടയ്ക്ക് സമീപമുള്ളവയും അരയിലെ മടക്കിനടുത്തുള്ള (തുടയ്ക്ക് മേൽഭാഗത്തിൽ സ്ഥിതിചെയ്യുന്നത്) ധമനിയുമാണ് ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത് (കൈത്തണ്ടയിൽ Radial, Ulnar ധമനികളും കാലിൽ ഫീമറൽ ധമനിയും). ഇതിലേതെങ്കിലും ഒന്നിലൂടെ ട്യൂബ് കടത്തിയാൽ കൊറോണറി ധമനികളിലേക്കും ഹൃദയത്തിന്റെ ഇടത്തേ അറയിലേക്കും പ്രവേശനം സാധ്യമാണ്. ഇതിന് തൊലിക്കടിയിൽ മരവിപ്പിക്കാനുള്ള കുത്തിവയ്പ് മാത്രമേ സാധാരണ ആവശ്യമുള്ളൂ. ഇങ്ങനെ ട്യൂബിലൂടെ ഡൈ (Dye) കൊറോണറി ധമനികളിൽ പ്രവഹിപ്പിച്ചുള്ള പരിശോധനയാണ് ആൻജിയോഗ്രാം. ഈ പരിശോധനയിലൂടെ ഹൃദയാഘാതഹേതുവായ തടസ്സങ്ങളും അനുബന്ധ വ്യത്യാസങ്ങളും, കൊറോണറി ധമനികളിൽ വേറെ ഭാഗങ്ങളിലുള്ള തടസ്സങ്ങളും മറ്റും മനസ്സിലാക്കാൻ സാധിക്കും. ആൻജിയോഗ്രാമിനുശേഷം മറ്റൊരു പ്രത്യേകതരം ട്യൂബിലൂടെ ഒരു നേർത്ത ബലൂൺ ഹൃദയാഘാതത്തിന് കാരണമായ തടസ്സത്തിൽ എത്തിക്കുകയും വീർപ്പിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി.
പ്രൈമറി ആൻജിയോപ്ലാസ്റ്റി
ഹൃദയാഘാതചികിത്സയ്ക്ക് രക്തക്കട്ട അലിയിക്കുന്നതിന് പകരം, തടസ്സം നീക്കാൻ നേരിട്ട് ആൻജിയോപ്ലാസ്റ്റി മാർഗം സ്വീകരിക്കുന്നതിനെയാണ് പ്രൈമറി ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നത്. ചിലപ്പോൾ ബലൂൺ കൂടാതെ രക്തക്കട്ട വലിച്ചെടുക്കാനായി പ്രത്യേകതരം ട്യൂബുകളും ഉപയോഗിച്ചേക്കാം. ഇതിനുശേഷം വീണ്ടും ഡൈ (Dye) കടത്തിവിടുകയും ശേഷിക്കുന്ന തടസ്സം/ചുരുക്കം മാറ്റുന്നതിനുവേണ്ടി അവിടെ സ്റ്റെന്റ് നിക്ഷേപിക്കുകയും ചെയ്‌തേക്കാം. ബലൂൺ ആൻജിയോപ്ലാസ്റ്റി മാത്രം ചെയ്തിരുന്ന കാലഘട്ടത്തിൽ ചില രോഗികളിൽ രക്തധമനിയുടെ ഭിത്തി ഉൾവലിയുന്നതായി കണ്ടിരുന്നു. ഇതിന്റെ സാധ്യത കുറയ്ക്കുന്നതിനാണ് സ്റ്റെന്റ് ഇടുന്നത്.
പ്രൈമറി ആന്റജിയോപ്ലാസ്റ്റി സമയത്ത് ഹൃദയാഘാതഹേതുവായ തടസ്സം നീക്കുന്നതിനാണ് മുൻഗണന. ശേഷിക്കുന്ന തടസ്സങ്ങൾ ആരോഗ്യസ്ഥിതിയനുസരിച്ച് അതിനൊപ്പമോ പിന്നീടോ ആയിരിക്കും ചികിത്സിക്കപ്പെടുക. ചിലപ്പോൾ ശേഷിക്കുന്ന തടസ്സങ്ങൾക്ക് പിന്നീട് ബൈപാസ് ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. രോഗം ഗൗരവസ്വഭാവമുള്ളതിനാലും ആരോഗ്യസ്ഥിതി തുടക്കത്തിൽ അസ്ഥായിയായതിനാലും ചികിത്സാതീരുമാനങ്ങളും മാറ്റേണ്ട സാഹചര്യങ്ങളുണ്ടായേക്കാം. വിശദാംശങ്ങൾ മനസ്സിലാക്കുന്നത് സംശയങ്ങളും തെറ്റിദ്ധാരണകളും മാറ്റുന്നതിന് വളരെ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?
ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾതന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ തുടക്കം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.
പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.
എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.
Content Highlights: Learn about angioplasty as a life-saving procedure for heart attacks, its success rates, and when it is deemed necessary for patients.
Published: 04 Oct 2026, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented