
രണ്ടുവർഷത്തിനിടെ ആഗോള സ്വകാര്യ ഇക്വിറ്റി (private equity) സ്ഥാപനങ്ങൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ 700 ദശലക്ഷം ഡോളറിലധികം നിക്ഷേപിച്ചു. ആശുപത്രികൾ, ക്ലിനിക്കുകൾ, ഉപകരണനിർമാതാക്കൾ-അങ്ങനെ പത്തിലധികം ഇടപാടുകൾ.
ചർച്ചയാകുന്നത് ചികിത്സാച്ചെലവാണ്. അത് ന്യായവുമാണ്. പക്ഷേ, ഇതോടൊപ്പം നിശ്ശബ്ദമായി കൈമാറ്റം ചെയ്യപ്പെടുന്ന മറ്റൊന്നുണ്ട്- ലക്ഷക്കണക്കിന് രോഗികളുടെ ആരോഗ്യരേഖകൾ. അതിനെക്കുറിച്ച് നാം ഒരു ചോദ്യവും ചോദിച്ചിട്ടില്ല.
വിലപ്പെട്ട വിവരങ്ങൾ
രോഗം കണ്ടെത്താൻ സഹായിക്കുന്ന കംപ്യൂട്ടർ മാതൃകകൾ ഉണ്ടാക്കണമെങ്കിൽ വേണ്ടത് വൻതോതിലുള്ള യഥാർഥ രോഗീരേഖകളാണ്-ലക്ഷണം മുതൽ ചികിത്സാഫലംവരെ മുടങ്ങാതെ എഴുതിവെച്ചവ. ജനിതകവിവരവും ചികിത്സാരേഖയും ചേർത്തുവെച്ചാൽ പുതിയ മരുന്നുകൾക്കുള്ള വഴിതെളിയും. ജനിതകപഠനത്തിലൂടെ ഉറപ്പിച്ച ലക്ഷ്യങ്ങളിൽനിന്ന് ഉണ്ടാക്കുന്ന മരുന്നുകൾക്ക് വിജയസാധ്യത ഇരട്ടിയാണെന്നാണ് ഔഷധവ്യവസായത്തിന്റെ കണക്ക്.
ഈ രണ്ടും ചേരുന്നിടത്താണ് പ്രിസിഷൻ മെഡിസിൻ അഥവാ വ്യക്തിഗതചികിത്സ. ആശയം ലളിതമാണ്. ഒരേ രോഗത്തിന് എല്ലാവർക്കും ഒരേ മരുന്ന് എന്നതിനുപകരം, ഓരോ രോഗിയുടെയും ജനിതകഘടനയ്ക്കും രോഗത്തിന്റെ സ്വഭാവത്തിനും ഇണങ്ങുന്ന ചികിത്സ നൽകുക.
ഇത് ഇന്ന് പ്രയോഗത്തിലുണ്ട്. സ്തനാർബുദത്തിൽ, ട്യൂമറിന് HER2 എന്ന പ്രോട്ടീൻ ഉണ്ടോ എന്ന് നോക്കിയാണ് ചില മരുന്നുകൾ നൽകുന്നത്; ശ്വാസകോശ അർബുദത്തിൽ EGFR എന്ന ജീനിലെ മാറ്റംനോക്കിയും. മരുന്ന് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് ജീനുകൾ നോക്കി മുൻകൂട്ടി അറിയാനും കഴിയും. ഫാർമക്കോജീനോമിക്സ് എന്നാണ് ഇതിന്റെ പേര്. ചിലർക്ക് ഒരു മരുന്ന് വേഗത്തിൽ ദഹിക്കും, ചിലർക്ക് പതുക്കെ; ഒരേ ഡോസ് അതുകൊണ്ടുതന്നെ എല്ലാവർക്കും ശരിയാകില്ല.
ഗുരുതരമായ പാർശ്വഫലങ്ങൾ ഒഴിവാക്കാനും ഇത് ഉപകരിക്കും. ഇന്നത്തെ വ്യക്തിഗതചികിത്സാ ഗവേഷണത്തിന്റെ ഭൂരിഭാഗവും യൂറോപ്യൻ വംശജരുടെ വിവരത്തെ ആധാരമാക്കിയാണ്. ആ കണ്ടെത്തലുകൾ നമ്മുടെ ജനങ്ങളിൽ അതേപടി ശരിയാകണമെന്നില്ല. അതായത്, ഈ ഗവേഷണത്തിന് നമ്മുടെ വിവരം വേണം. അത് നമ്മുടെ രോഗികൾക്കുതന്നെ ഗുണംചെയ്യുന്ന കാര്യവുമാണ്. ചോദ്യം ഗവേഷണം നടക്കണോ എന്നതല്ല. ആരുടെ നിബന്ധനകൾപ്രകാരം, ആരുടെ അനുമതിയോടെ, ആർക്ക് പ്രയോജനം എന്നതാണ്.
കേരളത്തിന്റെ പ്രത്യേകത
ഇവിടെയാണ് കേരളത്തിന്റെ പ്രത്യേകത പ്രധാനമാകുന്നത്. നിതി ആയോഗിന്റെ ആരോഗ്യസൂചികയുടെ 2020-21 പതിപ്പിൽ വൻകിട സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതായിരുന്നു. മുൻപതിപ്പുകളിലും അതുതന്നെയായിരുന്നു സ്ഥിതി. ഇത് വെറുമൊരു അഭിമാനക്കണക്കല്ല. അതിന് മറ്റൊരു അർഥംകൂടിയുണ്ട്.
നന്നായി പ്രവർത്തിക്കുന്ന ഒരു ആരോഗ്യസംവിധാനം എന്നാൽ നന്നായി എഴുതിവെച്ച രേഖകൾ എന്നുകൂടിയാണ്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ വലിയ ആശുപത്രിവരെയുള്ള റഫറൽ സംവിധാനം, ഉയർന്ന സാക്ഷരത, രോഗിയുടെ ആരോഗ്യബോധം, മുടങ്ങാത്ത ഫോളോ അപ്പ്, ഉയർന്ന ആയുർദൈർഘ്യം കാരണം പതിറ്റാണ്ടുകൾ നീളുന്ന രേഖകൾ എന്നിവയെല്ലാം ചേരുമ്പോൾ ഇവിടത്തെ രോഗീരേഖകൾക്ക് മറ്റൊരിടത്തും കിട്ടാത്ത ആഴവും തുടർച്ചയും കിട്ടുന്നു.
ഉദാഹരണം: ഒരു കാൻസർ രോഗിയുടെ രേഖയിൽ എന്തൊക്കെയുണ്ട്? ആദ്യ ലക്ഷണം, ബയോപ്‌സി ഫലം, ട്യൂമറിന്റെ ഘട്ടം, കീമോതെറപ്പി എങ്ങനെ നൽകി, ഓരോ തവണത്തെയും രക്തപരിശോധനാഫലം, ഉണ്ടായ പാർശ്വഫലങ്ങൾ, മരുന്ന് മാറ്റിയെങ്കിൽ എന്തുകൊണ്ട്, ശസ്ത്രക്രിയാവിവരങ്ങൾ, റേഡിയേഷൻ എത്ര നൽകി, പിന്നീടുള്ള സ്കാനുകൾ, രോഗം തിരിച്ചുവന്നോ, എത്രവർഷം ജീവിച്ചു... ഇത് ഒരാളുടെ മാത്രം രേഖ. ഇനി ഇത് പതിനായിരക്കണക്കിന് രോഗികളുടേതായി, പതിറ്റാണ്ടുകളുടെ തുടർച്ചയോടെ ചിന്തിക്കുക.
ഇവിടെ പറയാനുദ്ദേശിക്കുന്നത് ഈ രജിസ്ട്രിയെക്കുറിച്ചല്ല. ഇത്തരം രേഖകൾക്ക് പൊതുവിൽ എന്തുവിലയുണ്ട് എന്നതാണ്. അതിന് ഒരു ഉദാഹരണം വിദേശത്തുനിന്ന് പറയാം. കേരളത്തിലെ ഒരു ആശുപത്രിയുമായും അതിന് ബന്ധമില്ല.
ദക്ഷിണേഷ്യയും രോഗീരേഖകളും
2018-ൽ റോഷ് (Roche) എന്ന സ്വിസ് ഔഷധഭീമൻ ഫ്ലാറ്റ്അയൺ ഹെൽത്ത് എന്ന കമ്പനിയെ 190 കോടി ഡോളറിന് വാങ്ങി. ആ കമ്പനിയുടെ പ്രധാന സമ്പാദ്യം 250-ലധികം കാൻസർ ചികിത്സാകേന്ദ്രങ്ങളിൽനിന്ന് ശേഖരിച്ച രോഗീരേഖകളായിരുന്നു; മുകളിൽ വിവരിച്ചപോലുള്ളവ. പുതിയ പരീക്ഷണങ്ങൾ നടത്താതെത്തന്നെ ഒരു മരുന്ന് യഥാർഥരോഗികളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇതിൽനിന്നറിയാം. റിയൽ വേൾഡ് എവിഡൻസ് എന്നാണ് വ്യവസായഭാഷ. പരീക്ഷണച്ചെലവ് കുറയും; മരുന്ന് വിപണിയിലെത്താൻ എടുക്കുന്ന സമയവും കുറയും. അതേവിവരം പരസ്യത്തിനും ഉപയോഗിക്കാമെന്ന് അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
നേരത്തേ പറഞ്ഞ കാര്യംകൂടി ഇവിടെ ചേർത്തുവായിക്കണം. ലോകത്തെ ജനിതക േഡറ്റാബേസുകളിൽ ദക്ഷിണേഷ്യക്കാരുടെ വിവരം കുറവാണ്. അതായത്, മറ്റെവിടെയും എളുപ്പത്തിൽ കിട്ടാത്ത ഒന്നാണിത്. കിട്ടാനുള്ള പ്രയാസമാണ് വില കൂട്ടുന്നത്.
ഓർക്കേണ്ട ഒരു കാര്യമുണ്ട്. പൊതുനിക്ഷേപവും സാമൂഹികപരിഷ്കരണവുംകൊണ്ട് പതിറ്റാണ്ടുകളായി കേരളം കെട്ടിപ്പടുത്ത ആരോഗ്യസംവിധാനത്തിന്റെ ഫലമാണ് ഈ രേഖകളുടെ ആഴവും തുടർച്ചയും. ആ സംവിധാനത്തിന്റെ ഭാഗമായ ആശുപത്രികളുടെ ഉടമസ്ഥതയാണ് ഇപ്പോൾ മാറുന്നത്. ആ മാറ്റത്തിൽ രോഗിയുടെ വിവരത്തിന്റെ സ്ഥാനം എന്താണെന്ന് ആരും നിർവചിച്ചിട്ടില്ല. അതാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്ന വിടവ്.
ചികിത്സാരേഖ മാത്രമല്ല, ജനിതകവിവരവും
വിലയുള്ളത് ചികിത്സാരേഖയ്ക്ക് മാത്രമല്ല. ഇനി പറയുന്ന സംഭവങ്ങളും വിദേശത്തേതാണ്; കേരളവുമായി അവയ്ക്ക് ബന്ധമില്ല. റോഷിന്റെ ഇടപാട് നടന്ന അതേവർഷം ജി.എസ്.കെ. 23ആൻഡ്മി (23andMe) എന്ന ജനിതകപരിശോധനാ കമ്പനിയിൽ 30 കോടി ഡോളർ നിക്ഷേപിച്ചു. അൻപതുലക്ഷം ഉപഭോക്താക്കളുടെ ജനിതകവിവരം കിട്ടാൻ. സ്വകാര്യതാ വ്യവസ്ഥകൾ ആരും വായിക്കാറില്ല എന്നതാണ് അടിസ്ഥാനപ്രശ്നമെന്ന് നിയമപണ്ഡിത ടിഫനി സി.ലി അന്ന് നിരീക്ഷിച്ചു. ഫലത്തിൽ ഉപഭോക്താവ് പണം നൽകി കമ്പനിക്ക് വരുമാനമുണ്ടാക്കിക്കൊടുക്കുകയാണെന്നും അവർ പറഞ്ഞു.
രോഗിയറിയാതെ
2019-ൽ അമേരിക്കയിലെ അസെൻഷൻ (Ascension) എന്ന ആശുപത്രിശൃംഖല അഞ്ചുകോടി രോഗികളുടെ രേഖകൾ ഗൂഗിളിന് കൈമാറി. 21 സംസ്ഥാനങ്ങളിലായി 2600 കേന്ദ്രങ്ങളുള്ള ശൃംഖലയാണത്. ‘പ്രോജക്ട് നൈറ്റിംഗേൽ’ എന്ന ആ പദ്ധതി പുറത്തുവന്നത് ഒരു ജീവനക്കാരൻ പത്രത്തെ അറിയിച്ചപ്പോഴാണ്. പേര്, ജനനത്തീയതി, പരിശോധനാഫലങ്ങൾ, രോഗനിർണയം, ചികിത്സാവിവരം-പൂർണ ആരോഗ്യചരിത്രം. 150 ഗൂഗിൾ ജീവനക്കാർക്ക് അത് കാണാമായിരുന്നു. രോഗികളോ ചികിത്സിച്ച ഡോക്ടർമാരോ ഇത് അറിഞ്ഞിരുന്നില്ല.
ബ്രിട്ടനിൽ റോയൽ ഫ്രീ ആശുപത്രി 16 ലക്ഷം രോഗികളുടെ രേഖകൾ ഗൂഗിളിന്റെ ഡീപ്മൈൻഡിന് നൽകിയത് നിയമവിരുദ്ധമാണെന്ന് അവിടത്തെ വിവരസംരക്ഷണ കമ്മിഷണർ 2017-ൽ വിധിച്ചു. അത്യാഹിതവിഭാഗത്തിൽ ചികിത്സ തേടുന്ന ഒരാൾ, തന്റെ വിവരം ഒരു മൊബൈൽ ആപ്പ് പരീക്ഷിക്കാൻ മറ്റൊരു കമ്പനിക്ക് കിട്ടുമെന്ന് കരുതില്ല എന്നായിരുന്നു കമ്മിഷണറുടെ നിരീക്ഷണം. പുതിയ കണ്ടുപിടിത്തങ്ങൾക്കായി സ്വകാര്യത അടിയറവെക്കേണ്ട ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗൗരവമുള്ള പാഠം
2025-ൽ 23 ആൻഡ്മി പാപ്പരായി. ഒന്നരക്കോടിപ്പേരുടെ ജനിതകവിവരം പെട്ടെന്ന് ലേലത്തിൽ വിൽക്കാവുന്ന ഒരു സ്വത്തായി മാറി. ഇരുപത്തിയെട്ടോളം സംസ്ഥാന നിയമോദ്യോഗസ്ഥർ കോടതിയെ സമീപിച്ചു. ജനിതകവിവരം കെട്ടിടമോ ഫർണിച്ചറോപോലെ വിൽക്കാവുന്ന ഒന്നല്ല എന്നായിരുന്നു അവരുടെ വാദം.
പാഠം ലളിതമാണ്. ഒരു കമ്പനിക്ക് നൽകിയ സമ്മതം, ആ കമ്പനി വിൽക്കപ്പെടുമ്പോൾ മറ്റൊരാളുടെ കൈയിലെത്താം. പാപ്പരത്തത്തിനോ ഏറ്റെടുക്കലിനോ ആരും സമ്മതം നൽകിയിട്ടില്ല. സ്വകാര്യ ഇക്വിറ്റിയുടെ രീതിതന്നെ വാങ്ങുക, വളർത്തുക, വിൽക്കുക എന്നതാണ് എന്നോർക്കണം.
മറ്റുരാജ്യങ്ങൾ എന്തുചെയ്യുന്നു ?
യൂറോപ്യൻ യൂണിയന്റെ ജി.ഡി.പി.ആർ. ആരോഗ്യവിവരത്തെയും ജനിതകവിവരത്തെയും പ്രത്യേക പരിഗണനവേണ്ട വിഭാഗമായി കാണുന്നു. അവ ഉപയോഗിക്കുന്നത് പൊതുവിൽ വിലക്കിയിരിക്കുന്നു. വ്യക്തമായ സമ്മതംപോലുള്ള ചില സാഹചര്യങ്ങളിൽ മാത്രമേ അനുവദിക്കൂ. എന്തിനാണ് ശേഖരിക്കുന്നത് എന്ന് മുൻകൂട്ടി പറയണം; ആവശ്യമുള്ളത്ര മാത്രമേ ശേഖരിക്കാവൂ.
അമേരിക്കയിലെ ഹിപ്പ (HIPAA) നിയമം ആശുപത്രികളെയും ഇൻഷുറൻസ് സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നു. പക്ഷേ, അതിന്റെ പരിമിതി പ്രോജക്ട് നൈറ്റിംഗേൽ വെളിപ്പെടുത്തി. ‘ബിസിനസ് അസോസിയേറ്റ്’ എന്ന കരാർവഴി വൻതോതിൽ വിവരം കൈമാറാം, രോഗിയോട് ചോദിക്കാതെ.
ശ്രദ്ധേയമായ ഒരു മാതൃക ഫിൻലൻഡിന്റേതാണ്. ആരോഗ്യവിവരം ഗവേഷണത്തിന് ഉപയോഗിക്കുന്നതിന് അവിടെ പ്രത്യേക നിയമമുണ്ട്. 2019-ൽ തുടങ്ങിയ ‘ഫിൻഡാറ്റ’ എന്ന ഏജൻസിയാണ് അതിന് അനുമതി നൽകുന്നത്. ഗവേഷകന് വിവരംകിട്ടും. പക്ഷേ, പേരും തിരിച്ചറിയൽ നമ്പറും നീക്കി കോഡുകളാക്കിയശേഷംമാത്രം. അത് സുരക്ഷിതമായ ഒരു അടഞ്ഞ സംവിധാനത്തിനുള്ളിൽമാത്രമേ ഉപയോഗിക്കാനാകൂ. അനുമതിയുള്ള ആളുകൾക്കുമാത്രം പ്രവേശനം. വിവരം പുറത്തേക്ക് കൊണ്ടുപോകാൻ കഴിയില്ല; ഗവേഷണഫലം മാത്രമേ പുറത്തുവരൂ. ഗവേഷണം തടയാതെതന്നെ വിവരം പൊതുസമൂഹത്തിന്റെ കൈയിൽ നിർത്തുന്ന വഴിയാണിത്.
ഇന്ത്യയുടെ അവസ്ഥ
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമവും (Digital Personal Data Protection Act, 2023) 2025 നവംബറിലെ ചട്ടങ്ങളും നിലവിൽ വന്നു. പക്ഷേ, ആശുപത്രികൾ പാലിക്കേണ്ട പ്രധാന വ്യവസ്ഥകൾ 2027 മേയ് 13 മുതലേ പ്രാബല്യത്തിൽ വരൂ. അതുവരെ ഈ ഏറ്റെടുക്കലുകളെല്ലാം നടക്കുന്നത് നടപ്പാക്കാനാവാത്ത ഒരു നിയമത്തിനു കീഴിലാണ്.
മൂന്ന് വിടവുകൾ എടുത്തുപറയേണ്ടതുണ്ട്. ഒന്ന്, ജി.ഡി.പി.ആറിൽനിന്ന് വ്യത്യസ്തമായി ആരോഗ്യവിവരത്തിന് പ്രത്യേക പരിഗണനയില്ല. രണ്ട്, ആരോഗ്യവിവരത്തിനുമാത്രമായി ഇന്ത്യക്ക് ഒരു നിയമവുമില്ല. മൂന്ന്, ഏറ്റവും പ്രധാനം -പേരും വിലാസവും നീക്കിയ വിവരം നിയമത്തിന്റെ പരിധിക്കുപുറത്താണ്. വിൽക്കാൻ ഏറ്റവും വിലയുള്ളതും കൃത്യമായും ആ വിവരമാണ്.
അതായത്, നിയമം കാക്കുന്നത് പേരിനെയാണ്; വിലയുള്ളത് പേരൊഴിച്ചുള്ള ബാക്കിയെല്ലാറ്റിനുമാണ്. ഈ ക്രമീകരണം നിൽക്കുന്നത് ഒരൊറ്റ അനുമാനത്തിന്മേലാണ്-പേര് നീക്കിയാൽ ആളെ തിരിച്ചറിയാനാവില്ല എന്ന അനുമാനം. ആ അനുമാനം ശരിയല്ല.
പേരുനീക്കിയാൽ മതിയോ?
പേരും വിലാസവും നീക്കിയാലും ബാക്കിയുള്ള വിവരങ്ങൾ ചേർത്തുവെച്ചാൽ പലപ്പോഴും ആളെ കണ്ടെത്താനാകും. ഒറ്റയ്ക്ക് ആരെയും ചൂണ്ടിക്കാണിക്കാത്ത, എന്നാൽ ചേരുമ്പോൾ ചൂണ്ടിക്കാണിക്കുന്ന ഇത്തരം വിവരങ്ങളെ ഗവേഷകർ വിളിക്കുന്നത് ‘ക്വാസി-ഐഡന്റിഫയേഴ്‌സ്’ എന്നാണ്.
ഒരു പഴയ ഉദാഹരണം: പിൻകോഡ്, ജനനത്തീയതി, ലിംഗം. ഈ മൂന്ന് വിവരങ്ങൾകൊണ്ടുമാത്രം അമേരിക്കൻ ജനസംഖ്യയുടെ 87 ശതമാനത്തെയും വേറിട്ട് തിരിച്ചറിയാമെന്ന് ലതന്യ സ്വീനി എന്ന ഗവേഷക 1990-കളിൽ തെളിയിച്ചു. പേരുനീക്കിയ ഒരു ആരോഗ്യരേഖയും വോട്ടർപട്ടികയും ഒത്തുനോക്കി മാസച്യുസെറ്റ്‌സ് ഗവർണറുടെ ചികിത്സാവിവരം അവർ കണ്ടെത്തുകയും ചെയ്തു. ആരോഗ്യരേഖയിൽ ഇതിലും ശക്തമായ സൂചനകളുണ്ട്-അപൂർവരോഗം, അസാധാരണമായ ചികിത്സ, ശസ്ത്രക്രിയകളുടെ തീയതികൾ, നീണ്ട ഫോളോ അപ്പ് ചരിത്രം. ഇവിടെ ഒരു വൈരുധ്യമുണ്ട്: രേഖ എത്ര വിശദമാണോ, അത്രയും വിലയുള്ളതാണ്; അത്രയും എളുപ്പത്തിൽ ആളെ കണ്ടെത്താവുന്നതുമാണ്.
സാങ്കേതികപ്രശ്നം മാത്രമല്ല
ജനിതകവിവരത്തിന്റെ കാര്യത്തിൽ ഇത് ഒരു സാങ്കേതികപ്രശ്നമല്ല. ഒരാളുടെ ജീനോം അയാൾ തന്നെയാണ്. അത് മറയ്ക്കുക എന്നത് പ്രായോഗികമല്ല. പൊതുവായ വംശാവലി ഡേറ്റാബേസുകളുമായി ചേർത്തുനോക്കി പേരില്ലാത്ത ജനിതക സാംപിളുകൾ ആരുടേതാണെന്ന് കണ്ടെത്താമെന്ന് ഗവേഷകർ പല തവണ തെളിയിച്ചിട്ടുണ്ട്. ഇവിടെ ഒരു കാര്യംകൂടി ശ്രദ്ധിക്കണം. ബന്ധുക്കളിലൂടെയുള്ള ഈ തിരിച്ചറിയൽ, ഒരു പരിശോധനയ്ക്കും പോകാത്ത, ഒരു സമ്മതപത്രത്തിലും ഒപ്പിടാത്ത ആളുകളെയും ബാധിക്കുന്നു. ജനിതകവിവരം നൽകുമ്പോൾ ഒരാൾ നൽകുന്നത് സ്വന്തം സ്വകാര്യതമാത്രമല്ല, കുടുംബത്തിന്റേതുകൂടിയാണ്.
യന്ത്രപഠനം ഈ പ്രശ്നം കൂടുതൽ വഷളാക്കി. വെവ്വേറെ കിടക്കുന്ന വിവരശേഖരങ്ങൾ-ആശുപത്രിരേഖ, ഫാർമസി വിൽപ്പന, ഇൻഷുറൻസ് ക്ലെയിം, ലബോറട്രി ഫലം- കണക്കുകൂട്ടി കൂട്ടിയിണക്കാൻ ഇന്നത്തെ അൽഗൊരിതങ്ങൾക്ക് കഴിയും. ഓരോന്നും ഒറ്റയ്ക്ക് നിരുപദ്രവകരമായിരിക്കാം; ചേരുമ്പോൾ അല്ല. നമ്മുടെ നിയമങ്ങൾ എഴുതിയത് പഴയ സാങ്കേതികവിദ്യ മുന്നിൽക്കണ്ടാണ്. ഇന്നത്തെ വിശകലനശേഷി അതിനെ മറികടന്നിരിക്കുന്നു.
(ലേഖകൻ ക്രിസ്തുജയന്തി സർവകലാശാലയിൽ ഗവേഷണവിഭാഗം ഡീനാണ്.)
Content Highlights: As Kerala's healthcare attracts global investments, the silent exchange of patient health records raises significant data privacy concerns and ethical questions.
Published: 04 Oct 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented