
ശ്വാസമെടുക്കാനും ജീവൻ നിലനിർത്താനുമായി ജീവിതത്തിന്റെ ഏറിയ പങ്കും ഇരുമ്പുകൂടിനുള്ളിൽ ചെലവഴിച്ച വ്യക്തി. എഴുപത്തിയെട്ടാം വയസ്സിൽ അന്തരിച്ച പോൾ അലക്സാണ്ടറുടെ ജീവിതത്തെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോളിയോ വ്യാപനമുണ്ടായകാലത്ത് അതിൽ ജീവിതം തകർന്ന കുട്ടികളിലൊരാളായിരുന്നു പോൾ. ഏകദേശം അമ്പത്തിയെട്ടായിരത്തോളം പേരെയാണ് അന്ന് പോളിയോ ബാധിച്ചത്. തുടർന്ന് ശരീരം തളർന്ന് ശ്വസിക്കാൻപോലും കഴിയാതിരുന്ന പോളിന്റെ ജീവൻ നിലനിർത്തിയത് ഒരു ഇരുമ്പുകൂടാണ്. അങ്ങനെയാണ് അയൺ ലങ്സുമായി ജീവിച്ച മനുഷ്യൻ എന്ന വിളിപ്പേര് പോളിനു ലഭിച്ചത്.
ചൊവ്വാഴ്ച്ചയാണ് പോളിന്റെ മരണവിവരത്തേക്കുറിച്ച് അദ്ദേഹത്തിന്റെ ചികിത്സാർഥം ആരംഭിച്ച ധനസഹായപേജിലൂടെ പുറത്തുവിട്ടത്. ഫെബ്രുവരിയിൽ കൊറോണ വൈറസ് ബാധിച്ചതോടെയാണ് പോളിന്റെ ആരോഗ്യം വഷളായത്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് എഴുപതു വർഷത്തോളം ശ്വസിക്കാനായി ഇരുമ്പുകൂടിനുള്ളിൽ ജീവിച്ചുവെന്നതു തന്നെയാണ് പോളിനെ വ്യത്യസ്തനാക്കിയത്. ഇക്കാലത്തൊന്നും ജീവിതം മടുത്തിരിക്കുകയായിരുന്നില്ല പോൾ, മറിച്ച് വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മുന്നോട്ടുപോവുക തന്നെ ചെയ്തു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് നിയമത്തിൽ ബിരുദമെടുക്കുകയും നിയമജ്ഞനാവുകയും ചെയ്തു. ഇതിനിടയിൽ ഒരു പുസ്തകവും കക്ഷി എഴുതുകയുണ്ടായി.
എഴുപതുവർഷത്തോളം പോൾ ജീവിച്ചത് അയൺ ലങ്സ് അഥവാ ഇരുമ്പുശ്വാസകോശവുമായാണ്. മുന്നൂറു കിലോയ്ക്കടുത്ത ഭാരമുള്ള ലോഹക്കൂടിനുള്ളിൽ ആറാംവയസ്സു മുതൽ ജീവിതം ആരംഭിച്ചതാണ് പോൾ. 1952-ലാണ് പോളിനെ രോഗംബാധിക്കുന്നത് അവിടെ നിന്നിങ്ങോട്ട് കഴുത്തിന് താഴേക്ക് തളർന്നുപോവുകയും സ്വന്തമായി ശ്വസിക്കാൻ കഴിയാതെവരികയും ചെയ്തു. ലക്ഷണങ്ങൾ പ്രകടമായ സമയത്തുതന്നെ ആശുപത്രിയിലെത്തിക്കുകയും ശ്വസനസഹായിയായ ലോഹക്കൂടിനുള്ളിൽ ജീവിതം ആരംഭിക്കുകയുമായിരുന്നു.
പനിയിൽ തുടങ്ങിയ ദുരന്തം
1946-ലാണ് ഗസ് നിക്കോളാസ് അലക്സാണ്ടറിന്റെയും ഡോറിസ് മേരി എമ്മറ്റിന്റെയും മകനായി പോൾ ജനിക്കുന്നത്. ഒരു വേനൽക്കാലത്ത് പുറത്തു കളി കഴിഞ്ഞ് പോൾ തിരികെയെത്തിയത് പനിയുമായാണ്. കടുത്ത പനിക്കൊപ്പം തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നു. ആദ്യദിനം വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു. ലക്ഷണങ്ങൾ കുറയുന്നില്ലെന്നുകണ്ടതോടെയാണ് കുടുംബഡോക്ടർ വിദഗ്ധചികിത്സയ്ക്ക് നിർദേശിക്കുന്നത്. ആശുപത്രിയിൽ രോഗികൾ കൂടുതലായതിനാൽ വീട്ടിൽ തന്നെ ചികിത്സ തുടരാമെന്നാണ് ഡോക്ടർ അറിയിച്ചത്. തുടർദിവസങ്ങളിൽ പോളിന്റെ അവസ്ഥ വഷളാവുകയാണ് ചെയ്തത്. തുടർന്നു നടത്തിയ പരിശോധനകളിലാണ് പോളിയോ ആണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചത്.
മാസങ്ങളോളമുള്ള ആശുപത്രി വാസത്തിനിടെ പലതവണ പോൾ മരണത്തെ മുന്നിൽക്കണ്ട സന്ദർഭങ്ങളുണ്ടായി. ശ്വസിക്കാൻ പോലും കഴിയാതിരുന്നതോടെയാണ് ട്രാക്കിയോസ്റ്റമി ചെയ്ത് ഇരുമ്പു ശ്വാസകോശത്തിന്റെ സഹായത്തോടെ ജീവൻ നിലനിർത്താമെന്നായത്. കഴുത്തിനു പുറത്തുനിന്ന് ശ്വാസനാളത്തിലേക്ക് ഒരു ദ്വാരം സൃഷ്ടിച്ച് വായുവും ഓക്സിജനും ശ്വാസകോശത്തിലേക്ക് എത്താൻ സഹായിക്കുന്ന പ്രക്രിയയാണിത്. അവിടെ നിന്നിങ്ങോട്ട് ഈ അയൺ ലങ്സിന്റെ സഹായത്തോടെയാണ് പോൾ അതിജീവിച്ചത്.
മൂന്നു ദിവസത്തിനുശേഷമാണ് പോളിനു ബോധം തിരികെ കിട്ടിയത്. അപ്പോഴാണ് ഒരു യന്ത്രക്കൂടിനുള്ളിൽ തന്റെ ജീവിതം ഒതുങ്ങിയ വിവരം പോൾ തിരിച്ചറിയുന്നത്. സംസാരിക്കാനോ അനങ്ങാനോ കഴിയാതെ ദിവസങ്ങളോളം ഒരേ കിടപ്പായിരുന്നു. ഒരിക്കൽ തനിക്ക് ചുറ്റും എന്താണെന്ന് നോക്കിയപ്പോഴാണ് തന്നേപ്പോലെ കിടക്കുന്ന നിരവധി കുട്ടികളെ പോൾ കണ്ടത്. അയൺ ലങ്സിനുള്ളിൽ നിരനിരയായി കിടക്കുന്ന കുട്ടികളുടെ ആ ചിത്രം വർഷങ്ങൾ കഴിഞ്ഞിട്ടും തനിക്ക് മറക്കാനായിട്ടില്ലെന്നാണ് പോൾ പറഞ്ഞത്. പിന്നീടുള്ള പതിനെട്ടു മാസങ്ങൾ നരകജീവിതമായിരുന്നു തന്റേതെന്ന് ആത്മകഥയിൽ പോൾ പറഞ്ഞിട്ടുണ്ട്. ട്രാക്കിയോടമി ചെയ്തതിനാൽ സംസാരിക്കാൻ കഴിയുമായിരുന്നില്ല. വേദനയിൽ പുളയുന്ന കുട്ടികളുടെ കരച്ചിൽ തുടർച്ചയായി കേൾക്കാം. പലപ്പോഴും മലമൂത്രവിസർജനത്തിൽ മണിക്കൂറുകളോളം കിടന്നു. നോട്ടങ്ങളിലൂടെ മാത്രമായിരുന്നു ആശയവിനിമയം. പലപ്പോഴും ഓരോ കുട്ടികളോടും നോട്ടങ്ങളിലൂടെ ആശയവിനിമയം നടത്തുകയും സുഹൃത്തുകളാക്കുകയും ചെയ്തെങ്കിലും അടുത്തദിവസം അവർ മരണപ്പെടുന്നതും തനിക്ക് കാണേണ്ടിവന്നിട്ടുണ്ടെന്ന് പോൾ പറയുന്നു. ആ കുട്ടിയും ഇന്ന് മരിക്കും, അവൻ അതിജീവിക്കില്ല, എന്നെല്ലാം തന്നേക്കുറിച്ചും പല ഡോക്ടർമാരും പറയുന്നത് പോൾ കേട്ടിരുന്നു. പക്ഷേ അതൊക്കെയും പ്രതീക്ഷ ഇല്ലാതാക്കുകയല്ല മറിച്ച് ജീവിക്കണം എന്ന പോളിന്റെ വാശി വർധിപ്പിക്കുകയാണ് ചെയ്തത്.
പോളിന്റെ ഒറ്റയാൾപ്പോരാട്ടം
ലോകമെമ്പാടുമുള്ള ജനങ്ങളെ ആശ്ചര്യപ്പെടുത്തുന്ന തന്റെ ജീവിതത്തേക്കുറിച്ച് നിരന്തം പറയാനും പോളിനു മടിയുണ്ടായിരുന്നില്ല. പോളിയോ വൈറസ് മൂലമുള്ള പോളിയമൈലൈറ്റിസ് എന്ന ഗുരുതരരോഗമാണ് പോളിനെ ബാധിച്ചത്. ഇത് കോവിഡ് രോഗത്തിനുസമാനമായി ശ്വാസകോശത്തെ തകരാറിലാക്കുകയല്ല ചെയ്യുന്നത് മറിച്ച് നട്ടെല്ലിനെ സാരമായി ബാധിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയേയും പേശികളേയും തകരാറിലാക്കുകയുമാണ് ചെയ്യുന്നത്. വ്യക്തികളിൽ നിന്നു വ്യക്തികളിലേക്ക് പകരുന്ന ഈ രോഗം നട്ടെല്ലിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും തളർച്ചയിലേക്ക് നയിക്കുകയും ചെയ്യും. ശ്വസിക്കാൻ സഹായിക്കുന്ന പേശികൾ തകരാറിലാകുന്നതാണ് ശ്വാസകോശത്തിന്റെ തകരാറിലേക്ക് നയിക്കുന്നത്.
ശ്വസിക്കാൻ സഹായിക്കുന്ന മെറ്റൽ സിലിണ്ടറിനുള്ളിൽ തല പുറത്തേക്ക് കിടക്കുന്ന രീതിയിലാണ് പോൾ ജീവിച്ചിരുന്നത്. പോളിയോ ബാധിച്ചതിനുപിന്നാലെ അയൺ ലങ്സിൽ ജീവിതം കഴിച്ചുകൂട്ടിയ നിരവധിപേരുണ്ടായിരുന്നു. പക്ഷേ അവയിൽ പലർക്കും പാതിവഴിയിൽ തന്നെ ജീവൻ നഷ്ടപ്പെട്ടു. എന്നാൽ പോൾ പിന്നീടും വർഷങ്ങളോളം ജീവിച്ചും. പോൾ അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ മുമ്പ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ ഡോറിസ് അലക്സാണ്ടർ തന്റെ ആത്മകഥയിൽ എഴുതിയിട്ടുണ്ട്. അയൺ ലങ്സിനുളളിൽ ഏറ്റവും അധികംകാലം അതിജീവിച്ച രോഗി എന്ന ഗിന്നസ് റെക്കോർഡ്സ് ബഹുമതിയും ഇക്കഴിഞ്ഞ മാർച്ചിൽ പോളിനെ തേടിയെത്തിയിരുന്നു. ഇതിനിടയ്ക്ക് ഇരുമ്പുശ്വാസകോശത്തിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാറിയിരിക്കാൻ പ്രാപ്തമായ ശ്വസന രീതികളും ടെക്നിക്കുകളും പോൾ പഠിച്ചെടുത്തിരുന്നു. അതിനു പ്രചോദനമായത് തന്റെ കെയർഗിവറാണെന്നും പോൾ പറഞ്ഞിട്ടുണ്ട്. സ്വന്തമായി ശ്വസിക്കാൻ പഠിച്ചാൽ ഒരു പട്ടിക്കുട്ടിയെ വാങ്ങിത്തരാമെന്നു പറഞ്ഞതാണ് പോളിന് പ്രചോദനമായത്. അങ്ങനെ ഫ്രോഗ് ബ്രീതിങ് എന്ന ശ്വസനരീതി പഠിച്ചെടുക്കുകയും പട്ടിക്കുട്ടിയെ സമ്മാനമായി ലഭിക്കുകയും ചെയ്തു. ത്രീ മിനിറ്റ്സ് ഫോർ എ ഡോഗ് എന്ന ആത്മകഥയ്ക്ക് പ്രചോദനമായത് ഈ പട്ടിക്കുട്ടിയാണെന്ന് പോൾ പറഞ്ഞിട്ടുണ്ട്.
ഡാലസിൽ നിന്ന് ഹോംസ്കൂളിങ് വഴി പഠനം പൂർത്തിയാക്കിയ ആദ്യ ആളുകളിലൊരാളാണ് പോൾ. സൺ മെതഡിസ്റ്റ് സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയതിനുശേഷമാണ് പോൾ ഓസ്റ്റിനിലെ ടെക്സസ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തത്. നിയമജ്ഞനായെന്നു മാത്രമല്ല മുപ്പതു വർഷത്തോളം കോടതിമുറിയിൽ അറ്റോർണിയായി പ്രവർത്തിക്കുകയും ചെയ്തിരുന്നു അദ്ദേഹം. പുസ്തകമെഴുതിയിരുന്ന രീതിയേക്കുറിച്ചും പോൾ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു പ്ലാസ്റ്റിക് സ്റ്റിക്കിൽ പെൻ ഘടിപ്പിച്ച് അതു വായിൽ വച്ച് കീബോർഡിൽ ടൈപ്പ് ചെയ്താണ് എഴുത്ത് തുടർന്നിരുന്നത്. ഇപ്രകാരം എട്ടുവർഷത്തെ നീണ്ട എഴുത്തിനൊടുവിലാണ് തന്റെ ആത്മകഥ പൂർത്തിയാക്കിയതെന്ന് പോൾ പിന്നീട് പറഞ്ഞിരുന്നു. തന്റെ ജീവിതം അവിശ്വസനീയമാണെന്നും വലിയ സ്വപ്നങ്ങളുമായാണ് ജീവിക്കുന്നതെന്നും പോൾ പറഞ്ഞിരുന്നു.
വൈദ്യശാസ്ത്രം വികസിച്ചപ്പോഴും അയൺ ലങ്സിനുള്ളിൽ
പിൽക്കാലത്ത് വൈദ്യശാസ്ത്രം വികസിക്കുകയും ശ്വസനസഹായത്തിനായി പുത്തൻ രീതിയിലുള്ള വെന്റിലേറ്ററുകൾ മെഡിക്കൽരംഗം കീഴടക്കുകയും ചെയ്തെങ്കിലും പോൾ മാറ്റത്തിന് ഒരുക്കമായിരുന്നില്ല. തനിക്ക് ഈ ലോഹക്കൂടിനുള്ളിലെ ജീവിതം ശീലമായെന്നു പറഞ്ഞാണ് അദ്ദേഹം അയൺ ലങ്സിനൊപ്പം തന്നെ ജീവിച്ചത്. അമേരിക്കയിൽ ഈ രീതിയിലുള്ള ശ്വസനസഹായിയുമായി ജീവിക്കുന്ന വളരെ ചുരുങ്ങിയ ആളുകളിലൊരാളായിരുന്നു പോൾ. മാത്രമല്ല വർഷങ്ങളോളം ഇതിനുള്ളിൽ ജീവിച്ചതിനാൽ തന്നെ മറ്റു മെഷീനുകൾ ഉപയോഗിക്കാനുള്ള ശേഷി പോളിന്റെ നെഞ്ചിലെ പേശികൾക്ക് കുറവായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു. യന്ത്രക്കൂടിനുള്ളിൽ ജീവിക്കുന്നതിനാൽ തന്നെ ഭക്ഷണം കഴിക്കുക, വെള്ളംകുടിക്കുക പോലുള്ള ദൈനംദിന പ്രവർത്തികൾക്കും പോൾ പരസഹായം തേടുകയായിരുന്നു.
മെഷീനുള്ളിലെ ജീവിതം തുടക്കത്തിൽ എത്രത്തോളം ഭയപ്പെടുത്തുന്നതായിരുന്നുവെന്നും പോൾ പറഞ്ഞിട്ടുണ്ട്. ഏകാന്തത മൂലമാണ് താനേറെ വലഞ്ഞത്. പശ്ചാത്തലത്തിൽ മെഷീനിൽ നിന്നുള്ള ശബ്ദവുമുണ്ടാകും. ചില ഘട്ടങ്ങളിലൊക്കെ ഏറെ തളർന്നുപോയിട്ടുണ്ട്, കാരണം ഒരാളെ സ്പർശിക്കാനോ കൈകൾ ചലിപ്പിക്കാനോ കഴിയുമായിരുന്നില്ല.
ജീവിതം അത്രയ്ക്ക് അനിശ്ചിതാവസ്ഥകൾ നിറഞ്ഞതാണെന്നും നല്ലകാലം വരുമെന്നും പോൾ വിശ്വസിച്ചിരുന്നു. ഇതിനിടയിൽ ഒരു പ്രണയവും പോളിനെ തേടിയെത്തി. ക്ലെയർ എന്ന ആ പെൺകുട്ടി. പക്ഷേ ഒരിക്കൽ പോൾ ക്ലെയറിനെ ഫോണിൽ വിളിച്ച സമയത്ത് മറുവശത്ത് അവളുടെ അമ്മായായിരുന്നു. മകളുടെ ഈ ബന്ധത്തിൽ അവർക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല. ക്ലെയറിന് ഇനിയൊരിക്കലും വിളിച്ചുപോകരുതെന്നാണ് പോൾ ആവശ്യപ്പെട്ടത്. ആ മുറിപ്പാടുമായാണ് തുടർന്നുള്ള ജീവിതത്തിൽ പോൾ ജീവിച്ചത്.
പിന്നീട് ലോ സ്കൂൾ മുതൽ കെയർ ഗിവറായി കൂടെയുണ്ടായിരുന്ന കാതി ഗെയിനാണ് പോളിന്റെ കാര്യങ്ങളിലെല്ലാം കൂട്ടായുണ്ടായത്. പത്രപ്പരസ്യം കണ്ടാണ് കാതി പോളിനൊപ്പം കൂടുന്നത്. ടൈപ്പ് 1 ഡയബറ്റിക് രോഗിയായിരുന്ന കാതിക്ക് കാഴ്ച്ചശക്തി കുറവായിരുന്നു. പോളിനെ കരുതലോടെ പരിപാലിച്ച് പോളിന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് കാതിയായിരുന്നു. തങ്ങളിരുവരും ഒരുമിച്ചു വളർന്നവരാണെന്നാണ് കാത്തിയേക്കുറിച്ച് ചോദിച്ചാൽ പോൾ പറയുക. ഇരുവരും തമ്മിൽ പ്രണയം ഇല്ലായിരുന്നെങ്കിൽക്കൂടിയും വിവാഹബന്ധത്തിനു സമാനമായിരുന്ന ദൃഢബന്ധമായിരുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുക. സ്വാതന്ത്ര്യമാണ് ഏറ്റവും വലുതെന്ന് എപ്പോഴും കരുതിയിരുന്ന പോളിന്റെ ജീവിതം ആറുവയസ്സു മുതൽ പരാശ്രയത്തിലാണ് കഴിഞ്ഞുപോയത്.
പോളിയോ വാക്സിനുവേണ്ടിയും വാദിച്ചു
ഇരുമ്പുകൂടിനുള്ളിൽ ശരീരം ഒതുങ്ങിയെങ്കിലും മനസ്സൊതുങ്ങാൻ പോൾ അനുവദിച്ചിരുന്നില്ല. സാമൂഹികമാധ്യമങ്ങളിലും സജീവമായി പോൾ നിലനിന്നിരുന്നു. ടിക് ടോക്കിൽ പോളിയോ പോൾ എന്ന പേരിൽ ഒരു അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു കക്ഷി. അയൺ ലങ്സുമായി ജീവിക്കുന്നതിനേക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഇതിലൂടെ മിക്കപ്പോഴും പോൾ ചെയ്തിരുന്നത്. എങ്ങനെയാണ് ബാത്റൂമിൽ പോകുന്നത്, ഇത്ര പോസിറ്റീവായി ഇരിക്കാൻ കഴിയുന്നതെങ്ങനെയാണ് തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെ പോൾ ടിക് ടോക്ക് വീഡിയോകളിലൂടെ മറുപടി നൽകി. മരിക്കുംമുമ്പ് മൂന്നുലക്ഷത്തിൽപ്പരം ഫോളോവേഴ്സാണ് പോളിന് ടിക്ടോക്കിൽ ഉണ്ടായിരുന്നത്.
തീർന്നില്ല തന്റെ ജീവിതം ഇങ്ങനെയായെന്നു കരുതി രോഗത്തെക്കുറിച്ച് മിണ്ടാതിരിക്കാനും പോൾ ഒരുക്കമല്ലായിരുന്നു. പോളിയോ വാക്സിനേഷന്റെ പ്രാധാന്യത്തേക്കുറിച്ച് തനിക്ക് ലഭിക്കുന്ന അവസരങ്ങളിലെല്ലാം പോൾ സംസാരിച്ചുകൊണ്ടിരുന്നു. ഇപ്പോഴും ലക്ഷക്കണക്കിന് കുട്ടികൾക്ക് പോളിയോ ലഭിക്കുന്നില്ലെന്നും അവർക്ക് വാക്സിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പോൾ പറഞ്ഞിരുന്നു. മറ്റൊരു മഹാമാരി ഉണ്ടാകാതിരിക്കാനായി പോളിയോ വാക്സിനേഷൻ നിർബന്ധമായും എടുക്കണമെന്നും പോൾ പറയുകയുണ്ടായി. അവസാനനാളുകളിൽ ടിക്ടോക്കിൽ പങ്കുവെച്ച വീഡിയോയിൽ തനിക്കുള്ള സ്നേഹാന്വേഷണങ്ങൾക്ക് മനസ്സുനിറഞ്ഞ നന്ദിയർപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വീഡിയോകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ തന്റെ മനസ്സു നിറയ്ക്കുന്നുണ്ടെന്നും യഥാർഥത്തിൽ തനിക്ക് കരുതലേകാൻ ആരൊക്കെയോ ഉണ്ടെന്നു തോന്നുന്നുവെന്നും പോൾ പറഞ്ഞിരുന്നു. ഓരോരുത്തരേയും പുൽകാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുവെന്നും പോൾ പറഞ്ഞിരുന്നു.
പോളിയോ
പോളിയോ വൈറസ് ബാധ മൂലം ഉണ്ടാകുന്ന രോഗമാണ് പോളിയോമെലിറ്റസ് അഥവാ പോളിയോ. രോഗബാധിതനായ വ്യക്തിയുടെ വിസർജ്യത്തിലൂടെ പുറത്തെത്തുന്ന വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാം. വായിലൂടെയെത്തുന്ന വൈറസ് രക്തത്തിൽ പ്രവേശിക്കുകയും ശേഷം കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുകയാണ് ചെയ്യുന്നത്.1950-കളുടെ അവസാനത്തിൽ പോളിയോക്ക് വാക്സിൻ കണ്ടെത്തുകയും അമേരിക്കയിൽ ഈ രോഗത്തെ നിർമാർജനം ചെയ്യുകയും ചെയ്തു. 1952-ൽ ജോനസ് സാൽക് ആണ് പോളിയോ വാക്സിൻ കണ്ടുപിടിച്ചത്. ശേഷം വായിലൂടെ കഴിക്കാവുന്ന പ്രതിരോധമരുന്ന് കണ്ടെത്തിയത് ആൽബെർട്ട് സാബിനാണ്.
Content Highlights: paul alexande polio survivor who lived in iron lung for 70 year
Published: 14 Mar 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented