സംസ്ഥാനത്തെ ചെറുകിട-ഇടത്തരം നഗരങ്ങളിലേക്ക് ആശുപത്രി ‘വ്യവസായം’ വളരുകയാണ്. പണ്ടുകാലംതൊട്ടേ ആതുരശുശ്രൂഷാരംഗത്ത് ഒരു പ്രദേശത്തിന്റെ മുഖമായിരുന്ന ആശുപത്രികൾ പലതും ഇങ്ങനെ ഏറ്റെടുക്കപ്പെട്ടുകഴിഞ്ഞു..

പാലക്കാട് ജില്ലയിലെ മലയോര പ്രദേശമാണ് മണ്ണാർക്കാട്. നഗരമേഖല കഴിഞ്ഞാൽ പിന്നെയെല്ലാം തനി നാട്ടിൻപ്രദേശം. ഈ മേഖലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമകളെ ഈയടുത്ത കാലത്ത് സമീപിച്ചത് മൂന്ന് വൻകിട ആശുപത്രിക്കമ്പനികളാണ്. ചോദ്യം ഇത്രമാത്രം-ആശുപത്രി വിൽക്കുന്നുണ്ടോ? എത്ര തുക നൽകിയാൽ കൊടുക്കും?
തത്കാലം കൊടുക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ 150 കോടി രൂപവരെ നൽകാമെന്നായി ഓഫർ. എങ്കിലും നിലവിലുള്ള ഉടമകൾ തയ്യാറായില്ല. ആശുപത്രി വിൽക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ല, വിൽക്കാൻ തത്കാലം ഉദ്ദേശ്യവുമുണ്ടായിരുന്നില്ല. എന്നിട്ടും ആളുകൾ തേടിവരുന്നു. ഇത് മണ്ണാർക്കാട് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം നഗരങ്ങളിലേക്ക് ആശുപത്രി ‘വ്യവസായം’ വളരുകയാണ്. പണ്ടുകാലംതൊട്ടേ ആതുര ശുശ്രൂഷാരംഗത്ത് ഒരു പ്രദേശത്തിന്റെ മുഖമായിരുന്ന ആശുപത്രികൾ പലതും ഇങ്ങനെ ഏറ്റെടുക്കപ്പെട്ടു കഴിഞ്ഞു. വർഷങ്ങളായി ആ ആശുപത്രിയെ നയിച്ച, പേരിലും പെരുമയിലുമെത്തിച്ച ഉടമകളെ പ്രധാനമുഖമായി നിലനിർത്തിത്തന്നെയാണ് ‘ഡീൽ’ നടത്തിയശേഷവും ആശുപത്രി പ്രവർത്തിക്കുക. ആരാണ് വാങ്ങിയതെന്നോ പണമിറക്കിയതെന്നോ നിരന്തരം ആശുപത്രി സന്ദർശിക്കുന്നവർക്കുപോലും തിരിച്ചറിയാനാകില്ല.
തൊടുപുഴയിലുള്ള 90 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുണ്ടായിരുന്ന ആതുരാലയത്തിന്റെ കാര്യം തന്നെയെടുക്കാം. മേഖലയുടെ മുഖമായിരുന്ന സ്വകാര്യ ആശുപത്രി. ആദ്യഘട്ടത്തിൽ ഈ ആശുപത്രി മലബാർ ആസ്ഥാനമായ മറ്റൊരു വൻകിട സ്വകാര്യ ആശുപത്രി ഏറ്റെടുത്തു. വൈകാതെത്തന്നെ ആ വൻകിട ആശുപത്രിയുടെ ഭൂരിഭാഗം ഓഹരികളും യു.എസ്. ആസ്ഥാനമായ ബഹുരാഷ്ട്ര കുത്തകക്കമ്പനി സ്വന്തമാക്കി. തൊടുപുഴയുടെ ആശുപത്രി അങ്ങനെ ബഹുരാഷ്ട്രക്കമ്പനി നിയന്ത്രിക്കുന്ന നിലയായി.
അറവുശാലയാകുന്ന ചികിത്സാലയങ്ങൾ, പൊൻമുട്ടയിടുന്ന ആരോഗ്യരംഗം; ചികിത്സിച്ച് മരിക്കുന്ന കേരളം- PART 4
ഗ്രാമങ്ങളുടെ ആശുപത്രിവിപണി
ഇത്രയധികം നിക്ഷേപിക്കാൻ മാത്രം നമ്മുടെ കേരളത്തിലെ ഇടത്തരം നഗരങ്ങളിലും ഗ്രാമങ്ങളിലുമെന്തിരിക്കുന്നു? ആർക്കും തോന്നാവുന്ന സംശയം. അതിനു മാത്രം ലാഭം ഈ ചെറുപ്രദേശത്തുനിന്ന് കിട്ടുമോ? ചുവടെയുള്ള കണക്കുകൾ അതിനുത്തരം തരും.
കിടത്തിച്ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ നഗരത്തോടൊപ്പം നിൽക്കുന്നു ഗ്രാമീണകേരളവും. നഗരപ്രദേശത്ത് ആയിരം പേരെയെടുത്താൽ 96 പേരാണ് വർഷം കിടത്തിച്ചികിത്സ തേടുന്നത്. ഗ്രാമങ്ങളിലത് 88 ആണ്. നൂറു പേരെയെടുത്താൽ ഒൻപതാളുകളെങ്കിലും കിടത്തിച്ചികിത്സ തേടുന്നു. കേരളം കഴിഞ്ഞാൽ ഗ്രാമീണമേഖലയിൽ കിടത്തിച്ചികിത്സ കൂടുതലുള്ള സംസ്ഥാനം ത്രിപുരയാണ്. അതും ആയിരത്തിൽ 48 പേർമാത്രം
കേരളത്തിൽ സ്വകാര്യ ആശുപത്രികളിലെ കിടത്തിച്ചികിത്സയ്ക്കായി സ്വന്തം കീശയിൽനിന്ന് പണംമുടക്കുന്നതിലും ഗ്രാമങ്ങളാണ് മുൻപിൽ. നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഒരാൾ ചെലവഴിക്കുന്നതിനെക്കാൾ 5,177 രൂപ കൂടുതൽ ഗ്രാമങ്ങളിൽ ചെലവാകുന്നുണ്ട്
(അവലംബം: ദേശീയ കുടുംബാരോഗ്യ സർവേ)
ഭയക്കണം, കുത്തകകളുടെ സർവാധിപത്യം
‘ബ്ലാക്‌സ്റ്റോൺ, ടി.പി.ജി., കെ.കെ.ആർ. ആഗോള സ്വകാര്യ ഇക്വിറ്റി ഭീമന്മാർ കേരളത്തിലെ ആരോഗ്യരംഗത്തേക്ക് കടന്നുകയറിയിട്ട് രണ്ടു വർഷത്തിലേറെയായി. ഫാർമസ്യൂട്ടിക്കൽ രംഗത്തും ഇൻഷുറൻസ് മേഖലയിലും വർഷങ്ങൾക്കു മുൻപേ സ്വാധീനമുറപ്പിച്ച കമ്പനിയാണ് ബ്ലാക്‌സ്റ്റോൺ.
ഈ കമ്പനിയുടെ കീഴിൽ ബ്ലാക്‌സ്റ്റോൺ ലൈഫ് സയൻസസ് എന്നൊരു ഉപകമ്പനിയുണ്ട്. അത് ആശുപത്രികൾ വാങ്ങുന്നില്ല; അവസാനഘട്ട പരീക്ഷണത്തിലുള്ള മരുന്നുകൾക്കും ഉപകരണങ്ങൾക്കും മൂലധനം നൽകും. പകരം ആ ഉത്പന്നത്തിന്റെ ഭാവിവിൽപ്പനയിൽ റോയൽറ്റി നേടും. 1,500 കോടി ഡോളറിന്റെ ആസ്തി, 630 കോടി ഡോളറിന്റെ പുതിയ ഫണ്ട്.
ഈ മാതൃകയുടെ ക്ലാസിക് ഉദാഹരണം മനുഷ്യ ഇൻസുലിനാണ്. 1978-ൽ ജെനെന്റെക് കമ്പനി പുനഃസംയോജക ഡി.എൻ.എ. സാങ്കേതികവിദ്യയിലൂടെ മനുഷ്യ ഇൻസുലിൻ നിർമിച്ചു; എന്നാൽ, അത് വിപണിയിലെത്തിച്ചത് എലി ലില്ലി കമ്പനിയാണ്- 1982-ൽ ‘ഹ്യൂമുലിൻ’ എന്നപേരിൽ. കണ്ടുപിടിച്ചവർക്ക് റോയൽറ്റി, വിപണനാവകാശം നേടിയവർക്ക് വിപണി. ഒരേ മാതൃസ്ഥാപനത്തിന് ഒരുവശത്ത് മരുന്നിന്മേൽ അവകാശവും മറുവശത്ത് ആ മരുന്ന് നിർദേശിക്കപ്പെടുന്ന ആശുപത്രി ശൃംഖലയും ഉണ്ടായാൽ എന്താകും അവസ്ഥ? കേരളത്തിലെ പൊതുസമൂഹം ചർച്ചചെയ്യേണ്ടിയിരിക്കുന്നു.
ഡോ. ദിലീപ് ഫ്രാൻസിസ്, ഡീൻ, റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ്, ക്രിസ്തുജയന്തി കല്പിതസർവകലാശാല
വിൽപ്പനക്കാലത്തെ വിലാപങ്ങൾ
കോഴിക്കോട് നഗരത്തോട് ചേർന്നുകിടക്കുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്ദമംഗലം. നഗരത്തിന്റെയും ഗ്രാമത്തിന്റെയും സ്വഭാവം ഒരുപോലെയുള്ള പ്രദേശം. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽനിന്ന് 10 കിലോമീറ്ററോളം ദൂരമേയുള്ളൂ കുന്ദമംഗലം ടൗണിലേക്ക്. വയനാട് റോഡിനോടു ചേർന്നായതിനാൽ സദാസമയവും ബസ് സൗകര്യവുമുണ്ട്. ഡയാലിസിസ് ആവശ്യമുള്ള 53 വൃക്കരോഗികളാണ് ഈ പഞ്ചായത്തിലുള്ളത്. അരമണിക്കൂർകൊണ്ട് മെഡിക്കൽ കോളേജിലെത്താൻ കഴിയുമെങ്കിലും ഇവരിൽ പലരും ഡയാലിസിസിനായി അവിടെ പോകാറില്ല. ആവശ്യമായ ബെഡ് ഒഴിവില്ലാത്തതാണു കാരണം. പുതിയൊരാളെ പ്രവേശിപ്പിക്കണമെങ്കിൽ ഒന്നുകിൽ നിലവിലുള്ള രോഗി മരിക്കണം. അല്ലെങ്കിൽ രോഗം ഭേദമാകണം.
കുന്ദമംഗലത്തിനും അധികം അകലെയല്ലാതെ മലാപ്പറമ്പിൽ ഇക്ര ചാരിറ്റബിൾ ഹോസ്പിറ്റലുണ്ട്. 50-ഓളം നിർധനർക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ഉപയോഗിച്ച് സൗജന്യമായി ഡയാലിസിസ് ചെയ്തുനൽകിയിരുന്നു. എന്നാൽ, ഇൻഷുറൻസുകാർക്ക് ചെലവായ ഇനത്തിൽ ആശുപത്രിക്ക് സർക്കാർ നൽകേണ്ട കുടിശ്ശിക കുമിഞ്ഞുകൂടി 20 കോടി രൂപയോളമായി. അതോടെ, ഗത്യന്തരമില്ലാതെ ആശുപത്രിക്കാർ കാരുണ്യ ഇൻഷുറൻസുകാർക്കുള്ള സൗജന്യ ഡയാലിസിസ് നിർത്തി. അതോടെ മിക്കവരും 2,000 രൂപയോളം മുടക്കി സ്വകാര്യ ഡയാലിസിസ് സെന്ററിൽ പോകും. ആഴ്ചയിൽ രണ്ടും മൂന്നും തവണ ഡയാലിസിസ് ഉണ്ടാകും.
കോഴിക്കോട്ടെ ഹെൽപ്പിങ് ഹാൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ കൺവീനർ പി.എം. നിയാസ് പറയുന്നത് കേൾക്കുക: “ഡയാലിസിസ് ചെയ്യേണ്ട വൃക്കരോഗികൾ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. സ്പർശം എന്നപേരിൽ 36 ബെഡ്ഡുകളുള്ള ഡയാലിസിസ് കേന്ദ്രം ഞങ്ങൾക്കുണ്ട്. മൂന്ന് ഷിഫ്റ്റുകളിലായി 108 രോഗികളെ ദിവസം ഇവിടെ ഡയാലിസിസ് ചെയ്യുന്നു. എല്ലാം ദീർഘകാല രോഗികളായതിനാൽ പുതിയതായി വരുന്നവരെ പ്രവേശിപ്പിക്കാനാകുന്നില്ല. നിർധനരായ ഒട്ടേറെ രോഗികളെ സങ്കടത്തോടെ ഞങ്ങൾക്ക് മടക്കി അയക്കേണ്ടിവന്നിട്ടുണ്ട്.’’
ഇവരെ ആര് രക്ഷിക്കും
ആശുപത്രിവാസം, ഡിസ്ചാർജ് ബിൽ. ചികിത്സാച്ചെലവ് അതുകൊണ്ട് അവസാനിച്ചെന്ന് കരുതുന്ന ആരോഗ്യനയങ്ങൾ. രോഗത്തെക്കാളും രോഗിയെ കാർന്നുതിന്നുന്ന ഒന്നാണ് തുടർചികിത്സയും അതിന്റെ ചെലവും. വൃക്കരോഗികളുടെ കാര്യംതന്നെയെടുക്കാം. സംസ്ഥാനത്ത് ദീർഘകാല രോഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽനിൽക്കുന്ന രോഗം. മുതിർന്നവരിൽ 15 ശതമാനത്തിനും ഏതെങ്കിലും തരത്തിലുള്ള വൃക്കരോഗമുണ്ട്. 10 വർഷംമുൻപ് ഇത് 11 ശതമാനമായിരുന്നു. വൃക്കപരാജയം സംഭവിച്ച് ഡയാലിസിസ് വേണ്ടിവരുന്നവ ർമാത്രം കാൽലക്ഷത്തിലധികം വരും. കഴിഞ്ഞ വർഷം പൊതുസംവിധാനങ്ങൾവഴി 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകളാണ് നടത്തിയത്. ആകെ ഡയാലിസിന്റെ 20-ൽ ഒന്നുമാത്രമേ പൊതുസംവിധാനങ്ങൾവഴി ചെയ്യാനാകുന്നുള്ളൂവെന്ന് ചുരുക്കം. അവശേഷിച്ചവർക്ക് ആഴ്ചയിൽ കുറഞ്ഞത് 5000 രൂപയോളംചെലവിട്ട് സ്വകാര്യകേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. ചെലവ് താങ്ങാൻ ശേഷിയില്ലാത്തതിനാൽ, കൃത്യമായി തുടർചികിത്സ തേടാതെ സ്വയം മരണംവരിക്കുന്നവരും ഏറെയുണ്ട്, കേരളത്തിൽ. അധികൃതരുടെ കണ്ണിലോ സർക്കാരിന്റെ കണക്കിലോ പെടാത്ത ‘നിശ്ശബ്ദ ആത്മഹത്യകൾ...’
(തുടരും)
Content Highlights: Major hospital chains and global private equity firms like Blackstone are aggressively acquiring small and mid-sized private hospitals in Kerala's rural and semi-urban areas
Published: 26 Sept 2026, 11:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented