ആരോഗ്യകരമായ ജീവിതം കാത്തുസൂക്ഷിക്കുന്നതിൽ ശ്വാസകോശാരോഗ്യത്തിനും വലിയ പങ്കുണ്ട്. പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രമാണ് മിക്കയാളുകളും ശ്വാസകോശാരോഗ്യത്തെ ഗൗരവമായി എടുക്കുക. ശ്വാസകോശാരോഗ്യം സംബന്ധിച്ച അവബോധം പ്രചരിപ്പിക്കുന്നതിനായാണ് ഫോറം ഓഫ് ഇന്റർനാഷണൽ റെസ്പിറേറ്ററി സൊസൈറ്റീസിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും സെപ്തംബർ 25 ലോക ശ്വാസകോശ ദിനമായി ആചരിക്കുന്നത്. 'ജീവിതത്തിലുടനീളം ശ്വാസകോശാരോഗ്യ സംരക്ഷണം' എന്നതാണ് ഈ വർഷത്തെ തീം. ശ്വാസകോശത്തെ ബാധിക്കുന്ന പ്രധാന രണ്ട് ആരോഗ്യപ്രശ്നങ്ങളായ ആസ്ത്മ, സി.ഒ.പി.ഡി. എന്നിവയേക്കുറിച്ചും രോഗപ്രതിരോധത്തേക്കുറിച്ചും അറിയാം.
ആസ്ത്മ
നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ആസ്ത്മ. ശ്വാസവഴികളിൽ നീർക്കെട്ടുണ്ടായി ആ ഭാഗം ചുരുങ്ങുന്ന ഗുരുതരമായ അവസ്ഥയാണിത്. ഇതുമൂലം ആസ്ത്മയുള്ളവർക്ക് ശ്വസിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ശ്വസിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം ചുമയും കഫക്കെട്ടും വലിവും അനുഭവപ്പെടാറുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 33.9 കോടി ആളുകൾ ആസ്ത്മ ബാധിതരാണ്. എന്നാൽ, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആസ്ത്മ നിയന്ത്രിച്ചുനിർത്താനാകും.
ട്രിഗറുകളെ അറിയാം
ആസ്ത്മ പ്രശ്നം ഉണർത്തുന്ന ചില പ്രത്യേക ഘടകങ്ങളാണ് ട്രിഗറുകൾ. ഇവ വായുവിലുള്ള ചില അലർജനുകളാകാം. ഇവ ആസ്ത്മയുടെ തീവ്രത കൂട്ടും. കാലാവസ്ഥയിലുണ്ടാകുന്ന ചില വ്യതിയാനങ്ങൾ ഇതിന് തീവ്രത കൂട്ടും. കഠിനമായ ശാരീരിക അധ്വാനം, സാധാരണ ഫ്ലൂ പോലെയുള്ള അണുബാധകൾ, പൂമ്പൊടി, അസ്വസ്ഥതയ്ക്ക് ഇടയാക്കുന്ന ഗന്ധങ്ങൾ തുടങ്ങിയവ ഈ ട്രിഗറുകളുടെ കൂട്ടത്തിൽപ്പെടുന്നു.
മാനസിക സമ്മർദം കുറയ്ക്കാം
ആസ്ത്മ പ്രശ്നം ഗുരുതരമാക്കുന്ന ട്രിഗറുകളിലൊന്നാണ് മാനസിക സമ്മർദം എന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നത്. മാനസിക സമ്മർദമുണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ ഹോർമോൺ പുറപ്പെടുവിക്കുന്നു. ഇത് ശ്വാസോച്ഛ്വാസ നിരക്കും ഹൃദയമിടിപ്പ് നിരക്കും വർധിപ്പിക്കും. മരുന്നുകൾ, റിലാക്സേഷൻ ടെക്നിക്കുകൾ, യോഗ തുടങ്ങിയ പല മാർഗങ്ങളും ഉപയോഗിച്ച് മാനസിക സമ്മർദത്തെ കുറയ്ക്കണം.
പുകവലി നിർത്തണം
ആസ്തമ ഉള്ളവർ പുകവലിക്കരുത്. പുകവലി ശീലമുള്ളവർ എത്രയും പെട്ടെന്ന് അത് നിർത്തണം. പുകവലി നിർത്തുന്നത് വഴി ആസ്ത്മയുടെ ഗുരുതരമായ ലക്ഷണങ്ങൾ ലക്ഷണങ്ങൾ കുറയുന്നു. ആസ്ത്മ നിയന്ത്രിക്കുന്നതിന് കഴിക്കുന്ന മരുന്നുകൾ ഫലപ്രദമാവാനും ഇത് സഹായിക്കും. ഇനി പുകവലിക്കാത്ത വ്യക്തിയാണെങ്കിൽ പുകവലിക്കാരുമായി സമ്പർക്കത്തിലേർപ്പെടാതെ ശ്രദ്ധിക്കുക. മറ്റുള്ളവർ പുകവലിക്കുന്നതിന് അടുത്ത് നിങ്ങൾ നിൽക്കുന്നത് നിങ്ങളുടെ ആസ്ത്മ തീവ്രത കൂട്ടും. ഇത് ലക്ഷണങ്ങളെ ഗുരുതരമാക്കും.
കൃത്യമായ മരുന്നുകൾ ഉപയോഗിക്കുക
ആസ്ത്മയുള്ളവർ മരുന്നുകൾ കൃത്യമായി ഉപയോഗിക്കണം. ആസ്ത്മയുള്ള ഓരോരുത്തരുടെയും മരുന്നുകൾ വ്യത്യസ്ത ഡോസിൽ ഉള്ളതായിരിക്കും, അത് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായി കഴിക്കണം. ലക്ഷണങ്ങൾ ഇല്ലെങ്കിൽ മരുന്ന് കഴിക്കേണ്ടതില്ലെന്നു ചിലർ ചിന്തിക്കാറുണ്ട്. അത് ശരിയല്ല. ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ കൃത്യമായി മരുന്ന് കഴിക്കണം.
പെട്ടന്നുണ്ടാകുന്ന ആസ്ത്മയെ നേരിടാൻ തയ്യാറായിരിക്കണം
ചിലപ്പോൾ പെട്ടെന്നായിരിക്കും ആസ്ത്മയുടെ പ്രശ്നങ്ങൾ ഉണ്ടാവുക. അതിനാൽതന്നെ ആസ്ത്മ പെട്ടെന്നുണ്ടായാൽ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. സാധാരണ കഴിക്കുന്ന മരുന്നുകളും മറ്റും കൈയെത്തും ദൂരത്ത് എപ്പോഴും ലഭ്യമാക്കിയിരിക്കണം. അവയുടെ വിശദാംശങ്ങൾ എഴുതി പഴ്സിൽ വെക്കുകയും വേണം. ഇതുവഴി ആസ്ത്മയുണ്ടായാൽ എന്തുചെയ്യണമെന്ന് നിങ്ങൾക്കൊപ്പമുള്ളവർക്ക് ധാരണയുണ്ടായിരിക്കും. ആസ്ത്മ കുഞ്ഞിനാണെങ്കിൽ അവരുടെ സ്കൂളിലെ അധ്യാപകരെ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കണം. വേണ്ട കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുകയും വേണം.
സി.ഒ.പി.ഡി.
ലോകത്ത് മരണകാരണമായേക്കാവുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനമാണ് സിഒപിഡിക്ക് (Chronic Obstructive Pulmonary Disease) ഉള്ളത്. ശ്വാസനാളങ്ങൾ അടഞ്ഞുപോവുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണിത്. സിഒപിഡി ബാധിച്ച് ഇന്ത്യയിൽ പ്രതിവർഷം ആറുലക്ഷത്തോളം പേർ മരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാപകമായി കാണപ്പെടുന്നുവെങ്കിലും രോഗത്തെക്കുറിച്ച് അവബോധം കുറവാണ് എന്നതാണ് പ്രധാന വെല്ലുവിളി. രോഗികളിൽ 86.5 ശതമാനവും പുകവലിക്കാരോ പുകവലിക്കുന്നയാളിൽ നിന്നുള്ള പുക നിരന്തരം ശ്വസിക്കുന്നവരോ ആണ്. കരിമരുന്ന് പ്രയോഗം, കൊതുകുതിരികൾ, വിറകടുപ്പിൽനിന്നുള്ള പുക, അഗർബത്തികളുടെ പുക എന്നിവയും രോഗകാരണമാവാറുണ്ട്. ടി.ബി. അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും രോഗത്തിന്റെ ആക്കംകൂട്ടുന്ന ഘടകങ്ങളാണ്.
രോഗകാരണങ്ങൾ
പുകവലി ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാൻഡ് സ്മോക്ക് അഥവാ പുകവലിക്കുന്നവരിൽനിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സി.ഒ.പി.ഡി. ഉണ്ടാകാൻ കാരണമാകുന്നു.
സ്ത്രീകളിലും സി.ഒ.പി.ഡി. ധാരാളമായി കാണുന്നു. ഇതിനുള്ള മുഖ്യകാരണം സ്ത്രീകളിലെ വർധിക്കുന്ന പുകവലി ശീലവും അടുക്കളയിൽനിന്ന് കരിയും പുകയും ശ്വസിക്കുന്നതുമാണ്.
നഗരങ്ങളിലെ വർധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാർക്കൽ, വീടുകളിൽ ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തത് എന്നിവയും സി.ഒ.പി.ഡിക്ക് കാരണമാകും.
പ്രധാന ലക്ഷണങ്ങൾ
വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, നടക്കുമ്പോൾ അല്ലെങ്കിൽ വ്യായാമം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടൽ എന്നിവയാണ്. വിന്റർ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വർധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയർത്തുന്നു.
ചികിത്സാരീതികൾ
പുകവലി നിർത്തുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗം. രോഗികൾക്ക് ബ്രോങ്കോ ഡയലേറ്റേഴ്സ് ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. സി.ഒ.പി.ഡി. രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാൽ അണുബാധ തടയാൻ വാക്സിനേഷനുകൾ എടുക്കേണ്ടതാണ്. ഇൻഫ്ളുവൻസ, ന്യുമോകോക്കൽ എന്നിവയാണ് എടുക്കേണ്ടവ. അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശത്തിന് ചുറ്റുമുള്ള പേശികളുടെയും കൈകാലുകളുടെ പേശികളുടെയും ശക്തി നിലനിർത്താൻ പൾമനറി റീഹാബിലിറ്റേഷൻ ആരംഭിക്കണം.
Content Highlights: Learn about lung health, focusing on COPD and asthma, their triggers, and effective management strategies to improve quality of life.
Published: 25 Sept 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented