ആരോ​ഗ്യമേഖലയിൽ പോയവർഷം സംഭവിച്ച പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാെണെന്നു പരിശോധിക്കാം.

To advertise here,

ഭക്ഷണ പൊതികൾക്ക് സ്ലിപ്പും സ്റ്റിക്കറും നിർബന്ധം

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ സംസ്ഥാനം നിരോധിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. ഭക്ഷണം പാകം ചെയ്ത തീയതി, സമയം, എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ പൊതികളിൽ വ്യക്തമാക്കിയിരിക്കണം എന്നായിരുന്നു ഉത്തരവ്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് റഗുലേഷന്‍സ് അനുസരിച്ച് ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍  ഉപയോഗിച്ചിരിക്കണം.

വീണ്ടും കോവിഡ്

പോയ മാർച്ചിൽ ഒരിടവേളയ്ക്കുശേഷം വീണ്ടും കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയിരുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമായിരുന്നു കൂടുതൽ കോവിഡ് രോ​ഗികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവലോകനയോഗവും വിളിച്ചിരുന്നു.

ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന ഡോക്ടര്‍ വന്ദന ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് പോയവർഷം മേയിലാണ്. ചികിത്സക്കായി പോലീസ് കൊണ്ടുവന്ന പ്രതി ഡോക്ടറെ കുത്തി കൊല്ലുകയായിരുന്നു. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കൊല്ലപ്പെടുന്ന കേരളത്തിലെ ആദ്യ സംഭവമാണിത്. തുടർന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ (എസ്.ഐ.എസ്.എഫ്.) വിന്യസിക്കാനും തീരുമാനമായിരുന്നു.

ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ചാല്‍ കര്‍ശന ശിക്ഷ

ആരോഗ്യപ്രവര്‍ത്തകരെ അക്രമിച്ച കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗകോടതികള്‍ സ്ഥാപിക്കുന്നതടക്കമുള്ള ശുപാര്‍ശകളുള്ള ആരോഗ്യ നിയമഭേദഗതി ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതും പോയ മേയിൽ തീരുമാനമായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതടക്കമുള്ള നടപടികള്‍ ശിക്ഷാര്‍ഹമായിരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഈ ഓര്‍ഡിനന്‍സ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ പെട്ടെന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിങ് മേഖലയില്‍ സംവരണം

ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് നഴ്സിങ് മേഖലയില്‍ കേരളം സംവരണം അനുവദിച്ചത് പ്രഖ്യാപിച്ചത് പോയ ജൂലൈയിലാണ്.  ബി.എസ്.സി. നഴ്സിങ് കോഴ്സില്‍ ഒരു സീറ്റും ജനറല്‍ നഴ്സിങ് കോഴ്സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്.

വീണ്ടും നിപ

ഇക്കഴിഞ്ഞ സെപ്തംബറിൽ സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിക്കുകയുണ്ടായി. സെപ്റ്റംബർ പന്ത്രണ്ടിനാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. കേരളത്തിൽ മനുഷ്യരെ ബാധിച്ച നിപ വൈറസ്, മുമ്പ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദമെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.

ഗര്‍ഭനിരോധനം ആണിനുമാകാം

ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിന് ഇന്ത്യയുടെ കൈയൊപ്പ് ചാർത്തിയത് ഇക്കഴിഞ്ഞ നവംബറിലാണ്. പുരുഷന്മാര്‍ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് (ഐ.സി.എം.ആര്‍.) മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്പേം അണ്ടര്‍ ഗൈഡന്‍സ് (ആര്‍.ഐ.എസ്.യു.ജി.) സങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചത്. ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി.

ചിക്കുൻ​ഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം

ചിക്കുൻ​ഗുനിയക്കുള്ള ലോകത്തെ ആദ്യവാക്സിന് അം​ഗീകാരം ലഭിച്ചതും കഴിഞ്ഞ വർഷമാണ്. യു.എസ്.ആരോ​ഗ്യമന്ത്രാലയമാണ് വാക്സിന് അം​ഗീകാരം നൽകിയത്. വാൽനേവ കമ്പനി വികസിപ്പിച്ചെടുത്ത വാക്സിൻ 'ഇക്സ്ചിക്' എന്നപേരിൽ വിപണിയിലെത്തും. 18 വയസ്സിനു മുകളിലുള്ള ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. നോർത്ത് അമേരിക്കയിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ക്ലിനിക്കൽ ട്രയലിനൊടുവിലാണ് പ്രസ്തുത വാക്സിന്റെ സുരക്ഷിതത്വം വ്യക്തമായത്.

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗവ്യാപനം

ചൈനയിലെ കുട്ടികൾക്കിടയിൽ ശ്വാസകോശരോ​ഗവ്യാപനവും പോയവർഷമുണ്ടായി. പ്രശസ്ത മാധ്യമവും രോ​ഗങ്ങൾ സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ടുകൾ പുറത്തുവിടുന്നതുമായ പ്രൊമെഡ് എന്ന മാധ്യമത്തിലൂടെ ചൈനയിലെ പുതിയ സാഹചര്യത്തേക്കുറിച്ച് മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. 2019-ൽ കോവിഡിന്റെ വരവിനേക്കുറിച്ചും പ്രൊമെഡ് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.  ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ പോലുള്ള ബാക്ടീരിയൽ അണുബാധകൾ,  കോവി‍ഡിനു കാരണമാകുന്ന വൈറസ് തുടങ്ങിയവയായെല്ലാം പുതിയ രോ​ഗവ്യാപനത്തിന് ബന്ധമുണ്ടാകുമെന്നാണ് ആരോ​ഗ്യ വകുപ്പധിക‍ൃതർ കരുതുന്നത്.

മെഫ്റ്റാൽ സ്പാസ് ഉപയോ​ഗത്തിൽ കരുതൽ

ആര്‍ത്തവ വേദനയെ മറികടക്കാന്‍ പലരും അഭയം തേടുന്ന വേദനസംഹാരികളിലൊന്നാണ് മെഫ്റ്റാല്‍ സ്പാസ്. എന്നാല്‍ പ്രസ്തുത മരുന്നിന്റെ ഉപയോഗത്തിന്മേല്‍ കരുതല്‍ വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടതും പോയവർഷമാണ്. ഇന്ത്യന്‍ ഫാര്‍മകോപീയ കമ്മീഷനാണ് (The Indian Pharmacopoeia Commission) ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. മെഫ്റ്റാല്‍ സ്പാസിന്റെ നിരന്തരമായുള്ള ഉപയോഗംമൂലം അതിലടങ്ങിയിരിക്കുന്ന മെഫിനാമിക് ആസിഡ് എന്ന ഘടകം ഡ്രസ്സ് സിന്‍ഡ്രോം (DRESS Syndrome) എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഡ്രഗ് റാഷ് വിത് ഈസ്‌നോഫീലിയ ആന്‍ഡ് സിസ്റ്റമിക് സിംപ്റ്റംസ് എന്നതിനേയാണ് ഡ്രസ്സ് സിന്‍ഡ്രോം എന്ന് ഒറ്റവാക്കില്‍ വിളിക്കുന്നത്.

സംസ്ഥാനത്തും ജെ.എൻ.വൺ വകഭേദം

അമേരിക്കയിലും മറ്റും അടുത്തയിടെ പടർന്ന ജെ.എൻ. വൺ എന്ന കൊറോണ വൈറസ് വകഭേദം സംസ്ഥാനത്തും സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. ഇന്ത്യൻ സാഴ്‌സ് കോവ്-2 ജീനോമിക്‌സ് കൺസോർഷ്യം (ഇൻസാ കോഗ്) ആണ് ഇതുസംബന്ധിച്ച ഡേറ്റ പുറത്തുവിട്ടത്. അതിവേഗം പകരുന്ന വകഭേദമായാണ് ജെ.എൻ. വണ്ണിനെ കണക്കാക്കുന്നത്. ബിഎ. 2.86 വകഭേദത്തോട് ഏറ്റവും അടുത്തുനിൽക്കുന്നതാണ് ജെ.എൻ. വൺ. പകർച്ചാശേഷി കൂടുതലായതിനാൽ രോഗികളുടെ എണ്ണം ഉയരാൻ ഈ വകഭേദം കാരണമാകും. നിലവിലുള്ള വാക്സിനുകൾക്ക് ഇതിനെ പ്രതിരോധിക്കാനാവുമെന്നാണ് വിലയിരുത്തൽ.