
സ്‌കൂളിന് അവധി തന്നപ്പോള്‍ സ്റ്റാഫുകള്‍ വിശ്വാസം വരാത്ത അവസ്ഥയിലായിരുന്നു. ഒരു മിനിറ്റ് താമസിച്ചാല്‍ വിശദീകരണ കത്ത് കൊടുക്കേണ്ടിയിരുന്ന സ്‌കൂള്‍, കൊറോണ കാരണം അഞ്ചു മാസത്തേക്ക് അടക്കാന്‍ പോകുന്നു എന്ന് കേട്ട് അധ്യാപകര്‍ ഒരിക്കലും സംഭവിക്കാത്ത അത്ഭുതം നടന്ന അവസ്ഥയിലായി. എങ്ങനെ പോര്‍ഷന്‍ തീര്‍ക്കും എന്ന് പല ടീച്ചേഴ്‌സും ഓഫീസില്‍ റൂമില്‍ വന്ന് എന്നോട് ചോദിച്ചു. അവരെ വിശ്വസിപ്പിക്കുക എന്നത് ഏതാണ്ട് അസാധ്യമായിരുന്നതിനാല്‍ ഞാന്‍ വെറുതെ ചിരിച്ചു. കുവൈറ്റിലെ മിക്കവാറും എല്ലാ സ്വകാര്യ സ്ഥാപനങ്ങളുടെയും അവസ്ഥ ഒരു പോലെയായിരുന്നു.
ഇറാനില്‍ നിന്നു വന്ന കുറച്ചു കുവൈറ്റികള്‍ക്കു മാത്രമുണ്ടായിരുന്ന കോവിഡ് ഫെബ്രുവരി അവസാനമായപ്പോഴേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു. ഇറാനില്‍ നിന്നു വന്നവരെ ഐസോലേറ്റ് ചെയ്തിരുന്നെങ്കിലും വിമാനയാത്ര നിരോധിക്കാഞ്ഞതു കൊണ്ട് അവിടവിടെയായി സ്വദേശികളിലും വിദേശികളിലും രോഗം കണ്ടുതുടങ്ങി. പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി ലോക്ക്‌ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടു. ആദ്യം ലോക്ക്‌ഡൌണിലായ രാജ്യങ്ങളിലൊന്നായിരുന്നു കുവൈറ്റ്. ഒന്നും മനസിലാവുന്നതിന് മുന്പ് ഓരോരുത്തരും അവനവന്റെ തുരുത്തുകളില്‍ ഒറ്റപ്പെട്ടു. വര്‍ഷങ്ങളായി നടന്നു വന്നിരുന്ന കാര്യങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ട് മാറി മറിഞ്ഞു.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ അപ്രതീക്ഷിതമായി ഇല്ലാതായി. ജനാലയിലൂടെ കാണുന്നത് റോഡിന് അപ്പുറമുള്ള ഒരു മോസ്‌ക് ആണ്. രാത്രികളിലും പകല്‍ പോലെ വെളിച്ചമാണവിടെ സ്‌കൂളടച്ചു രണ്ടു ദിവസം കഴിഞ്ഞു മോസ്‌കുകളും അടച്ചു. പ്രതീക്ഷിച്ചിരുന്നെങ്കിലും വെളിച്ചമണഞ്ഞത് സങ്കടമായി. മോസ്‌ക് കഴിഞ്ഞു പിന്നൊരു മൈതാനവും കഴിഞ്ഞു, അപ്പുറത്തുള്ള മെയിന്‍ റോഡിലെ വഴിവിളക്കുകളും, അവിടുള്ള അറബിസ്‌കൂളിലെ വെളിച്ചവും ചേര്‍ന്നു ഇരുട്ടിനെ അകറ്റിയെങ്കിലും എല്ലാം തുറന്നു സാധാരണ നിലയിലാകുന്നത് ഒരു പ്രതീക്ഷയായിട്ട് തന്നെയാണ് ഇപ്പോഴും. ഒരര്‍ത്ഥവുമില്ല എന്ന് കരുതിയ കാര്യങ്ങള്‍ ഇല്ലാതാവുന്നതു അകാരണങ്ങളായ എന്തൊക്കെ ദുഖങ്ങളാണ് സമ്മാനിക്കുന്നത്.
വെറുതെ പറഞ്ഞു പോയ വാക്കുകളോര്‍ത്തു നൊമ്പരപ്പെടുന്ന ടീച്ചേഴ്‌സും എന്റെ മുമ്പിലെത്തിപ്പെട്ടു. അവധി കിട്ടുന്നതിന് ഒരാഴ്ച മുന്‍പു , സിഗരറ്റു വലിച്ചതിനു പിടിക്കപ്പെട്ട അഞ്ചാം ക്ലാസ്സുകാരനോട് ഒരിക്കലും സംഭവിക്കില്ല എന്ന് കരുതി, നിന്റെ ശരീരം മുഴുവന്‍ കൊറോണ വൈറസ് നശിപ്പിക്കും എന്ന് പറഞ്ഞു ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ച അറുപതു കഴിഞ്ഞ ടീച്ചര്‍, പനി പിടിച്ച ഒരു കുട്ടിയെ വഴക്കു പറഞ്ഞതോര്‍ത്തു വിഷമിക്കുന്ന മറ്റൊരു ടീച്ചര്‍. ഒരു മാസം കഴിഞ്ഞു ഓഫീസ് ജോലിക്കാരെ വെട്ടിക്കുറച്ചു രണ്ട് പേരിലൊതുക്കി. അങ്ങനെ തത്കാലം ജോലിയില്ലാതെ ഞാന്‍ വീട്ടിലിരിപ്പും തുടങ്ങി. പിന്നീട് അധ്യാപകരെയും വെട്ടിക്കുറച്ചു. ബാക്കി വന്നവരെക്കൊണ്ട് ഒരു സമയനിഷ്ഠയുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുപ്പിച്ചു. പിന്നെ അവര്‍ക്ക് പകുതി ശമ്പളം കൊടുത്തു. ചില സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറച്ചു. ചില കമ്പനികള്‍ ശമ്പളം പകുതിയാക്കി, ചിലര്‍ ഒന്നും കൊടുത്തതുമില്ല. ജോലിയും ശമ്പളവുമില്ലാതെ വീട്ടിലിരിക്കുന്നവരുടെ എണ്ണം ദിവസവും കൂടി വന്നു. ഒരാഴ്ച കഴിഞ്ഞു ഭര്‍ത്താവിനും അവധിയായി. ഭര്‍ത്താവ് ഗവണ്‍മെന്റ് ജോലിക്കാരനായതിനാല്‍ മറ്റ് ബുദ്ധിമുട്ടുകളൊന്നുമുണ്ടായില്ല എങ്കിലും ഗവണ്‍മെന്റ് ജോലിക്കാരെ പിരിച്ചു വിടാന്‍ പോവുകയാണെന്ന വാര്‍ത്തകളും ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞു.
ഉപയോഗിച്ച് കൊണ്ടിരുന്ന പല സാധനങ്ങളും കിട്ടതായതും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. അതുകൊണ്ട് ഓണ്‍ലൈനില്‍ പാസ് എടുത്തു ഒരു ദിവസം സിറ്റി സെന്‍ടറില്‍ പോയി. രണ്ടു പേര്‍ക്കേ ഒരു കാറില്‍ എവിടെയും പോകാന്‍ അനുവാദമുള്ളൂ. ടെംപറേച്ചര്‍ നോക്കി നാലോ അഞ്ചോ കൂട്ടരെ അകത്തു വീടും. ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായിരുന്നു. ബാക്കിയുള്ളവര്‍ നല്ല വെയിലത്ത് കാത്തിരിക്കണം. ഭാഗ്യത്തിന് അകലം വിട്ടു കസേരകള്‍ ഇട്ടിട്ടുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവില്‍ അകത്തു കയറി രണ്ടു മൂന്ന് മാസത്തേക്കുള്ള സാധനങ്ങള്‍ വാങ്ങി പോരുമ്പോള്‍ ഈ കാലം കടന്നു പോവാന്‍ എത്ര സമയം വേണ്ടി വരും എന്നറിയില്ലായിരുയുന്നു.
സത്യത്തില്‍ ഞങ്ങളുടെ ഇരുപത്തിനാലു കൊല്ലത്തെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു വിശ്രമകാലം കിട്ടുന്നത്. നാട്ടില്‍ എത്തിയാലോ അപ്രതീക്ഷിതമായി പെട്ടെന്ന് അപ്രത്യക്ഷരാവുന്ന വീട്ടുജോലിക്കാരുടെ ഒഴിവിലേക്ക് നിയമനവും കിട്ടും. ഇപ്പോള്‍ രാത്രി ഇരുന്നു സിനിമ കാണാം, താമസിച്ചെഴുന്നേറ്റ് ബ്രഞ്ച് കഴിക്കാം.
അടച്ചിട്ട വാതിലിനുള്ളില്‍ ജീവിതം ക്രമേണ ഇടുങ്ങി മരവിച്ചു തുടങ്ങി. വൈകീട്ട് അഞ്ച് മുതല്‍ രാവിലെ ആറ് വരെയും, പിന്നെ വൈകിട്ട് നാല് മുതല്‍ രാവിലെ അഞ്ച് വരെയും, പിന്നെ മുഴുവന്‍ സമയവുമായി കര്‍ഫ്യൂ നീട്ടിയപ്പോള്‍ ദുരന്തം പൂര്‍ണമായി. എങ്ങുനിന്നെന്നയറിയാതെ ഞങ്ങള്‍ക്കെല്ലാം ഒരു പനിയും പിടിച്ചു. ആശുപത്രിയില്‍ പോകാനുള്ള ധൈര്യമില്ലാത്തതു കൊണ്ട് പാരസെറ്റമോള്‍ കഴിച്ചു മുഴവന്‍ സമയ കര്‍ഫ്യൂ കാലം എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി. പിന്നെ അറിഞ്ഞു, അതേ സമയം ഞങ്ങളുടെ മുകളിലത്തെ നിലയില്‍ കോവിഡുണ്ടായിരുന്നെന്ന്. നഴ്‌സുമാര്‍ കോവിഡ് ബാധിതരായി വീട്ടിലിരിക്കുന്നത് സ്ഥിരം സംഭവമായി. ആദ്യമൊക്കെ ആരും വിശ്വസിച്ചിരുന്നില്ലെങ്കിലും പിന്നീട് അടുപ്പമുള്ള പലര്‍ക്കും കോവിഡ് വന്നതായി അറിഞ്ഞു. ചുറ്റും എന്തൊക്കെയോ സംഭവിച്ചു. ഞങ്ങള്‍ക്കു സംഭവിച്ചത് എന്താണെന്നു പോലും അറിയാന്‍ താല്പര്യമില്ലാത്തത് പോലെ മനസ് മരവിച്ചു. മകന്‍ തിരിച്ചെത്തിയിരുന്നതിനാല്‍ മുഷിപ്പ് അതിന്റെ പൂര്‍ണതയില്‍ ഞങ്ങള്‍ അനുഭവിച്ചില്ല, എങ്കിലും വീട്ടിലിരിപ്പ് ഇത്രയും മുഷിപ്പനെന്ന് തിരിച്ചറിയുകയായിരുന്നു, പ്രത്യേകിച്ച്, ഒരിടത്തും പോകാനാവില്ല എന്നറിയുമ്പോള്‍ മടുപ്പ് ഇരട്ടിക്കുകയും ചെയ്യും.
സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ ഒരു സുഹൃത്ത് ആയിടക്ക് ഒരു ദിവസം ഫോണില്‍ വിളിച്ചു, പുള്ളിക്കാരന്‍ കണ്ട ദുരിതങ്ങളുടെ ഭാരം ഇറക്കിവെയ്ക്കാനെന്നോണം, എന്നോടു കുറെ സംസാരിച്ചു. എട്ടും ഒന്‍പതും ആളുകള്‍ ഡബിള്‍ഡക്കര്‍ കട്ടിലുകളില് താമസിക്കുന്ന മുറികളില് കോവിഡ് വ്യാപിചതിന്റെ വിവരണങ്ങള്‍ സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഇരിക്കാനും കിടക്കാനും വയ്യാതെ ഇടയ്ക്കിടെ ഓരോരുത്തര്‍ വീണും കിടന്നും മരിക്കുന്നതിന്റെയും, മരുന്നിന്റെയും മരണത്തിന്റെയും മണമുള്ള മുറികളുടെയും വിവരണങ്ങള്‍. നാട്ടിലെത്താന്‍ പറ്റാതെ മരിക്കേണ്ടി വന്നവരുടെ നെടുവീര്‍പ്പുകള്‍ ശാപങ്ങളായി മാറാതിരുന്നെങ്കില്‍.
പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഗ്രൂപ്പില്‍ രഹസ്യങ്ങളും തമാശകളും പറഞ്ഞു മദ്ധ്യവയസ്‌കര്‍ വീണ്ടും കുട്ടികളായി. അമ്മായിയമ്മമാര്‍ രാവിലെ വിളിച്ചു മകന് ഉണ്ടാക്കി കൊടുക്കേണ്ട സംഗതികളെ കുറിച്ച് ഫോണില്‍ പറഞ്ഞു ചെയ്യിക്കുന്നതും, രാത്രി ചാറ്റിങ്ങില് വന്നു ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നതിനെക്കുറിച്ചും, പള്ളിയില്‍ പോലും പോകാത്തത് കൊണ്ട് കൊള്ളാവുന്ന ഒരുത്തനെ കണ്ടിട്ടു എത്ര നാളായെന്നും മറ്റും പറഞ്ഞു കുട്ടികളായി മാറിയവര്‍ പൊട്ടിചിരിച്ചു. സ്ത്രീകള്‍ ഇങ്ങനെയൊക്കെ തുറന്നു പറയാന്‍ മുന്‍പെ സഞ്ചരിച്ചവര്‍ എത്ര സഹിച്ചിട്ടുണ്ട് എന്നവര്‍ ഓര്‍ക്കുന്നുണ്ടാവുമോ? അറിയില്ല.
അമേരിക്ക പൊളിയല്ലേ എന്നു പറഞ്ഞിരുന്ന മകന്‍ കേരളം പൊളിയല്ലേ എന്നു പറയാന്‍ തുടങ്ങി. എന്തു വന്നാലും നാട് മതി എന്നൊരു ചിന്ത പതിയെ എല്ലാവരിലും ഉയര്‍ന്നു തുടങ്ങി. നാട്ടിലെത്തിപ്പെടാന്‍ പറ്റാത്തതിന്റെ പരിഭവം എല്ലായിടത്തും ഉണ്ടായിരുന്നു. അത് വരെയുണ്ടായിരുന്ന സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥമില്ലാതായി. പ്രണയഗാനങ്ങള്‍ അര്‍ത്ഥശൂന്യങ്ങളായി. കുറച്ചു സമയം കിട്ടിയാല്‍ ജനലിലൂടെ കാണാന്‍ കൊതിച്ചിരുന്ന സന്ധ്യാകാഴ്ചകള്‍ വിരസങ്ങളായി, രാത്രികള്‍ പോലീസ് ജീപ്പിന്റെയും, ആംബുലസുകളുടെയും വെളിച്ചം കൊണ്ട് നിറഞ്ഞു.
കോറോണക്കാലത്തിന്റെ മറ്റൊരു പ്രത്യേകത ശരീരം കൊണ്ട് മാത്രമല്ല, മനസ് കൊണ്ടും അതിജീവിക്കാന് കരുത്തുള്ളവരെ മാത്രമേ അത് ബാക്കി വെക്കുന്നുള്ളൂ എന്നതാണ്. ജോലിയും ശമ്പളവുമില്ലാത്തവര്‍ കൊറോണയെ അതിജീവിച്ച് ജീവിതത്തിലേക്ക് ആത്മവിശ്വാസത്തോട് കൂടി മടങ്ങുമ്പോള്‍ പണത്തിന് മീതെ ഇരിക്കുന്ന കുട്ടികളുള്‍പ്പടെ പലരും ആത്മഹത്യ തിരഞ്ഞെടുക്കുന്നതും കാണേണ്ടി വന്നു.
ഏതു രാത്രിക്കും ഒരു പകലുണ്ടാകാതെ വയ്യല്ലോ. ജൂണ്‍ മാസമായപ്പോള്‍ കര്‍ഫ്യൂ സമയം കുറച്ചു. രാവിലെ ആറ് മുതല്‍ ആളുകള്‍ ഇറങ്ങി തുടങ്ങി. രാവിലെ മൈതാനത്തില്‍ നടക്കാനിറങ്ങുന്നവരെ കാണുമ്പോള്‍ സന്തോഷം തോന്നി. പിന്നെ രാവിലെ അഞ്ച് മുതല്‍ രാത്രി എട്ട് വരെ ഇളവ് കിട്ടി. ആളിപ്പടര്‍ന്ന കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ കുവൈറ്റ് ഗവര്‍മെന്റിന് കഴിഞ്ഞു. അന്‍പത് ഡിഗ്രീ കഴിഞ്ഞ ചൂടും ഒരു കാരണമായിരുന്നിരിക്കണം. മുന്നറിയിപ്പുകള്‍ കൊണ്ടും സഹായങ്ങള്‍ കൊണ്ടും അവര്‍ സ്വദേശികളെയും വിദേശികളെയും താങ്ങി നിര്‍ത്തി. കോറോണയും വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാതെ പോയി തുടങ്ങി. കൊറോണ വൈറസല്ല, ലോകത്തെ ശുദ്ധീകരിക്കുന്ന ആന്റി വൈറസാണ് എന്നൊരു സുഹൃത്ത് ഫേസ്ബുക്കിലെഴുതിയത് ശരിയാണെന്നും തോന്നാതിരിക്കുന്നില്ല.
Content Highlights: lockdown and coronavirus, life in outside kerala an experience
Published: 22 Sept 2020, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented