ന്യൂഡൽഹി: കോവിഡ്കാലത്ത് പാത്രം കൊട്ടിയാൽ കൊറോണ വൈറസ് ചാവുമെന്നു പറഞ്ഞ് യു.പി.യിലെ ഗൽഗോട്ടിയാസ് സർവകലാശാല പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധവും പുറത്ത്. 2020-ൽ പ്രസിദ്ധീകരിച്ച പ്രബന്ധം ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.

To advertise here,

ഗൽഗോട്ടിയാസ് സർവകലാശാലയിലെ സ്‌കൂൾ ഓഫ് മെഡിക്കൽ ആൻഡ് അലൈഡ് സയൻസസിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫാർമസിയിലെ ഗവേഷകനായിരുന്ന ധർമേന്ദ്ര കുമാറിന്റേതാണ് പ്രബന്ധം. വാക്‌സിൻ കണ്ടെത്തുന്നതിനുമുൻപുള്ള ഘട്ടത്തിൽ, ജേണൽ ഓഫ് മോളിക്യുലർ ഫാർമസ്യൂട്ടിക്കൽസ് ആൻഡ് റെഗുലേറ്ററി അഫയേഴ്‌സ് എന്ന ജേണലിലാണ് ഈ പ്രബന്ധം അച്ചടിച്ചുവന്നത്. പാത്രവും മണിയും മുട്ടിയാലുണ്ടാകുന്ന ശബ്ദതരംഗങ്ങൾ കൊറോണ വൈറസിനെ ഇല്ലാതാക്കുന്നു; ഒരു സാധ്യതാ സിദ്ധാന്തം എന്ന തലക്കെട്ടിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്. വൈറസുകളെ ശബ്ദതരംഗത്തിലൂടെ കൊല്ലാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2020 മാർച്ച് 22-ന് ശബ്ദതരംഗമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ ആഹ്വാനം അതിന്റെ പ്രധാന്യം സൂചിപ്പിക്കുന്നുവെന്നും പ്രബന്ധത്തിന്റെ സംഗ്രഹത്തിലുണ്ട്. ഗവേഷണം നിലവിൽ ഓൺലൈനിൽ ലഭ്യമല്ല. പ്രസാധകർ പ്രബന്ധം വെബ്സൈറ്റിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്.

ഡൽഹിയിലെ എ.ഐ. ഉച്ചകോടിയിൽ ചൈനീസ് റോബോട്ടിനെ തങ്ങളുടേതാക്കി അവതരിപ്പിച്ചതിന് സർവകലാശാലയെ കഴിഞ്ഞദിവസം എക്‌സ്‌പോയിൽനിന്ന് പുറത്താക്കിയിരുന്നു. ക്യാമറ കണ്ടപ്പോൾ ആവേശംകൊണ്ട് അവകാശവാദം നടത്തിയതാണെന്ന് കുറ്റപ്പെടുത്തി, മാധ്യമങ്ങൾക്ക് അഭിമുഖംനൽകിയ അധ്യാപിക നേഹ സിങ്ങിനെ പഴിചാരിയായിരുന്നു സർവകലാശാല വിഷയത്തിൽ ക്ഷമാപണം നടത്തിയത്. അധ്യാപികയ്ക്കെതിരേ അച്ചടക്കനടപടിയെടുത്തിട്ടില്ലെന്നും ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും സർവകലാശാലാ രജിസ്ട്രാർ നിതിൻ കുമാർ ഗൗർ പറഞ്ഞു. ഒരാളുടെ പ്രശ്നത്തിന് സർവകലാശാലയെ മുഴുവനായും കുറ്റപ്പെടുത്തരുതെന്നും രജിസ്ട്രാർ പറഞ്ഞു.