കളമശ്ശേരി സ്വദേശി രമേശ് കുമാർ, വയസ് 45. കഴിഞ്ഞ മാർച്ചിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തപ്പോൾ ഒരു സ്മാർട്ട് വാച്ച് കിട്ടി. ഈ വർഷം ഏപ്രിൽ മാസത്തിൽ റിന്യൂവലിന് പോയപ്പോൾ പ്രീമിയം കൂടിയില്ല. പകരം 1,500 ഡിസ്‌കൗണ്ടും കിട്ടി. കാരണം ലളിതം, അയാളുടെ ആരോഗ്യ വിവരങ്ങൾ ഓരോ ദിവസവും ഇൻഷുറൻസ് കമ്പനിയുടെ സ്മാർട്ട് വാച്ചിലെ ആപ്പ് ശ്രദ്ധയോടെ നിരീക്ഷിച്ചുപോന്നിരുന്നു. അതനുസരിച്ചു കമ്പനിയുടെ ആപ്പിലൂടെ നൽകിയ നിർദ്ദേശങ്ങൾ അയാൾ കൃത്യമായി പാലിച്ചുകൊണ്ടിരുന്നു (ഇത് ഒരു സാങ്കൽപ്പിക ഉദാഹരണമാണ്). ഇതാണ് സ്മാർട്ട് ഡാറ്റയും ഐയും ഹെൽത്ത് ഇൻഷുറൻസിൽ കൊണ്ടുവരുന്ന വലിയ മാറ്റം. മുൻപ് ആശുപത്രി ബിൽ അടക്കാനുള്ള സഹായമായിരുന്നു ഹെൽത്ത്ഇൻഷുറൻസ്. ഇന്ന് AI യുടെയും ഡാറ്റയുടെയും സഹായത്താൽ അത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുന്ന പേഴ്സണൽ ഹെൽത്ത് കോച്ച് ആയി മാറിക്കൊണ്ടിരിക്കുകയാണ്.

To advertise here,

നോബൽ പുരസ്‌കാര ജേതാവായ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ കെന്നത്ത് ജെ ആരോയുടെ അഭിപ്രായത്തിൽ ആരോഗ്യ ഇൻഷുറൻസ് പരാജയപ്പെടുന്നത് 'വിവര അസമത്വം' അല്ലെങ്കിൽ വിവരങ്ങളുടെ അഭാവം കൊണ്ടാണ്. രോഗിക്ക് തന്റെ ശരീരത്തെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും അറിയാം, ഡോക്ടർക്ക് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാം, ഇൻഷുറൻസ് കമ്പനിക്ക് റിസ്‌കിനെക്കുറിച്ചും ചെലവിനെക്കുറിച്ചും അറിയാം. എന്നാൽ ഈ മൂന്ന് വിവരങ്ങളും ഒരിടത്ത് കൂടിച്ചേരാത്തതുകൊണ്ട് ഓരോരുത്തരും സംശയത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇതാണ് ക്ലെയിം തർക്കത്തിനും അവിശ്വാസത്തിനും കാരണമാകുന്നത്.

രോഗിയുടെ സമ്മതത്തോടെ പരിശോധനാ റിപ്പോർട്ടുകൾ, ജീവിതശൈലി വിവരങ്ങൾ എന്നിവയും ആശുപത്രിയുടെ രോഗനിർണയവും ചികിത്സാ വിശദാംശങ്ങളും ഒരു സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പങ്കിടുന്നു. ഇൻഷുറൻസ് കമ്പനി അതേസമയം നെറ്റ്വർക്ക് ആശുപത്രികൾ, അംഗീകാര പ്രക്രിയ, പ്രതിരോധ പരിപാടികൾ എന്നിവയെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങൾ നൽകുന്നു. ഇത്തരത്തിൽ വിവരം പങ്കുവയ്ക്കുമ്പോൾ രോഗിക്ക് വേഗത്തിലുള്ള ക്ലെയിം അംഗീകാരവും നേരത്തെയുള്ള രോഗനിർണയവും ലഭിക്കുന്നു. ആശുപത്രിക്ക് ബില്ല് തർക്കം ഒഴിവായി സുഗമമായ പ്രവർത്തനം സാധ്യമാകുന്നു. ഇൻഷുറൻസ് കമ്പനിക്ക് റിസ്‌ക് കൃത്യമായി വിലയിരുത്തി തട്ടിപ്പ് തടയാനും കഴിയുന്നു.

'ഡാറ്റ സുരക്ഷിതമാണ്, ദുരുപയോഗം ചെയ്യില്ല' എന്ന വിശ്വാസം ഉണ്ടാക്കാൻ കഴിഞ്ഞാൽ മാത്രമേ ആളുകൾ ധൈര്യമായി വിവരം പങ്കിടുകയുള്ളൂ. അപ്പോൾ മാത്രമേ പ്രതിരോധ ആരോഗ്യ ഇൻഷുറൻസ് കേരളത്തിൽ വിജയിക്കുകയുള്ളൂ. ബാങ്കിംഗ് മാതൃകയിൽ, End-to-End Encryption ഉള്ള ഒരു നിയന്ത്രിതമായ പ്ലാറ്റ്‌ഫോം ഇതിന് വേണം. AI-ക്ക് ആവശ്യം വ്യക്തികളുടെ പേര് അല്ല, പാറ്റേണുകൾ ആണ്.

ഇന്നത്തെ കാലത്ത് വിവരം എത്ര കൂടുതൽ പങ്കിടുന്നുവോ അത്രയും അതിന്റെ മൂല്യം കൂടും. കാരണം വിവരത്തിന്റെ വില അതിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ്. ആരോഗ്യ വിവരങ്ങൾ കൃത്യമായി പങ്കുവെക്കാൻ സാധിച്ചാൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക് ക്ലെയിം (അപകടങ്ങൾ മൂലമുള്ള ക്ലെയിം ഒഴികെ) വരുന്നതിന് മുന്നേ തന്നെ റിസ്‌ക് മനസിലാക്കാനും ആവശ്യമായ പ്രതിരോധ നിർദ്ദേശങ്ങൾ നൽകാനും സാധിക്കും. അങ്ങനെ ഇൻഷുറൻസ് കമ്പനിക്കും ഇൻഷുറൻസ് എടുത്ത ആൾക്കും ഹോസ്പിറ്റലൈസേഷനും ഭാരിച്ച സാമ്പത്തിക ചിലവും ഒഴിവാക്കാൻ സാധിക്കും.

ജീവിതശൈലി രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും ഇരട്ടഭാരമുള്ള ഇന്ത്യയിലെ ഏറ്റവും 'പ്രായംകൂടിയ' സംസ്ഥാനമായ കേരളത്തിന് വളരെ അനുയോജ്യമായ ഒരു മാതൃകയാണിത്. നമുക്ക് ഇന്നു വേണ്ടത് 'രോഗം വന്നാൽ പണം തരുന്ന' ഇൻഷുറൻസ് മാത്രമല്ല. 'രോഗം വരാതെ നോക്കുന്ന' ഇൻഷുറൻസും കൂടെയാണ്. ക്ലെയിം കുറഞ്ഞാൽ ഇൻഷുറൻസ് കമ്പനിക്കും ലാഭം, ഹോസ്പിറ്റലൈസേഷൻ ഒഴിവാക്കാൻ പറ്റിയാൽ രോഗിക്കും ലാഭം. വിദേശ നിക്ഷേപവും മത്സരവും കാരണം കോർപ്പറേറ്റ്, ഇടത്തരം ആശുപത്രികളിൽ ചികിത്സാച്ചെലവ് വർധിക്കുകയാണ്. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ വാർഷിക പണപ്പെരുപ്പം (ഹെൽത്ത് ഇൻഫ്‌ലേഷൻ) 10-13 ശതമാനമാണ് എന്നത് രോഗികളെയും ഇൻഷുറൻസ് കമ്പനികളെയും ഒരേപോലെ സമ്മർദത്തിലാക്കുന്നതായും നമുക്ക് കാണാൻ സാധിക്കും.

AI യുഗത്തിലെ ആരോഗ്യ ഇൻഷുറൻസ്: പ്രവചനത്തിൽ നിന്ന് പ്രതിരോധത്തിലേക്ക്

AI സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇൻഷുറൻസ് കമ്പനികൾക്ക് ആരോഗ്യ ഇൻഷുറൻസ് എടുത്തിട്ടുള്ളവരിൽ ആരൊക്കെ ആശുപത്രിവാസത്തിന് സാധ്യതയുള്ളവരാണെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയും. മുൻകാല ക്ലെയിം രേഖകൾ, ആരോഗ്യ രീതികൾ, മറ്റ് ആരോഗൃ വിവരങ്ങൾ എന്നിവ വിശകലനം ചെയ്താണ് ഇത് സാധ്യമാകുന്നത്. AI സാങ്കേതികവിദ്യയെ ധരിക്കാവുന്ന ഉപകരണങ്ങളുമായും -(സ്മാർട്ട് വാച്ച്, സ്മാർട്ട് റിങ്), ഡിജിറ്റൽ ആരോഗ്യ പ്ലാറ്റ്‌ഫോമുകളുമായും സംയോജിപ്പിക്കുന്നതിലൂടെ ഓരോ ഇൻഷുറൻസ് അംഗത്തിനും ഒരു ഡിജിറ്റൽ ആരോഗ്യ ഐഡി തയ്യാറാക്കാൻ കഴിയും. ഉറക്കം, ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ നിരീക്ഷിച്ച് ഉയർന്ന റിസ്‌കുള്ളവരെ കണ്ടെത്തി, നേരത്തെയുള്ള രോഗനിർണയം, വ്യക്തിഗത പരിശോധനകൾ, പ്രതിരോധ പരിപാടികൾ എന്നിവ നടപ്പിലാക്കുന്നതിലൂടെ ചെലവേറിയ ആശുപത്രിവാസം ഒഴിവാക്കാനും രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു.

പരമ്പരാഗത മാതൃകയിൽ രോഗവിവരം മറച്ചു വെച്ചുകൊണ്ട് രോഗികളും ആരോഗ്യമുള്ളവരും ഒരേ പ്രീമിയം ആണ് അടക്കുന്നത്. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർക്ക് വെൽനെസ്സ് ഡിസ്‌കൗണ്ട് നൽകാൻ കമ്പനികൾക്ക് കഴിയും. വ്യായാമം ചെയ്യുന്നവർക്കും, നിർദ്ദശം അനുസരിച് പരിശോധന നടത്തുന്നവർക്ക് പ്രീമിയത്തിൽ ഇളവ് ലഭിക്കുന്നു. ഇത് കൂടുതൽ ആരോഗ്യമുള്ളവരെയും ഈ മാതൃകയിലേക്ക് ആകർഷിക്കുകയും റിസ്‌ക് പൂൾ മൊത്തത്തിൽ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. തൽഫലമായി എല്ലാവരുടെയും പ്രീമിയം താഴ്ന്ന നിലയിൽ നിലനിർത്താൻ സാധിക്കുന്നു. ആശുപത്രി ചെലവുകൾ ഓരോ വർഷവും വർധിക്കുന്ന സാഹചര്യത്തിൽ പ്രീമിയവും കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രതിരോധത്തിലൂടെ രോഗം തടയുന്നതിലൂടെ ഈ ചെലവ് വർധനയെ നിയന്ത്രിക്കാൻ കഴിയുന്നു. ഇത് പ്രീമിയത്തിലെ കുത്തനെയുള്ള വർധന ഒഴിവാക്കി ദീർഘകാല സ്ഥിരത ഉറപ്പാക്കുന്നു.

ഇൻഷുറൻസ് ഇനി ഒരു പോളിസി അല്ല, ജീവിതശൈലിയാണ്.

ഉയർന്ന പ്രീമിയമാണ് ആളുകൾ ഇൻഷുറൻസ് എടുക്കാത്തതിന്റെ പ്രധാന കാരണം. എന്നാൽ പ്രതിരോധത്തിലൂടെ ക്ലെയിം കുറയുമ്പോൾ പ്രീമിയം താഴ്ന്ന നിലയിൽ നിലനിർത്താൻ കഴിയുന്നു. കൂടാതെ സൗജന്യ ആരോഗ്യ പരിശോധനകൾ, വിദൂര വൈദ്യസഹായം (Tele Consultation,) ജിം ഡിസ്‌കൗണ്ട് തുടങ്ങിയ ആകർഷകമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ട്, ആരോഗ്യമുള്ള ചെറുപ്പക്കാർ പോലും ഇൻഷുറൻസ് എടുക്കാൻ തയ്യാറാകുന്നു. ഇത് ആരോഗ്യ ഇൻഷുറൻസിന്റെ വ്യാപനം വർധിപ്പിക്കാൻ സഹായിക്കുന്നു. പരമ്പരാഗത മാതൃകയിൽ ക്ലെയിം നിഷേധിക്കുമ്പോൾ മാത്രമാണ് ഇൻഷുറൻസ് കമ്പനിയും ഉപഭോക്താവും തമ്മിൽ ബന്ധപ്പെടുന്നത്. ഇത് പലപ്പോഴും തർക്കത്തിലേക്ക് നയിക്കുന്നു. എന്നാൽ പ്രതിരോധ ആരോഗ്യ ഇൻഷുറൻസ് മാതൃകയിൽ കമ്പനി വർഷം മുഴുവൻ ഉപഭോക്താവിനൊപ്പം ഉണ്ട്. നിരന്തരമുള്ള ആശയവിനിമയത്തിലൂടെയും, ആരോഗ്യോപദേശം, ക്ഷേമ പരിപാടികൾ എന്നിവയിലൂടെയും ആരോഗ്യം സംരക്ഷിക്കുന്ന ഒരു നല്ല സുഹൃത്ത് എന്ന നിലയിലേക്ക് ഇൻഷുറൻസ് കമ്പനിയുടെ പ്രതിച്ഛായ മാറുന്നു. ഇത് ആരോഗ്യകരവും ദീർഘകാലവുമായ ബന്ധം കെട്ടിപ്പടുക്കുന്നു.

സർക്കാരിന്റെ ആരോഗ്യപരിപാലന ബാധ്യത കുറയ്ക്കുന്നു

പൊതുജനാരോഗ്യം എന്നത് സർക്കാരിന്റെ ഒരു പ്രധാന ഉത്തരവാദിത്തമാണ്. എന്നാൽ വർധിച്ചുവരുന്ന ആശുപത്രി ചെലവും ധനകമ്മിയും കാരണം ഈ ബാധ്യത പലപ്പോഴും സർക്കാരിന് ഒരു തലവേദയായി മാറിയിട്ടുണ്ട്. AI അധിഷ്ഠിത പ്രതിരോധ ആരോഗ്യ ഇൻഷുറൻസ് ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ സഹായകമായിരിക്കും. നേരത്തെയുള്ള രോഗനിർണയവും ടെലി ഡോക്ടർ സേവനവും വഴി ചെറിയ അസുഖങ്ങൾക്ക് പോലും ആളുകൾ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത് കുറയുന്നു. ഇത് ആശുപത്രികളിലെ തിരക്ക് കുറച്ച് ഗുരുതര രോഗികൾക്ക് കൂടുതൽ ശ്രദ്ധ നൽകാൻ സർക്കാരിനെ സഹായിക്കുന്നു. ഇൻഷുറൻസ് കമ്പനികൾ നടത്തുന്ന സൗജന്യ ഹെൽത്ത് ക്യാമ്പ്, വാക്സിനേഷൻ യജ്ഞം, പ്രമേഹ ബോധവത്കരണ പരിപാടികൾ എന്നിവ സർക്കാരിന്റെ പൊതുജനാരോഗ്യ പരിപാടികൾക്ക് വലിയ തോതിൽ ആശ്വാസം ആയിരിക്കും. ഇത് സർക്കാരിന്റെ ബജറ്റ് ബാധ്യത കുറയ്ക്കുന്നു. ഈ മാതൃക ഇൻഷുറൻസിൽ വ്യാപകമാകുമ്പോൾ, കൂടുതൽ ആളുകൾ സ്വയം ഇൻഷുറൻസ് എടുക്കാൻ തയ്യാറാകുന്നു. ഇത് സർക്കാരിന്റെ സാമൂഹിക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുകയും, ആ പണം കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഉപയോഗിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നു.

ഡാറ്റയും AI-യും കേരളത്തിന്റെ ആരോഗ്യ ഭാവിക്കായി

നിലവിൽ ഉയർന്ന മെഡിക്കൽ പണപ്പെരുപ്പത്തെ ചൂണ്ടിക്കാട്ടി ആളുകളെ ആകർഷിക്കുമ്പോഴും, അസാധാരണ ആശുപത്രി ബില്ലുകളുടെപേരിൽ ക്ലെയിമുകൾ നിഷേധിക്കപ്പെടുമോ എന്ന ആശങ്ക കാരണം നിരവധി പേർ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ മടിക്കുകയും നിലവിലുള്ള ഇൻഷുറൻസ് പുതുക്കാതിരിക്കുകയും ചെയുന്നുണ്ട്. ഈ വിശ്വാസമില്ലായ്മ മാറ്റുന്നതിനും ആരോഗ്യ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുന്നതിനും ഏറ്റവും അനുയോജ്യമായ പരിഹാരമാണ് AI അധിഷ്ഠിതമായ പ്രതിരോധ ആരോഗ്യ ഇൻഷുറൻസ് മാതൃക. രോഗികളുടെ ആരോഗ്യം സംരക്ഷിക്കുകയും, ആശുപത്രികളുടെ പ്രവർത്തനം സുഗമാക്കുകയും, ഇൻഷുറൻസ് കമ്പനികളുടെ ചെലവ് കുറയ്ക്കുകയും, സർക്കാരിന്റെ ആരോഗ്യപരിപാലന ബാധ്യത ലഘൂകരിക്കുകയും ചെയ്യുന്നതിലൂടെ ഈ മാതൃക എല്ലാ പങ്കാളികൾക്കും സാമൂഹികമായും സാമ്പത്തികമായും ഗുണകരമാണ്. ജീവിതശൈലി രോഗങ്ങളും പകർച്ചവ്യാധികളും കൂടുതലുള്ള കേരളം പോലെയുള്ള സംസ്ഥാനത്തിന് ഇത് ഏറ്റവും പ്രസക്തവുമാണ്. അതിനാൽ, വിവരങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും സ്മാർട്ട് ഡാറ്റ - AI ഉപയോഗിച്ച് വിശകലനം ചെയ്യുന്നതിലൂടെയും നമ്മുടെ സംസ്ഥാനം നേരിടുന്ന ആരോഗ്യ വെല്ലുവിളികൾക്ക് ഒരു സുസ്ഥിരമായ പരിഹാരം കണ്ടെത്താൻ സാധിക്കും.

ഓണക്കാലം നമ്മെ ഓർമിപ്പിക്കുന്നത് മാനുഷരെല്ലാരും ഒന്നുപോലെ എന്ന മഹത്തായ ആശയമാണ്. മഹാബലി തമ്പുരാന്റെ കാലത്തെ പോലെ ജാതിയോ, വർഗ്ഗമോ, സമ്പത്തോ നോക്കാതെ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഉണ്ടായിരുന്ന കാലം. പ്രതിരോധ ആരോഗ്യ ഇൻഷുറൻസ് എന്ന പുതിയ മാതൃകയിലൂടെ നമുക്ക് ഈ ആശയം ആരോഗ്യ രംഗത്ത് യാഥാർത്ഥ്യമാക്കാം. രോഗം വന്നിട്ട് കടക്കെണിയിലാകുന്ന പാവപ്പെട്ടവൻ, ക്ലെയിം തർക്കത്തിൽ അലയുന്ന മധ്യവർഗ്ഗക്കാരൻ, റിസ്‌ക് ഭയന്ന് പ്രീമിയം കൂട്ടുന്ന ഇൻഷുറൻസ് കമ്പനി - ഈ വിവേചനം എല്ലാം മാറണം. ഡാറ്റ പങ്കിട്ട്, സുതാര്യതയോടെ, സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിച്ചാൽ ആരോഗ്യം ഒരു അവകാശമായി എല്ലാവർക്കും ലഭ്യമാകും. കേരളം എല്ലാവർക്കും തുല്യതയും നീതിയും ആസ്വദിക്കാൻ കഴിയുന്ന ഒരു ആരോഗ്യ സംവിധാനത്തിന് മാതൃകയാകട്ടെ.

(കെ എം ഇ എ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറും മഹാത്മാഗാന്ധി സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്രത്തിലെ റിസർച്ച് സ്‌കോളറുമാണ് ലേഖകൻ)