കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിലെ ഒരു പ്രദേശത്തുനിന്നും കണ്ടെത്തിയെന്ന വാർത്ത മലയാളികളെ കുറച്ചൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്. സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണെങ്കിലും, സുകുമാരക്കുറുപ്പ് കേസും ആ കൊടുംകുറ്റവാളിയുടെ വ്യക്തിത്വവും ജീവിതവുമൊക്കെ ഇപ്പോഴും മലയാളികൾക്ക് കൗതുകമുള്ള വിഷയങ്ങളാണ്. ചില കൊടുംകുറ്റകൃത്യങ്ങളെ, പ്രത്യേകിച്ച് കൂടത്തായി സയനൈഡ് കേസും റിപ്പർ കേസുകളുമൊക്കെ പരിശോധിക്കുമ്പോൾ, “ഇങ്ങനെയൊക്കെ മനുഷ്യർക്ക് ക്രൂരമായി പെരുമാറാൻ പറ്റുമോ?” എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല.

To advertise here,

എന്തുകൊണ്ടാണ് ചിലരെങ്കിലും ഇത്രയും ക്രൂരന്മാരായി മാറുന്നത്? ചില ആളുകളിൽ സ്വാർത്ഥത, നിയമലംഘനം, ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ സ്വഭാവങ്ങൾ ഒരു പരിധിവരെ കണ്ടെന്നുവരാം. എന്നാൽ ഇവ ദീർഘകാലമായി വ്യക്തിയുടെ ചിന്തയിലും വികാരങ്ങളിലും ബന്ധങ്ങളിലും പെരുമാറ്റത്തിലും ആഴത്തിൽ പതിഞ്ഞ്, മറ്റുള്ളവരുടെ അവകാശങ്ങളെ നിരന്തരം അവഗണിക്കുന്ന ഒരു വ്യക്തിത്വരീതിയായി മാറുന്നത് എപ്പോഴാണ്?

ഇത്തരം സ്വഭാവസവിശേഷതകളെ മനഃശാസ്ത്രത്തിൽ വ്യക്തിത്വവൈകല്യങ്ങളായാണ് പരിഗണിക്കുന്നത്. ഒരു മനുഷ്യൻ ആരോഗ്യകരമായ വ്യക്തിത്വം എങ്ങനെയാണോ ആർജിക്കുന്നത്, അതേ രീതിയിൽ തന്നെ ജീവശാസ്ത്രപരവും സാമൂഹികവുമായ അനുഭവങ്ങളൊക്കെ ചേർന്നാണ് വികലമായ വ്യക്തിത്വവും രൂപപ്പെടുന്നത്. പൊതുവെ ഇത്തരം വ്യക്തിത്വങ്ങളെ സൈക്കോപ്പതി (Psychopathy), സോഷ്യോപതി (Sociopathy) എന്നീ പേരുകളിലൊക്കെ അറിയപ്പെട്ടിരുന്നുവെങ്കിൽ, ഇപ്പോൾ ഇതിനെ ആന്റിസോഷ്യൽ വ്യക്തിത്വം (Antisocial Personality Disorder) അല്ലെങ്കിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വം എന്ന നിലയിലാണ് പരിഗണിക്കുന്നത്.

മറ്റുള്ളവരുടെ അവകാശങ്ങൾ, സുരക്ഷ, വികാരങ്ങൾ, വിശ്വാസം എന്നിവയെ നിരന്തരം അവഗണിക്കുന്ന ഒരു വ്യക്തിയിൽ അന്തർലീനമായ വ്യക്തിത്വരീതിയാണ് സാമൂഹിക വിരുദ്ധ വ്യക്തിത്വം. ഇത്തരക്കാരിൽ കള്ളം പറയൽ, വഞ്ചന, ഉത്തരവാദിത്തമില്ലായ്മ, ആവേശപൂർവമായ തീരുമാനങ്ങൾ, അപകടകരമായ പെരുമാറ്റം, ആക്രമണസ്വഭാവം, മറ്റുള്ളവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ തുടങ്ങിയവ വ്യക്തിത്വത്തിൽ അന്തർലീനമായിരിക്കുന്ന പെരുമാറ്റ രീതികളാണ്. സാമൂഹിക വിരുദ്ധ വ്യക്തിത്വം എന്നത് ഇവർ “സമൂഹത്തിൽ ഇടപെടാൻ ഇഷ്ടമില്ലാത്ത വ്യക്തികളാണ്” എന്ന രീതിയിലല്ല മനസിലാക്കേണ്ടത്. മറ്റുള്ളവരുമായി ഇടപഴകാൻ താൽപര്യമില്ലാത്തവർ, ഒറ്റയ്ക്കിരിക്കാൻ താൽപര്യപ്പെടുന്നവർ തുടങ്ങിയ സ്വഭാവസവിശേഷതകളുമായി ആന്റിസോഷ്യൽ വ്യക്തിത്വവൈകല്യത്തിന് നേരിട്ട് ബന്ധമില്ലെന്ന് തന്നെ പറയാം. അതുപോലെതന്നെ, കുറ്റകൃത്യം ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ഈ വ്യക്തിത്വവൈകല്യമുണ്ടാകണമെന്നുമില്ല.

സാധാരണ സ്വഭാവത്തിൽ നിന്ന് വൈകല്യത്തിലേക്ക്

സാധാരണ സ്വഭാവരീതികൾ (normality) മുതൽ അസാധാരണ സ്വഭാവത്തിലേക്കുള്ള (abnormality) തുടർച്ചയായാണ് തിയോഡോർ മിലോൺ (Theodore Millon) എന്ന മനഃശാസ്ത്രജ്ഞൻ വ്യക്തിത്വസവിശേഷതകളെ മനസ്സിലാക്കുന്നത്. ചില സാമൂഹിക വിരുദ്ധ സ്വഭാവരീതികൾ വളരെ ചെറിയ തോതിൽ പലരിലും കാണാൻ സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. അപകടപരമായ പെരുമാറ്റങ്ങളിൽ ഏർപ്പെടുക, അമിതമായ മത്സരബോധം പുലർത്തുക, കള്ളം പറയുക,സ്വാർത്ഥത തുടങ്ങിയവ സ്വതവേ രോഗലക്ഷണങ്ങളായി കണക്കാക്കാറില്ല. പക്ഷേ, പെരുമാറ്റങ്ങൾ പ്രശ്നമാവുന്നത് ഈ സ്വഭാവങ്ങൾ അതിരുകടന്ന്, തീവ്രമായി, സ്ഥിരമായി, നിയന്ത്രിക്കാനാകാത്ത രീതിയിൽ പ്രകടമാകുമ്പോഴാണ്.

ഉദാഹരണത്തിന്, ആത്മവിശ്വാസവും ധൈര്യവും ഒരാളുടെ ശക്തികളായിരിക്കാം. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തെ അല്ലെങ്കിൽ സുരക്ഷയെ പരിഗണിക്കാതെ നിരന്തരം വിനാശകരമായി പെരുമാറുകയും തന്റെ പെരുമാറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ, അത് പ്രശ്നകരമായ പെരുമാറ്റമായി മാറാം.

അതുകൊണ്ടുതന്നെ ഒരാളുടെ ഒരു പെരുമാറ്റം മാത്രം നോക്കി “ഇയാൾ ആന്റിസോഷ്യൽ ആണ്” എന്ന് തീരുമാനിക്കാൻ സാധിക്കില്ല. വ്യക്തിയുടെ ദീർഘകാല പെരുമാറ്റരീതി, ബന്ധങ്ങൾ, ഉത്തരവാദിത്തബോധം, മറ്റുള്ളവരോടുള്ള സമീപനം, തീരുമാനമെടുക്കുന്ന രീതി എന്നിവ സമഗ്രമായി വിലയിരുത്തിയാണ് ഇത്തരം വ്യക്തിത്വവൈകല്യ നിർണയത്തിലേക്ക് കടക്കുക.

മറ്റുള്ളവരെ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും സാമൂഹിക വിരുദ്ധ വ്യക്തിത്വവുമായി ബന്ധപ്പെട്ട പ്രധാന സ്വഭാവങ്ങളിൽ ഒന്നാണ്. മറ്റുള്ളവരെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പ്രവണത ഇവരിൽ കാണാം. വ്യക്തിബന്ധങ്ങൾ പലപ്പോഴും പരസ്പര വിശ്വാസത്തിനും പരിഗണനയ്ക്കും പകരം സ്വന്തം നേട്ടത്തിനുള്ള ഉപാധിയായി ഇത്തരക്കാർ മറ്റാറുണ്ട്.

ഇത്തരം വ്യക്തികൾ വളരെ ആകർഷകമായി സംസാരിക്കാനും മറ്റുള്ളവരുടെ വിശ്വാസം നേടാനും സാഹചര്യത്തിനനുസരിച്ച് സ്വന്തം പെരുമാറ്റം മാറ്റാനും കഴിവുള്ളവരായിരിക്കാം. അതുകൊണ്ടുതന്നെ പുറത്തുനിന്ന് നോക്കുമ്പോൾ പ്രശ്നങ്ങളൊന്നുമില്ലാത്ത, ആത്മവിശ്വാസമുള്ള, കഴിവുള്ള വ്യക്തിയായി തോന്നാനും സാധ്യതയുണ്ട്. എന്നാൽ അടുത്ത ബന്ധങ്ങളിൽ കള്ളം, വഞ്ചന, വാഗ്ദാനലംഘനം, സാമ്പത്തിക ചൂഷണം, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയവ ആവർത്തിച്ച് ഉണ്ടാകുമ്പോൾ മാത്രമാണ് അടുപ്പമുള്ള ആളുകൾക്ക് പോലും ആ വ്യക്തിയുടെ സ്വഭാവം മനസ്സിലാകുന്നത്.

ഫോൺ കിട്ടാത്തതുമൂലം ജീവനെടുക്കുന്ന കൗമാരം; ഫോൺ ഉപയോഗം ആസക്തിയാകുന്നതെപ്പോൾ? തിരിച്ചറിയണം

സാമൂഹിക വിരുദ്ധ വ്യക്തിത്വം പല തരത്തിൽ

ചികിത്സാപരമായ കാഴ്ചപ്പാടിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വ സവിശേഷതകളെ ഒറ്റ പേരിൽ ഉൾക്കൊള്ളിക്കുമ്പോൾ, ഇതേ വ്യക്തിത്വത്തെ അക്കാദമികമായി പല തരത്തിലുള്ള സ്വഭാവ പ്രത്യേകതകളായി തരംതിരിച്ചിട്ടുണ്ട്. ഇവയിൽ പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു;

1. Covetous Antisocial — അത്യാഗ്രഹപരമായ സാമൂഹികവിരുദ്ധ വ്യക്തിത്വം

ഇത്തരം പ്രത്യേകതകളുള്ള സാമൂഹികവിരുദ്ധ വ്യക്തിത്വങ്ങളിൽ “എനിക്ക് അർഹമായത് എനിക്ക് ലഭിച്ചിട്ടില്ല” എന്ന ചിന്തയാണ് പ്രധാനമായി നിലകൊള്ളുക. മറ്റുള്ളവർക്ക് ലഭിക്കുന്ന സമ്പത്ത്, അധികാരം, അവസരങ്ങൾ, സാമൂഹിക അംഗീകാരം എന്നിവ തനിക്കും വേണമെന്ന് ശക്തമായി ആഗ്രഹിക്കുകയും അതിനുവേണ്ടി കുറുക്കുവഴികൾ തേടുകയും ചെയ്യുന്നവരാണിവർ. “അവർക്ക് കിട്ടിയത് എനിക്ക് കിട്ടേണ്ടതായിരുന്നു” എന്ന രീതിയിലുള്ള സ്വയംന്യായീകരണങ്ങൾ നിരന്തരം നടത്തുന്നവരുമായിരിക്കും ഇവർ. ഒരു വ്യക്തി സഹപ്രവർത്തകന്റെ സാമ്പത്തിക നേട്ടം കണ്ടിട്ട്, “അവൻ അതിന് അർഹനല്ല; അത് എനിക്ക് ലഭിക്കേണ്ടതായിരുന്നു” എന്ന് നിരന്തരം ചിന്തിക്കുകയും പിന്നീട് വഞ്ചനയിലൂടെ അത് സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരാണിവർ. ഇവിടെ പ്രധാനപ്പെട്ടത് വെറും ലാഭം മാത്രമല്ല മറിച്ചു മറ്റുള്ളവരുടെ അവകാശത്തെ അംഗീകരിക്കാതെയും സ്വന്തം ആഗ്രഹത്തെ ന്യായീകരിച്ചും മുന്നോട്ട് പോകുന്ന വ്യക്തിത്വരീതിയാണ് ഇത്.

2. Reputation-Defending Antisocial — പ്രതിച്ഛായ സംരക്ഷണ സാമൂഹികവിരുദ്ധ വ്യക്തിത്വം

പ്രതിച്ഛായ, മേൽക്കോയ്മ, അധികാരം എന്നിവയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നവരാണിവർ. സ്വയം കഴിവുള്ളവനാണ്, ശക്തനായവനാണ്, താൻ മറ്റുള്ളവരെക്കാൾ ഉയർന്നവനാണ് എന്ന തന്റെ വിശ്വാസം നിലനിർത്താൻ വ്യക്തി ശ്രമിച്ചുകൊണ്ടേയിരിക്കാം. ആരെങ്കിലും തന്റെ കഴിവിനെയോ അധികാരത്തെയോ ചോദ്യം ചെയ്താൽ അതിനെ സാധാരണ വിമർശനമായി കാണാതെ അപമാനമോ വെല്ലുവിളിയോ ആയി കാണാം. അതിന്റെ ഫലമായി പ്രതികാരപരമായ പെരുമാറ്റം, ഭീഷണിപ്പെടുത്തൽ, ആക്രമണസ്വഭാവം, മറ്റുള്ളവരെ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുക, മറ്റുള്ളവരെ താഴ്ത്തിക്കാണിക്കൽ എന്നീ സ്വഭാവസവിശേഷതകൾ ഇത്തരക്കാരിൽ ഉണ്ടാവാം. “എന്റെ പ്രതിച്ഛായ സംരക്ഷിക്കണം; ആരും എന്നെ ദുർബലനായി കാണരുത്” എന്ന ചിന്ത ഇത്തരക്കാരിൽ വളരെ കൂടുതലായിരിക്കും.

3. Risk-Taking Antisocial — അപകടം ഏറ്റെടുക്കുന്ന സാമൂഹികവിരുദ്ധ വ്യക്തിത്വം

ഇത്തരം വ്യക്തികളിൽ ആവേശകരവും സാഹസികവും പുതുമയുള്ളതുമായ അനുഭവങ്ങൾ തേടുന്ന പ്രവണത പൊതുവെ കൂടുതലായിരിക്കും. ഇവർക്ക് അപകടത്തിന്റെ സാധ്യത അറിയാമെങ്കിലും അതിലേക്ക് പോകാനുള്ള പ്രവണത കൂടുതലായിരിക്കും. മറ്റുള്ളവർ ഭയപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ കൂടുതൽ ഉത്സാഹം കാണിക്കുകയും അത്തരം പ്രവർത്തികൾ ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നവരുമായിരിക്കും ഇത്തരക്കാർ. അപകടകരമായി വാഹനമോടിക്കുക, സാമ്പത്തികമായി പ്രായോഗികമല്ലാത്ത തീരുമാനങ്ങൾ എടുക്കുക, നിയമപരമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ള പ്രവർത്തനങ്ങളിലേർപ്പെടുക, ആവേശപൂർവം രൂപപ്പെടുന്ന ബന്ധങ്ങൾ, തീവ്രവും ഉത്തേജകവുമായ അനുഭവങ്ങൾ തേടുന്ന പെരുമാറ്റം എന്നിവ കാണപ്പെടാം. പ്രത്യേകിച്ച് ലഹരി ഉപയോഗം പോലുള്ളവ ഇവരിൽ കാണപ്പെടാം. ഇവിടെ ലക്ഷ്യം മറ്റുള്ളവരെ ചൂഷണം ചെയ്യുക എന്നതോടൊപ്പം തന്നെ “അപകടം തന്നെ ആവേശകരമാണ്” എന്ന ആശയത്തിലായിരിക്കും ഇത്തരക്കാർ കൂടുതൽ സമയം പ്രവർത്തിക്കുക.

4. Nomadic Antisocial — അസ്ഥിരമായ സാമൂഹികവിരുദ്ധ വ്യക്തിത്വം

ഇത്തരം സ്വഭാവസവിശേഷതയുള്ളവർ പൊതുവെ സാമൂഹിക ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാരുന്നവരായിരിക്കും. ജോലി, താമസം, ബന്ധങ്ങൾ, സാമ്പത്തിക- മറ്റു കുടുംബപരമായ ഉത്തരവാദിത്തങ്ങൾ എന്നിവയിൽ ഇത്തരക്കാർക്ക് സ്ഥിരത കുറവായിരിക്കാം. അതായത്, ഒരാൾക്ക് ഒരു ജോലി ലഭിക്കുന്നു, എന്നാൽ വളരെക്കുറച്ചു കാലം മാത്രമേ ജോലി ചെയ്യുന്നുള്ളൂ. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകൾ മൂലം പിന്നീട് ജോലി ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറുന്നു. ഈ ഒരു രീതി ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യമായിരിക്കില്ല. ഇത് ദീർഘകാലമായി ആവർത്തിക്കുന്ന രീതിയായി മാറുമ്പോഴാണ് അത് ഒരു വ്യക്തിത്വവൈകല്യമായി കണക്കാക്കുക . ഈ സമയങ്ങളിൽ സ്വന്തം കുടുംബത്തോടോ മറ്റു വ്യക്തികളോടോ സഹാനുഭൂതിയോ കടപ്പാടോ ഒന്നും ഇത്തരക്കാർക്ക് ഉണ്ടാകണമെന്നില്ല. സ്വന്തം ആവശ്യങ്ങൾക്കായി മാത്രം മറ്റുള്ളവരെ ഉപയോഗിക്കാനായിരിക്കും ഇവർക്ക് ഏറ്റവും താൽപര്യം.

5. Malevolent Antisocial — ദുഷ്പ്രേരിതവും പ്രതികാരപരവുമായ സാമൂഹികവിരുദ്ധ വ്യക്തിത്വം

സാമൂഹികവിരുദ്ധ വ്യക്തിത്വത്തിലെ വ്യക്തിത്വസവിശേഷതകളുടെ ഏറ്റവും തീവ്രമായ, പ്രകടമായ സ്വഭാവരീതികളാണ് ഇത്. ഇത്തരം വ്യക്തികളിൽ മറ്റുള്ളവരോടുള്ള ആഴത്തിലുള്ള വിശ്വാസമില്ലായ്മ, പ്രതികാരബോധം, ക്രൂരത, ആക്രമണസ്വഭാവം, ശത്രുതാമനോഭാവം, അതുപോലെ മറ്റുള്ളവർ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു എന്ന ധാരണ എന്നിവ വളരെ ശക്തമായി നിലനിൽക്കാം. ഒരു ചെറിയ വിമർശനം പോലും വലിയ ഭീഷണിയായി കാണുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണിവർ.“മറ്റുള്ളവർ എന്നെ ഉപയോഗിക്കുന്നതിന് മുമ്പ് ഞാൻ അവരെ നിയന്ത്രിക്കണം” എന്ന ചിന്താരീതിയായിരിക്കും ഇവരെ മുന്നോട്ടുനയിക്കുന്നത്.

സാമൂഹികവിരുദ്ധ വ്യക്തിത്വം എങ്ങനെ രൂപപ്പെടുന്നു?

സാമൂഹികവിരുദ്ധ വ്യക്തിത്വം ഒരു കാരണംകൊണ്ട് മാത്രമല്ല ഉണ്ടാകുന്നത്. ജൈവികവും സ്വഭാവപരവുമായ പ്രത്യേകതകൾ, ബാല്യകാല അനുഭവങ്ങൾ, കുടുംബബന്ധങ്ങൾ, സാമൂഹിക അന്തരീക്ഷം, മറ്റുള്ളവരെക്കുറിച്ചുള്ള ധാരണകൾ എന്നിവ പരസ്പരം സ്വാധീനിച്ചാണ് വ്യക്തിത്വത്തിലെ ഇത്തരം സ്ഥിരമായ മാതൃകകൾ ക്രമേണ രൂപപ്പെടുന്നത്. 

അമ്മയെ കൊല്ലണമെന്നുപറഞ്ഞ പതിമൂന്നുകാരൻ,കുട്ടികളെ കുറ്റവാളികളാക്കുന്നതിൽ കുടുംബാന്തരീക്ഷത്തിനും പങ്ക്

ജന്മനാ ഉള്ള സ്വഭാവസവിശേഷതകൾ

ചില വ്യക്തികളിൽ ചെറുപ്പം മുതൽ തന്നെ ചില സ്വഭാവപരമായ/വൈകാരിക പ്രതികരണശേഷിയുമായി (temperamental) ബന്ധപ്പെട്ട പ്രത്യേകതകൾ കൂടുതലായി കാണപ്പെടാം. ഉദാഹരണത്തിന്, എടുത്തു ചാടിയുള്ള പെരുമാറ്റം, ശാഠ്യം, തീവ്രമായ വികാര വിക്ഷോഭങ്ങൾ, ശിക്ഷയോടോ ഭയത്തോടോ പ്രതികരണം കുറവായിരിക്കുക, പെട്ടെന്ന് ലഭിക്കുന്ന സംതൃപ്തിക്ക് കൂടുതൽ പ്രാധാന്യം നൽകുക തുടങ്ങിയ സ്വഭാവസവിശേഷതകളോടൊപ്പം കടന്നുപോകുന്ന ജീവിതസാഹചര്യങ്ങൾ കൂടി ചേരുമ്പോൾ സാമൂഹികവിരുദ്ധ വ്യക്തിത്വങ്ങൾ രൂപപ്പെടാൻ ഇടയാകാം.

ബാല്യകാല കുടുംബാന്തരീക്ഷം

കുട്ടിയുടെ വ്യക്തിത്വവികസനത്തിൽ കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അവഗണന, സ്ഥിരതയില്ലാത്ത ശിക്ഷയും നിയന്ത്രണവും, മാതാപിതാക്കളുടെ നിരാകരണം, കുടുംബത്തിലെ നിരന്തരമായ സംഘർഷം, മതിയായ മേൽനോട്ടത്തിന്റെ അഭാവം തുടങ്ങിയ അനുഭവങ്ങൾ കുട്ടിയുടെ സാമൂഹിക പെരുമാറ്റത്തെ പ്രതികൂലമായി ബാധിക്കാം. ഇത്തരം ജീവിതസാഹചര്യങ്ങളിൽ നിന്ന് “മറ്റുള്ളവരെ വിശ്വസിക്കാൻ കഴിയില്ല” അല്ലെങ്കിൽ “എന്റെ കാര്യങ്ങൾ ഞാൻ തന്നെ നോക്കണം; മറ്റാരും എന്നെ സഹായിക്കില്ല” എന്ന തരത്തിലുള്ള വിശ്വാസരീതികൾ രൂപപ്പെടാം.

പെരുമാറ്റം പഠിച്ചെടുക്കുന്നത്

ഒരു കുട്ടി കള്ളം പറയുന്നതിലൂടെയോ, മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിലൂടെയോ, വഞ്ചനയിലൂടെയോ തനിക്ക് വേണ്ടത് നേടാൻ കഴിയുമെന്ന് പഠിച്ചാൽ, ആ പെരുമാറ്റം വീണ്ടും ആവർത്തിക്കാനുള്ള സാധ്യത കൂടാം. തനിക്കൊരു ആവശ്യം വരുമ്പോൾ മറ്റുള്ളവരെ സ്വാധീനിച്ച് കാര്യം നേടിയെടുക്കുകയും അതിലൂടെ കാര്യം സാധിക്കുകയും ചെയ്യുമ്പോൾ, “ഇങ്ങനെ മാത്രമാണ് എന്റെ കാര്യങ്ങൾ സാധിച്ചെടുക്കാൻ പറ്റുക” എന്ന വിശ്വാസം ചെറുപ്പത്തിലേ വ്യക്തിയിൽ രൂപപ്പെടാൻ കാരണമാകും. ഇങ്ങനെ കാലക്രമേണ കള്ളം, വഞ്ചന, ഭീഷണി, തന്റെ ആവശ്യങ്ങൾക്കുവേണ്ടി മറ്റുള്ളവരെ ഉപയോഗിക്കൽ തുടങ്ങിയ പെരുമാറ്റങ്ങൾ വ്യക്തിയുടെ സ്ഥിരമായ പെരുമാറ്റരീതിയുടെ ഭാഗമായി മാറാം.

നിയമങ്ങളും പരിധികളും പഠിക്കാത്തത്

കുട്ടികൾക്ക് നിയമങ്ങൾ, അതിരുകൾ, ഉത്തരവാദിത്തം, പ്രവർത്തികളുടെ പ്രത്യാഘാതം എന്നിവ മനസ്സിലാക്കേണ്ടതുണ്ട്. ഒരു കുട്ടി നിയമം ലംഘിക്കുമ്പോൾ യാതൊരു പരിണതഫലവും ഉണ്ടാകാതിരിക്കുകയും, ചിലപ്പോൾ ആ പെരുമാറ്റത്തിലൂടെ തന്നെ നേട്ടം ലഭിക്കുകയും ചെയ്താൽ, നിയമങ്ങൾക്ക് വിധേയനാകാതെ പെരുമാറാനുള്ള സാധ്യത കൂടുതലാണ്.

മറ്റുള്ളവരെ ഉപയോഗിക്കുന്ന വ്യക്തിബന്ധരീതി

കാലക്രമേണ ചില വ്യക്തികളിൽ ബന്ധങ്ങളെ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ കാണുന്നതിനു പകരം, സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള മാർഗമായി കാണുന്ന പ്രവണത രൂപപ്പെടാം. ഇങ്ങനെയുള്ള ആളുകളുടെ ചിന്തകൾ പലപ്പോഴും “ഈ വ്യക്തിയിൽ നിന്ന് എനിക്ക് എന്ത് നേടാൻ കഴിയും?” എന്നതായിരിക്കും. ഇത്തരം സമീപനം ശക്തമാകുമ്പോൾ വഞ്ചന, ചൂഷണം, കൃത്രിമമായി സ്വാധീനിക്കൽ, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറൽ തുടങ്ങിയ പെരുമാറ്റങ്ങൾ വർധിക്കാം.

സ്വന്തം പെരുമാറ്റത്തെ ന്യായീകരിക്കൽ

സാമൂഹികവിരുദ്ധ വ്യക്തിത്വവുമായി ബന്ധപ്പെട്ട വ്യക്തിത്വരീതികളിൽ സ്വന്തം പെരുമാറ്റത്തെ ന്യായീകരിക്കുന്ന ചിന്താരീതി പൊതുവെ കണ്ടുവരാറുണ്ട്. അതായത്, “എല്ലാവരും സ്വാർത്ഥരാണ്”, “ഞാൻ മറ്റുള്ളവരെ ഉപയോഗിച്ചില്ലെങ്കിൽ അവർ എന്നെ ഉപയോഗിക്കും”, “എനിക്ക് അർഹമായത് മാത്രമാണ് ഞാൻ എടുത്തത്”, “നിയമങ്ങൾ മറ്റുള്ളവർക്കുള്ളതാണ്”, “അങ്ങനെ ചെയ്യേണ്ടി വന്നതാണ്” തുടങ്ങിയ ചിന്തകൾ തെറ്റായ പെരുമാറ്റത്തെ വ്യക്തിയുടെ മനസ്സിൽ ന്യായീകരിക്കപ്പെട്ടതാക്കി മാറ്റാൻ സഹായിച്ചേക്കാം.

കൗമാരകാലത്ത് പെരുമാറ്റരീതികൾ ശക്തമാകാം

കുട്ടിക്കാലത്തും കൗമാരത്തിലും ഗുരുതരവും ആവർത്തിച്ചുമുള്ള നിയമലംഘനം, ആക്രമണസ്വഭാവം, വഞ്ചന, ഉത്തരവാദിത്തമില്ലായ്മ, മറ്റുള്ളവരുടെ നിയമങ്ങളെ അനുസരിക്കാനുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയ പെരുമാറ്റങ്ങൾ ഉണ്ടെങ്കിൽ അവ ശ്രദ്ധിക്കേണ്ടതാണ്.

സാമൂഹിക വിരുദ്ധ വ്യക്തിത്വരീതികൾ ഒരു ദിവസംകൊണ്ട് രൂപപ്പെടുന്നതല്ല; ജൈവികവും സ്വഭാവപരവുമായ സവിശേഷതകൾ, ബാല്യകാല അനുഭവങ്ങൾ, കുടുംബബന്ധങ്ങൾ, സാമൂഹിക പഠനം, വ്യക്തിയുടെ ചിന്താരീതികൾ എന്നിവയുടെ ദീർഘകാല പരസ്പരപ്രവർത്തനത്തിലൂടെയാണ് അവ ക്രമേണ ശക്തിപ്പെടുന്നത്. അതിനാൽ കുട്ടികളുടെ വ്യക്തിത്വവികസനത്തിൽ സ്നേഹവും സുരക്ഷിതത്വവും നൽകുന്ന കുടുംബാന്തരീക്ഷം, സ്ഥിരതയുള്ളതും മൂല്യാധിഷ്ഠിതവുമായ രക്ഷകതൃത്വം, വ്യക്തമായ അതിരുകളും ഉത്തരവാദിത്തബോധവും പഠിപ്പിക്കൽ, സഹാനുഭൂതിയും പരസ്പര ബഹുമാനവും വളർത്തൽ എന്നിവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. കുടുംബത്തോടൊപ്പം സ്കൂൾ, സമൂഹം, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയും കുട്ടികൾക്ക് ആരോഗ്യകരമായ മാതൃകകളും പിന്തുണയും നൽകുന്ന സാഹചര്യം സൃഷ്ടിക്കണം. ഇത്തരം സംരക്ഷണ ഘടകങ്ങൾ പ്രതികൂലമായ പെരുമാറ്റരീതികൾ ശക്തിപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

വ്യക്തിയുടെ ചികിത്സയോടുള്ള സഹകരണമനുസരിച്ചായിരിക്കും ചികിത്സാപരമായ ഇടപെടലുകൾ സാധ്യമാവുക. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (Cognitive Behaviour Therapy – CBT), ഡയലെക്റ്റിക്കൽ ബിഹേവിയർ തെറാപ്പി (Dialectical Behaviour Therapy – DBT), മെന്റലൈസേഷൻ-ബേസ്ഡ് തെറാപ്പി (Mentalization-Based Therapy – MBT) തുടങ്ങിയ മനഃശാസ്ത്രപരമായ ഇടപെടലുകൾ ചികിത്സാമാർഗങ്ങളായി ഉപയോഗിക്കാറുണ്ട്. മനുഷ്യ വ്യക്തിത്വം കൂടുതൽ സങ്കീർണ്ണവും പല തലങ്ങളിലായി രൂപപ്പെടുന്നതുമായതിനാൽ, ഏതൊരു ചികിത്സയും വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഉൾക്കൊള്ളുന്ന രീതിയിലാവേണ്ടതുണ്ട്.

കേരള സർവകലാശാലയിൽ മനഃശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാണ് ലേഖകൻ.