കേരളത്തിന്റെ ആരോഗ്യമേഖല ഒരു പരിവർത്തനമുഖത്താണ്. ബഹുരാഷ്ട്രഭീമന്മാരുടെ അദൃശ്യകരങ്ങൾ നമ്മുടെ ആശുപത്രിശൃംഖലകളെ നിയന്ത്രിക്കുന്നകാലത്ത് ബഹുതലപ്രതിരോധം അനിവാര്യം. അതിനായി ആരോഗ്യരംഗത്ത് പുതിയൊരു കേരള മോഡൽ രൂപംകൊണ്ടേ മതിയാവൂ. സർക്കാരിന്റെ ഇടപെടൽമാത്രം പോരാ. സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറേണ്ടതുണ്ട്

To advertise here,

പ്രതിേരാധം രോഗം വരുംമുൻപേ

വെറുമൊരു വണ്ടി ഉപയോഗിച്ച് വൃക്കരോഗികളുടെ എണ്ണം കുറയ്ക്കാൻ പറ്റുമോ? പറ്റും. അതെന്ത് ചികിത്സയെന്നു ചോദിക്കുന്നവരോട് ചികിത്സയല്ല, പ്രതിരോധമാണിതെന്ന ഉത്തരം നൽകും കോഴിക്കോട്ടെ ഹെൽപിങ് ഹാൻഡ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ. 12 വർഷത്തോളമായി ആ പ്രതിരോധത്തിന്റെ വഴിയിലാണ് ഈ കൂട്ടായ്മ.

2014-ലാണ് വൃക്കരോഗം മുൻകൂട്ടി തിരിച്ചറിയാനുള്ള സഞ്ചരിക്കുന്ന ലാബ് ഈ സംഘടന തുടങ്ങിയത്. നാളിതുവരെ പരിശോധിച്ചത് 2,35,896 പേരെ. ക്രിയാറ്റിൻലെവലും ആൽബുമിനുമുൾപ്പെടെയുള്ള രക്തഘടകങ്ങൾ പരിശോധിക്കും. വൃക്കരോഗ സാധ്യതകൾ ഇതിലൂടെ മുൻകൂട്ടി തിരിച്ചറിയാൻകഴിയും. ഇതുവരെ പരിശോധിച്ച 3597 ആളുകളിൽ വൃക്കരോഗ സാധ്യത കണ്ടെത്തി. ഇവരെ വിദഗ്ധ പരിശോധനയ്ക്കയച്ചു. രോഗം മുൻകൂട്ടി തിരിച്ചറിയുന്നതുകൊണ്ട് ചികിത്സ കുറച്ചുകൂടി ഫലപ്രദമായി നടത്താനും കഴിയും.

ഡോ. സഞ്ജയ് അഗർവാൾ ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാർ നൽകിയ മാർഗനിർദേശമനുസരിച്ച് ഒരു ചോദ്യാവലിയും ഇവർ തയ്യാറാക്കിയിരുന്നു. പൂർവകാല രോഗങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇതിൽ അടങ്ങിയിരുന്നു. ഇതെല്ലാം വിലയിരുത്തിയും പരിശോധിച്ചുമാണ് ക്യാമ്പ് നടക്കുന്നത്. ഹെൽപിങ് ഹാൻഡ്‌സ് സഞ്ചരിക്കുന്ന വൃക്കരോഗ നിർണയക്യാമ്പ് തുടങ്ങിയ കാലത്ത് ഇത്തരമൊരു സംവിധാനം നമ്മുടെ നാട്ടിൽ അപൂർവമായിരുന്നു. ഇപ്പോഴും ചില ആശുപത്രികൾ നടത്തുന്നെന്നല്ലാതെ ഇത്തരം വിരലിലെണ്ണാവുന്ന ക്യാമ്പുകൾമാത്രമേ നടക്കാറുള്ളൂ.

കേരളത്തിൽ തുടർച്ചികിത്സയുൾപ്പെടെ ഏറ്റവുമധികം ചെലവുവരുന്ന അസുഖങ്ങളിലൊന്നാണ് വൃക്കരോഗം. എന്നാൽ, ഇത് മുൻകൂട്ടിക്കണ്ട് പ്രതിരോധിക്കാനുള്ള മാർഗങ്ങളിലേക്ക് സർക്കാർപോലും കടക്കുന്നില്ലെന്നതാണ് യാഥാർഥ്യം.

പ്രതിരോധം കുട്ടികളിൽനിന്ന്

ജീവിതശൈലീരോഗങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അഞ്ചിലൊരാൾ പ്രമേഹബാധിതർ. സ്ത്രീകളിൽ 28 ശതമാനവും പുരുഷന്മാരിൽ 31 ശതമാനവും പ്രമേഹത്തിനു മരുന്നുകഴിക്കുന്നു. രോഗം വന്നശേഷം ചികിത്സിക്കലാണ് മലയാളിയുടെ രീതിയും ശീലവും. രോഗത്തിനിടയാക്കുന്ന ചുറ്റുപാടുകൾ നാം കണ്ടില്ലെന്നുനടിക്കുകയാണ്. സാംക്രമിക രോഗങ്ങളും മാതൃ-ശിശു മരണങ്ങളും പോഷകാഹാരക്കുറവും ആയിരുന്നു ഒരുകാലത്ത് കേരളം നേരിട്ടിരുന്ന വലിയ വെല്ലുവിളി. കൂട്ടായപ്രവർത്തനത്തിലൂടെ അവയെ മറികടന്നെങ്കിലും ജീവിതശൈലീരോഗങ്ങൾ കേരളത്തെ വലയ്ക്കുകയാണ്. സംസ്ഥാനത്തെ രോഗാലയമാക്കുന്നതിന്റെ അടിസ്ഥാന ഘടകവും ഉയർന്നുനിൽക്കുന്ന ജീവിതശൈലീരോഗങ്ങൾതന്നെ.

രക്താതിമർദം, ഹൃദ്രോഗങ്ങൾ, അമിതവണ്ണം, വൃക്കരോഗങ്ങൾ എന്നിവയുടെ തുടക്കം കുട്ടിക്കാലത്തും കൗമാരത്തിലുമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതമായ സ്‌ക്രീൻ ഉപയോഗം, ഉറക്കക്കുറവ്, മാനസികസമ്മർദം എന്നിവ ഇതിന് ആക്കംകൂട്ടുന്നു. ജീവിതശൈലീരോഗങ്ങളുമായി കുട്ടികൾ വളരുന്നതിനോടൊപ്പം രോഗാതുരമായ ഒരു സമൂഹംകൂടിയാണ് വളരുന്നത്. അതുകൊണ്ടുതന്നെ കുട്ടികളിൽനിന്ന് തുടങ്ങിയാൽ രോഗങ്ങളെ ഒരുപരിധിവരെ പിടിച്ചുകെട്ടാം. അത്തരമൊരു ആരോഗ്യസംസ്‌കാരം വളർത്തിയെടുക്കുകയാണ് വേണ്ടത്.

പ്രതിരോധം കീശകീറുംമുൻപേ

53 വയസ്സുള്ള സ്ത്രീയെ കോഴിക്കോട്ടെ വൻകിട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അഡ്മിറ്റായത് മൂന്നുദിവസം. ആകെ ബിൽ 62,479 രൂപ. എന്നാൽ, ഇൻഷുറൻസ് തുകയായി അനുവദിച്ചുകിട്ടിയതാകട്ടെ 31,525 രൂപമാത്രം. ബാക്കി 29,838 രൂപ രോഗിയുടെ കൈയിൽനിന്ന് അടയ്ക്കണം. ആശുപത്രിക്കാർ ഇല്ലാത്ത ബില്ലുകൾകൂടി ചേർത്ത് ക്ലെയിംചെയ്തതാണോ? സംശയം സ്വാഭാവികം. ബിൽ സൂക്ഷ്മമായി പരിശോധിച്ചതിൽനിന്ന് ഒരുകാര്യം വ്യക്തമായി. ഇല്ലാത്ത ബില്ലല്ല, സംഗതി ഉള്ളതുതന്നെ. പക്ഷേ, ഇൻഷുറൻസ് കന്പനി അംഗീകരിക്കാത്ത ബില്ലാണെന്നുമാത്രം.

വെൽഫിക്സ്, ലെഗ് ബാഗ്, യൂറിൻ ബാഗ്, കത്തീറ്റർ, മാസ്ക്, ഗ്ലൗസ്, മെഷറിങ് ജാർ, ഹാൻഡ് റബ്ബ്, ഐ.വി. കാനുലേഷൻ... നീളുന്നു ക്ലെയിമില്ലാത്തവയുടെ പട്ടിക. കൺസ്യൂമബിൾസ് എന്നപേരിലാണ് മേൽപ്പറഞ്ഞ ഇനങ്ങളുടെയെല്ലാം ക്ലെയിം ഇൻഷുറൻസ് കന്പനി തള്ളിയത്. ഏതാണ്ട് 11,939 രൂപ അങ്ങനെ രോഗിയുടെ പോക്കറ്റിൽനിന്ന് നഷ്ടം.

ഇൻഷുറൻസ് പരിരക്ഷയുടെ കാലത്ത് കിട്ടുന്നതുപോരട്ടെ എന്ന മട്ടിലാണ് മിക്ക ആശുപത്രികളുടെയും ഇടപെടൽ. ഒന്നുകിൽ ഇൻഷുറൻസ് കന്പനി തരും, അല്ലെങ്കിൽ േരാഗി. പണമുറപ്പായതിനാൽ മരുന്നിനും മറ്റുവകകൾക്കും ഒരു കുറവുംവരുത്താറില്ല. വേണ്ടതാണോ വേണ്ടാത്തതാണോ എന്നു നിശ്ചയമില്ലാത്തതിനാൽ നിഷേധിക്കാൻ രോഗിക്കുമാകില്ല. ഒരു ഗ്ലൗസിനും പകരം ഒരുപെട്ടി ഒന്നാകെ, രണ്ടോ മൂന്നോ മാസ്കിനുപകരം വലിെയാരു പാക്കറ്റും ചോദിക്കാതെ നിങ്ങളുടെ മുറിയിലെത്തും. ക്ലെയിം നിഷേധിക്കപ്പെടുന്നവയിൽ മുൻപന്തിയിലുണ്ടാകും ഇവയുടെ വില. ആശുപത്രികൾക്കാകട്ടെ ഒരു മുടക്കുമില്ലാത്ത കച്ചവടവും.

പ്രതിരോധം അതാണ് ആരോഗ്യം

പൊതുജനാരോഗ്യരംഗത്തുനിന്ന് സർക്കാർ പിന്മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങിയെന്നു പറയുന്നതല്ലാതെ പലതിലും അതിനുവേണ്ട സൗകര്യങ്ങളൊന്നുമില്ല. സ്വകാര്യമേഖലയാണെങ്കിൽ തഴച്ചുവളരുകയാണ്. ആരോഗ്യം എന്നുപറയുന്നത് ചികിത്സ എന്ന നിലയിലാണ് ജനങ്ങൾ കാണുന്നത്. വലിയൊരു തുക മുടക്കി ഇൻഷുറൻസ് എടുത്തുകഴിഞ്ഞാൽപിന്നെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടെന്ന കാഴ്ചപ്പാടാണ്. ആരോഗ്യം എന്നാൽ, ചികിത്സയല്ലെന്നും പ്രതിരോധമാണെന്നുമുള്ള ആശയത്തിലേക്ക് മാറണം. 40 വയസ്സുകഴിഞ്ഞാൽ ദീർഘകാല രോഗങ്ങൾക്ക് അടിപ്പെടുകയാണ് നാം. ചികിത്സിച്ച് ദരിദ്രരാകുന്ന സ്ഥിതിയാണ് കേരളത്തിലിപ്പോൾ.

ഡോ. ബി. പദ്മകുമാർറിട്ട. പ്രിൻസിപ്പൽ

ആലപ്പുഴ മെഡിക്കൽകോളേജ്

പ്രതിരോധം സഹകരണവഴിയിൽ

നമ്മുടെ സർക്കാർതന്നെ മെഡിക്കൽ കോളേജുകളും ആശുപത്രികളും നടത്താൻ പ്രയാസപ്പെടുകയാണ്. നിലവിൽ സഹകരണമേഖലയിലുള്ള ആശുപത്രികളെ കോർപ്പറേറ്റുകളോട് കിടപിടിക്കുംവിധം ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടത്. സ്പെഷ്യൽഗ്രേഡുള്ള സഹകരണസ്ഥാപനങ്ങൾ മാത്രമേ ആശുപത്രികൾ തുടങ്ങാവൂവെന്ന വ്യവസ്ഥകൂടി സർക്കാർ കൊണ്ടുവരണം. സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നൽകുന്നതിന്റെ പത്തുശതമാനം ഗ്രാന്റ് സഹകരണമേഖലയിലെ ആശുപത്രികൾക്ക് നൽകണം. അങ്ങനെയെങ്കിൽ ആരോഗ്യരംഗത്തേക്ക് സഹകരണസ്ഥാപനങ്ങൾകൂടി വരും. ചൂഷണം ഒരുപരിധിവരെ കുറയ്ക്കാനും കഴിയും.

സി.എൻ. വിജയകൃഷ്ണൻ

ചെയർമാൻ

എം.വി.ആർ. കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

നേരത്തേയുള്ള രോഗനിർണയം പ്രധാനം

ആരോഗ്യരംഗത്തെ ഏറ്റവും ലാഭകരമായ നിക്ഷേപങ്ങളിൽ ഒന്നാണ് നേരത്തേയുള്ള രോഗനിർണയം. സ്കൂൾകുട്ടികളിൽനിന്നും കോളേജ് കുട്ടികളിൽനിന്നും ഇത് തുടങ്ങാം. കേരളത്തിൽ ഒരുകാലത്ത് വിജയകരമായി നടപ്പാക്കിയിരുന്ന സ്കൂൾ ആരോഗ്യപദ്ധതിക്ക് കാലോചിതമായ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണം. ശാരീരികപരിശോധനകൾ മാത്രമല്ല, മാനസികാരോഗ്യ സ്‌ക്രീനിങ്, കൗൺസലിങ്, ജീവിതനൈപുണി പരിശീലനം, ലഹരിവിരുദ്ധ വിദ്യാഭ്യാസം, പോഷകാഹാരം, ശാരീരിക വ്യായാമം, കായികസംസ്കാരം, ഡിജിറ്റൽ ആരോഗ്യബോധം, ലൈംഗിക-പ്രത്യുത്‌പാദന ആരോഗ്യവിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള ബോധവത്‌കരണം എന്നിവ ഇതിന്റെ ഭാഗമാക്കാം. എൻ.സി.സി., സ്റ്റുഡന്റ് പോലീസ് കെഡേറ്റ്, സ്‌കൗട്ട്-ഗൈഡ്, എൻ.എസ്.എസ്. തുടങ്ങിയവയുടെയെല്ലാം പങ്കാളിത്തത്തോടെ കുട്ടികൾതന്നെ നയിക്കുന്ന ഒരു ജനകീയ ആരോഗ്യപ്രസ്ഥാനമായി ഇതിനെ വളർത്തിയെടുക്കാൻ സാധിക്കും. രോഗങ്ങളുടെ പിടിയിൽനിന്ന് കുട്ടികളെ വഴിമാറ്റി നടത്താൻ നമുക്കു സാധിക്കും. ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യച്ചെലവ് കുത്തനെ കുറയ്ക്കാൻ ഇതിലൂടെ കഴിയും

ഡോ. ബി. ഇക്ബാൽ

പൊതുജനാരോഗ്യവിദഗ്ധൻ

  • ആശുപത്രികളുടെയും ഇൻഷുറൻസ് കമ്പനികളുടെയും ചൂഷണംചെറുക്കാൻ ഒരുപിടി സംവിധാനങ്ങൾ നമുക്കുണ്ട്. പലരും അവയെക്കുറിച്ച് ബോധവാന്മാരല്ലെന്നുമാത്രം
  • ആശുപത്രി, ഇൻഷുറൻസ് സേവനങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ പരാതി നൽകാനുള്ള ഫലപ്രദമായ സംവിധാനമാണ് പെർമനന്റ് ലോക് അദാലത്ത്. ഒരുകോടിരൂപവരെ നഷ്ടപരിഹാരത്തിന് അർഹതയുള്ള കേസുകൾ പരിഗണിക്കും. നേരിട്ടോ വക്കീൽമുഖേനയോ പരാതി നൽകാം. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പെർമനന്റ് ലോക് അദാലത്തുകളുണ്ട്
  • ജില്ലാ ഉപഭോക്തൃതർക്കപരിഹാര ഫോറങ്ങളെ സമീപിക്കാം
  • ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റൽ അതോറിറ്റിയുടെ (ഐ.ആർ.ഡി.എ.ഐ.) പരാതി പരിഹാര സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യാം
  • തർക്കങ്ങൾ നിലനിൽക്കുകയാണെങ്കിൽ ഇൻഷുറൻസ് ഓംബുഡ്‌സ്മാനെ സമീപിക്കാം
  • പല പഞ്ചായത്തുകളിലും നമുക്ക് ഡയാലിസിസ് സെന്ററുകളുണ്ട്. എന്നാൽ, അതോടൊപ്പം വൃക്കരോഗനിർണയ സംവിധാനങ്ങളും തുടങ്ങാം
  • കുടുംബശ്രീ, ആശവർക്കമാർ എന്നിവരെയും ഇതിനായി ഉപയോഗിക്കാം
  • ജനങ്ങളിൽ കൃത്യമായ അവബോധംകൂടി നൽകിയാൽ വൃക്കരോഗം വരുന്നതിനുമുൻപേ ഒരുപരിധിവരെ തടയാനാകും. അതുവഴിയുള്ള ചികിത്സച്ചെലവ് കുത്തനെ കുറയ്ക്കാനുമാകും

മുൻഭാഗങ്ങൾ വായിക്കാം

മലയാളികളുടെ ചികിത്സാച്ചെലവ് ആറുവർഷം കൊണ്ട് കൂടിയത് 200%, ആരോഗ്യരംഗത്ത് കുത്തകകളുടെ കുത്തൊഴുക്ക്

പൂട്ടിപ്പോകുന്ന സ്വകാര്യ ക്ലിനിക്കുകളും ചെറുകിട ആശുപത്രികളും, സ്വകാര്യ ആശുപത്രികളെ വിഴുങ്ങി കോർപ്പറേറ്റുകൾ

സർക്കാർ ആശുപത്രിയിൽ 12,000 രൂപയിൽതാഴെ വരുന്ന ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രിയിൽ ഒന്നരലക്ഷംരൂപയോളം !

അറവുശാലയാകുന്ന ചികിത്സാലയങ്ങൾ, പൊൻമുട്ടയിടുന്ന ആരോഗ്യരംഗം; ചികിത്സിച്ച് മരിക്കുന്ന കേരളം

150 കോടിയുടെ ഓഫറുകൾ, നിശ്ശബ്ദ ഏറ്റെടുക്കലുകൾ; ഗ്രാമീണ ആരോഗ്യമേഖല വിലയ്ക്ക്‌ വാങ്ങുമ്പോൾ

ബില്ലെത്ര? 97 ലക്ഷം! എന്തു ധൈര്യത്തിൽ ആശുപത്രിയിൽപ്പോകും? ഇൻഷുറൻസ് പരിരക്ഷപോലും എങ്ങുമെത്താത്തത്ര ചെലവ്

(അവസാനിച്ചു)