അണുബാധയോ മറ്റ് രോഗങ്ങളോ നീർക്കെട്ടോ ഉണ്ടാകുമ്പോൾ ശരീരം അതിനോട് പ്രതികരിക്കും. ഇതിന്റെ ഫലമായി ശരീര താപനില ഉയരും. ഇതിനെയാണ് പനി എന്ന് പറയുന്നത്. പനി ഒരു രോഗമല്ല. അതൊരു പ്രതിരോധ സംവിധാനവും ലക്ഷണവുമാണ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സജീവമാണെന്നും അത് അണുബാധകളോടോ (ഉദാ: വൈറസ്, ബാക്ടീരിയ തുടങ്ങിയവ) ശരീരത്തിലെ വീക്കത്തോടോ അല്ലെങ്കിൽ മറ്റ് ചില കാരണങ്ങളോടോ (ഉദാ: മരുന്നുകൾ, ഹോർമോൺ വ്യതിയാനങ്ങൾ, കാൻസർ, മുഴകൾ എന്നിവ) പ്രതികരിക്കുകയാണെന്നും ഇത് സൂചിപ്പിക്കുന്നു.
ശരീര താപനില കൂടുന്നത് ചില രോഗാണുക്കളുടെ വളർച്ച മന്ദഗതിയിലാക്കാനും പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. പനിയുടെ തരം, കാരണം, ദൈർഘ്യം, അനുബന്ധ ലക്ഷണങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. ചൂട് ഉയർത്താനായി ശരീരം വിറയ്ക്കുക, നെഞ്ചിടിപ്പ് കൂടുക, വർധിച്ച ദാഹം, നിർജലീകരണം, ശരീരവേദന, വിശപ്പില്ലായ്മ എന്നിവയൊക്കെ പനിയുമായി ബന്ധപ്പെട്ട് അനുഭവപ്പെടാം.
കണ്ടെത്തണം, പനിയുടെ കാരണം
- പനി ഒരു ലക്ഷണമായതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് പനിയുണ്ടായതെന്ന് ആദ്യം കണ്ടെത്തണം. ഇതിനായി രോഗലക്ഷണങ്ങൾ, ദേഹപരിശോധനയിലൂടെ തിരിച്ചറിയുന്ന ലക്ഷണങ്ങൾ, രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ, ഏതൊക്കെ മരുന്നുകൾ കഴിക്കുന്നു, എവിടെയൊക്കെ യാത്രകൾ ചെയ്തിട്ടുണ്ട്, മറ്റ് രോഗികളുമായുള്ള സമ്പർക്കം, ജോലി സാഹചര്യം എന്നിവയെല്ലാം ഡോക്ടർ വിശദമായി മനസ്സിലാക്കും.
- ഇതിനുശേഷം രക്തപരിശോധന, ഇ.എസ്.ആർ., മൂത്രപരിശോധന, പെരിഫെറൽ സ്മിയർ, ലിവർ ഫങ്ഷൻ ടെസ്റ്റ്, റീനൽ ഫങ്ഷൻ ടെസ്റ്റ് എന്നീ പ്രാഥമിക പരിശോധനകൾ ആവശ്യാനുസരണം നടത്തും. തുടർന്ന്, ആവശ്യമായി വന്നാൽ ചില രക്തപരിശോധനകൾ കൂടി ചെയ്യാറുണ്ട്.
- മലേറിയയ്ക്ക് കാരണമാകുന്ന പ്ലാസ്മോഡിയം എന്ന പാരസൈറ്റ് ശരീരത്തിൽ ഉണ്ടോയെന്ന് അറിയാനുള്ള മലേറിയ ടെസ്റ്റ്.
- ഡെങ്കി വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്നറിയാനുള്ള ഡെങ്കി എൻ.എസ്. വൺ ആന്റിജൻ ടെസ്റ്റ്.
- വിവിധ ബാക്ടീരിയകൾക്കും വൈറസുകൾക്കും എതിരായുള്ള പി.സി.ആർ. പരിശോധനകൾ. (ഉദാ: എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ ബാക്ടീരിയ സാന്നിധ്യം ഉണ്ടോയെന്ന് അറിയാനുള്ള ലെപ്റ്റോ പി.സി.ആർ പരിശോധന)
- വിവിധ ബാക്ടീരിയകൾക്കും വൈറസുകൾക്കും എതിരായുള്ള ഇമ്യൂണോഗ്ലോബുലിൻ എം, ഇമ്യൂണോഗ്ലോബുലിൻ ജി ടെസ്റ്റുകൾ.
- ടൈഫോയിഡും പാരാ ടൈഫോയിഡും ഉണ്ടോയെന്നറിയാനുള്ള വിഡാൽ ടെസ്റ്റ്
- സ്ക്രബ് ടൈഫസ് (ചെള്ളുപനി) രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സ്ക്രബ് ടൈഫസ് ടെസ്റ്റ്.
- മിക്കവാറും പനിയുടെ കാരണങ്ങൾ ഇതിലൂടെ നിർണയിക്കാനാകും. ഇവ കൂടാതെ ആവശ്യമെങ്കിൽ എക്സ്റേ, വിവിധ തരം സ്കാനുകൾ എന്നിവയും ചെയ്യാറുണ്ട്.
ചികിത്സ
പനിയുടെ അടിസ്ഥാന കാരണം, രോഗിയുടെ പ്രായം, ശാരീരിക അവസ്ഥ എന്നിവയെ ആശ്രയിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പനി 48 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുകയോ, 102°F (38.9°C) ൽ കൂടുതൽ ആകുകയോ ചെയ്താൽ ഉടൻ ഡോക്ടറെ കാണണം. 104°F (40°C)ൽ കൂടുതൽ പനി ഉണ്ടാവുക, ബോധക്ഷയം, അപസ്മാരം, ശ്വാസംമുട്ടൽ, മൂക്കിലൂടെയും വായിലൂടെയുമുള്ള രക്തസ്രാവം, കടുത്ത വയറുവേദന, ഛർദി, മൂത്രം കുറയുക, മഞ്ഞപ്പിത്തം, തൊലിപ്പുറത്ത് തിണർപ്പ്, ചുവന്ന പാടുകൾ എന്നിവ കണ്ടാൽ നിർബന്ധമായും ചികിത്സതേടണം.
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ
പനി കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ പല സങ്കീർണതകൾക്കും ഇടയാക്കാം. (ഉദാ: എലിപ്പനിമൂലം വൃക്ക തകരാർ, വൈറൽ പനിമൂലം ന്യുമോണിയ, മസ്തിഷ്ക തകരാർ എന്നിവ). പനിയുമായി ബന്ധപ്പെട്ട മറ്റ് ചില പ്രശ്നങ്ങൾ ഇവയാണ്.
നിർജലീകരണം: പനിയെത്തുടർന്ന് ശരീരത്തിലെ ജലാംശത്തിന്റെ തോത് വലിയ തോതിൽ കുറയുന്നതാണ് നിർജലീകരണത്തിന് കാരണം. ഇത് പരിഹരിച്ചില്ലെങ്കിൽ രക്തസമ്മർദം അപകടകരമായ തരത്തിൽ കുറയാം.
ഹൈപ്പർ പൈറെക്സിയ: ഗുരുതരമായ അവസ്ഥയാണിത്. ശരീരതാപനില 106.7 F (41.5 ഡിഗ്രി സെൽഷ്യസ്) എത്തുന്ന അവസ്ഥയാണിത്. മസ്തിഷ്കത്തിലെ താപനിയന്ത്രണ സംവിധാനം (ഹൈപ്പോതലാമസ്) അസാധാരണമായി ശരീരതാപനില ഉയർത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥമൂലം ബോധക്ഷയം, തലച്ചോറിന് നാശം എന്നിവ ഉണ്ടാകാം.
സെപ്സിസ്: കടുത്ത അണുബാധയോടുള്ള ശരീരത്തിന്റെ തീവ്രമായ, ഗുണപരമല്ലാത്ത പ്രതികരണമാണ് സെപ്സിസ്. ഇത് ജീവന് ഭീഷണിയായ മെഡിക്കൽ എമർജൻസിയാണ്.
സ്വയം ചികിത്സിക്കേണ്ട
ബാക്ടീരിയ മൂലമാണോ വൈറസ് മൂലമാണോ മറ്റെന്തെങ്കിലും കാരണങ്ങൾ മൂലമാണോ പനി ഉണ്ടായതെന്ന് ആദ്യം കണ്ടെത്തണം. പരിശോധനകൾക്കുശേഷം ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നുകൾ കഴിക്കാവൂ. ഏതെങ്കിലും പനിമരുന്ന് സ്വയം വാങ്ങിക്കഴിക്കരുത്.
ഏതുതരം പനിയ്ക്കും സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക് മരുന്നുകൾ വാങ്ങിക്കഴിക്കുന്നതും ഡോക്ടർ നിർദേശിച്ച മരുന്നുകൾ കോഴ്സ് പൂർത്തിയാക്കാതെ ഇടയ്ക്ക് വെച്ച് നിർത്തുന്നതും രോഗാണുക്കൾ മരുന്നിനെ പ്രതിരോധിക്കുന്ന അവസ്ഥയുണ്ടാകാൻ ഇടയാക്കും.
പനിക്കാലത്തെ ഭക്ഷണം
പനിയുള്ളപ്പോൾ ദഹിക്കാൻ എളുപ്പമുള്ളതും ധാരാളം ജലാംശമുള്ളതും പോഷകസമൃദ്ധമായതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഈ സമയത്ത് ശരീരത്തിന് ഊർജവും പോഷകങ്ങളും ആവശ്യമാണ്.
പ്രത്യേകിച്ച്, വിറ്റമിനുകളും പ്രോട്ടീനും. കഞ്ഞി, സൂപ്പ്, പച്ചക്കറികൾ, പഴങ്ങൾ, മുട്ട എന്നിവ കഴിക്കാം. കൊഴുപ്പ് കൂടിയതും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.
പനി ലക്ഷണമാകുന്ന ഡെങ്കി മുതൽ സീസണൽ ഫ്ലൂവരെ
പല പകർച്ചവ്യാധികളും ആദ്യം പ്രകടമാകുക പനിയോടുകൂടിയാണ്. കേരളത്തിൽ കണ്ടുവരുന്ന അത്തരം പ്രധാനപ്പെട്ട ചില രോഗാവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാം.
ഡെങ്കിപ്പനി
104°F വരെ ഉയരാൻ സാധ്യതയുള്ള പെട്ടെന്ന് തുടങ്ങുന്ന പനിയാണ് ഡെങ്കിയുടെ ലക്ഷണം. കൂടാതെ സന്ധികളിലും പേശികളിലും കടുത്ത വേദന (ബ്രേക്ക്ബോൺ ഫീവർ), കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, ചർമത്തിൽ ചുവന്ന തിണർപ്പ് (Rash), ഓക്കാനം, ഛർദ്ദി, അതിസാരം, ക്ഷീണം, ബലഹീനത എന്നിവയും അനുഭവപ്പെടാം.
ഈഡിസ് ഈജിപ്റ്റി (Aedes aegypti) കൊതുക് പരത്തുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകു കുത്തുന്നതിലൂടെ ഡെങ്കി വൈറസ് (DENV) മനുഷ്യരിലേക്ക് പ്രവേശിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
ഗുരുതര മുന്നറിയിപ്പ് ലക്ഷണങ്ങൾ:
- തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന പാടുകൾ.
- മൂക്കിൽനിന്നും മോണയിൽനിന്നും രക്തസ്രാവം.
- ബി.പി. കുറയുന്ന അവസ്ഥ.
- രക്തം കലർന്ന ഛർദ്ദി.
- ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, കഠിനമായ ക്ഷീണം, അസ്വസ്ഥത.
- തുടർച്ചയായ വയറുവേദന
ചികിത്സ: പ്രത്യേക ആന്റിവൈറൽ ചികിത്സയില്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകുക. ഇതിനായി അടുത്തുള്ള ആശുപത്രിയിൽ പോയി ഡോക്ടറുടെ സേവനം തേടണം.
നന്നായി വിശ്രമിക്കണം. ധാരാളം ദ്രാവകങ്ങൾ (വെള്ളം, കഞ്ഞിവെള്ളം, ഒ.ആർ.എസ്.) കുടിക്കാം.
പനി, ശരീരവേദന എന്നിവയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ മാത്രം കഴിക്കുക. ആസ്പിരിൻ, ഐബുപ്രോഫെൻ ഒഴിവാക്കുക. ഇല്ലെങ്കിൽ രക്തസ്രാവ സാധ്യത വർധിക്കും.
പ്രതിരോധ മാർഗങ്ങൾ:
വീട്ടിലും പരിസരത്തും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
ആഴ്ചയിൽ ഒരിക്കൽ 'ഡ്രൈ ഡേ' ആചരിക്കുക.
കൊതുകുവല, ലേപനങ്ങൾ (DEET, പിക്കാരിഡിൻ) ഉപയോഗിക്കുക.
നീളൻ കൈയുള്ള ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
എലിപ്പനി
ശക്തമായ പനി, തലവേദന, പേശിവേദന, പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും അനുഭവപ്പെടുന്നതാണ് എലിപ്പനിയുടെ ലക്ഷണം. കാൽമുട്ടിന് താഴെയുള്ള പേശികളിൽ അമർത്തുമ്പോൾ വേദന.
കണ്ണിന് ചുവപ്പുനിറം, നീർവീഴ്ച, കൃഷ്ണമണിക്ക് ചുറ്റും വെള്ളഭാഗത്ത് ചുവപ്പ്, മൂത്രത്തിന് മഞ്ഞനിറം എന്നിവ ഉണ്ടാകാം.
ലെപ്റ്റോസ്പിറ (Leptospira) ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്). എലികൾ ഉൾപ്പടെയുള്ള ജീവികളുടെ മൂത്രം കലർന്ന വെള്ളക്കെട്ടിൽ നിന്നാണ് ഈ രോഗം മനുഷ്യരെ ബാധിക്കുന്നത്.
ചികിത്സ: ഡോക്സിസൈക്ലിൻ, പെൻസിലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സ. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം ഉള്ളവരാണെങ്കിൽ ഇക്കാര്യം ഡോക്ടറെ അറിയിക്കണം.
പ്രതിരോധ മാർഗങ്ങൾ:
- ചെളിയിലും മലിനജലത്തിലും ജോലി ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക.
- ചെളിയിലും വെള്ളത്തിലും ഇറങ്ങുമ്പോൾ കയ്യുറ, ഗംബൂട്ട് എന്നിവ ധരിക്കുക.
- എലികളെ നിയന്ത്രിക്കുക.
- പരിസരങ്ങളിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
- കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കുക.
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
ചിക്കുൻഗുനിയ
പെട്ടെന്നുള്ള ഉയർന്ന പനിയോടെയാണ് ചിക്കുൻഗുനിയ പ്രകടമാകുക. ഇതോടൊപ്പം സന്ധികളിൽ കടുത്ത വേദന, പേശിവേദന, തലവേദന, ഓക്കാനം, ക്ഷീണം, ചർമ്മത്തിൽ തിണർപ്പ് (rash) എന്നിവയും ഉണ്ടാകാം.
ഈഡിസ് കൊതുകിലൂടെ (Aedes aegypti and Aedes albopictus) പകരുന്ന ചിക്കുൻഗുനിയ വൈറസ് രോഗമാണിത്.
ചികിത്സ: ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുക. രോഗികൾ നന്നായി വിശ്രമിക്കണം. കൊതുക് വല ഉപയോഗിക്കുക. പനി, ശരീരവേദന എന്നിവയ്ക്ക് പാരസെറ്റമോൾ നൽകാം. ധാരാളം ശുദ്ധജലം കുടിക്കണം.
പ്രതിരോധ മാർഗങ്ങൾ: കൊതുക് നിയന്ത്രണം കാര്യക്ഷമമാക്കണം.
കൊതുക് വല, ലേപനങ്ങൾ, ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് കൊതുകുകടി ഒഴിവാക്കുക.
ടൈഫോയിഡ്
അനുദിനം ഉയരുന്ന സ്ഥിരമായ പനി, ശരീരവേദന, കഠിനമായ തലവേദന, കടുത്ത ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം അല്ലെങ്കിൽ വയറിളക്കം, ചുമ എന്നിവ ടൈഫോയ്ഡിന്റെ ലക്ഷണമാകാം.
സാൽമൊണെല്ല ടൈഫി (Salmonella Typhi)
ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ടൈഫോയ്ഡ്. മാലിന്യം കലർന്ന ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് രോഗം വ്യാപിക്കുന്നത്.
ചികിത്സ: രോഗം തിരിച്ചറിഞ്ഞ് മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ആന്റിബയോട്ടിക് മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ നൽകിയാൽ ലക്ഷണങ്ങൾ കുറയും. ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവുന്ന തരത്തിലുള്ള സങ്കീർണതകൾ ഉണ്ടാകാനിടയുണ്ട്.
പ്രതിരോധ മാർഗങ്ങൾ:
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- വൃത്തിയുള്ള ശുചിമുറി ഉപയോഗിക്കുക, കൈകൾ നന്നായി കഴുകുക.
- മലിനമായ പാൽ ഉത്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ഒഴിവാക്കുക.
- ആറുവയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ടൈഫോയ്ഡിനെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ് നൽകാം.
- എപ്പോൾ വൈദ്യസഹായം തേടണം: തുടർച്ചയായ ഉയർന്ന പനി, തുടർച്ചയായ ഛർദ്ദി, തുടർച്ചയായ വയറുവേദന, ശരീരത്തിൽ നീര്, വായിൽനിന്നും മൂക്കിൽനിന്നും രക്തം വരിക, കൂടുതൽ ക്ഷീണം, അസ്വസ്ഥത, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ബോധക്ഷയം എന്നിവ കണ്ടാൽ ഉടൻതന്നെ ഡോക്ടറുടെ സേവനം തേടണം.
സീസണൽ ഫ്ളൂ
ശ്വാസകോശത്തെ ബാധിക്കുന്ന ഒരു പകർച്ചാ വ്യാധിയാണ് സീസണൽ ഫ്ളൂ. കാലാവസ്ഥ വ്യതിയാനമുള്ളപ്പോഴും മഴക്കാലത്തും ഇത് വളരെ വേഗത്തിൽ പടരുന്നു.
കാരണങ്ങൾ: ഇൻഫ്ളുവൻസ വൈറസാണ് രോഗത്തിന് കാരണം. മൂക്ക്, തൊണ്ട, ശ്വാസകോശങ്ങൾ തുടങ്ങിയ ഭാഗങ്ങളെയാണിത് ബാധിക്കുന്നത്. ഭൂരിഭാഗം ആളുകളിലും ഫ്ളൂ തനിയെ ഭേദമാകാറുണ്ട്. ആവശ്യമെങ്കിൽ ചികിത്സ തേടണം.
ലക്ഷണങ്ങൾ: മൂക്കൊലിപ്പും തൊണ്ടവേദനയുമാണ് പ്രധാന ലക്ഷണങ്ങൾ. പനി, ചുമ, തലവേദന, പേശീവേദന, ക്ഷീണം, തണുപ്പ്, വിയർക്കൽ എന്നിവയും ഈ രോഗത്തിന്റെ ലക്ഷണമാണ്.
ചികിത്സ: ആന്റിവൈറൽ മരുന്നുകളാണ് ഉപയോഗിക്കുക. വളരെ വേഗത്തിൽത്തന്നെ രോഗശമനമുണ്ടാകും. മറ്റൊന്ന് വാക്സിനാണ്. ഫ്ളൂ പ്രതിരോധിക്കാൻ വാക്സിൻ ലഭ്യമാണ്. ഇത് വർഷം തോറും എടുക്കേണ്ടതുണ്ട്.
ജലദോഷപ്പനി
ജലദോഷം (Common Cold) എന്നത് മൂക്കിനെയും തൊണ്ടയെയും ബാധിക്കുന്ന ഒരു സാധാരണ വൈറസ് അണുബാധയാണ്. ജലദോഷത്തോടൊപ്പം ശരീരതാപനില ഉയരുന്നതിനെയാണ് സാധാരണയായി 'ജലദോഷപ്പനി' എന്ന് വിളിക്കുന്നത്. റൈനോവൈറസ് (Rhinovirus) പോലുള്ള വൈറസുകളാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്.
തുമ്മൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്, തൊണ്ടവേദന, വരണ്ട ചുമ, ചെറിയതോതിലുള്ള പനിയും വിറയലും തലവേദന, ശരീരവേദന, കടുത്ത ക്ഷീണവും തളർച്ചയും തുടങ്ങിയവ ഉണ്ടാകാം.
ജലദോഷത്തിന് കാരണമാകുന്ന വൈറസുകളെ നശിപ്പിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് കഴിയില്ല. രോഗലക്ഷണങ്ങൾ കുറയ്ക്കാൻ വിശ്രമിക്കുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും നല്ലതാണ്. ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും (Gargling) ആവി പിടിക്കുന്നതും മൂക്കടപ്പിനും തൊണ്ടവേദനയ്ക്കും ആശ്വാസം നൽകും. ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ പോലുള്ള മരുന്നുകൾ പനിക്കും ശരീരവേദനയ്ക്കും ഉപയോഗിക്കാം.
എച്ച്1എൻ1
പന്നിപ്പനി ( Swine Flu) എന്നറിയപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് എച്ച്1 എൻ1 (H1 N1). വിറയലോടു കൂടിയ ശക്തമായ പനി, ചുമ, തൊണ്ടവേദന, കടുത്ത ശരീരവേദന, തലവേദന, അമിതമായ ക്ഷീണം, ചിലരിൽ ഛർദി, വയറിളക്കം എന്നിവ എച്ച്1 എൻ1 ബാധിതരിൽ ഉണ്ടാകാം. പ്രതിരോധശേഷി കുറഞ്ഞവരിലും, ഗർഭിണികളിലും കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്.
ശ്വാസതടസ്സം, നെഞ്ചുവേദന, കടുത്ത ചുമ, ന്യുമോണിയ, എ.ആർ.ഡി.എസ്. (Acute Respiratory Dtsiress SyndromeARDS), ഹൃദയപേശികളിൽ ഉണ്ടാകുന്ന വീക്കം (Myocarditis), അപസ്മാരം, തലച്ചോറിനെ ബാധിക്കുന്ന നീർക്കെട്ട് (Encephalitis), പല അവയവങ്ങളുടെ തകരാർ (Multi organ failure) എന്നിവ സങ്കീർണതകളായി ഉണ്ടാവാൻ സാധ്യതയുണ്ട്.
(കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം പ്രൊഫസർ ആണ് ലേഖകൻ)
ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്
Content Highlights: Explore the common fevers in Kerala, focusing on dengue fever symptoms, causes, and treatments to better understand and manage these health challenges.
Published: 29 Nov 2026, 11:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented