കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിതരായ മൂന്നു കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പരാമർശം വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എസ്.എം.എ. രോഗികൾക്കുള്ള മരുന്ന് സർക്കാരിന്റെ കൈയിലുണ്ടെന്നും പിന്നെ എന്തിനാണ് കാംപെയ്ൻ നടത്തുന്നത് എന്നറിയില്ല എന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. വിദേശമരുന്നിനു വേണ്ടിയാണെങ്കിൽ അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും 12 വയസ്സുവരെയുള്ള കുട്ടികൾക്ക് മരുന്ന് ഫ്രീയായി കൊടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ നിരവധി പേർ മന്ത്രിയുടേത് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശമാണെന്നു പറഞ്ഞ് രംഗത്തെത്തി. ഒരുകുത്തിവെപ്പിന് 16.5 കോടിയോളം വരുന്ന മരുന്ന് സർക്കാരിന്റെ പക്കൽ ഇല്ലെന്നും പരാമർശം പിൻവലിക്കണമെന്നും വ്യാപക വിമർശനം ഉയർന്നതിനു പിന്നാലെ വൈകീട്ടോടെ മന്ത്രി ഏത് ചികിത്സാരീതിക്കു വേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാത്തതാണ് തെറ്റിദ്ധാരണയ്ക്കിടയാക്കിയത് എന്നും ഫണ്ട് സമാഹരണം സ്വാഗതാർഹമാണെന്നും അറിയിച്ചു.
എസ്.എം.എ. ചികിത്സയ്ക്കു നൽകുന്ന ഓറൽമരുന്നും ജീൻതെറാപ്പി ചികിത്സയും രണ്ടാണ് എന്നതാണ് ഇതിൽ പ്രധാനം. സർക്കാർ സൗജന്യമായി നൽകുന്നത് ഓറൽ മരുന്നായ റിസിഡിപ്ലാം ആണ്. എന്നാൽ കാംപെയ്ൻ ചെയ്യുന്നത് കോടികൾ ചെലവു വരുന്ന ജീൻതെറാപ്പിക്കാണ്. സോൾജെൻസ്മ അഥവാ ജീൻ തെറപ്പിയെന്നത് കോടികൾ ചെലവു വരുന്ന ചികിത്സയാണ്. അതുകൊണ്ടാണ് മൂന്നുകുട്ടികൾക്കും കൂടി 50 കോടിയോളം രൂപ ചെലവു വരുന്നത്.
സ്‌പൈനൽ മസ്‌കുലർ അട്രോഫി
ജനിതകവൈകല്യം മൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി. നാഡീകോശങ്ങളുടേയും മോട്ടോർ ന്യൂറോണുകളുടേയും നശീകരണം മൂലം പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന അവസ്ഥയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറുകാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെ രോഗം ബാധിക്കുകയും ചെയ്യും. പ്രായമേറും തോറും അവസ്ഥ കൂടുതൽ ഗുരുതരമാകും. കുട്ടികളിലാണ് സാധാരണ ഈ രോഗാവസ്ഥ കണ്ടുവരുന്നത്. ജീൻ തെറാപ്പി മാത്രമാണ് ഇതിന് പരിഹാരം.
ഇന്ത്യയിൽ ജനിക്കുന്ന 10,000 കുഞ്ഞുങ്ങളിൽ ഒരാൾക്കുവീതം എസ്.എം.എ. രോഗം സ്ഥിരീകരിക്കുന്നുണ്ട്. പേശികളുടെ ശക്തി വീണ്ടെടുക്കാനാവാത്തവിധം ക്രമേണ കുറഞ്ഞുവരുന്ന ജനിതക രോഗമാണിത്. പേശികളെ നിയന്ത്രിക്കുന്ന സുഷുമ്‌നാ നാഡികളിലെ ജീനുകൾ നശിക്കുന്നതാണ് കാരണം. സുഷുമ്നാ നാഡിയിലെ മോട്ടോർ ന്യൂറോണുകൾ നിലനിൽക്കാൻ എസ്.എം.എൻ. പ്രോട്ടീൻ ആവശ്യമാണ്. ഈ പ്രോട്ടീൻ ഉണ്ടാക്കുന്ന എസ്.എം.എൻ.-1 ജീൻ തകരാറിലാകുമ്പോൾ നാഡീകോശങ്ങൾ നശിക്കും. പേശി ദുർബലമാകും. ഇരിക്കാനും നടക്കാനും ശ്വസിക്കാനും ബുദ്ധിമുട്ടും. ശരീരത്തിൽ എസ്.എം.എൻ.2 എന്ന ഒരു ‘ബാക്കപ്പ്’ ജീൻ ഉണ്ട്. പരിണാമപ്രക്രിയയിൽ എസ്.എം.എൻ. ജീൻ ഇരട്ടിച്ചുണ്ടായ അവശേഷിപ്പാണിത്. ചിലരിൽ ഈ ജീനിൽനിന്ന് എക്സോൺ-7 എന്നഭാഗം നഷ്ടമാകും. അത്തരം സാഹചര്യത്തിൽ പ്രവർത്തനക്ഷമമായ വളരെക്കുറച്ച് പ്രോട്ടീൻ മാത്രമേ ലഭിക്കൂ. ഈ രോഗാവസ്ഥയാണ് എസ്.എം.എ.
സോൾജെൻസ്മ-ജീൻ തെറപ്പി
പ്രധാനമായും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് സോൾജെൻസ്മ-ജീൻ തെറപ്പി നൽകുന്നത്. കേടായ ജീനിനുപകരം ആരോഗ്യമുള്ള ഒരു എസ്.എം.എൻ.-1 ജീൻ നാഡീകോശത്തിൽ എത്തിക്കുന്നു. പിന്നീട് കോശംതന്നെ പ്രോട്ടീൻ ഉണ്ടാക്കിക്കൊണ്ടിരിക്കും. രോഗത്തിന്റെ മൂലകാരണം പരിഹരിക്കപ്പെടും. പിന്നീട് മരുന്നുകളെ ആശ്രയിക്കാതെ, സാധാരണരീതിയിൽ ഇരിക്കാനും നടക്കാനും കളിക്കാനുമാകും. സിരകളിലൂടെ ഒറ്റത്തവണയായി നൽകുന്ന മരുന്നാണിത്. ജീവിതകാലം മുഴുവൻ ഫലം നൽകും. ഏകദേശം 16–17 കോടി രൂപയാണ് മരുന്നിന് ചെലവുവരുന്നത്. ജീവനുള്ള കോശങ്ങളിൽ നടത്തുന്ന സങ്കീർണമായ നിർമാണം, കുറഞ്ഞ രോഗീസംഖ്യ, ജനറിക് പതിപ്പ് ഉണ്ടാക്കാനുള്ള പ്രയാസം എന്നിവയാണ് ഉയർന്നവിലയ്ക്കുള്ള കാരണം.
റിസ്ഡിപ്ലാം
ബാക്കപ്പ് ജീനിനെ സഹായിക്കുന്ന മരുന്നാണ് റിസ്ഡിപ്ലാം. ശരീരത്തിലുള്ള എസ്.എം.എൻ.-2 എന്ന ‘ബാക്കപ്പ് ജീൻ’ കൂടുതലും അപൂർണമായ പ്രോട്ടീനാണ് ഉണ്ടാക്കുന്നത്. ജീനിൽ മാറ്റംവരുത്തുന്നില്ല, പകരം പൂർണ പ്രോട്ടീൻ കൂടുതൽ ഉണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്. വീട്ടിൽെവച്ച് നൽകുകയും എല്ലാ പ്രായക്കാർക്കും ഉപയോഗിക്കുകയും ചെയ്യാം. ഇവിടെ രോഗത്തെ മാറ്റുന്നില്ല, മറിച്ച് നിയന്ത്രിക്കുകമാത്രമാണ് ചെയ്യുന്നത്. വായിലൂടെ കഴിക്കുന്ന മരുന്ന് എല്ലാ ദിവസവും ആജീവനാന്തം കഴിക്കണം. മരുന്ന് കഴിക്കുന്നിടത്തോളംമാത്രമേ ഫലം ലഭിക്കൂ.
റിസ്ഡിപ്ലാമിന്റെ ജനറിക് പതിപ്പിന് 15,900 രൂപയാണ് വില. എളുപ്പം നിർമിക്കാവുന്ന രാസതന്മാത്രയാണിത്. കോടതിവിധിയെത്തുടർന്നാണ് ബ്രാൻഡഡ് മരുന്നിന് ഒരു കുപ്പിക്ക് ഏകദേശം ആറുലക്ഷം വരുന്ന റിസിഡിപ്ലാമിന്റെ ജനറിക് പതിപ്പ് 15,900 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങിയത്. ഇവിടെ നശിച്ച നാഡീകോശങ്ങൾ തിരികെവരില്ല.
എന്തുകൊണ്ട് വിലകൂടിയ മരുന്ന്?
ഒട്ടേറെക്കാലത്തെ ഗവേഷണ, പരീക്ഷണങ്ങൾക്കുശേഷമാണ് ഇത്തരം മരുന്നുകൾ കണ്ടെത്തുന്നത്. ഈ മരുന്നിന്റെ ആവശ്യക്കാർ എണ്ണത്തിൽ കുറവാണ്. മുടക്കുമുതൽ തിരികെ ലഭിക്കാനായി പല കമ്പനികളും മരുന്നുകൾക്ക് വലിയ തുക വിലയിടുന്നു.
രോഗനിർണയം
- ജനറ്റിക് കൗൺസലിങ്: രോഗത്തിന്റെ സ്വാഭാവിക അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുക. വിവാഹത്തിനുമുമ്പ് രോഗവാഹകരാണോ എന്നു പരിശോധിക്കുന്നത് അത്യാവശ്യമാണ്. ഒരു കുഞ്ഞിന് എസ്.എം.എ. ഉണ്ടെങ്കിൽ തുടർന്നുള്ള ഓരോ ഗർഭധാരണത്തിലും ഇതേ രോഗമുണ്ടാകാൻ 25 ശതമാനത്തോളം സാധ്യതയുണ്ട്. ഗർഭാവസ്ഥയിൽത്തന്നെ കുഞ്ഞിന് രോഗമുണ്ടോ എന്ന് നിർണയം നടത്തുന്നതാണ് ഉചിതം. രോഗമുണ്ടെങ്കിൽ ഗർഭം അലസിപ്പിക്കുക. (മാതാപിതാക്കൾ തയ്യാറാണെങ്കിൽ).
- ഫിസിയോതെറാപ്പി/മറ്റു സഹായചികിത്സകൾ: മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യുന്നത് ചലനശേഷി കൂട്ടാൻ സഹായിക്കും.
- എല്ലുകളുടെ ബലക്ഷയം തടയാനുള്ള ഗുളികകളും വിറ്റാമിനുകളും മുടക്കമില്ലാതെ നൽകുക.
കൈകോർക്കാം നമുക്ക്
ഇതുവരെ കിട്ടിയത്- 31.71 കോടി
ഇനി കിട്ടേണ്ടത്- 18.79 കോടി
പേര്: അരുൺ പി.ഡി.
അക്കൗണ്ട് നമ്പർ: 21360100162505
ബാങ്ക്: ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ
ഐ.എഫ്.എസ്.സി: FDRL0002136
Content Highlights: Explore the differences between gene therapy and risdiplam in SMA treatment, including effectiveness, administration, and the high cost of Zolgensma.
Published: 29 Nov 2026, 09:54 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented