പേര്, ലോഗോ, ഷെയ്ഡ് ഒറ്റനോട്ടത്തിൽ ഒരു മാറ്റവുമില്ല. ഡിസ്കൗണ്ട് കൂടി കിട്ടുമ്പോൾ ലാഭംതന്നെ. പിന്നെ എ.ഐ.യുടെ ഉപദേശവും സോഷ്യൽമീഡിയ റിവ്യൂവും ഒരു സ്കിൻകെയർ ഉത്പന്നം വാങ്ങുന്നതിന് ഇത്രയും മതിയെന്നാണ് നമ്മൾകരുതുന്നത്. വിപണിയിൽ കിട്ടുന്ന എല്ലാം ഒറിജിനൽ ആണെന്ന് കരുതി സ്വയം ചികിത്സയ്ക്കിറങ്ങരുത്. മുഖക്കുരുവോ പാടുകളോ വെറും സൗന്ദര്യപ്രശ്നം മാത്രമല്ല. അത് ശരിയായ ചികിത്സ ആവശ്യമായ ഒരു ചർമരോഗമാണ്. പെെട്ടന്ന് ഫലംകിട്ടുന്ന ബ്യൂട്ടി ടിപ്സുകൾ പരീക്ഷിച്ച് ചർമത്തെ പരീക്ഷണവസ്തുവാക്കരുത്. സൗന്ദര്യം എന്നത് നിറത്തിൽമാത്രം ഒതുങ്ങുന്നതല്ല. സാമൂഹിക ഇടപെടലുകളിലും വ്യക്തിത്വത്തിലുമാണ് കൂടുതൽ സൗന്ദര്യമെന്ന് നമ്മൾ തിരിച്ചറിയണം. വെളുപ്പിലോ കറുപ്പിലോ അല്ല കാര്യം ആരോഗ്യത്തിലാണെന്ന് മനസ്സിലാക്കണം.
മെർക്കുറിക്കും അപ്പുറം
ഫെയർനെസ് ക്രീമുകൾ കാരണം ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ടുചെയ്യുന്നത് ആദ്യമല്ല. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ഇത്തരം സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പുരിൽ ഗോരേ ക്രീം ഉപയോഗിച്ച 18 സ്ത്രീകൾക്ക് കിഡ്നി രോഗം ബാധിച്ച വാർത്ത പുറത്തുവന്നത് ജൂലായിലാണ്. മുംബൈ, ബെംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നൊക്കെ സമാന വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. മെർക്കുറി മാത്രമല്ല ലെഡ്, കാഡ്മിയം, ആർസനിക് തുടങ്ങിയ ഘനലോഹങ്ങളും പലപ്പോഴും ജനറിക് ലിപ്സ്റ്റിക്കുകൾ, കണ്ണിന്റെ ഭാഗത്തുപയോഗിക്കുന്ന മേക്കപ്പുകൾ തുടങ്ങിയ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിച്ച് കാണാറുണ്ട്. കിഡ്നി, തലച്ചോറ്, നാഡീവ്യൂഹം, പേശികൾ എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഇവ കാരണമാകാം. ഹൈഡ്രോക്വീനോൺ, സ്റ്റിറോയിഡുകൾ എന്നിവയടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങളും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ചികിത്സയ്ക്കായി ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ അളവിൽ ബാധിക്കപ്പെട്ട ഭാഗങ്ങളിൽമാത്രം ഉപയോഗിക്കേണ്ടവയാണ് സ്റ്റിറോയിഡുകൾ. എന്നാൽ, നിറംവെക്കാനായി മുഖത്ത് സ്ഥിരമായി ഉപയോഗിക്കുന്നത് ചർമത്തിന് ദോഷകരമാണ്. ഹൈഡ്രോക്വിനോൺ പല രാജ്യങ്ങളിലും നിരോധിച്ചിട്ടുള്ളതാണ്. ഇന്ത്യയിൽ ഇത് പ്രിസ്ക്രിപ്ഷൻ മരുന്നായി കണക്കാക്കുന്നുണ്ടെങ്കിലും മിക്ക ഡെർമറ്റോളജിസ്റ്റുകളും ഇത് സാധാരണയായി നിർദേശിക്കാറില്ല.
ക്രീമുകൾ മാത്രമല്ല കുഴപ്പക്കാർ
മുഖത്തുപുരട്ടുന്ന ലേപനങ്ങൾ മാത്രമല്ല പ്രശ്നക്കാർ. മനഃപൂർവം മെർക്കുറി പോലുള്ള വിഷം ചേർക്കുന്നത്ര മാരകമല്ലെങ്കിലും ഹെയർ ഡൈ, സൺസ്ക്രീൻ, ഹെയർ ട്രീറ്റ്മെന്റുകൾ എന്നിവയിലും ചെറിയ അളവിൽ ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഹെയർ ഡൈകളിൽ പാരാ-ഫീനൈലീൻഡയമീൻ (പി.പി.ഡി.) എന്ന പദാർഥം പലപ്പോഴും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ദീർഘകാല ഉപയോഗം ഡെർമറ്റൈറ്റിസിനും അലർജിക്കും കാരണമാകുന്നുണ്ടെന്ന് 2024-ൽ ‘റിസ്ക് മാനേജ്മെന്റ് ആൻഡ് ഹെൽത്ത്കെയർ പോളിസി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഈ പഠനപ്രകാരം ഇന്ത്യയിലും ചൈനയിലും നിർമിച്ച ഹെയർ ഡൈകളിൽ പി.പി.ഡി.യുടെ അളവ് മറ്റു രാജ്യങ്ങളിലേതിനെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ സുഗന്ധദ്രവ്യങ്ങൾ, നെയിൽ പോളിഷുകൾ, ലോഷനുകൾ, ഷാംപൂ, ആഫ്റ്റർ ഷേവ് ക്രീമുകൾ തുടങ്ങിയവയിൽ താലേറ്റുകൾ (phthalates) ഉപയോഗിക്കാറുണ്ട്. പ്രത്യുത്പാദനശേഷിയെയും ഹോർമോൺ ഉത്പാദനത്തെയും ബാധിക്കുന്ന രാസവസ്തുവാണിത്. സൺസ്ക്രീനുകളിൽ ബെൻസോണിന്റെ അംശവും കാണാറുണ്ട്. സൺസ്ക്രീനിലെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമെന്നു തെളിവില്ലെങ്കിലും ഹോർമോൺ ഉത്പാദനത്തെ ബാധിക്കുന്ന രാസവസ്തുവാണിത്.
പുതിയതായി വിപണിയിലെത്തുന്ന അംഗീകൃത ഉത്പന്നങ്ങളിൽ ഇത്തരം രാസവസ്തുക്കളുടെ അളവ് പൊതുവേ കുറവാണെങ്കിലും സാമൂഹികമാധ്യമങ്ങൾ വഴി വിൽക്കുന്ന ഉത്പന്നങ്ങളിൽ എന്തുണ്ട്, എന്തില്ല എന്ന് കണ്ടെത്താനാകാത്ത അവസ്ഥയാണ്.
ഓപ്പറേഷൻ സൗന്ദര്യ
സംസ്ഥാനത്ത് വ്യാജമായി നിർമിക്കുന്നതും മതിയായ ലൈസൻസുകളില്ലാതെ നിർമിച്ച് വിതരണം ചെയ്യുന്നതും അനധികൃതമായി ഇറക്കുമതി ചെയ്യുന്നതും തെറ്റിദ്ധരിപ്പിക്കുന്നതും നിയമാനുസൃതമല്ലാത്തതുമായ ലേബലുകളോടെ വിതരണം ചെയ്യുന്നതുമായ സൗന്ദര്യവർധക വസ്തുക്കളുടെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിവരുന്ന പ്രത്യേക എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളാണിത്. 2023 മുതലാണ് ആരംഭിച്ചത്. ഇതുവരെ അഞ്ച് ഘട്ടങ്ങളായി പരിശോധനകൾ നടന്നിട്ടുണ്ട്.
* ആകെ പരിശോധന - 275 സ്ഥാപനങ്ങളിൽ
* പിടിച്ചെടുത്തത് - 15 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ
* രജിസ്റ്റർ ചെയ്തത് - 67 കേസുകൾ
ഇതുകൂടാതെ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ സുരക്ഷിതവും ബോധപൂർവവുമായ ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘സഹജം സുന്ദരം’ എന്ന പേരിൽ ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിവരുന്നു.
സംശയാസ്പദമായ സൗന്ദര്യവർധക ഉത്പന്നങ്ങളെയും നിയമലംഘനങ്ങളെയും കുറിച്ച് പൊതുജനങ്ങൾക്ക് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ നമ്പറായ 1800-425-3182-ൽ വിളിച്ച് അറിയിക്കാം.
നിയമം തടയാഞ്ഞിട്ടാണോ?
* 1940-ലെ മരുന്ന്, സൗന്ദര്യവർധക വസ്തു നിയമം; 2020-ലെ സൗന്ദര്യവർധക വസ്തു ചട്ടങ്ങൾ: സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നതും വ്യാജമോ മായം ചേർത്തതോ ആയ സൗന്ദര്യവർധക ഉത്പന്നങ്ങളുടെ നിർമാണം, വിൽപ്പന, വിതരണം എന്നിവയ്ക്കെതിരേ നിയമനടപടി സ്വീകരിക്കാം
* ഉപഭോക്തൃ സംരക്ഷണ നിയമം, 2019: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, അപകടസാധ്യതകൾ മറച്ചുവെക്കൽ എന്നിവ അന്യായ വ്യാപാരരീതികളാണ്. നിർമാതാക്കൾക്കും വിൽപ്പനക്കാർക്കും പരസ്യദാതാക്കൾക്കും നിയമപ്രകാരം ഉത്തരവാദിത്വമുണ്ടാകും. ഉത്പന്നംമൂലമുണ്ടാകുന്ന ആരോഗ്യനാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടാനും ഉപഭോക്താവിന് അവകാശമുണ്ട്
* 2022-ലെ മിസ്ലീഡിങ് അഡ്വർടൈസ്മെന്റ്സ് ആൻഡ് എൻഡോഴ്സ്മെന്റ്സ് ഗൈഡ്ലൈൻസ്: ഇത്തരം ഉത്പന്നങ്ങൾ പ്രചരിപ്പിക്കുന്ന സിനിമാതാരങ്ങൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, മറ്റ് പ്രചാരകർ എന്നിവർ പരസ്യത്തിലെ അവകാശവാദങ്ങൾ പരിശോധിക്കാനും ആവശ്യമായ ജാഗ്രത പാലിക്കാനും ബാധ്യസ്ഥരാണ്. പണമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിച്ചുള്ള പ്രചാരണം വ്യക്തമായി വെളിപ്പെടുത്തുകയും വേണം
* 2023-ലെ ഭാരതീയ ന്യായ സംഹിത: വസ്തുതകളും കുറ്റത്തിന്റെ സ്വഭാവവും അനുസരിച്ച് വിഷവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ, മനഃപൂർവമായ ഉപദ്രവം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്കുള്ള പ്രസക്തമായ വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കാവുന്നതാണ്
വേണ്ടതുമാത്രം ഉപയോഗിക്കാം
ഫെയർനെസ് ക്രീമോ മറ്റ് സൗന്ദര്യവർധക വസ്തുക്കളോ ഉപയോഗിക്കുന്നതല്ല യഥാർഥ പ്രശ്നം. ഒരു ടി.വി. വാങ്ങുമ്പോൾ പോലും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി അന്വേഷണം നടത്തിയാണ് നാം വാങ്ങാറ്. എന്നാൽ, വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഡോക്ടറുടെയും ആരോഗ്യവിദഗ്ധരുടെയും സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്ന നമ്മുടെ നാട്ടിൽ ശരീരത്തിൽ ഉപയോഗിക്കുന്ന ഒരു ഉത്പന്നം വാങ്ങുമ്പോൾ ഒന്നും നോക്കാതെ, സാമൂഹികമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാരുടെ വാക്കും വിശ്വസിച്ച് ഒരു ലേബലിങ്ങും ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്നു. ക്രീമാണല്ലോ ദോഷമൊന്നും വരില്ല എന്ന ചിന്താഗതിയാണ് പലർക്കും. ഈ പൊതുബോധത്തെ മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. സൗന്ദര്യത്തിനല്ല സുരക്ഷയ്ക്കാണ് പ്രാധാന്യം. നമ്മുടെ ശരീരത്തിനും ചർമത്തിനും ആവശ്യമായ ഉത്പന്നങ്ങൾ, പ്രൊഫഷണൽ സഹായത്തോടെ കണ്ടെത്തി അതുമാത്രം ഉപയോഗിക്കുന്നത് ശീലമാക്കണം.
- ഡോ. സൗമ്യ ജഗദീശൻ
പ്രൊഫസർ, കൺസൾട്ടൻറ് ഡെർമറ്റോളജിസ്റ്റ്, അമൃത ആശുപത്രി, കൊച്ചി
നിറം ആരോഗ്യമല്ല
വെളുത്ത ചർമം എന്നതിന് അർഥം ആരോഗ്യമുള്ള ചർമം എന്നല്ല. വെളുത്ത നിറംമാത്രം കാണുമ്പോൾ നല്ലതാണെന്ന ധാരണ നമ്മൾ മാറ്റിയെടുക്കണം. ഏത് നിറമായാലും അതിനെ അംഗീകരിക്കണം.
പെട്ടെന്നുള്ള പരിഹാരത്തിനായി എടുത്തുചാടി അപകടം ഉണ്ടാക്കരുത്. വേദനയോ രോഗലക്ഷണമോ പെട്ടെന്ന് കുറയുന്നത് രോഗം മാറിയതുകൊണ്ടായിരിക്കണമെന്നില്ല; അത് യഥാർഥ രോഗകാരണം മൂടിവെക്കുകയോ സങ്കീർണമാക്കുകയോ ചെയ്യാം. ആദ്യഘട്ടത്തിൽ ചെലവ് കുറവായോ എളുപ്പമുള്ളതായോ തോന്നാമെങ്കിലും, വ്യാജ ചികിത്സമൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ പിന്നീട് വലിയ ചികിത്സാച്ചെലവിലേക്കും ആശുപത്രിവാസത്തിലേക്കും നയിച്ചേക്കാം. ഇതെല്ലാം ശ്രദ്ധിച്ചുവേണം ചികിത്സ തേടാൻ.
-ഡോ. രമാദേവി ടി.ജെ.
കൺസൾട്ടൻറ് ഡെർമറ്റോളജിസ്റ്റ് ആൻഡ് കോസ്മറ്റോളജിസ്റ്റ്
കിംസ്, തിരുവനന്തപുരം
പെട്ടെന്ന് ചികിത്സ തേടുക
അപകടമെന്ന് കണ്ടെത്തിയ ഫെയർനസ് ക്രീം ഉപയോഗിക്കുന്നവർ ഉടനെ അത് നിർത്തുക. മലപ്പുറത്തെ 17-കാരി പെട്ടെന്ന് ചികിത്സ തുടങ്ങിയതുകൊണ്ടാണ് കാരണമെന്തെന്നും എന്ത് മരുന്നാണ് വേണ്ടതെന്നും തിരിച്ചറിയാനായത്. ലാബിൽ പോയി മൂത്രം പരിശോധിക്കുകയും നെഫ്രോളജിസ്റ്റിനെക്കണ്ട് വൃക്ക പരിശോധിക്കുകയും ചെയ്യണം. സ്വയം ചികിത്സയ്ക്ക് നിൽക്കരുത്.
-ഗൗരി സതീശ്
സീനിയർ സ്പെഷ്യലിസ്റ്റ് നെഫ്രോളജിസ്റ്റ്,
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ, അരീക്കോട്
ഇത് നമ്മുടെ നിറം
ഈ പരസ്യത്തിൽ അഭിനയിച്ചിട്ട് കിട്ടുന്ന പണംകൊണ്ട് ഞാൻ കൂടുതലെന്ത് ചെയ്യാനാണ് ? വീട്ടിൽ പോയിട്ട് ചോറും ചപ്പാത്തിയും കഴിക്കാൻ തന്നെയല്ലേ. ഇത് ഇന്ത്യൻ കളറാണ്. വിദേശത്ത് പോയിട്ട് അവിടെയുള്ളവരോട് നിങ്ങൾ വെളുത്തിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിക്കില്ലല്ലോ, അതവരുടെ നിറം, ഇത് നമ്മുടെ നിറം.
സായ് പല്ലവി
(2019-ൽ ഫെയർനസ് ക്രീം പരസ്യം നിരസിച്ചുകൊണ്ട് പറഞ്ഞത്).
ദോഷകരമായ ഉത്പന്നങ്ങൾ എങ്ങനെ തിരിച്ചറിയാം ?
- വ്യക്തമായ ലേബലിങ് ഉണ്ടാകാറില്ല. ആവശ്യമായ വിവരങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കുക.
- വിദേശ ഭാഷകളിൽ എഴുതിയതാകാം, ഇംഗ്ലീഷ് വിവർത്തനം ഉണ്ടാകണമെന്നില്ല.
- കാലഹരണപ്പെടുന്ന തീയതി അല്ലെങ്കിൽ ചേരുവകളുടെ പട്ടിക ഉണ്ടാകണമെന്നില്ല.
- കുറച്ചുദിവസങ്ങൾകൊണ്ട് നിറംവെച്ചു എന്നുപറഞ്ഞ് ശുപാർശ ചെയ്യുന്ന ഇത്തരം ഉത്പന്നങ്ങൾ ശ്രദ്ധയോടെ സമീപിക്കേണ്ടതാണ്.
- സാമൂഹികമാധ്യമങ്ങൾ വഴി മാത്രം വിൽക്കുന്ന സൗന്ദര്യവർധകവസ്തുക്കൾ ഒന്നുംനോക്കാതെ വാങ്ങരുത്
- അംഗീകൃത ബ്രാൻഡുകളുടെ ഉത്പന്നങ്ങളാണ് കൂടുതൽ സുരക്ഷിതം
- ഉത്പന്നം ലൈസൻസോടെ നിർമിച്ചതാണോ എന്ന് പരിശോധിക്കുക.
- നിർമാതാവിന്റെ പേരും മേൽവിലാസവും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കുക.
മെർക്കുറി വിഷബാധ ലക്ഷണങ്ങൾ
മെർക്കുറി ഒരു ന്യൂറോടോക്സിനാണ്. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടുകളനുസരിച്ച് ചെറിയ അളവിൽ ശരീരത്തിലെത്തിയാൽപ്പോലും ഗുരുതരമായതും നീണ്ടുനിൽക്കുന്നതുമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകും. ഇന്ത്യയടക്കം 154 രാജ്യങ്ങൾ ഒപ്പിട്ട അന്താരാഷ്ട്ര ഉടമ്പടിയായ മിനമാറ്റ കൺവെൻഷൻ പ്രകാരം 2025 മുതർ മെർക്കുറിയടയങ്ങിയ സൗന്ദര്യവർധക വസ്തുക്കളടക്കമുള്ള ചില ഉത്പന്നങ്ങളുടെ നിർമാണം, കയറ്റുമതി, ഇറക്കുമതി എന്നിവ നിരോധിച്ചിട്ടുണ്ട്. പലതരത്തിലുള്ള മെർക്കുറി ശരീരത്തിന് ഹാനികരമാകാം. ഓരോന്നിനും രോഗലക്ഷണങ്ങൾ വ്യത്യാസപ്പെടാം.
- മുഖത്തും കാലുകളിലും മറ്റും നീര്
- മൂത്രത്തിൽ അളവ് കുറയുക
- മൂത്രത്തിൽ പത കാണപ്പെടുക
- നാഡീവ്യൂഹത്തെ ബാധിച്ചാൽ ശരീരത്തിൽ മരവിപ്പ്, വിറയൽ, തരിപ്പ് എന്നിവ അനുഭവപ്പെടുക.
- ഉറക്കമില്ലായ്മ
- മറവി
- തലവേദന
ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസിക ആരോഗ്യത്തെയും മെർക്കുറി ബാധിക്കാറുണ്ട്. ഗർഭസ്ഥശിശുക്കൾക്കും ഇത് ഹാനികരമാണ്.
(അവസാനിച്ചു)
Content Highlights: Fairness creams pose health risks due to mercury and other toxic metals. Learn about the dangers and how to protect your skin's health.
Published: 27 Nov 2026, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented