ലോകമെമ്പാടും കോടിക്കണക്കിന് ആളുകളെ ബാധിക്കുന്നതും ഇന്ത്യയിലും വ്യാപകമായി കണ്ടുവരുന്നതുമായ പ്രധാന ശ്വാസകോശ രോഗമാണ് സി.ഒ.പി.ഡി (COPD) അഥവാ ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ലോകത്ത് മരണകാരണമായ രോഗങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. 2023-ൽമാത്രം ലോകമെമ്പാടും ഏകദേശം 34 ലക്ഷം ആളുകൾ ഈ രോഗംമൂലം മരണപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല.

To advertise here,

ശ്വാസകോശത്തിലെ വായുനാളികളിലും ശ്വാസകോശ അറകളിലും ഉണ്ടാകുന്ന ദീർഘകാല മാറ്റങ്ങൾ മൂലം വായുസഞ്ചാരത്തിന് തടസ്സം നേരിടുന്ന രോഗാവസ്ഥയാണ് സി.ഒ.പി.ഡി. പ്രധാനമായും പുകവലി, പുക, പൊടി, വായുമലിനീകരണം എന്നിവയാണ് ഈ രോഗത്തിന് കാരണമാകുന്നത്. വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടൽ, കിതപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

പുകവലി മുതൽ അടുപ്പിലെ പുകവരെ പ്രശ്നം, മരണകാരണമായ രോഗങ്ങളിൽ മൂന്നാമത്; COPD-ക്കെതിരെ കരുതൽ വേണം

കൃത്യമായ ചികിത്സയിലൂടെയും ജീവിതശൈലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിലൂടെയും ഈ രോഗം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.

എന്നാൽ, സി.ഒ.പി.ഡി രോഗികളെ സംബന്ധിച്ചിടത്തോളം എല്ലാ ദിവസങ്ങളും ഒരുപോലെ ആയിരിക്കണമെന്നില്ല. ചില ദിവസങ്ങളിൽ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദൈനംദിന കാര്യങ്ങൾ ചെയ്യാൻ കഴിയുമ്പോൾ മറ്റു ചില ദിവസങ്ങളിൽ പതിവിലും കൂടുതൽ കിതപ്പോ ശ്വാസംമുട്ടലോ അനുഭവപ്പെടാം. ഇത്തരം ദിവസങ്ങളെ പല രോഗികളും ഒരു മോശം ദിവസമായി മാത്രമാണ് കാണാറുള്ളത്. എന്നാൽ, ഈ പതിവ് ബുദ്ധിമുട്ടുകൾക്കപ്പുറം രോഗലക്ഷണങ്ങൾ പെട്ടെന്ന് വഷളാകുന്ന ഒരവസ്ഥയുണ്ട്. ഇതിനെയാണ് സി.ഒ.പി.ഡി എക്സസർബേഷൻ (COPD Exacerbation) അഥവാ സി.ഒ.പി.ഡി രോഗം പെട്ടെന്ന് മൂർച്ഛിക്കുന്ന അവസ്ഥ എന്ന് വിളിക്കുന്നത്.

കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ ശ്വസനപ്രശ്നങ്ങളിലേക്കും ചിലപ്പോൾ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലേക്കും നയിച്ചേക്കാം. അതിനാൽ സാധാരണയായി അനുഭവപ്പെടുന്ന ശ്വാസതടസ്സവും അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥയും തമ്മിലുള്ള വ്യത്യാസം രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും തിരിച്ചറിയാൻ കഴിയേണ്ടത് അത്യന്താപേക്ഷിതമാണ്.

ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ മാത്രം ചികിത്സിച്ചാൽ പോരാ, ആസ്ത്മയും സി.ഒ.പി.ഡി.യും; കരുതൽവേണം

എന്താണ് സി.ഒ.പി.ഡി എക്സസർബേഷൻ?

സി.ഒ.പി.ഡി രോഗികളിൽ ശ്വാസംമുട്ടൽ, ചുമ, കഫം തുടങ്ങിയ ലക്ഷണങ്ങൾ പതിവിലും വർധിക്കുകയും സാധാരണയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ വഷളാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈ സമയത്ത് ശ്വാസനാളികളിൽ നീർക്കെട്ട് വർധിക്കുകയും കഫത്തിന്റെ ഉൽപാദനം കൂടുകയും ചെയ്യുന്നു. ഇതുമൂലം വായുസഞ്ചാരത്തിന് കൂടുതൽ തടസ്സം നേരിടുകയും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് വർധിക്കുകയും ചെയ്യുന്നു.

വൈറസ്, ബാക്ടീരിയ എന്നിവ മൂലമുള്ള ശ്വാസകോശ അണുബാധകൾ, അന്തരീക്ഷ മലിനീകരണം, പൊടി, പുക എന്നിവയാണ് രോഗം മൂർച്ഛിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ.

സാധാരണ ബുദ്ധിമുട്ടും അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യവും എങ്ങനെ തിരിച്ചറിയാം?

സി.ഒ.പി.ഡി രോഗികളിൽ പതിവിലും ചെറിയ തോതിൽ കിതപ്പോ ചുമയോ കഫമോ വർധിക്കുന്നത് ചിലപ്പോൾ സാധാരണ വ്യതിയാനങ്ങളാകാം. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • പതിവിലും കൂടുതൽ ശ്വാസംമുട്ടൽ അനുഭവപ്പെടുക.
  • കഫത്തിന്റെ അളവ് കൂടുകയോ നിറം മഞ്ഞയോ പച്ചയോ ആയി മാറുകയോ ചെയ്യുക.
  • പതിവ് ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യാൻ പോലും ബുദ്ധിമുട്ട് അനുഭവപ്പെടുക.
  •  ഇൻഹേലറുകൾ ഉപയോഗിച്ചിട്ടും ശ്വാസംമുട്ടലിന് ആശ്വാസം ലഭിക്കാതിരിക്കുക.

ചില ലക്ഷണങ്ങൾ അടിയന്തര മുന്നറിയിപ്പുകളാണ്:

  • വിശ്രമിക്കുമ്പോൾപോലും കടുത്ത ശ്വാസംമുട്ടൽ.
  • സംസാരിക്കാൻപോലും കഴിയാത്ത വിധത്തിലുള്ള ശ്വാസതടസ്സം.
  • ചുണ്ടുകളിലോ വിരൽത്തുമ്പുകളിലോ നീലനിറം പ്രത്യക്ഷപ്പെടുക.
  • അമിതമായ മയക്കം, ആശയക്കുഴപ്പം അല്ലെങ്കിൽ ബോധക്ഷയം.
  • നെഞ്ചുവേദനയോ പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ ശ്വാസതടസ്സമോ.

ശ്രദ്ധിക്കുക: ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ ഒട്ടും വൈകാതെ ആശുപത്രിയിലെത്തുക. കൂടാതെ ഇതുപോലുള്ള സാഹചര്യങ്ങളിൽ വീട്ടിൽതന്നെ മരുന്നുകൾ നൽകി രോഗം കുറയാൻ കാത്തിരിക്കരുത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകളോ സ്റ്റിറോയിഡുകളോ കഴിക്കരുത്. എത്രയുംവേഗം അടിയന്തര വൈദ്യസഹായം തേടുക. ഗുരുതരമായ ശ്വാസതടസ്സമോ ബോധനിലയിൽ മാറ്റമോ ഉണ്ടെങ്കിൽ ആംബുലൻസ് സേവനം ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

രോഗം മൂർച്ഛിക്കുന്നത് എങ്ങനെ പ്രതിരോധിക്കാം?

സി.ഒ.പി.ഡി എക്സസർബേഷൻ പൂർണമായും ഒഴിവാക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ ചില മുൻകരുതലുകളിലൂടെ രോഗം മൂർച്ഛിക്കുന്നതിനുള്ള സാധ്യതയും തീവ്രതയും കുറയ്ക്കാൻ കഴിയും.

1. ഇൻഹേലറുകൾ കൃത്യമായി ഉപയോഗിക്കുക: ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ മുടങ്ങാതെ ഉപയോഗിക്കുകയും ഇൻഹേലർ ഉപയോഗിക്കുന്ന രീതി ശരിയാണെന്ന് ഉറപ്പുവരുത്തുകയും വേണം.

2. പുകവലി പൂർണമായും ഒഴിവാക്കുക: സി.ഒ.പി.ഡി രോഗത്തിന്റെ പുരോഗതി കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട നടപടികളിലൊന്നാണ് പുകവലി നിർത്തുക എന്നത്. മറ്റുള്ളവർ പുകവലിക്കുന്ന പുക ശ്വസിക്കുന്നതും ഒഴിവാക്കണം.

3. പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുക: ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ തുടങ്ങിയ വാക്സിനുകൾ ഡോക്ടറുടെ നിർദേശപ്രകാരം സ്വീകരിക്കുന്നത് ഗുരുതരമായ ശ്വാസകോശ അണുബാധകളുടെയും സി.ഒ.പി.ഡി എക്സസർബേഷന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കും.

4. വായുമലിനീകരണത്തിൽനിന്ന് സംരക്ഷണം നേടുക: പൊടി, പുക, വാഹനങ്ങളിൽനിന്നുള്ള പുക, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. ആവശ്യമായ സാഹചര്യങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം.

5. ശാരീരികക്ഷമത നിലനിർത്തുക: രോഗാവസ്ഥയ്ക്ക് അനുയോജ്യമായ വ്യായാമങ്ങൾ, നടത്തം, പൾമണറി റീഹാബിലിറ്റേഷൻ, ശ്വസന വ്യായാമങ്ങൾ എന്നിവ ശാരീരികക്ഷമതയും ശ്വാസകോശ പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കും.

6. രോഗലക്ഷണങ്ങളിലെ മാറ്റങ്ങൾ തിരിച്ചറിയുക: പതിവായി അനുഭവപ്പെടുന്ന ശ്വാസംമുട്ടലിന്റെ തീവ്രത, കഫത്തിന്റെ അളവും സ്വഭാവവും, ഇൻഹേലറിന്റെ ആവശ്യകത എന്നിവയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി ശ്രദ്ധിക്കണം. ഇത്തരം മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുകയും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുകയും വേണം. ചികിത്സ തേടാൻ വൈകിക്കരുത്.

ഓർക്കുക

എല്ലാ ശ്വാസംമുട്ടലും ഒരുപോലെയല്ല. സി.ഒ.പി.ഡി രോഗികളിൽ ശ്വാസംമുട്ടൽ പതിവായി അനുഭവപ്പെടുന്ന ലക്ഷണമാണെങ്കിലും പതിവിൽനിന്നുള്ള വ്യത്യാസം രോഗം മൂർച്ഛിക്കുന്നതിന്റെ സൂചനയായിരിക്കാം. അതിനാൽ രോഗലക്ഷണങ്ങളിലെ മാറ്റങ്ങൾ തിരിച്ചറിയുന്നതും കൃത്യസമയത്ത് ചികിത്സ തേടുന്നതും വളരെ പ്രധാനമാണ്.

നേരത്തെയുള്ള തിരിച്ചറിയൽ, കൃത്യമായ ചികിത്സ, ആവശ്യമായ മുൻകരുതലുകൾ എന്നിവയിലൂടെ സി.ഒ.പി.ഡി രോഗികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരം നിലനിർത്താൻ സാധിക്കും.

(കണ്ണൂർ ആസ്റ്റർ മിംസിൽ പൾമണോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ആണ് ലേഖിക)