ഇന്നത്തെ കാലത്ത് കൗമാരപ്രായക്കാരിലും യുവതികളിലും ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഹോർമോൺ സംബന്ധമായ അവസ്ഥകളിലൊന്നാണ് പി.എം.ഒ.എസ്.( Polyendocrine Metabolic Ovarian Syndrome - PMOS). ആർത്തവക്രമക്കേടുകൾ, അണ്ഡോത്പാദനത്തിലെ തടസ്സങ്ങൾ, ആൻഡ്രോജൻ ഹോർമോണുകളുടെ വർധന, ഇൻസുലിൻ പ്രതിരോധം തുടങ്ങിയ പ്രശ്നങ്ങൾ ഈ അവസ്ഥയിൽ കാണുന്നു. വന്ധ്യത മാത്രമല്ല, നമ്മുടെ മാനസിക ആരോഗ്യത്തെയും PMOS തകരാറിലാക്കുന്നു, കൂടെ പ്രമേഹരോഗ സാധ്യതയും കൂട്ടുന്നു. PMOS ഉള്ള എല്ലാ സ്ത്രീകളിലും ഒരേ ലക്ഷണങ്ങളായിരിക്കണമെന്നില്ല. ചിലരിൽ ആർത്തവക്രമക്കേടുകൾ മാത്രമായിരിക്കുമ്പോൾ മറ്റുചിലരിൽ മുഖക്കുരു, അമിത രോമവളർച്ച, ശരീരഭാരം വർധിക്കൽ, ഗർഭധാരണത്തിലെ ബുദ്ധിമുട്ടുകൾ എന്നിവയും കാണാം. ഒപ്പം അമിത മാനസിക സമ്മർദ്ദം, മൂഡ് സ്വിങ്സ് പോലുള്ളവയും കാണപ്പെടുന്നു.
എന്താണ് പി.എം.ഒ.എസ് ?
അണ്ഡാശയങ്ങളിൽ കാണുന്ന കുമിളകളെയാണ് പി.സി.ഒ.ഡി.(Polycystic ovarian disease) എന്ന് പറയുന്നത്. സാധാരണയായി എല്ലാമാസവും ഒരുഅണ്ഡം വലുതായി പൂർണ്ണവളർച്ച എത്തി ഓവറിയിൽ നിന്ന് പുറത്തേക്ക് വരും ഈ പ്രക്രിയയാണ് ഓവുലേഷൻ. എന്നാൽ PMOS ഉള്ളവരിൽ ഈ അണ്ഡം പൂർണ്ണ വളർച്ചയിലേക്ക് എത്തില്ല. അതുപോലെ അണ്ഡവിസർജനം ( Ovulation) നടക്കുകയുമില്ല, മറിച്ച് ഇവ കുമിളകളായി അണ്ഡാശയത്തിനുള്ളിൽ തന്നെ കിടക്കുന്നു. ഇതാണ് PCOD എന്ന് പറയുന്നത്. എന്നാൽ ഇന്ന് PCOD സ്കാനിൽ കണ്ടില്ലെങ്കിലും മറ്റ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് PCOD എന്ന പേരുമാറി PMOS ആയത്.
പി.എം.ഒ.എസിന്റെ പ്രധാന ലക്ഷണങ്ങൾ
1. ആർത്തവക്രമക്കേടുകൾ: മാസമുറ വൈകുക, മാസങ്ങളോളം ആർത്തവം ഉണ്ടാകാതിരിക്കുക, ക്രമരഹിതമായ ആർത്തവചക്രം, ഇടയ്ക്കിടക്ക് Spotting പോലെയുള്ള ബ്ലീഡിങ്ങ് പ്രശ്നങ്ങൾ ഇതൊക്കെ വളരെ സാധാരണയായി എല്ലാവരിലും കാണാറുണ്ട്.
2. അമിത രോമവളർച്ച: ആൻഡ്രോജൻ ഹോർമോണുകൾ കൂടുന്നതുകൊണ്ട് താടി, മേൽച്ചുണ്ട്, നെഞ്ച്, വയർ തുടങ്ങിയ ഭാഗങ്ങളിൽ കട്ടിയുള്ള രോമങ്ങൾ വളരാം.
3. മുഖക്കുരുവും മുടികൊഴിച്ചിലും: ഹോർമോൺ അസന്തുലിതാവസ്ഥ കാരണം മുഖക്കുരു വരാം, ഒപ്പം തലയോട്ടിയിലെ മുടി നേർത്തുപോകും. മുടികൊഴിച്ചിലുമുണ്ടാകാം
4. ശരീരഭാരം വർധിക്കൽ: ചില സ്ത്രീകളിൽ അമിതവണ്ണം, പ്രത്യേകിച്ച് വയറിനു ചുറ്റും കൊഴുപ്പ് കൂടിവരും എന്നാൽ മെലിഞ്ഞവരിലും PMOS ഉണ്ടാകാം ഇതാണ് Lean PMOS.
5. ഇൻസുലിൻ പ്രതിരോധം: ശരീരത്തിലെ കോശങ്ങൾ ഇൻസുലിനോട് വേണ്ടത്ര പ്രതികരിക്കാത്ത അവസ്ഥ PMOS-നോടൊപ്പം കാണപ്പെടാം. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കാം. ഇത് കാരണം കഴുത്തിലും കറുപ്പ് നിറം വരാം ( Acanthosis Nigricans)
6. അണ്ഡോത്പാദനത്തിലെ ക്രമക്കേട്: അണ്ഡാശയത്തിൽനിന്ന് അണ്ഡം കൃത്യമായി പുറത്തുവരാത്തത് ഗർഭധാരണസാധ്യത കുറയ്ക്കാം. ഒപ്പം അണ്ഡത്തിന്റെ ക്വാളിറ്റിയും കുറയാം ( ഓവുലേഷൻ ഇല്ലാതിരിക്കുന്ന അവസ്ഥ)
7. ക്ഷീണം, എപ്പോഴുമുള്ള മാനസിക സമ്മർദ്ദം, എത്ര ഉറങ്ങിയാലും മതിവരാത്ത അവസ്ഥ, രാവിലെ എഴുന്നേൽക്കുമ്പോഴേയുള്ള ഉന്മേഷമില്ലായ്മ ഇതെല്ലാം PMOS- ന്റെ ലക്ഷണമാവാമെങ്കിലും വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
PMOS എങ്ങനെ വന്ധ്യതക്ക് കാരണമാകുന്നു ?
PMOS ഉള്ള ചില സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങളും ഇൻസുലിൻ പ്രതിരോധവും അണ്ഡത്തിന്റെ വളർച്ചയെയും പക്വതയെയും അണ്ഡോത്പാദനത്തെയും ബാധിക്കാം. അണ്ഡോത്പാദനം അപൂർവമായി നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത കുറയുന്നു. എന്നിരുന്നാലും, PMOS ഉള്ള എല്ലാ സ്ത്രീകൾക്കും വന്ധ്യത ഉണ്ടാകണമെന്നില്ല. പലർക്കും സ്വാഭാവികമായി ഗർഭധാരണം സാധ്യമാകുന്നു. ആവശ്യമെങ്കിൽ ശരിയായ വിലയിരുത്തലിനും ചികിത്സയ്ക്കും ശേഷം ഗർഭധാരണസാധ്യത മെച്ചപ്പെടുത്താനും കഴിയും.
PMOS എങ്ങനെ കണ്ടെത്താം ?
ഒരു Ultra sound സ്കാനിലൂടെ PCOD ഉണ്ടോ എന്ന് കണ്ടെത്താം, എന്നാൽ Insulin Resistance അറിയാൻ HbA1C എന്ന ടെസ്റ്റ് ആവശ്യമാണ്. ഇതുപോലെയുള്ള ലക്ഷണങ്ങൾ തൈറോയ്ഡ് രോഗമുള്ളവരിലും കാണാറുണ്ട്. ഇത് തിരിച്ചറിയാൻ TSH പരിശോധനയും അത്യാവശ്യമാണ്.
ജീവിതശൈലിയിലെ മാറ്റങ്ങൾ
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ : എണ്ണപലഹാരങ്ങൾ, പാക്ക്ഡ് ഫുഡ്, മൈദ, ചോറ്, ബ്രഡ്, നൂഡിൽസ്, പാസ്ത, പൊറോട്ട
കഴിക്കേണ്ട ഭക്ഷണങ്ങൾ : ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
നാരുകളുള്ള ഭക്ഷണം, ഇലക്കറികൾ, ചെറുമീനുകൾ
സമീകൃതാഹാരം, പതിവായ ശാരീരിക വ്യായാമം, മതിയായ ഉറക്കം, മാനസിക സമ്മർദ നിയന്ത്രണം എന്നിവ PMOS നിയന്ത്രണത്തിൽ പ്രധാനമാണ്. അമിതവണ്ണമുള്ളവരിൽ ആരോഗ്യകരമായ ശരീരഭാരം കൈവരിക്കുകയും നിലനിർത്തുകയും ചെയ്യുന്നത് അണ്ഡോത്പാദനത്തിനും ഗുണകരമാണ്. സാധാരണ ശരീരഭാരമുള്ളവരിലും ആരോഗ്യകരമായ ജീവിതശൈലി പ്രധാനമാണ്.
PMOS-ന്റെ ചികിത്സ:
PMOS-ന്റെ ചികിത്സ രോഗലക്ഷണങ്ങൾ, പ്രായം, ശരീരഭാരം, ഗർഭധാരണത്തിനുള്ള ആഗ്രഹം എന്നിവയെ അടിസ്ഥാനമാക്കിയാണ്.
ഹോമിയോപ്പതി ചികിത്സയുടെ പ്രാധാന്യം
വളരെ ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിലുണ്ട്. ഓരോ രോഗിയുടെയും രോഗാവസ്ഥ, അവരുടെ ശാരീരിക അവസ്ഥ മാനസികാവസ്ഥ, ജീവിതരീതി ഇതെല്ലാം പരിഗണിച്ചാണ് ഓരോരുത്തർക്കുമുള്ള ചികിത്സ തിരുമാനിക്കുന്നത്. രോഗത്തെ കൃത്യമായി മനസിലാക്കുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്താൽ PMOS എന്ന അവസ്ഥയെ നമുക്ക് എളുപ്പത്തിൽ മറികടക്കാൻ സാധിക്കും. PMOS മൂലം ഉണ്ടാകുന്ന വന്ധ്യത പരിഹരിക്കുന്നതിൽ ഹോമിയോപ്പതിയുടെ പങ്ക് വളരെ വലുതാണ്.
Content Highlights: Explore how polyendocrine metabolic ovarian syndrome (PMOS) affects fertility, its symptoms, and the importance of lifestyle changes for managing this condition.
Published: 27 Nov 2026, 03:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented