ചൂട് വളരെ കൂടുതലാണ്. വെയിലത്ത് ഇറങ്ങി നടക്കാനോ വീടിനുള്ളിൽ ഫാനോ എ.സിയോ കൂടാതെ ഇരിക്കാനോ കഴിയാത്ത സാഹചര്യം. പക്ഷി മൃഗാദികൾക്കായി അവയോടുള്ള കരുതലിന്റെ ഭാഗമായി വീടിന് ചുറ്റുമൊക്കെ വെള്ളം നമ്മൾ ശേഖരിച്ച് വെക്കാറുണ്ട്. എന്നാൽ സാധാരണ സമയത്തെ വെയിൽ പോലും ഏൽക്കാൻ കഴിയാത്ത ഒരു വിഭാഗം ആൾക്കാരുണ്ട് നമുക്ക് ചുറ്റും. കടുത്ത വേനലിൽ നന്നായി ശ്രദ്ധയും പരിചരണവും ഉറപ്പാക്കേണ്ട ആൽബിനിസം ബാധിതർ.

To advertise here,

നമ്മുടെ ശരീരത്തിലെ കണ്ണ്, മുടി, ത്വക്ക് എന്നിവയ്ക്ക് സ്വാഭാവിക നിറം നൽകുന്ന മെലാനിന്റെ കുറവു മൂലമുണ്ടാകുന്ന ശാരീരിക അവസ്ഥയാണ് ആൽബിനിസം. ശരീരവും മുടിയും മുഴുവനായി വെളുത്തും കണ്ണ്‌ ബ്രൗണോ നീലയോ തവിട്ട് നിറത്തിലോ ആകുന്ന അവസ്ഥയെയാണ് ആൽബിനിസം എന്ന് പറയുന്നത്. ഈ അവസ്ഥക്ക് വിധേയമായവരെ ആൽബിനോകൾ എന്നുവിളിക്കുന്നു. ഇവർക്ക് മറ്റുള്ള സാധാരണ മനുഷ്യരെപ്പോലെ എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കുമെങ്കിലും സൂര്യപ്രകാശം അധികമായി ഏൽക്കുന്നതും ചിലർക്ക് സൂര്യവെളിച്ചത്തിൽ നോക്കുന്നതുപോലും പ്രയാസമുണ്ടാകാറുണ്ട്. ആവശ്യമായ സുരക്ഷാമാർ​ഗങ്ങൾ സ്വീകരിക്കാതെ സൂര്യപ്രകാശം ഏറ്റുകഴിഞ്ഞാൻ സൂര്യാഘാതമോ സ്കിൻ ക്യാൻസറുകളോ പോലും വരാൻ സാധ്യതയുണ്ട്. ലക്ഷകണക്കിനാളുകളിൽ ഒരാൾക്ക് വരുന്ന അവസ്ഥയാണിത്. മാനസികമായുള്ള ആഘാതങ്ങളെക്കാൾ പലപ്പോഴും ശാരീരികമായി നേരിടേണ്ടിവരുന്ന അവഗണനകളാണ് കൂടുതലെന്നതാണ് വാസ്തവം. ഈ വ്യത്യസ്തതകൊണ്ട് തന്നെ ഇവർ പലപ്പോഴും മാറ്റി നിർത്തപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ ഇത്തരം അകറ്റി നിർത്തലുകൾക്കപ്പുറത്ത് വേനൽക്കാലത്ത് ഇവർ അനുഭവിക്കേണ്ടി വരുന്നത് വലിയ ശാരീരിക ബുദ്ധിമുട്ടുകളാണ്. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിൽ ആൽബിനിസം ബാധിതരെക്കുറിച്ച് പ്രത്യേകം മാസ്റ്റർ പ്ലാനുകളില്ല. സംസ്ഥാനത്ത് ആൽബിനിസം ബാധിതർ എത്ര പേരുണ്ടെന്നോ എന്തൊക്കെയാണ് അവരുടെ ആരോഗ്യ പ്രശ്നങ്ങളെന്നോ അറിയില്ല.

വെള്ളപ്പാണ്ടല്ല ആൽബിനിസം - ഡോ.ലക്ഷ്മി, ഡെർമറ്റോളജിസ്റ്റ്, അമൃത ആശുപത്രി കൊച്ചി

placeholder
dr lekshmi
ഡോ.ലക്ഷ്മി

ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതുകൊണ്ടുണ്ടാകുന്ന രോഗാവസ്ഥയാണ് വെള്ളപ്പാണ്ട്. കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്ന ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടാറുണ്ട്. ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായി വെള്ളനിറം പ്രത്യക്ഷപ്പെടുകയാണ് ചെയ്യുന്നത്. മരുന്ന് കഴിച്ചതുകൊണ്ട് ഇവ ഭേദമായിട്ടില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാൻ സാധിക്കും. എന്നാൽ ഇതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ആൽബിനിസം. മെലാനിൻ ഉൽപാദനത്തിന് കാരണമായ പ്രത്യേക ജീനുകളിലെ മ്യൂട്ടേഷനുകൾ മൂലമുണ്ടാകുന്ന ഒരു ജനിതക അവസ്ഥയാണ് ആൽബിനിസം. ചർമം, മുടി, കണ്ണുകൾ എന്നിവയുടെ നിറം നിർണ്ണയിക്കുന്നതിന് ഉത്തരവാദികളായ പിഗ്മെന്റാണ് മെലാനിൻ. ജനിതകമാറ്റങ്ങൾ ഉണ്ടാകുമ്പോൾ മെലാനിന്റെ അഭാവം ഉണ്ടാവുകയും ആൽബിനിസം എന്ന അവസ്ഥയിലേക്ക് എത്തപ്പെടുകയുമാണ് ചെയ്യുന്നത്. ആൽബിനിസത്തിന് ഇതുവരെ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. വ്യത്യസ്ത തരത്തിലുള്ള ആൽബിനിസം അവസ്ഥകളുണ്ട്. എന്നാൽ ഏറ്റവും സാധാരണമായത് ഒക്യുലോക്കുട്ടേനിയസ് ആൽബിനിസം (ഒസിഎ), ഒക്യുലാർ ആൽബിനിസം (ഒഎ) എന്നിവയാണ്. ഒക്യുലോക്കുട്ടേനിയസ് ആൽബിനിസമുള്ളവരിൽ ചർമം, മുടി, കണ്ണുകൾ എന്നിവയെ ആണ് പ്രധാനമായും ബാധിക്കുന്നത്. ഇത് പിഗ്മെന്റിന്റെ പൂർണ്ണമായ അഭാവത്തിലേക്ക് നയിക്കുന്നു. എന്നാൽ ഒക്യുലാർ ആൽബിനിസമുള്ളവരിൽ പ്രാഥമികമായി കണ്ണുകളെയാണ് ആൽബിനിസം ബാധിക്കുന്നത്. ഇത് കാഴ്ച വൈകല്യങ്ങൾക്ക് കാരണമാകുന്നു. ജനിതകപരമായി ആൽബിനിസം അടുത്ത തലമുറയിലേക്ക് വരാനുള്ള സാധ്യതയുമുണ്ട്.

സാമൂഹിക ജീവിതം അനുഭവിക്കാൻ സാധിക്കാത്തവരാണ് ആൽബിനിസം ബാധിതർ: ശരത് തേനുമൂല

സ്കൂളിലും മറ്റുമൊക്കെ സായിപ്പേ വിളി കുറെ കേട്ടിട്ട് തളർന്നിരുന്നിട്ടുണ്ടെങ്കിലും സമൂഹത്തിലെ ആൽബിനിസം ബാധിതർക്ക് കൈത്താങ്ങാവുകയാണ് നടനും കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന അയനികയെന്ന മാനസികാരോഗ്യ സംഘടനയുടെ ഡയറക്ടറുമായ ശരത് തേനുമൂല.

"പെരുമ്പാവൂർ‍ അശമല്ലൂരാണ് വീട്. പക്ഷേ എന്റെ പ്രത്യേകതകൊണ്ട് പലരും ഞാനൊരു വിദേശിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. കുട്ടിക്കാലം മുതൽ ഒരുപാട് കളിയാക്കലുകൾ കേട്ടാണ് വളർന്നത്. പക്ഷേ വീട്ടിൽ നിന്ന് കിട്ടിയ പിന്തുണയാണ് കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിടാതെ എന്നെ ഞാനാകാൻ അനുവദിച്ചത്. വീട്ടിലാരും എന്നെ സ്പെഷൽ ചൈൽഡായി കണ്ടിട്ടില്ല. സാധാരണകുട്ടികളുടെ പോലെയൊക്കെ സമൂഹത്തിൽ ഇടപെട്ടാണ് വളർന്നത്. കുട്ടിക്കാലത്തെല്ലാം എന്നെപോലെ ലോകത്ത് ഞാൻ മാത്രമേ ഉള്ളൂ എന്നാണ് കരുതിയിരുന്നത്. എനിക്ക് ഈ കളിയാക്കലുകളിലൊന്നും ഒരു കാര്യവുമില്ലെന്ന ബോധ്യം വരുന്നതുവരേയും അങ്ങനെ തന്നെയായിരുന്നു.

ഇപ്പോഴും സാമൂഹിക ജീവിതം അനുഭവിക്കാൻ സാധിക്കാത്തവരാണ് ആൽബിനിസം ബാധിതർ. പലരും പലരുടേതായ രീതിയിൽ സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനകളെ അതിജീവിക്കുകയാണ്. അവരും മറ്റുള്ള സാധാരണ മനുഷ്യരെപോലെ പുറംലോകത്തേക്ക് എത്തുകയും സോഷ്യൽ ലൈഫ് അനുഭവിക്കാൻ സാധിക്കുകയും ചെയ്യണം. ആൽബിനിസം ബാധിതരിൽ മിക്കവർക്കും കാഴ്ച കുറവായിരിക്കും. ഇവരിൽ എത്രപേർക്ക് ഡ്രൈവിങ് ലൈസൻസുണ്ടെന്ന് നോക്കിയാൽ തന്നെ അക്കാര്യം കൃത്യമായി മനസിലാക്കാനാകും. എന്നാൽ മിക്കപ്പോഴും ആരോഗ്യ പ്രശ്നങ്ങൾ കൂടി പുറത്ത് പറഞ്ഞ് ഇനി അത്തരമൊരു അവഗണനകൂടി നേരിടേണ്ടെന്ന മനോഭാവത്തിലാണ് മിക്കവരും. ഇപ്പോഴത്തെ പൊള്ളുന്ന ചൂടിൽ സാധാരണക്കാരായ മറ്റുള്ളവരെപ്പോലെ തന്നെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാഹചര്യമില്ലെങ്കിൽ ഈ വെയിലത്ത് ഇറങ്ങുകയല്ലാതെ വേറെ വഴിയില്ല."

വീട്ടുകാർ പോലും തള്ളിക്കളയാറുണ്ട്

തൃശൂർ സ്വദേശിനിയായ യുവതിക്ക് ഒരു പെൺകുഞ്ഞ് പിറന്നു. പക്ഷേ കാത്തിരുന്ന് കിട്ടിയ കുഞ്ഞിന് ആൽബിനിസം ഉണ്ടെന്ന് മനസിലാക്കിയതോടെ ഭർത്താവും വീട്ടുകാരും യുവതിയെ ഉപേക്ഷിക്കുകയായിരുന്നു. ആൽബിനിസം ഒരു ജനിതക രോഗമാണെന്നിരിക്കെ വരും തലമുറയിലേക്കും പകരുമെന്ന് കരുതി പലപ്പോഴും സ്വന്തം വീട്ടുകാർ പോലും പലരേയും തള്ളിക്കളയാറുണ്ട്. മറ്റ് ചിലരാകട്ടെ തങ്ങളുടെ സാമൂഹിക ജീവിതം ഉപേക്ഷിച്ച് അവരുടെ വീടോ ഒരു മുറിയോ മാത്രമായി ഒതുങ്ങിക്കൂടുന്നവരുമുണ്ട്. തങ്ങളുടെ രോഗാവസ്ഥയോ ബുദ്ധിമുട്ടുകളോ മറ്റുള്ളവരെ അറിയിച്ചാൽ തങ്ങൾ വീണ്ടും അവഗണിക്കപ്പെടുമോയെന്ന ആശങ്കയോടെ ജീവിക്കുന്നവരും ഉണ്ട്.

തൊഴിലും സാമ്പത്തിക സുരക്ഷയും ഉറപ്പുവരുത്തണം‌;  അവരെയും കൂടെ കൂട്ടാം

കടുത്ത ചൂട് ആൽബിനിസം ബാധിതരുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല തൊഴിൽ ചെയ്യുന്നതിനും സാമൂഹിക ഇടപെടൽ നടത്തുന്നതിനും തടസമാകുന്നു. ഇപ്പോഴത്തെ കാലാവസ്ഥയിൽ പതിനൊന്ന് മണിമുതൽ മൂന്ന് മണിവരെ കരുതലോടെയിരിക്കണമെന്ന് സാധാരണക്കാരോട് പറയുമ്പോൾ പൊതുവേ ആൽബിനിസം ബാധിതരോട് രാവിലെ എട്ട് മണിമുതൽ അഞ്ച് മണിവരേയെന്ന് പറയേണ്ടി വരും. വേനൽക്കാലമായാൽ പക്ഷികൾക്ക് വരെ വെള്ളം വെച്ചുകൊടുക്കുന്നവർക്ക് പോലും ഇത്തരം മനുഷ്യരുടെ പ്രശ്നങ്ങൾ തിരിച്ചറിയുന്നില്ല. സമൂഹത്തിലെ സാധാരണക്കാർക്ക് മാത്രമല്ല നമ്മുടെ സർക്കാരിന് പോലും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്നവരെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നത് ദുഖകരമാണ്. നമ്മുടെ സംസ്ഥാനത്ത് ആൽബിനിസം ബാധിച്ചവർ എത്ര പേരുണ്ടെന്നോ അവരുടെ അടിസ്ഥാന ആവശ്യങ്ങളെന്താണെന്നോ നമ്മുടെ സർക്കാരിന് അറിയില്ല. ഇത്തരം ഘട്ടത്തിൽ അവരേയും നമ്മളോടൊപ്പം കൂട്ടി തൊഴിൽ സാമ്പത്തിക സുരക്ഷിതത്വം ഏർപ്പെടുത്തേണ്ടുന്ന ആവശ്യകത നമുക്കുണ്ട്.

വേണം ആൽബിനിസം പ്രിവൻഷൻ സെന്റർ

ആൽബിനിസം ബാധിച്ചവർ സാധാരണയായി വെയിലുള്ള സമയങ്ങളിൽ പോലും സൺസ്ക്രീം ഉപയോഗിക്കേണ്ടതായുണ്ട്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതുമൂലം പലപ്പോഴും സ്കിൻ ക്യാൻസറുകൾ ഉണ്ടാകുന്നതിനും കാരണമാകും. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ ചർമ പരിശോധനയടക്കം നടത്തേണ്ടതുണ്ട്.  സൂര്യാഘാതമേൽക്കുന്ന ആൽബിനിസം ബാധിതർക്ക് പ്രാഥമിക ചികിത്സയെങ്കിലും നമ്മുടെ ആശുപത്രികളിൽ നിന്നും ലഭിക്കണം. അതിനായി എല്ലാ സർക്കാർ ആശുപത്രികളിലും ഒരു ആൽബിനിസം പ്രിവൻഷൻ സെന്ററെങ്കിലും തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കണം.

പൊതുഗതാഗതം സൗജന്യമാക്കാം

ആൽബിനിസം ബാധിച്ചവരിൽ കണ്ണിന്റെ ഐറിസിനു നിറം കുറഞ്ഞിരിക്കുവാനും സുതാര്യമാകാനും സാധ്യതയുണ്ട്. ഇവരിൽ കാഴ്ചക്കുറവും കണ്ണുകൾ നിരന്തരം ചലിച്ചുകൊണ്ടിരിക്കാനും സാധ്യതയുണ്ട്. ഇവർക്ക് കണ്ണിൽ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങളുള്ളതുകൊണ്ട് തന്നെ ഇവർക്ക് പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കാറില്ല. ചൂട് ഏറ്റവുമധികം കൂടുതലുള്ള ഈ കാലയളവിലെങ്കിലും കെ എസ് ആർ ടി സി, മെട്രോ, വാട്ടർ മെട്രോ, ട്രെയിൻ തുടങ്ങിയ പൊതുഗതാഗതം ആൽബിനിസം രോഗം ബാധിച്ചവർക്കായി സൗജന്യമാക്കുകയാണ് ചെയ്യേണ്ടത്. മറ്റൊരാളുടെ സഹായം കൂടാതെ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ സാമൂഹിക ജീവിതം സുഗമമാക്കുന്നതിന് ഇത്തരം മാറ്റങ്ങൾ സഹായകമാകും.  

നൽകാം പൊതുബോധം

ആൽബിനിസം ബാധിച്ചവരെ സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്. അതിനായി അവരുടെ സാമൂഹിക - ജീവിതനിലവാരം കണ്ടെത്തി മെച്ചപ്പെടുത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങളാണ് ചെയ്യേണ്ടത്. ഇതിനായി സർക്കാർ തലത്തിൽ തന്നെ പ്രാഥമിക നടപടികൾ ആരംഭിക്കേണ്ടതുണ്ട്. ഭിന്നശേഷി വിഭാഗത്തിലുൾപ്പെടുത്തി വേണ്ട കരുതൽ നൽകിയും എല്ലാത്തരം മനുഷ്യനും ജീവിക്കാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്യം ഉറപ്പു നൽകേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്തമാണ്.