വേനൽ കടുക്കുമ്പോൾ ചർമ്മ സംരക്ഷണവും ഒരു ചർച്ച വിഷയമാകാറുണ്ട്. സൺസ്‌ക്രീനുകൾ ഉപയോഗിക്കാനുള്ള നിർദേശങ്ങൾ പല കോണുകളിൽ നിന്നും ഉയരാറുണ്ട്. പല തരത്തിലും വിലയിലുമുള്ള സൺസ്‌ക്രീനുകൾ ലഭ്യമാണെങ്കിലും ശരിക്കും സൺസ്‌ക്രീൻ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്ന ഒരുപാട് പേർ ഇന്നുമുണ്ട്.
ടാൻ ഒക്കെ നിസ്സാരമല്ലേ എന്ന് കരുതരുത്. ഓരോ ടാനും ബേണും ചർമത്തിന് നൽകുന്നത് ചെറുതല്ലാത്ത നാശമാണ്. ഹാനികരമായ യു.വി രശ്മികൾ ചർമത്തിലെ കോളാജൻ, ഇലാസ്റ്റിൻ, കോശങ്ങൾ എന്നിവയ്ക്ക് കടുത്ത ആഘാതമാണ് വരുത്തുന്നത്. ടാനുകൾ മാറ്റാൻ പലവിധ മാർഗ്ഗങ്ങളുണ്ടെങ്കിലും എല്ലാ ടാനുകളും പൂർണ്ണമായി മാറണമെന്നില്ല. ഇങ്ങനെ ചർമത്തിനുണ്ടായേക്കാവുന്ന പ്രശ്‌നങ്ങളിൽ നിന്നുള്ള സൊല്യൂഷനാണ് സൺസ്‌ക്രീനുകൾ. മാത്രമല്ല സ്ഥിരമായ സൺസ്‌ക്രീൻ ഉപയോഗം സൂര്യഘാതത്തിൽ നിന്നുമുണ്ടാകുന്ന സ്‌കിൻ കാൻസറിനെ പ്രതിരോധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.
എന്നാൽ സൺസ്ക്രീനിന് പകരക്കാരൻ എന്നരീതിയിൽ പലതരത്തിലുള്ള ഉത്പന്നങ്ങൾ വിപണികളിൽ ഇടം പിടിക്കാറുണ്ട്. ഇവ ക്ലിനിക്കലി തെളിയിക്കപ്പെട്ടവയാവണമെന്നില്ല. ഇത്തരത്തിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത് 'കുടിക്കാവുന്ന സൺസ്‌ക്രീൻ' (ഡ്രിങ്കബിൾ സൺസ്‌ക്രീൻ) ആണ്. ആന്തരികമായി സൂര്യ സംരക്ഷണം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഓറൽ സപ്ലിമെന്റാണ് ഡ്രിങ്കബിൾ സൺസ്‌ക്രീൻ എന്ന് ഡെർമറ്റോളജിസ്റ്റും മെഡിക്കൽ ഉപദേഷ്ടാവുമായ ഡോ. വിനത ഷെട്ടിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സൺസ്‌ക്രീനുകൾക്ക് പകരമായോ പൂരകമായോ ആണ് ഈ സപ്ലിമെന്റുകൾ സാധാരണയായി വിപണനം ചെയ്യുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകൾ, സസ്യങ്ങളുടെ സത്ത്, യുവി-ഫിൽട്ടറിങ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചർമ്മ കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നു.
സപ്ലിമെന്റുകൾ ഒരു പരിധിവരെ സംരക്ഷണം നൽകുമെങ്കിലും സൺസ്‌ക്രീനിന് പകരമാവില്ലെന്ന് ഡോ. ഷെട്ടി പറയുന്നു. ചില ആന്റിഓക്‌സിഡന്റുകളും സസ്യങ്ങളിൽ നിന്നുള്ള സംയുക്തങ്ങളും യുവി രശ്മികൾ മൂലമുണ്ടാകുന്ന ചർമ്മത്തിലെ കേടുപാടുകൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു, പക്ഷേ അവ എസ്.പി.എഫ് അടിസ്ഥാനമാക്കിയുള്ള ക്രീമുകളോ ലോഷനുകളോ നൽകുന്ന അതേ തലത്തിലുള്ള നേരിട്ടുള്ള സംരക്ഷണം നൽകുന്നില്ല, ഡോ. വിനത ഷെട്ടി വ്യക്തമാക്കി.
ഉൽപ്പന്നങ്ങൾ വാങ്ങാൻ ശ്രമിക്കുന്നതിന് മുമ്പ് എന്തൊക്കെ ചേരുവകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് കൃത്യമായി പരിശോധിക്കുകയും വിദഗ്ധരുടെ നിർദേശം കൂടി പരിഗണിച്ച് വിശ്വസനീയമായ ഉൽപ്പന്നങ്ങൾ മാത്രം കഴിക്കുകയും ചെയ്യുക.
Content Highlights: Can drinkable sunscreen replace regular one
Published: 11 Mar 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented