കുഞ്ഞിന് അപസ്മാരം ഉണ്ടെന്ന് ഡോക്ടർ പറയുമ്പോൾ ഏതൊരു മാതാപിതാക്കളുടെയും ഉള്ളിൽ ആദ്യം നിറയുന്നത് ഭയവും ആശങ്കയുമായിരിക്കും. എന്റെ കുഞ്ഞിന്റെ ഭാവി എന്താകും?, ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ?, പഠനത്തെയും ബുദ്ധിവികാസത്തെയും ഇത് ബാധിക്കുമോ? എന്നിങ്ങനെ നൂറായിരം ചോദ്യങ്ങൾ മനസ്സിലേക്ക് ഓടിയെത്താം.

To advertise here,

കുട്ടികളിൽ അപസ്മാരം ഉണ്ടെന്ന് അറിയുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു ഡോക്ടർ എന്ന നിലയിൽ മാതാപിതാക്കളോട് ആദ്യം പറയാനുള്ളത് പരിഭ്രാന്തരാകരുത് എന്നതാണ്. കാരണം വൈദ്യശാസ്ത്രം ഇന്ന് ഏറെ വളർന്നിരിക്കുന്നു. കൃത്യമായ രോഗനിർണ്ണയവും, മുടങ്ങാതെയുള്ള ചികിത്സയും, ശാസ്ത്രീയമായ പരിചരണവും നൽകിയാൽ അപസ്മാരമുള്ള ഭൂരിഭാഗം കുട്ടികൾക്കും മറ്റേതൊരു കുട്ടിയെയും പോലെ പഠിക്കാനും കളിക്കാനും മികച്ച ഭാവി കെട്ടിപ്പടുക്കാനും സാധിക്കും. കൂടാതെ രോഗത്തെക്കുറിച്ച് ശരിയായ അറിവും ശാസ്ത്രീയമായ പരിചരണവും ഉണ്ടെങ്കിൽ ഈ അവസ്ഥയെ പൂർണ്ണമായും നിയന്ത്രിക്കാനും കുഞ്ഞിന് സാധാരണ ജീവിതം ഉറപ്പാക്കാനും സാധിക്കും.

സ്ത്രീകളിലെ അപസ്മാരം വിവാഹത്തിനും പ്രസവത്തിനും തടസ്സമാണോ? ആശങ്കയല്ല, കരുതലാണ് വേണ്ടത്

എന്താണ് അപസ്മാരം? അമിതഭയം വേണ്ടാത്തതെന്തുകൊണ്ട്?

തലച്ചോറിലെ നാഡീകോശങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്നത് അതിസൂക്ഷ്മമായ വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഈ വൈദ്യുത പ്രവാഹത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു ചെറിയ വ്യതിയാനം സൃഷ്ടിക്കുന്ന അവസ്ഥയാണ് അപസ്മാര ലക്ഷണങ്ങളായി പ്രകടമാകുന്നത്. കുട്ടികളിൽ കാണപ്പെടുന്ന ചിലതരം അപസ്മാരങ്ങൾ പ്രായത്തിനനുസരിച്ച് തനിയെ മാറുന്നവയുമാണ്.

വിറയൽ മാത്രമല്ല അപസ്മാരം: ലക്ഷണങ്ങൾ തിരിച്ചറിയാം

അപസ്മാരം എന്നാൽ കൈകാലുകൾ വിറച്ച് നിലത്തുവീഴുന്നത് മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ കുട്ടികളിൽ അപസ്മാരം പല രൂപങ്ങളിൽ പ്രകടമാകാം:

തുറിച്ചുനോട്ടം (ആബ്സെൻസ് സീഷറുകൾ): കുട്ടി പെട്ടെന്ന് ചെയ്യുന്ന പ്രവൃത്തി നിർത്തി ഏതാനും നിമിഷങ്ങളിലേക്ക് ശൂന്യതയിലേക്ക് തുറിച്ചുനോക്കി നിൽക്കുന്ന അവസ്ഥ. വിളിച്ചാൽ പ്രതികരിക്കാതിരിക്കുക, കണ്ണുകൾ വേഗത്തിൽ ചിമ്മുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാകാം.

അസ്വാഭാവികമായ പെട്ടെന്നുള്ള ഞെട്ടലുകൾ.

പേശികൾ വലിഞ്ഞുമുറുകുകയോ കുഴഞ്ഞുവീഴുകയോ ചെയ്യുക: ശരീരം പെട്ടെന്ന് മരവിക്കുക അഥവാ പേശീബലം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുക.

ശരീരം വിറയ്ക്കുക: ബോധം നഷ്ടപ്പെട്ട് കൈകാലുകൾ ശക്തമായി വിറയ്ക്കുക, വായിൽ നിന്ന് നുരയും പതയും വരിക.

അപസ്മാരം ഉണ്ടാകുമ്പോൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും

കുഞ്ഞിന് അപസ്മാര ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മാതാപിതാക്കൾ സമചിത്തത വീണ്ടെടുക്കുകയാണ് ഏറ്റവും പ്രധാനം.

ചെയ്യേണ്ട കാര്യങ്ങൾ:

  • കുഞ്ഞിനെ നിലത്തോ കട്ടിലിലോ ഒരു വശത്തേക്ക് ചരിച്ചു കിടത്തുക. ഇത് ഉമിനീരോ ഛർദ്ദിയോ ശ്വാസകോശത്തിലേക്ക് കടക്കുന്നത് തടയും.
  • കുഞ്ഞിന്റെ തലയ്ക്ക് താഴെ മൃദുവായ തലയിണയോ തുണി മടക്കിയോ വയ്ക്കുക. പരിക്കുകൾ ഒഴിവാക്കുന്നതിനായി സമീപത്ത് മൂർച്ചയുള്ളതോ കട്ടിയുള്ളതോ ആയ വസ്തുക്കൾ മാറ്റിയിടുക.
  • ഇറുകിയ വസ്ത്രങ്ങൾ കഴുത്തിന് ചുറ്റുമുണ്ടെങ്കിൽ അയച്ചുകൊടുക്കുക, കൂടാതെ ശുദ്ധവായു ലഭിക്കാൻ സാഹചര്യമൊരുക്കുക.

സാധാരണഗതിയിൽ 1 മുതൽ 3 മിനിറ്റിനുള്ളിൽ ഇത് തനിയെ നിൽക്കും. അതിനാൽ അപസ്മാരം എത്ര നേരം നീണ്ടുനിൽക്കുന്നു എന്ന് കൃത്യമായി നോക്കുക. സാധിക്കുമെങ്കിൽ കുഞ്ഞിന്റെ ചലനങ്ങൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തുക. എന്തെന്നാൽ ഡോക്ടർക്ക് കൃത്യമായ രോഗനിർണ്ണയം നടത്താൻ ഇത് സഹായകമാകും.

ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങൾ:

  • സ്പൂൺ, വിരലുകൾ, തുണി, താക്കോൽ എന്നിവയൊന്നും കുഞ്ഞിന്റെ വായിലേക്ക് തിരുകി വയ്ക്കരുത്. നാക്ക് കടിക്കാതിരിക്കാൻ വേണ്ടി ഇങ്ങനെ ചെയ്യുന്നത് പല്ലുകൾ ഒടിയാനും ശ്വാസതടസ്സമുണ്ടാകാനും കാരണമാകും.
  • അപസ്മാരം നിൽക്കാതെ കുഞ്ഞ് പൂർണ്ണബോധത്തിലേക്ക് വരുന്നതിന് മുൻപ് വെള്ളമോ മരുന്നോ വായിൽ ഒഴിച്ചുകൊടുക്കരുത്.
  • കുഞ്ഞിന്റെ കൈകാലുകളിലെ വിറയൽ ബലമായി അമർത്തി നിർത്താൻ ശ്രമിക്കരുത്.

എപ്പോഴാണ് അടിയന്തര വൈദ്യസഹായം തേടേണ്ടത്?

അപസ്മാരം 5 മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുക, ഒരു വട്ടം അപസ്മാരം കഴിഞ്ഞ് ബോധം തെളിയുന്നതിന് മുൻപ് അടുത്തത് വരിക, ശ്വാസതടസ്സം അനുഭവപ്പെടുക, തുടങ്ങി വീഴ്ചയിൽ തലയ്ക്ക് പരിക്കേൽക്കുക എന്നിവ ഉണ്ടായാൽ ഒട്ടും വൈകാതെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണം.

ചികിത്സയും മരുന്നുകളും: മാതാപിതാക്കൾ ശ്രദ്ധിക്കാൻ

കൃത്യമായ മരുന്ന് ഉപയോഗം: ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യസമയത്ത്, കൃത്യമായ അളവിൽ നൽകുക. രോഗലക്ഷണങ്ങൾ മാറിയെന്ന് കരുതി ഡോക്ടറുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ പെട്ടെന്ന് നിർത്തരുത്. ഇത് അപസ്മാരം കൂടുതൽ തീവ്രതയോടെ തിരിച്ചുവരാൻ കാരണമാകും.

പാർശ്വഫലങ്ങൾ: മരുന്നുകൾ തുടങ്ങുന്ന ആദ്യ ദിവസങ്ങളിൽ കുഞ്ഞിന് ചെറിയ ക്ഷീണമോ ഉറക്കക്കൂടുതലോ ഉണ്ടാകാം. ശരീരം മരുന്നുമായി പൊരുത്തപ്പെടുമ്പോൾ ഇത് മാറുന്നതാണ്. എന്നാൽ ചർമ്മത്തിൽ പാടുകളോ പെരുമാറ്റത്തിൽ മാറ്റങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ അറിയിക്കുക.

ശ്രദ്ധിക്കുക: തുടർച്ചയായി 2 മുതൽ 3 വർഷം വരെ അപസ്മാര ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ വന്നാൽ ഡോക്ടറുടെ മേൽനോട്ടത്തിൽ ഇ.ഇ.ജി പരിശോധന നടത്തിയ ശേഷം മരുന്നുകൾ പടിപടിയായി കുറച്ച് പൂർണ്ണമായും നിർത്താൻ സാധിക്കാറുണ്ട്.

ദൈനംദിന ജീവിതവും മാതാപിതാക്കളുടെ പരിചരണവും

അപസ്മാരമുള്ള കുട്ടികളെ അമിതമായി നിയന്ത്രിച്ച് വീടിനുള്ളിൽ അടച്ചിടരുത്. ചെറിയ ചില മുൻകരുതലുകളോടെ അവർക്ക് സാധാരണ കുട്ടികളെപ്പോലെ ജീവിക്കാൻ അവസരം നൽകണം.

കൃത്യമായ ഉറക്കം: ഉറക്കക്കുറവ് അപസ്മാരം വർദ്ധിപ്പിക്കാനുള്ള പ്രധാന കാരണമാണ്. കുഞ്ഞിന് എല്ലാ ദിവസവും കൃത്യസമയത്ത് മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

പോഷകാഹാരം: ഭക്ഷണം ഒഴിവാക്കുന്നത് (പ്രത്യേകിച്ച് പ്രഭാതഭക്ഷണം) രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും അപസ്മാരത്തിന് കാരണമാവുകയും ചെയ്യാം.

സ്ക്രീൻ ടൈം നിയന്ത്രിക്കുക: ചില സാഹചര്യങ്ങളിൽ കുട്ടികളിൽ പ്രകാശത്താൽ ഉണ്ടാകുന്ന അപസ്മാര സാധ്യതയുള്ളതിനാൽ ടി.വി, മൊബൈൽ ഫോൺ, വീഡിയോ ഗെയിമുകൾ എന്നിവയിലെ മിന്നിമറയുന്ന പ്രകാശം അപസ്മാരം ഉണ്ടാക്കാം. അതിനാൽ സ്ക്രീൻ ഉപയോഗം മിതപ്പെടുത്തുക.

കളികളിലും വിനോദങ്ങളിലും ഏർപ്പെടുമ്പോൾ ശ്രദ്ധിക്കുക : അപസ്മാരം നിയന്ത്രണവിധേയമാണെങ്കിൽ കുട്ടികൾക്ക് സൈക്കിൾ ചവിട്ടാനും കളിക്കാനും സാധിക്കും. എന്നാൽ സൈക്കിൾ ചവിട്ടുമ്പോൾ നിർബന്ധമായും ഹെൽമെറ്റ് ധരിപ്പിക്കണം. അപകട സാധ്യതയുള്ള വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ ഉദാഹരണത്തിന് നീന്തൽ തുടങ്ങിയ കാര്യങ്ങളിൽ മുതിർന്നവരുടെ കർശനമായ മേൽനോട്ടം ഉണ്ടായിരിക്കണം. കൂടാതെ കുട്ടികൾ കുളിക്കുമ്പോൾ ബാത്ത്റൂം വാതിൽ അകത്തുനിന്ന് പൂട്ടാതിരിക്കാൻ ശ്രദ്ധിക്കുക.

സ്കൂളിലെ പിന്തുണ: കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് അധ്യാപകരെയും സ്കൂൾ അധികൃതരെയും മുൻകൂട്ടി അറിയിക്കുക. അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് അവർക്ക് അറിവ് നൽകുന്നത് കുഞ്ഞിന് സ്കൂളിൽ സുരക്ഷിതത്വം ഉറപ്പാക്കും.

കുഞ്ഞിന്റെ ആത്മവിശ്വാസം വളർത്താം

രോഗത്തെക്കുറിച്ച് കുഞ്ഞിന് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞുകൊടുക്കുക. തനിക്ക് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എന്തോ കുറവുണ്ടെന്ന തോന്നൽ കുഞ്ഞിൽ ഉണ്ടാകരുത്. മാതാപിതാക്കളുടെ ഭയവും ആശങ്കയും കുഞ്ഞിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. നിങ്ങളുടെ കരുതലും സ്നേഹവും ശാസ്ത്രീയമായ ചികിത്സയും ഒത്തുചേർന്നാൽ അപസ്മാരം എന്ന കടമ്പയെ അനായാസം മറികടന്ന് കുഞ്ഞിന് മികച്ച ഭാവി സ്വന്തമാക്കാൻ സാധിക്കും.

കോഴിക്കോട് ആസ്റ്റർ മിംസിൽ പീഡിയാട്രിക് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖിക.