കേരളത്തിലെ സാര്‍സ് കൊറോണ വൈറസ് 2 വിന്റെ ജനിതക ഘടന കണ്ടെത്താനുള്ള പഠനത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു.  കേരളത്തില്‍ കോവിഡ് 19 വൈറസിന്റെ ജനിതക ഘടന കണ്ടെത്താനുള്ള ആദ്യത്തെ പഠനമാണിത്. കോഴിക്കോട് മെഡിക്കല്‍ കോളേജും സി എസ് ഐ ആറിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജി, അക്കാദമി ഓഫ് സയന്റിഫിക് ആന്റ് ഇന്നവേറ്റീവ് റിസര്‍ച്ച് എന്നീ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്.

To advertise here,

എന്തിനാണ് വൈറസിന്റെ  ജനിതകഘടനയില്‍ ഗവേഷണം നടത്തുന്നത്?

പുതുതായി ഒരു ഒരു അണുബാധ സംശയിക്കുമ്പോള്‍ വൈറസിന്റെ ജനിതകഘടന കണ്ടെത്തുക എന്നത് രോഗനിര്‍ണയത്തില്‍ വളരെ പ്രധാനമാണ്. വൈറസിന്റെ ഉറവിടം, പകരുന്ന രീതി, അപകട സാദ്ധ്യത, ഇവയിലൊക്കെ നിര്‍ണ്ണായകമായ വിവരങ്ങള്‍ വൈറസിന്റെ ഘടന നമുക്ക് തരുന്നു. കോവിഡിന്റെ കാര്യത്തില്‍ ചൈനയിലെ ശാസ്ത്രജ്ഞന്‍മാര്‍ ഇത് നേരത്തെ തന്നെ ചെയ്തിരുന്നു. പക്ഷേ കോവിഡ് പോലത്തെ വൈറസുകള്‍ അടിക്കടി ജനിതക മാറ്റങ്ങളിലൂടെ അതിന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങള്‍ വരുത്താന്‍ കഴിവുള്ളവരാണ്. 

ഏറ്റവും പ്രധാനമായി മൂന്ന് ഫലങ്ങളാണ്  വൈറസിന്റെ ജനിതക  മാറ്റത്തിന്റെ ഭാഗമായി സംഭവിക്കാവുന്നത്.

  1. വ്യാപനശേഷിയിലുള്ള മാറ്റം
  2. രോഗത്തിന്റെ കാഠിന്യത്തിലുള്ള മാറ്റം 
  3. രോഗനിര്‍ണ്ണയ രീതികളിലുള്ള മാറ്റം

ഇവ കൂടാതെ ഒരു നാട്ടിലേക്കുള്ള  വൈറസിന്റെ സഞ്ചാരവഴികള്‍ കണ്ടെത്താനും ജനിതക ഘടന സഹായിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികളില്‍ നടത്തിയ പഠനത്തില്‍ കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ പ്രധാനമായി കാണപ്പെടുന്ന വൈറസ് ലോകത്തിന്റെ പല ഭാഗങ്ങളിലും നേരത്തേ റിപ്പോര്‍ട്ട് ചെയ്ത പോലെ തന്നെ എ2എ ക്ലേഡില്‍ പെട്ടതാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഭൂരിഭാഗം വൈറസിന്റെ ഘടനയിലും ഡി614ജി എന്ന ജനിതകവ്യതിയാനം ശ്രദ്ധിക്കപ്പെട്ടു. ഇതിന്റെ പ്രത്യേകത വ്യാപന ശേഷി വളരെ കൂടുതലും എന്നാല്‍ മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളിലും  ഉണ്ടായ വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ അപകടസാധ്യത കുറഞ്ഞതുമാണ് എന്നതാണ്. ഘടനയില്‍ വിദേശരാജ്യങ്ങളില്‍ കണ്ട വൈറസുകളേക്കാള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളായ  മഹാരാഷ്ട്ര, കര്‍ണാടക, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ കാണപ്പെട്ട വൈറസുകളുമായി കൂടുതല്‍ സാമ്യമുള്ളവയാണ് കേരളത്തിലെ വൈറസ്. പ്രവാസികള്‍  കേരളത്തില്‍ വൈറസ് വ്യാപനത്തില്‍ വലിയ പങ്കുവഹിച്ചിട്ടില്ലെന്നും കോവിഡിന്റെ തുടക്കകാലങ്ങളില്‍  കേരളം  എടുത്ത ശക്തമായ പ്രതിരോധ നടപടികള്‍ ഫലം കണ്ടിട്ടുണ്ടാകാമെന്നും പഠനം വിലയിരുത്തുന്നു. കേരളത്തിലെ രോഗികളുടെ എണ്ണം കൂടിയതിന് പ്രധാന കാരണം അന്തര്‍സംസ്ഥാന യാത്രകള്‍ ആയിരിക്കണം എന്നാണ് പഠനം നല്‍കുന്ന സൂചന.

അണുവ്യാപനശേഷി കൂടിയ വൈറസാണ് കേരളത്തില്‍ എന്നുള്ള കണ്ടെത്തല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാമെടുക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരേണ്ടതിന്റെ  ആവശ്യകത ഒന്നുകൂടി ഊന്നി പറയുകയാണ്. ശാരീരിക അകലം, കൈകളുടെ ശുചിത്വം, മാസ്‌കിന്റെ ഉപയോഗം എന്നിവ ഒട്ടും വിട്ടുവീഴ്ചയില്ലാതെ തുടരുക തന്നെ വേണം.

Content Highlights: COVID-19 pandemic in Kerala, Health