തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെലങ്കാനയിലെ പൊതുജനാരോഗ്യ & കുടുംബക്ഷേമ ഡയറക്ടർ ഡോ. ബി. രവീന്ദർ നായിക് പറഞ്ഞു. നിലവിൽ കോവിഡ് കേസുകളിൽ കാണുന്ന വർധനവ് സീസണലായി കണ്ടുവരുന്നതാണെന്നും കഴിഞ്ഞവർഷവും സമാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തിന്റെ തീവ്രത വർധിക്കുന്നതു സംബന്ധിച്ച തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരും ആരോഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തെ ആശങ്കയോടെ കാണേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും അറിയിച്ചു.
ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ നിന്ന് മൂന്ന് കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇത് സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 32 ആയി ഉയർത്തി. കോവിഡ്-19 മൂലം ഇതുവരെ സംസ്ഥാനത്ത് നാല് പേരാണു മരിച്ചത്. തെലങ്കാനയിൽ കേസുകൾ കൂടുന്നുണ്ടെങ്കിലും വ്യാപനത്തിനു സമാനമായ സാഹചര്യമില്ല.
കോവിഡിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ടെസ്റ്റിങ് കിറ്റുകൾ, മരുന്നുകൾ, കോവിഡ്-19 പ്രത്യേക കിടക്കകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE), മറ്റ് അവശ്യ മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യവിഭാഗം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വകഭേദം ഏതാണെന്ന് കണ്ടെത്താൻ ജനിതക ശ്രേണീകരണം നടത്തിയതിൽ ഒമിക്രോൺ RF.5-ന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടന പതിവായ ജനിതക നിരീക്ഷണത്തിന്റെ ഭാഗമായി RF.5 വകഭേദത്തെ നിരീക്ഷിച്ചു വരുന്നുണ്ടെന്നും സിംഗപ്പൂരിലും ചില തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും RF.5 കേസുകൾ ഉയർന്ന തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിലെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിഷ്ണു വർധൻ പറഞ്ഞു. നിലവിൽ RF.5 മറ്റ് ഒമിക്രോൺ വകഭേദങ്ങളെക്കാൾ അപകടകരമാണെന്ന് സൂചിപ്പിക്കുന്ന യാതൊരു സാഹചര്യവുമില്ലെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോ. വിഷ്ണു വർധൻ പറഞ്ഞു.
SARS-CoV-2 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമാണ് ഒമിക്രോൺ RF.5. ഒമിക്രോണിന്റെ മറ്റ് ഉപവകഭേദങ്ങൾക്ക് സമാനമാണ് ഇതിന്റെയും ലക്ഷണങ്ങൾ. തൊണ്ടവേദന, ചുമ, പനി, തലവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
Content Highlights: COVID-19 cases are rising in Andhra Pradesh and Telangana., Health authorities confirm the presence of the Omicron RF.5 sub-variant., Officials state there is no cause for panic as the rise is considered seasonal
Published: 25 Jul 2026, 08:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented