ജീവരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് രക്തം. നമ്മുടെ ശരീരത്തിലൂടെ സഞ്ചരിക്കുന്ന രക്തമാണ് ഓക്സിജനും പോഷകങ്ങളും പോലുള്ള അവശ്യ ഘടകങ്ങൾ ശരീരകോശങ്ങളിലേക്ക് എത്തിക്കുന്നത്. രക്തത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല; ഇത് കൃത്രിമമായി നിർമ്മിക്കാനും കഴിയില്ല. രക്തം ആവശ്യമുള്ള രോഗികൾക്ക് രക്തത്തിന്റെ ഏക ഉറവിടം സന്നദ്ധരും ഉദാരമനസ്കരുമായ രക്തദാതാക്കളാണ്.
രക്തപ്പകർച്ചയുടെ നാഴികക്കല്ലുകൾ
ആദ്യ വിജയകരമായ രക്തപ്പകർച്ച പരീക്ഷണം 1665-ൽ നായകളിൽ നടത്തിയത് ഇംഗ്ലീഷ് ഫിസിഷ്യനായ റിച്ചാർഡ് ലോവർ (Richard Lower) ആയിരുന്നു. തുടർന്ന് 1667-ൽ ഫ്രഞ്ച് വൈദ്യനും ശാസ്ത്രജ്ഞനുമായ ജീൻ ബാപ്റ്റിസ്റ്റ് ഡെന്നിസ് ( Jean-Baptiste Denis) മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രക്തം പകർന്നു. എന്നാൽ രക്തഗ്രൂപ്പുകളെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ഇത്തരം ശ്രമങ്ങൾ പലപ്പോഴും ഗുരുതരമായ ഹീമോലൈറ്റിക് പ്രതികരണങ്ങൾക്ക് (Hemolytic Reactions) കാരണമായി. എന്നിരുന്നാലും, ഈ രംഗത്തെ പരീക്ഷണങ്ങളും ഗവേഷണങ്ങളും തുടർന്നുകൊണ്ടിരുന്നു.
1818-ൽ ബ്രിട്ടീഷ് പ്രസവ-സ്ത്രീരോഗ വിദഗ്ധനായ ജയിംസ് ബ്ലണ്ടൽ (James Blundell) മനുഷ്യനിൽ നിന്ന് ശേഖരിച്ച രക്തം മറ്റൊരു മനുഷ്യനിലേക്ക് വിജയകരമായി പകർന്നു. ആധുനിക രക്തപ്പകർച്ചാ ചികിത്സയുടെ തുടക്കമായി കണക്കാക്കപ്പെടുന്ന ഈ നേട്ടം വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു.
ശേഖരിക്കുന്ന രക്തം കട്ടപിടിക്കുന്നത് മറികടക്കാനുള്ള പ്രധാന കണ്ടുപിടുത്തമായിരുന്നു ആന്റികോയാഗുലന്റ് (Anticoagulant). 1869-ൽ ബ്രാക്സ്റ്റൺ ഹിക്‌സ് (Braxton Hicks) സോഡിയം ഫോസ്‌ഫേറ്റ് നിർദേശിച്ചതോടെയാണ് വിഷരഹിതമായ ആന്റികോയാഗുലന്റ് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. 1901-ൽ ഓസ്ട്രിയൻ ഫിസിഷ്യനായ കാൾ ലാൻഡ്സ്റ്റീനർ (Karl Landsteiner) ABO രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചു. 'ഫാദർ ഓഫ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ' എന്നറിയപ്പെടുന്ന അദ്ദേഹത്തിന് ഇതിലൂടെ നൊബേൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമാണ് ലോക രക്തദാന ദിനമായി ആചരിക്കുന്നത്.
ദാതാക്കളും രോഗിയും തമ്മിലുള്ള ക്രോസ് മാച്ചിംഗിലൂടെ (Cross-matching) രക്തപ്പകർച്ചയുടെ സുരക്ഷ മെച്ചപ്പെടുത്താൻ റൂബൻ ഒട്ടൻബർഗ് സഹായിച്ചു. ആന്റികോയാഗുലന്റിന്റെ കണ്ടുപിടുത്തത്തോടെ രക്തം കൂടുതൽ കാലം സംരക്ഷിക്കാൻ സാധിച്ചു. 1937-ൽ ലോകത്തിലെ ആദ്യത്തെ ബ്ലഡ് ബാങ്ക് ചിക്കാഗോയിലെ കുക്ക് കൗണ്ടി ഹോസ്‌പിറ്റലിൽ ഡോ. ബെർണാഡ് ഫാൻ്റസ് സ്ഥാപിച്ചു.
ഇന്ത്യയിൽ 1942-ൽ കൊൽക്കത്തയിലാണ് ആദ്യത്തെ ബ്ലഡ് ബാങ്ക് സ്ഥാപിതമായത്.
രക്തത്തിന്റെ പ്രധാന ഘടകങ്ങൾ പ്ലാസ്മ (ദ്രാവകഭാഗം), രക്തകോശങ്ങൾ (ചുവന്ന രക്താണുക്കളും വെളുത്ത രക്താണുക്കളും), പ്ലേറ്റ്‌ലെറ്റുകൾ എന്നിവയാണ്. രക്തത്തിന്റെ ഏകദേശം 55 ശതമാനവും പ്ലാസ്മയാണ്. പ്രോട്ടീനുകൾ, ധാതുലവണങ്ങൾ, പോഷകങ്ങൾ, ഹോർമോണുകൾ തുടങ്ങിയവ കലർന്ന ദ്രാവകമാണ് പ്ലാസ്മ. ശരീരകോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുകയും കാർബൺ ഡൈഓക്സൈഡ് തിരിച്ചുകൊണ്ടുപോകുകയും ചെയ്യുന്നത് ചുവന്ന രക്താണുക്കളാണ്. വെളുത്ത രക്താണുക്കൾ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമായി പ്രവർത്തിച്ച് അണുബാധകൾക്കെതിരെ ശരീരത്തെ സംരക്ഷിക്കുന്നു. രക്തം കട്ടപിടിക്കാൻ സഹായിക്കുന്നവയാണ് പ്ലേറ്റ്‌ലെറ്റുകൾ. രക്തത്തിൽ കോശങ്ങളും പ്ലേറ്റ്‌ലെറ്റുകളും ഏകദേശം 45 ശതമാനവും പ്ലാസ്മ 55 ശതമാനവും അടങ്ങിയിരിക്കുന്നു.
രക്തദാനത്തിന്റെ ഗുണങ്ങൾ?
ഒരു രക്തദാനത്തിന് മൂന്ന് ജീവൻ രക്ഷിക്കാൻ കഴിയും. രക്തദാനത്തിന് മുമ്പ് ദാതാവിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനായി ഒരു പ്രാഥമിക ആരോഗ്യപരിശോധന നടത്താറുണ്ട്. ഇതിന്റെ ഭാഗമായി പൾസ്, രക്തസമ്മർദ്ദം, ശരീരതാപനില, ഹീമോഗ്ലോബിൻ അളവ് എന്നിവ പരിശോധിക്കുന്നു. രക്തദാനം സുരക്ഷിതമായി നടത്താനാകുമോ എന്നും ആരോഗ്യപ്രശ്നങ്ങളോ അപകടസാധ്യതകളോ ഉണ്ടോ എന്നും കണ്ടെത്താൻ ഈ പരിശോധനകൾ സഹായകമാണ്.
മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-B, C), എച്ച്.ഐ.വി, മലേറിയ, സിഫിലിസ് തുടങ്ങിയവയ്ക്കുള്ള പരിശോധനകൾക്കും ഈ രക്തം വിധേയമാക്കുന്നു.
രക്തദാനത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ
രക്തദാനം വേദനാജനകമാണോ? രക്തദാനത്തിനായി സൂചി കുത്തുമ്പോൾ ചെറിയൊരു വേദന മാത്രമേ അനുഭവപ്പെടുന്നുള്ളൂ. അത് തുടർച്ചയായി നിലനിൽക്കുകയുമില്ല.
രോഗങ്ങൾ പിടിപെടാം: രക്തദാനത്തിലൂടെ രോഗങ്ങൾ പിടിപെടാൻ യാതൊരു സാധ്യതയുമില്ല. കാരണം, ഓരോ ബ്ലഡ്‌ബാങ്കും കർശനമായ ശുചിത്വ പ്രോട്ടോക്കോൾ പാലിച്ചുപോരുന്നവയാണ്. പുതിയതും അണുവിമുക്തവുമായ സൂചികൾ ഒറ്റത്തവണ ഉപയോഗിച്ചതിനുശേഷം ഉപേക്ഷിക്കപ്പെടുന്നു.
ദാതാക്കൾ ചോദ്യാവലി പൂരിപ്പിക്കുന്നത് എന്തിന്?
ചോദ്യാവലി ഉപയോഗിച്ച് രക്തദാതാക്കളുടെ മെഡിക്കൽ ഫിറ്റ്‌നസ് വിലയിരുത്തുകയാണ് ചെയ്യുന്നത്. ദാനം ചെയ്ത രക്തം സാംക്രമിക രോഗപരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും ചിലപ്പോൾ അണുബാധകൾ തുടക്കത്തിൽ കണ്ടെത്താനാവില്ല. അണുബാധയുടെ പ്രാരംഭഘട്ടത്തിൽ വൈറസിൻ്റെ അളവ് വളരെ കുറവായിരിക്കുന്ന വിൻഡോ പിരീഡ് (Window Period) ഉള്ളതുകൊണ്ടാണിത്. അതിനാൽ രക്തദാതാക്കൾ ആരോഗ്യ ചോദ്യാവലിക്ക് സത്യസന്ധമായി മറുപടി നൽകേണ്ടത് അത്യാവശ്യമാണ്.
രക്തദാനത്തിന് ശേഷം രക്തം കുറയുമോ?
ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്. ദാതാവിന്റെ ഭാരമനുസരിച്ച് ശരീരത്തിൻ്റെ മൊത്തം രക്തത്തിന്റെ 8-12% മാത്രമേ ശേഖരിക്കപ്പെടുന്നുള്ളൂ. ഏകദേശം 24 മണിക്കൂറിനുള്ളിൽ നഷ്‌ടപ്പെട്ട രക്തത്തിന്റെ അളവ് സാധാരണ നിലയിലേക്ക് മടങ്ങും. ഏതാനും ആഴ്‌ചകൾക്കുള്ളിൽ നമ്മുടെ ശരീരം പുതിയ രക്തകോശങ്ങളാൽ നിറയും.
ആർക്കെല്ലാം രക്തദാതാക്കളാകാം?
- നല്ല ആരോഗ്യമുണ്ടെങ്കിൽ താഴെ പറയുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് രക്തം നൽകാം:
- 18 മുതൽ 60 വയസ്സുവരെയുള്ള ആരോഗ്യമുള്ള മുതിർന്നവർക്ക് രക്തം ദാനംചെയ്യാം. വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ രക്തദാനം ചെയ്യുന്ന റിപ്പീറ്റ് ഡോണർമാർക്ക് 65 വയസ് വരെ രക്തദാനം സാധ്യമാണ്.
- സാധാരണയായി കുറഞ്ഞത് 45 കിലോഗ്രാം ശരീരഭാരം ഉണ്ടായിരിക്കണം. 45 മുതൽ 55 കിലോഗ്രാം വരെ ഭാരമുള്ളവരിൽ നിന്ന് 350 മില്ലി ലിറ്റർ രക്തവും, 55 കിലോഗ്രാമിന് മുകളിലുള്ളവരിൽ നിന്ന് 450 മില്ലി ലിറ്റർ രക്തവും ശേഖരിക്കാറുണ്ട്. ബ്ലഡ് സെന്ററുകളുടെ നയങ്ങൾ അനുസരിച്ച് ഇതിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം.
- കുറഞ്ഞ ഹീമോഗ്ലോബിൻ അളവ് 12.5 ഗ്രാം ആയിരിക്കണം.
- ജലദോഷം, പനി, തൊണ്ടവേദന, അല്ലെങ്കിൽ മറ്റെന്തെങ്കിലും അണുബാധ ഉണ്ടെങ്കിൽ രക്തം ദാനം ചെയ്യാൻ കഴിയില്ല.
- പുരുഷന്മാർക്ക് മൂന്നു മാസം കൂടുമ്പോഴും സ്ത്രീകൾക്ക് നാലു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാവുന്നതാണ്.
- അടുത്തിടെ ടാറ്റു അല്ലെങ്കിൽ ബോഡി പിയേഴ്സിംഗ് നടത്തിയിട്ടുണ്ടെങ്കിൽ ഒരു വർഷത്തേക്ക് രക്തദാനം പാടില്ല.
- ശസ്ത്രക്രിയകൾ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവയുടെ സ്വഭാവം (മേജർ/മൈനർ) അനുസരിച്ച് നിശ്ചിത കാലയളവിലേക്ക് രക്തം ദാനം ചെയ്യാൻ പാടില്ല.
- തലേദിവസം കുറഞ്ഞത് 5 മണിക്കൂർ ഉറക്കവും രക്തദാനത്തിനു മുൻപ് 4 മണിക്കൂറിനുള്ളിൽ ഭക്ഷണവും പാനീയവും കഴിച്ചിട്ടുണ്ടാകണം.
- മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ രക്തം ദാനം ചെയ്യാൻ പാടില്ല.
- പ്രതിരോധ കുത്തിവയ്‌പുകളോ സ്ഥിരമായി കഴിക്കുന്ന മരുന്നുകളോ ഉണ്ടെങ്കിൽ അതാത് ബ്ലഡ്ബാങ്കിലെ ഡോക്ടർമാരുമായി ചർച്ച ചെയ്യേണ്ടതാണ്.
(സാധാരണ രക്തദാനത്തിന് പുറമേ, പ്ലേറ്റ്‌ലെറ്റുകൾ പോലുള്ള പ്രത്യേക രക്തഘടകങ്ങൾ മാത്രം യന്ത്രസഹായത്തോടെ ശേഖരിക്കുന്ന അഫെറെസിസ് (Apheresis) രക്തദാന രീതിയും നിലവിലുണ്ട്. ഈ പ്രക്രിയയിൽ ആവശ്യമായ ഘടകങ്ങൾ മാത്രം ശേഖരിക്കുകയും ബാക്കിയുള്ള രക്തഭാഗങ്ങൾ ദാതാവിന് തിരികെ നൽകുകയും ചെയ്യുന്നു.)
കൊച്ചി അമൃത ഹോസ്പിറ്റലിൽ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക.
Content Highlights: Comprehensive history of blood transfusion from 1665 to modern medicine., Detailed breakdown of blood components: Plasma, RBCs, WBCs, and Platelets
Published: 14 Jun 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented