ചിലരിൽ വൃക്കയിലെ കല്ലുകൾ ആവർത്തിച്ച് വരാറുണ്ട്. ഇത്തരം സാഹചര്യത്തിൽ കല്ല് രൂപപ്പെടാനുള്ള യഥാർഥ കാരണം വിലയിരുത്തുകയും വ്യക്തിഗത പ്രതിരോധചികിത്സ ആസൂത്രണംചെയ്യുകയും വേണം
മൂത്രവ്യവസ്ഥയെ ബാധിക്കുന്ന ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്നാണ് വൃക്കക്കല്ല് (Kidney Stone). മൂത്രത്തിലുള്ള ധാതുക്കളും ലവണങ്ങളും പരസ്പരം ചേർന്ന് കട്ടപിടിക്കുമ്പോഴാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്. ചില കല്ലുകൾ സ്വാഭാവികമായി പുറത്തുപോകുമെങ്കിലും, ചിലത് അതിതീവ്രമായ വേദന, മൂത്രതടസ്സം, അണുബാധ, ചികിത്സ വൈകിയാൽ വൃക്കയുടെ പ്രവർത്തനക്ഷമത നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകാം.
മൂത്രത്തിലുള്ള കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ്, സിസ്റ്റിൻ, ഫോസ്ഫേറ്റ് തുടങ്ങിയ ധാതുക്കൾ ക്രിസ്റ്റലുകളായി മാറി വൃക്കയിൽ കട്ടപിടിക്കുമ്പോഴാണ് വൃക്കക്കല്ല് രൂപപ്പെടുന്നത്. ഈ കല്ലുകൾ വൃക്കയിൽതന്നെ തുടരുകയോ മൂത്രനാളിയിലേക്ക് (Ureter) ഇറങ്ങി മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുകയോ ചെയ്യാം.
പ്രധാന ലക്ഷണങ്ങൾ
കല്ലിന്റെ വലുപ്പവും സ്ഥിതിയും അനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. പെട്ടെന്ന് ആരംഭിക്കുന്ന ശക്തമായ നടുവേദനയോ പാർശ്വവേദനയോ, മൂത്രത്തിൽ രക്തം കാണുക, മൂത്രമൊഴിക്കുമ്പോൾ വേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ, ഓക്കാനം, ഛർദി, അണുബാധയുണ്ടെങ്കിൽ പനിയും വിറയലും, ഗുരുതരമായ തടസ്സമുണ്ടെങ്കിൽ മൂത്രം പോകാൻ ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. ചെറിയ കല്ലുകളും സ്റ്റാസ്റ്റാഗ്‌ഹോൺ കല്ലുകളും (Staghorn calculus) പലപ്പോഴും ഒരു ലക്ഷണവുമില്ലാതെ പരിശോധനകളിൽ യാദൃച്ഛികമായി കണ്ടെത്താറുമുണ്ട്.
സാധ്യത വർധിപ്പിക്കുന്ന കാരണങ്ങൾ
വൃക്കക്കല്ല് രൂപപ്പെടാൻ ഒട്ടേറെ ഘടകങ്ങൾ കാരണമാകാം. പ്രധാന അപകടസാധ്യതകൾ ഇവയാണ്:
- ആവശ്യത്തിന് വെള്ളം കുടിക്കാത്തത് (നിർജലീകരണം).
- അമിതമായ ഉപ്പിന്റെ ഉപയോഗം.
- അമിതമായ മാംസാഹാരവും പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങളും.
- അമിതവണ്ണവും ശാരീരികപ്രവർത്തനക്കുറവും.
- കുടുംബചരിത്രത്തിൽ വൃക്കക്കല്ലുള്ളത്.
- പ്രമേഹം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ.
- ആവർത്തിച്ചുള്ള
- മൂത്രാശയ അണുബാധകൾ.
- ചില മരുന്നുകളുടെ ദീർഘകാല ഉപയോഗം.
- കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ്, സിസ്റ്റിൻ എന്നിവയുടെ അളവിലോ മൂത്രത്തിലെ സിട്രേറ്റിന്റെ അളവിലോ ഉണ്ടാകുന്ന ഉപാപചയ (Metabolic) വൈകല്യങ്ങൾ, പ്രത്യേകിച്ച് ആവർത്തിച്ച് വൃക്കക്കല്ല് ഉണ്ടാകുന്നവരിൽ (Recurrent Stone Formers).
വൃക്കയുടെയോ മൂത്രനാളിയുടെയോ ഘടനാപരമായ വൈകല്യങ്ങൾ (Structural Anomalies), ഉദാഹരണത്തിന്: കുതിരലാടത്തിന്റെ ആകൃതിയിലുള്ള വൃക്ക (Horse shoe Kidney)
മെഡുലറി സ്പോഞ്ച് കിഡ്നി (Medullary Sponge Kidney)
യൂറിറ്ററോ-പെൽവിക് ജങ്ഷൻ (UPJ) തടസ്സം.
മൂത്രത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന ജന്മനായുള്ള മറ്റ് ഘടനാപരമായ വൈകല്യങ്ങൾ.
ആവർത്തിച്ച് വരുന്നവരിൽ
ചിലരിൽ വൃക്കയിലെ കല്ല് വേഗം തന്നെ ആവർത്തിച്ചുവരുന്നതായി കാണാറുണ്ട്. കല്ലുകൾ രൂപപ്പെടാൻ സാധ്യത കൂട്ടുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ടെങ്കിലും ആവർത്തിച്ച് കല്ല് രൂപപ്പെടുന്നതിന് പിന്നിൽ ജനിതകപരമായ കാരണങ്ങളാണ് ഉള്ളതെന്നാണ് വിലിയരുത്തുന്നത്.
ആവർത്തിച്ച് വൃക്കക്കല്ല് ഉണ്ടാകുന്ന രോഗികളിൽ (Recurrent Stone Formers) മെറ്റബോളിക് പരിശോധനകൾ (Metabolic Evaluation) നടത്തുന്നത് വളരെ പ്രധാനമാണ്. രക്തപരിശോധന, 24 മണിക്കൂർ മൂത്രപരിശോധന, കല്ലിന്റെ രാസഘടനാ പരിശോധന (Stone Analysis) എന്നിവയിലൂടെ കല്ല് രൂപപ്പെടാനുള്ള യഥാർഥ കാരണം കണ്ടെത്താനും വ്യക്തിഗത പ്രതിരോധചികിത്സ ആസൂത്രണംചെയ്യാനും കഴിയും.
ചികിത്സാരീതികൾ
കല്ലിന്റെ വലുപ്പം, സ്ഥാനം, ഘടന, രോഗിയുടെ ആരോഗ്യനില എന്നിവയെ അടിസ്ഥാനമാക്കിയാണ് ചികിത്സ തീരുമാനിക്കുന്നത്.
ചെറിയ കല്ലുകൾക്ക്: ധാരാളം വെള്ളം കുടിക്കൽ, വേദനസംഹാരികൾ, മൂത്രനാളി വികസിപ്പിക്കാൻ സഹായിക്കുന്ന മരുന്നുകൾ.
വലിയ കല്ലുകൾക്ക്: വലിയ കല്ലുകൾക്കോ തടസ്സം സൃഷ്ടിക്കുന്ന കല്ലുകൾക്കോ ആവശ്യമായ ചികിത്സകൾ:
ഷോക്ക് വേവ് ലിതോട്രിപ്സി (ESWL), യുറിറ്റെറോസ്‌കോപ്പി (URS), ലേസർ ലിതോട്രിപ്സി, റെട്രോഗ്രേഡ് ഇൻട്രാറീനൽ സർജറി (RIRS), പെർക്യൂട്ടേനിയസ് നെഫ്രോളിതോട്ടമി (PCNL), സങ്കീർണമായ ചില സാഹചര്യങ്ങളിൽ തുറന്ന ശസ്ത്രക്രിയ അല്ലെങ്കിൽ ലാപറോസ്‌കോപ്പിക് ശസ്ത്രക്രിയ.
ചികിത്സയുടെ വിജയനിരക്കിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ
കല്ലിന്റെ വലിപ്പം: ചികിത്സയുടെ വിജയത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഘടകമാണ് കല്ലിന്റെ വലുപ്പം. 8 മില്ലിമീറ്ററിൽ താഴേയുള്ള കല്ലുകൾ മൂത്രനാളിയുടെ അതേദിശയിലാണെങ്കിൽ സ്വാഭാവികമായി പുറത്തുപോകാനോ ലളിതമായ ചികിത്സയിലൂടെ മാറാനോ സാധ്യത കൂടുതലാണ്. 20 മില്ലിമീറ്ററിൽ കൂടുതലുള്ള കല്ലുകൾക്ക് സാധാരണമായി പെർക്യൂട്ടേനിയസ് നെഫ്രോളിതോട്ടമി (PCNL) പോലുള്ള ശസ്ത്രക്രിയ ആവശ്യമായിവരാം.
കല്ലിന്റെ സ്ഥാനം: കല്ല് സ്ഥിതിചെയ്യുന്ന ഭാഗം ചികിത്സാഫലത്തെ ബാധിക്കുന്നു.
വൃക്കയുടെ പെൽവിസിലോ മുകളിലെ മൂത്രനാളിയിലോ ഉള്ള കല്ലുകൾ എളുപ്പത്തിൽ നീക്കംചെയ്യാൻ സാധിക്കും.വൃക്കയുടെ താഴത്തെ ഭാഗത്തുള്ള (Lower Pole) കല്ലുകൾ ഷോക്ക് വേവ് ചികിത്സയ്ക്കുശേഷവും പൂർണമായി പുറത്തുപോകാനുള്ള സാധ്യത കുറവാണ്.
കല്ലിന്റെ ഘടനയും കാഠിന്യവും: വൃക്കക്കല്ലുകളുടെ ചികിത്സ വിജയകരമാകുന്നതിൽ കല്ലിന്റെ രാസഘടനയും (Composition) കാഠിന്യവും (Hardness) വളരെ പ്രധാനപ്പെട്ട ഘടകങ്ങളാണ്. എല്ലാ കല്ലുകളും ഒരുപോലെയല്ല. ചില കല്ലുകൾ ഷോക്ക് വേവ് (ESWL) ഉപയോഗിച്ച് എളുപ്പത്തിൽ പൊട്ടിപ്പോകുമ്പോൾ, ചിലത് വളരെ കഠിനമായതിനാൽ ലേസർ ചികിത്സ (RIRS/URS) അല്ലെങ്കിൽ പി.സി.എൻ.എൽ. പോലുള്ള ശസ്ത്രക്രിയ ആവശ്യമായിവരും. കല്ലിന്റെ ഘടന തിരിച്ചറിയുന്നത്, ശരിയായ ചികിത്സ തിരഞ്ഞെടുക്കുന്നതിനും ഭാവിയിൽ വീണ്ടും കല്ല് ഉണ്ടാകുന്നത് തടയുന്നതിനും സഹായിക്കുന്നു.
കാൽസ്യം ഓക്സലേറ്റ് കല്ലുകൾ
ഏറ്റവും സാധാരണമായ വൃക്കക്കല്ല് (70-80%) ഇവയാണ്. ഇവ രണ്ട് പ്രധാന രൂപങ്ങളിലുണ്ട്.
കാൽസ്യം ഓക്സലേറ്റ് മോണോഹൈഡ്രേറ്റ് (COM): ഏറ്റവും കഠിനമായ കല്ലുകളിലൊന്നാണിത്. ഷോക്ക് വേവ് (ESWL) ചികിത്സ പലപ്പോഴും ഫലപ്രദമാകണമെന്നില്ല. പലപ്പോഴും ലേസർ ലിതോട്രിപ്സി അല്ലെങ്കിൽ പി.സി.എൻ.എൽ. ആവശ്യമായിവരും. സാധാരണമായി തവിട്ടുനിറമോ കറുപ്പുനിറമോ കലർന്നതും മിനുസമുള്ളതുമാണ് ഈ കല്ലുകൾ.
കാൽസ്യം ഓക്സലേറ്റ് ഡൈഹൈഡ്രേറ്റ് (COD):കാൽസ്യം ഓക്സലേറ്റ് കല്ലുകളെ അപേക്ഷിച്ച് കുറച്ച് മൃദുവാണിത്. ഷോക്ക് വേവ് (ESWL) വഴി പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ഉപരിതലം മുള്ളുകൾ പോലെയോ അസമമായതോ ആയിരിക്കും.
യൂറിക് ആസിഡ് കല്ലുകൾ
അമ്ലത്വം (pH കുറവ്) കൂടിയ മൂത്രത്തിലാണ് ഇത് കൂടുതലായി രൂപപ്പെടുന്നത്. സാധാരണമായി ഇത് കാൽസ്യം ഓക്സലേറ്റ് കല്ലുകളെക്കാൾ മൃദുവാണ്. ചില രോഗികളിൽ, മൂത്രം ആൽക്കലൈൻ ആക്കുന്ന മരുന്നുകൾ ഉപയോഗിച്ച്, ശസ്ത്രക്രിയ കൂടാതെതന്നെ അലിയിച്ചുകളയാൻകഴിയും. ഇറച്ചി, കടൽമത്സ്യം തുടങ്ങിയ, പ്യൂരിൻ കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു.
സ്ട്രുവൈറ്റ് കല്ലുകൾ
മൂത്രനാളിയിലെ അണുബാധമൂലമാണ് പ്രധാനമായും ഇത്തരം കല്ലുകൾ ഉണ്ടാകുന്നത്. വളരെ വേഗത്തിൽ വളർന്ന് വൃക്ക മുഴുവൻ നിറയ്ക്കുന്ന സ്റ്റാഗ്‌ഹോൺ (Staghorn) കല്ലുകളായി മാറാം. ചികിത്സയിൽ കല്ല് പൂർണമായും നീക്കംചെയ്യുന്നതിനൊപ്പം അണുബാധയും ചികിത്സിക്കേണ്ടിവരും.
സിസ്റ്റിൻ കല്ലുകൾ
ഈ കല്ലുകൾ അപൂർവമാണ്. പാരമ്പര്യരോഗമായ സിസ്റ്റിനൂരിയ (Cystinuria) ഉള്ളവരിലാണ് കാണപ്പെടുന്നത്. വളരെ കഠിനമായതിനാൽ പലപ്പോഴും ആവർത്തിച്ചുള്ള ചികിത്സ ആവശ്യമായിവരാം. ചെറുപ്പക്കാരിൽ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്.
കല്ലിന്റെ കാഠിന്യം എങ്ങനെ മനസ്സിലാക്കാം?
ശസ്ത്രക്രിയയ്ക്കുമുൻപ് സി.ടി. സ്‌കാനിലെ ഒരു അളവുകോലായ ഹൗൺസ്ഫീൽഡ് യൂണിറ്റ് (Hounsfield Unit- HU) ഉപയോഗിച്ച് കല്ലിന്റെ സാന്ദ്രത (density) വിലയിരുത്താൻകഴിയും. പൊതുവേ:
- 500 HU-ൽ താഴേ: മൃദുവായ കല്ലുകൾ.
- 500-1000 HU: ഇടത്തരം കാഠിന്യം.
- 1000 HU-ൽ മുകളിൽ: വളരെ കഠിനമായ കല്ലുകൾ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
എന്നിരുന്നാലും, ഹൗൺസ്ഫീൽഡ് യൂണിറ്റ് മാത്രം നോക്കി ചികിത്സ തീരുമാനിക്കില്ല; കല്ലിന്റെ വലുപ്പം, സ്ഥാനം, രോഗിയുടെ ശരീരഘടന എന്നിവയും ഒരുപോലെ പ്രധാനമാണ്.
ഓർമിക്കേണ്ട പ്രധാന കാര്യം, എല്ലാ വൃക്കക്കല്ലിനും ഒരേ ചികിത്സയല്ല. ലഭ്യമായ ചികിത്സാരീതികൾ ഓരോ ആശുപത്രിയിലും വ്യത്യാസപ്പെട്ടേക്കാം. കൂടാതെ, ചികിത്സ തിരഞ്ഞെടുക്കുമ്പോൾ ആശുപത്രിയിലെ സാങ്കേതികസൗകര്യങ്ങൾ, ഉപകരണങ്ങളുടെ ലഭ്യത, ശസ്ത്രക്രിയ നടത്തുന്ന യൂറോളജിസ്റ്റിന്റെ വൈദഗ്ധ്യവും പരിചയസമ്പത്തും പ്രധാനമായി പരിഗണിക്കപ്പെടുന്നു.
കല്ലിന്റെ ഘടന, കാഠിന്യം, വലുപ്പം, സ്ഥാനം, രോഗിയുടെ ആരോഗ്യനില എന്നിവ വിലയിരുത്തിയശേഷമാണ് ഏറ്റവും അനുയോജ്യമായ ചികിത്സ യൂറോളജിസ്റ്റ് തിരഞ്ഞെടുക്കുന്നത്. അതിനാൽ, പുറത്തുവന്ന കല്ല് പരിശോധനയ്ക്കായി (Stone Analysis) സൂക്ഷിച്ചുവയ്ക്കുകയും, ഡോക്ടറുടെ നിർദേശപ്രകാരം തുടർചികിത്സയും ജീവിതശൈലീമാറ്റങ്ങളും പാലിക്കുകയും ചെയ്യുന്നത് ഭാവിയിൽ വീണ്ടും കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.
ചികിത്സയ്ക്കുശേഷമുള്ള സ്‌കാനിങ്: വീണ്ടും കല്ലുതരികൾ കണ്ടാൽ
കഴിഞ്ഞ കുറച്ച് ദശകങ്ങളിൽ വൃക്കക്കല്ലുകളുടെ ചികിത്സയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്ന്, റെട്രോഗ്രേഡ് ഇൻട്രാറീനൽ സർജറി (RIRS), പെർക്യൂട്ടേനിയസ് നെഫ്രോലിതോട്ടമി (PCNL), യുറീറ്ററോസ്‌കോപ്പി (URS), പോലുള്ള, മുറിവുകൾ പരമാവധി ഒഴിവാക്കി
ക്കൊണ്ടുള്ള (Minimally Invasive) ചികിത്സാരീതികളിലൂടെ വിജയകരമായി ചികിത്സിക്കാൻ കഴിയും. തുറന്ന ശസ്ത്രക്രിയ (Open Surgery) ഇപ്പോൾ വിരളമായേ ചെയ്യാറുള്ളൂ.
വേദനക്കുറവ്, വേഗത്തിലുള്ള സുഖപ്രാപ്തി, കുറഞ്ഞ ആശുപത്രിവാസം എന്നിവ ഈ ചികിത്സാരീതികളുടെ ഗുണഫലങ്ങളാണ്. ഈ ചികിത്സകൾ ഉപയോഗിക്കപ്പെടുന്നതിനൊപ്പം, ശസ്ത്രക്രിയയ്ക്കുശേഷമുള്ള ഫോളോ-അപ്പ് സ്‌കാനുകളും ചികിത്സയുടെ പ്രധാന ഭാഗമാണ്. എന്നാൽ, സ്‌കാൻ റിപ്പോർട്ടുകളിൽ Residual stone (ശേഷിക്കുന്ന കല്ല്), Tiny calculi (ചെറിയ കല്ലുതരികൾ), Calcifications (കാൽസിഫിക്കേഷൻ) തുടങ്ങിയ വാക്കുകൾ കാണുമ്പോൾ പല രോഗികൾക്കും ആശങ്കയുണ്ടാകാറുണ്ട്. എന്നാൽ, ഇവ കാണുന്നതുകൊണ്ടുമാത്രം ചികിത്സ പരാജയപ്പെട്ടുവെന്ന് അർഥമില്ല.
വൃക്കക്കല്ലുചികിത്സയ്ക്കുശേഷമുള്ള ഒരു സ്‌കാൻ റിപ്പോർട്ട് മാത്രം നോക്കി അന്തിമ നിഗമനത്തിലെത്താൻ കഴിയില്ല. സ്‌കാൻചെയ്ത സമയവും ഉപയോഗിച്ച ഇമേജിങ് രീതിയും, മൂത്രവാഹിനിയിൽ സ്റ്റന്റ് ഉണ്ടോ എന്നതും, ശസ്ത്രക്രിയയ്ക്കിടെ കണ്ട വിവരങ്ങളും, രോഗിയുടെ ലക്ഷണങ്ങളും എല്ലാം ചേർത്താണ് ഫലം വിലയിരുത്തേണ്ടത്.
ചികിത്സയ്ക്ക് ശേഷമുള്ള സ്‌കാനിങ്ങിലൂടെ എന്തൊക്കെയാണ് പരിശോധിക്കുന്നത്?
- വൃക്കയിൽനിന്ന് മൂത്രം സാധാരണമായി ഒഴുകുന്നുണ്ടോ.
- പ്രാധാന്യമുള്ള ശേഷിക്കുന്ന കല്ലുതരികൾ ഉണ്ടോ.
- മൂത്രതടസ്സമോ വൃക്കവീക്കമോ (Hydronephrosis) ഉണ്ടോ.
- ശസ്ത്രക്രിയയ്ക്കുശേഷമുള്ള സുഖപ്രാപ്തി ശരിയായ രീതിയിലാണോ. കൂടുതൽ ചികിത്സ ആവശ്യമാണോ.
- എല്ലാ ചെറിയ കണികകളെയും ഇല്ലാതാക്കുകയെന്നതല്ല, മറിച്ച് ഭാവിയിൽ പ്രശ്‌നമുണ്ടാക്കാൻ സാധ്യതയുള്ള കല്ലുകളെ തിരിച്ചറിയുകയെന്നതാണ് പ്രധാനം.
സ്‌കാൻചെയ്യുന്ന സമയത്തിന് പ്രാധാന്യമുണ്ടോ?
ഉണ്ട്. ശസ്ത്രക്രിയയ്ക്ക് തൊട്ടു പിന്നാലെ മൂത്രവ്യവസ്ഥ പൂർണമായി സുഖപ്പെട്ടിട്ടില്ലായിരിക്കും. ആ സമയത്ത് സ്‌കാനിൽ കാണാൻ സാധ്യതയുള്ളത്:
- ലേസർ ഉപയോഗിച്ച് കല്ല് പൊടിച്ചതിന്റെ ഫലമായ ചെറിയ കല്ലുപൊടി.
- സ്വാഭാവികമായി പുറത്തുപോകാൻ സാധ്യതയുള്ള ചെറിയ കഷണങ്ങൾ.
- ചെറിയ രക്തക്കട്ടകൾ.
- താത്കാലികമായ വീക്കം.
- ശസ്ത്രക്രിയയ്ക്കുശേഷമുള്ള അവശിഷ്ടങ്ങൾ.
ഇവ പലപ്പോഴും സാധാരണ സുഖപ്രാപ്തിയുടെ ഭാഗമാണ്; കാലക്രമേണ മാറിപ്പോകാം. അതുകൊണ്ടാണ് പല യൂറോളജിസ്റ്റുകളും ശസ്ത്രക്രിയക്കുശേഷം ഏകദേശം, 4 മുതൽ 12 വരെ ആഴ്ചയ്ക്കുള്ളിൽ ഫോളോ-അപ്പ് ഇമേജിങ് നിർദേശിക്കുന്നത്. ഈ സമയത്ത്, ചെറിയ കഷണങ്ങൾ പുറത്തുപോകാനും മൂത്രവ്യവസ്ഥ സുഖപ്പെടാനും അവസരം ലഭിക്കും.
എന്നാൽ, ശക്തമായ വേദന, പനി, മൂത്രത്തിലെ അണുബാധ, മൂത്രതടസ്സം എന്നിവയുണ്ടെങ്കിൽ നേരത്തേതന്നെ പരിശോധന ആവശ്യമായിവരാം.
വിവിധതരം സ്‌കാനുകൾ ഉണ്ടോ?
വിവിധ സ്‌കാനുകൾക്ക് വ്യത്യസ്തമായ കഴിവുകളുണ്ട്:
നോൺ-കോൺട്രാസ്റ്റ് സി.ടി. (Non-contrast CT-NCCT): ചെറിയ കല്ലുകൾ കണ്ടെത്തുന്നതിൽ ഏറ്റവും കൃത്യമായ പരിശോധനയാണിത്. 1-2 മില്ലിമീറ്റർവരെ വലുപ്പമുള്ള കല്ലുതരികൾ കണ്ടെത്താൻകഴിയും. എന്നാൽ, റേഡിയേഷനുള്ളതിനാൽ ആവശ്യാനുസരണം മാത്രമാണ് ഉപയോഗിക്കുന്നത്.
അൾട്രാസൗണ്ട് (Ultrasound ): വൃക്കവീക്കം, വലിയ കല്ലുകൾ എന്നിവ കണ്ടെത്താൻ ഉചിതമാണ്. എന്നാൽ, വളരെ ചെറിയ കല്ലുതരികൾ പലപ്പോഴും കാണാതെപോകാം.
എക്സ്‌റേ കെ.യു.ബി. (X-ray KUB): ചിലതരം കല്ലുകൾ കണ്ടെത്താൻ സഹായിക്കും. എല്ലാ കല്ലുകളെയും കണ്ടെത്താൻകഴിയില്ല.
ഒരുപരിശോധനയും പൂർണമാണെന്ന് പറയാനാവില്ല. ഓരോ രോഗിയുടെയും അവസ്ഥ വിലയിരുത്തിയാണ് അനുയോജ്യമായ പരിശോധന തിരഞ്ഞെടുക്കുന്നത്.
കല്ലുപൊടിയും ചെറിയ കഷണങ്ങളും
ആധുനിക ലേസർചികിത്സയിൽ കല്ല് പലപ്പോഴും വളരെ ചെറിയ പൊടികളാക്കിമാറ്റുകയാണ് ചെയ്യുന്നത്. ഈ ചെറിയ കണികകളിൽ പലതും പിന്നീട് സ്വാഭാവികമായി മൂത്രത്തിലൂടെ പുറത്തുപോകും.
സി.ടി. സ്‌കാനിൽ കാണുന്ന 4-6 മില്ലിമീറ്റർ വലുപ്പമുള്ള ചെറിയ കഷണങ്ങൾ പലപ്പോഴും യാതൊരു ലക്ഷണവും ഉണ്ടാക്കില്ല. മൂത്രപ്രവാഹം തടയില്ല. അവ പിന്നീട് വലുതാകണമെന്നില്ല. വീണ്ടും ചികിത്സ ആവശ്യമായിവരണമെന്നുമില്ല. അതുകൊണ്ട്, ചെറിയൊരു കല്ലുതരി കണ്ടാൽ ഉടൻ വീണ്ടും ശസ്ത്രക്രിയ വേണമെന്നില്ല.
സുഖപ്പെടുന്ന പ്രക്രിയയിലെ ചില മാറ്റങ്ങൾ കല്ലാണെന്ന് തോന്നാം. ശസ്ത്രക്രിയയ്ക്കുശേഷം ഉണ്ടാകുന്ന രക്തക്കട്ടകൾ, വീക്കം, ടിഷ്യൂ മാറ്റങ്ങൾ, അവശിഷ്ടങ്ങൾ എന്നിവ. ചിലപ്പോൾ സ്‌കാനിൽ കല്ലുതരികളോട് സാമ്യമുള്ളതായി തോന്നാം, പ്രത്യേകിച്ച് ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ പരിശോധന നടത്തിയാൽ.
വ്യത്യസ്ത സ്‌കാനുകൾ വ്യത്യസ്ത ഫലങ്ങൾ കാണിക്കാം.
സി.ടി. സ്‌കാനിൽ കാണുന്ന വളരെ ചെറിയ കല്ലുതരികൾ അൾട്രാസൗണ്ടിൽ കാണാതിരിക്കാം. അതുപോലെ, അൾട്രാസൗണ്ടിൽ കല്ല് കാണുന്നില്ല എന്നത്, വളരെ ചെറിയ എല്ലാ കണികകളും ഇല്ലാതായി എന്നതിന് ഉറപ്പല്ല.
ഡി.ജെ. സ്റ്റെന്റ്
RIRS, URS, PCNL തുടങ്ങിയ ചികിത്സകൾക്കുശേഷം പല രോഗികൾക്കും താത്കാലികമായി Double-J (DJ) സ്റ്റെന്റ് ഇടാറുണ്ട്. വൃക്കയിൽനിന്ന് മൂത്രം സുഗമമായി ഒഴുകാനും സുഖപ്പെടാനും ഇത് സഹായിക്കുന്നു.
സ്റ്റെന്റുള്ള സമയത്ത് സ്‌കാൻചെയ്താൽ റിപ്പോർട്ട് വ്യാഖ്യാനിക്കുന്നത് ചിലപ്പോൾ ബുദ്ധിമുട്ടാകാം. മൂത്രത്തിലെ ധാതുക്കൾ സ്റ്റെന്റിൽ അടിഞ്ഞുകൂടി കട്ടപിടിക്കുന്ന അവസ്ഥ (stent encrustation) ഉണ്ടാകാം. ഈ നിക്ഷേപങ്ങൾ സ്‌കാനിൽ കാൽസിഫിക്കേഷൻപോലെ കാണപ്പെടുകയും ശേഷിക്കുന്ന കല്ലുകളുമായി സാമ്യമുണ്ടാക്കുകയും ചെയ്യാം.
അതുകൊണ്ട് സ്റ്റെന്റ് നീക്കംചെയ്ത ശേഷമുള്ള ശരിയായ സമയത്ത് ചെയ്യുന്ന പരിശോധന പല രോഗികളിലും കല്ലിന്റെ യഥാർഥ സ്ഥിതി കൂടുതൽ വ്യക്തമായി വിലയിരുത്താൻ സഹായിക്കും.
ഒരു ചെറിയ കല്ലുതരി അവശേഷിക്കുന്നതായി കാണുന്നതുകൊണ്ടുമാത്രം വീണ്ടും ശസ്ത്രക്രിയ വേണമെന്ന് അർഥമില്ല. സ്‌കാൻ റിപ്പോർട്ട്, ശസ്ത്രക്രിയാവിവരങ്ങൾ, രോഗിയുടെ ലക്ഷണങ്ങൾ എന്നിവയെല്ലാം ചേർത്ത് യൂറോളജിസ്റ്റ് നടത്തുന്ന വിലയിരുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടത്. ശരിയായ ബോധവത്കരണം അനാവശ്യമായ ആശങ്ക ഒഴിവാക്കാനും രോഗികൾക്ക് ആത്മവിശ്വാസത്തോടെ തുടർചികിത്സ സ്വീകരിക്കാനും സഹായിക്കും.
(കോഴിക്കോട് എച്ച് & കെ യൂറോളജി സെന്ററിൽ ചീഫ് കൺസൾട്ടന്റും റോബോട്ടിക് & ലേസർ യൂറോളജിസ്റ്റുമാണ് ലേഖകൻ.)
(മാതൃഭൂമി ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Why Kidney Stones Return and How to Stop Them Permanently
Published: 04 Oct 2026, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented