​ഗർഭനിരോധന​ഗുളികകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതിനെക്കുറിച്ചുള്ള സംശയത്തിന് മറുപടി നൽകുകയാണ് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ വിമൻ ഹെൽത്ത് വിഭാ​ഗം സീനിയർ കൺസൽട്ടന്റ് ഡോ. ഷെർലി മാത്തൻ.

To advertise here,

എനിക്ക് 36 വയസ്സുണ്ട്. രണ്ടു പെൺകുട്ടികളുടെ അമ്മയാണ്. ഒരു ആൺകുട്ടി കൂടി വേണമെന്നാണ് ഭർത്താവിന്റെ ആ​ഗ്രഹം. പക്ഷേ ഹീമോ​ഗ്ലോബിൻ നില പത്തിൽ താഴെയാണ്. മെലിഞ്ഞ ശരീരപ്രകൃതമാണ്. പ്രസവം നിർത്തിയിട്ടില്ലാത്തതിനാൽ ​ഗർഭനിരോധനമാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നുണ്ട്. പതിവായി ​ഗർഭനിരോധന​ഗുളിക ഉപയോ​ഗിക്കുന്നതിൽ പ്രശ്നമുണ്ടോ?

 എം.എസ്. പാലക്കാട്

36 വയസ്സുള്ള നിങ്ങൾ വീണ്ടും ​ഗർഭധാരണത്തിന് താത്പര്യപ്പെടുന്നുണ്ടെങ്കിൽ എത്രയും വേ​ഗം അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതായിരിക്കും ഉചിതം. പ്രായം കൂടുന്തോറും ​ഗർഭധാരണത്തിനുള്ള സാധ്യത കുറയുകയും കുട്ടികളിൽ ഡൗൺസിൻഡ്രോം പോലുള്ള അവസ്ഥകൾക്ക് സാധ്യത കൂടുകയും ചെയ്യും. 

പ്രസവം നിർത്തിയിട്ടില്ലാത്തതിനാൽ ​ഗർഭനിരോധനമാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. ​ഗർഭനിരോധനമാർ​ഗങ്ങൾ പലതരത്തിലുണ്ട്. അതിനാൽ കമ്പയിൻ കോൺട്രാസെപ്റ്റീവ് പിൽസ് ആയിരിക്കും നിങ്ങൾക്ക് ഉചിതം. 

കോപ്പർ അടങ്ങിയ ഐ.യു.സി.ഡി (intra uterine contraceptive device) കൂടുതൽ ബ്ലീഡിങ് ഉണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് രക്തക്കുറവുള്ളവർ ഉപയോ​ഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. അയേൺ ​ഗുളികകൾ കൂടി ഇതോടൊപ്പം കഴിക്കേണ്ടിവരും. എന്നാൽ ഹോർമോൺ ഉള്ള ഐ.യു.സി.ഡി.കൾ ലഭ്യമാണ്. അത് രക്തസ്രാവം വളരെയധികം കുറയ്ക്കും. 

അമിതരക്തസ്രാവമുള്ളവർക്ക് ഇത്തരം ഐ.യു.സി.ഡി. ​ഗർഭനിരോധനത്തിനും രക്തസ്രാവം കുറയ്ക്കുന്നതിനും ഉചിതമാണ്. ​ഗർഭനിരോധനത്തിന് ഹോർമോണൽ ഇംപ്ലാന്റുകൾ ഇപ്പോൾ ലഭ്യമാണ്. ഇത് ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോ​ഗിക്കാൻ സാധിക്കൂ. തോളിന് താഴെ കൈയുടെ ഉൾഭാ​ഗത്തായാണ് ഈ ഇംപ്ലാന്റ് വെക്കുന്നത്. മൂന്നുവർഷം വരെയാണ് ഇതിന്റെ കാലാവധി. അതിനുശേഷം അത് മാറ്റി പുതിയത് വെയ്ക്കണം. 

​ഗർഭനിരോധന​ഗുളികകൾ രണ്ടുതരമുണ്ട്: എമർജൻസി പിൽസും സ്ഥിരമായി കഴിക്കാവുന്നതും. എമർജൻസി പിൽസ് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോ​ഗിക്കാവൂ. ഇത് സ്ഥിരമായ ​ഗർഭനിരോധന മാർ​ഗമല്ല. കൃത്യമായി ഉപയോ​ഗിച്ചില്ലെങ്കിൽ രക്തസ്രാവമുണ്ടാകാം. 

കരൾ സംബന്ധമായ അസുഖങ്ങൾ, സ്തനാർബുദം, ഡീപ് വെയ്ൻ ത്രോംബോസിസ്, അമിതരക്തസമ്മർദം തുടങ്ങിയവയുള്ളവരും ​ഗർഭനിരോധന ​ഗുളികകൾ കഴിക്കാതിരിക്കുന്നതാണ് ഉചിതം. 

സ്ഥിരമായി കഴിക്കേണ്ട ഒ.സി.പിൽസ് ദിവസവും ഒരേസമയത്തുതന്നെ കഴിക്കേണ്ടതാണ്. ​ഗർഭനിരോധന ​ഗുളികകൾ കൊണ്ട് ​ഗർഭധാരണം തടസ്സപ്പെടുത്തുക മാത്രമല്ല മറ്റുചില കാര്യങ്ങൾ കൂടി ലഭിക്കുന്നുണ്ട്. 

  • അത് ആർത്തവചക്രം ക്രമപ്പെടുത്തുന്നു. മറ്റ് സ്ത്രീകളേക്കാൾ ​ഗർഭാശയ കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. 
  • കഠിനമായ വേദനയും അമിതമായ രക്തസ്രാവവും ഉണ്ടാക്കുന്ന എൻഡോമെട്രിയോസിസ് എന്ന രോ​ഗാവസ്ഥ കുറയ്ക്കാൻ സഹായിക്കുന്നു. 
  • അണ്ഡാശയത്തിലെ സിസ്റ്റുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. 
  • വിളർച്ച ഒഴിവാക്കാനും സഹായിക്കുന്നു. അമിതരക്തസ്രാവം തടയുന്നു. 
  • മുഖക്കുരു ഉണ്ടാകാനുള്ള കാരണങ്ങളിലൊന്ന് ഹോർമോൺ അസന്തുലിതാവസ്ഥയാണ്. അതിനാൽ ഹോർമോൺ പ്രശ്നങ്ങൾ കാരണമുള്ള മുഖക്കുരു തടയാനും ഇതുവഴി സാധിക്കുന്നു. 
  • പെരിമെനസ്ട്രൽ സിൻഡ്രോം(പി.എം.എസ്) പോലെയുള്ള വേദന തടയാനും ഇത് സഹായിക്കും. 
  • ഡോക്ടറുടെ ഉപദേശപ്രകാരം പരിശോധനകൾ നടത്തിയതിനുശേഷം അനുയോജ്യമായ ​ഗർഭനിരോധനമാർ​ഗം തിരഞ്ഞെടുക്കുക.