ന്യൂഡൽഹി: ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്. കടുത്ത വയറുവേദനയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽ നിന്നാണ് ഒരുകിലോയിലേറെ ഭാരമുള്ള മുടിക്കെട്ട് നീക്കം ചെയ്തത്.

To advertise here,

ഒമ്പതാം വയസ്സു മുതൽ പെൺകുട്ടിക്ക് തൻ്റെ സ്വന്തം മുടിയിഴകൾ തിന്നുന്ന ട്രിക്കോഫാജിയ' (trichophagia) എന്ന അവസ്ഥയുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. മൂന്നു ദിവസമായി കടുത്ത വയറുവേദന, ഓക്കാനം, തുടർച്ചയായ ഛർദ്ദി എന്നിവ അനുഭവപ്പെട്ടതിനെത്തുടർന്നാണ് യുവതിയെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചത്. വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങളും വിടാതെ പിന്തുടർന്നിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറിനുള്ളിൽ മുടിയുടെ വലിയ കെട്ട് കണ്ടെത്തിയത്.

വിഴുങ്ങിയ മുടി കൂടിച്ചേർന്ന് കട്ടിയുള്ള പിണ്ഡം രൂപപ്പെടുകയായിരുന്നു. അന്നനാളവും ആമാശയവും ചേരുന്ന ഭാഗത്തുനിന്ന് തുടങ്ങി ചെറുകുടലിന്റെ ആരംഭം വരെ അത് നീണ്ടുകിടന്നിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ഇത് ആമാശയത്തിൽ കടുത്ത വീക്കത്തിന് കാരണമാവുകയും ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. മുടി ദഹിക്കാത്ത വസ്തുവായതിനാൽ തുടർച്ചയായി വിഴുങ്ങുമ്പോൾ അത് ആമാശയത്തിൽ അടിഞ്ഞുകൂടുകയും കാലക്രമേണ ഇത് ഭക്ഷണാവശിഷ്ടങ്ങളും മറ്റ് വസ്തുക്കളുമായി ചേർന്ന് കട്ടിയുള്ള പിണ്ഡമായി മാറുകയുമാണ് ചെയ്യുന്നത്.

എൻഡോസ്കോപ്പിയിലൂടെ ഇത് പൊടിക്കാൻ ശ്രമിച്ചെങ്കിലും വലുപ്പം കാരണം പൂർണ്ണമായി നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. ലാപ്രോസ്കോപ്പിക് സഹായത്തോടെ വയറിൽ ചെറിയൊരു മുറിവുണ്ടാക്കി, ആമാശയ ഭിത്തിക്ക് പരിക്കേൽക്കാതെ സുരക്ഷിതമായി പൂർണ്ണമായി പുറത്തെടുക്കുകയാണ് ചെയ്തത്.

ശസ്ത്രക്രിയയ്ക്കു പിന്നാലെ യുവതിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ടുവെന്നും വിശപ്പു തിരിച്ചുവരികയും ശരീരഭാരം വർധിക്കുകയും ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി. സ്വന്തം മുടി തിന്നുന്നർ ഇതൊരു രോഗാവസ്ഥയായി തിരിച്ചറിയാത്തതിനാൽ വർഷങ്ങളോളം രോഗലക്ഷണങ്ങൾ പ്രകടമാകില്ലെന്നും അതു സ്ഥിതി സങ്കീർണമാക്കുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ട്രിക്കോഫേജിയയെ അറിയാം

ട്രിക്കോഫേജിയ ഒരു മാനസിക പ്രശ്‌നമാണെന്നതുകൊണ്ടു തന്നെ കൗൺസിലിങ് അടക്കമുള്ള ചികിത്സാ മാർഗമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. തുടക്കത്തിൽ കണ്ടെത്തിയാൽ കൗൺസിലിങ്ങിലൂടെ രോഗാവസ്ഥ മാറ്റിയെടുക്കാനാവുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായി കണ്ടെത്താനായില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങൾ മാറും. പോഷകാഹാരകുറവ്, അനീമിയ, വയറിൽ നിന്നുള്ള രക്തസ്രാവം തുടങ്ങിയവയിലേക്കും ഇത് നയിക്കും. ഒരുപക്ഷെ, ജീവൻപോലും അപകടത്തിലാവുന്ന അവസ്ഥ ഉണ്ടാകാമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.

ലക്ഷണങ്ങൾ

  • വയറ്റിൽ കഠിനമായ വേദനയും നീരും
  • വയർ വീർത്തുവരുന്ന അവസ്ഥ
  • ശരിയല്ലാത്ത ശ്വാസോച്ഛ്വാസം
  • ഓക്കാനം
  • ഛർദ്ദി
  • വയർ നിറഞ്ഞപോലുള്ള അവസ്ഥ
  • ഭാരം കുറയൽ

പെൺകുട്ടികൾ പലപ്പോഴും കുഞ്ഞായിരിക്കുമ്പോഴാണ് ട്രിക്കോഫേജിയ എന്ന അവസ്ഥയിലേക്കെത്തുന്നത്. ഇത് പലപ്പോഴും കൗമാരക്കാലംവരെ തുടരുകയും ചെയ്യാം. ചില ആൺകുട്ടികളും ഈ ലക്ഷണം കാണിക്കുമെങ്കിലും കൂടുതൽ പെൺകുട്ടികളിലാണ് കണ്ടുവരാറുള്ളത്. സ്വന്തം മുടിയോ അല്ലെങ്കിൽ പാവകൾ പോലുള്ളവയുടെ മുടിയോ ഇത്തരക്കാർ തിന്നുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾ ഇങ്ങനെ മുടി തിന്നുന്നവരായി മാറുന്നതിന് പ്രത്യേക കാരണമൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഇത്തരം സംഭവങ്ങൾ സമീപ കാലത്തായി വർധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒറ്റപ്പെടൽ, ഉത്കണ്ഠ, അമിതമായ മാനസിക സമ്മർദം, സ്ട്രസ്സ് എന്നിവയെല്ലാം കൂടുതലായി അനുഭവിക്കുന്നവരിൽ ഇത്തരം മാനസിക പ്രശ്‌നങ്ങളും കൂടുതലായി കണ്ടുവരുന്നുണ്ട്. താൻ കൂട്ടുകാരിൽ നിന്നും വീട്ടിൽ നിന്നുമെല്ലാം ഒറ്റപ്പെട്ടുപോവുന്നുവെന്ന ചിന്ത ഇത്തരം പ്രശ്‌നങ്ങളിലേക്ക് പെട്ടെന്ന് തള്ളിവിടാമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

കൗൺസിലിങ്ങും തുടർന്ന് ഗ്യാസ്‌ട്രോ എൻഡോസ്‌കോപ്പി, വയറിന്റെ അൾട്രാസൗണ്ട്, സി.ടി സ്‌കാൻ, എക്‌സറേ എന്നിവയിലൂടെ മുടി കണ്ടെത്തി, ആവശ്യമെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയുമാണ് ചികിത്സകൾ.