എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. എൻഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഉള്ളവരിൽ ടൈപ് 2 ഡയബറ്റിസിനുള്ള സാധ്യത 46ശതമാനം കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയത്.

To advertise here,

അമേരിക്കയിലെ ജോർജ് മേസൺ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. 1996 മുതൽ 2021 വരെയുള്ള കാലയളവിലെ ഉട്ടാ പോപ്പുലേഷൻ ഡേറ്റാബേസിനെ ആധാരമാക്കിയാണ് പഠനം നടത്തിയത്. എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ച ഏകദേശം 100,000 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. തു‌ടർന്നാണ് എൻഡോമെട്രിയോസിസ് ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ, എൻഡോമെട്രിയോസിസ് ഉള്ളവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 46 ശതമാനം കൂടുതലാണെന്ന് കണ്ടെത്തിയതെന്ന് ഗവേഷകർ വ്യക്തമാക്കി.

'ഡയബറ്റോളജിയ' എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. എൻഡോമെട്രിയോസിസ് മൂലമുണ്ടാകുന്ന വിട്ടുമാറാത്ത വീക്കം (Chronic inflammation) ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമായേക്കാമെന്ന് ഗവേഷകർ കണ്ടെത്തി. എൻഡോമെട്രിയോസിസ് പ്രത്യുത്പാദന ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് എന്നതാണ് തങ്ങളുടെ പഠനം പറയുന്നതെന്നും ഗവേഷകർ പറയുന്നുണ്ട്.

ഭാവിയിലെ ഈ വിഷയത്തിൽ കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും അതിലൂ‌ടെ എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ടൈപ്പ് 2 പ്രമേഹ സാധ്യത നേരത്തേ തിരിച്ചറിയാനാകുമെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

ടൈപ് 2 ഡയബറ്റിസ്

ഏറ്റവും സാധാരണമായി കാണുന്ന പ്രമേഹ വിഭാഗമാണിത്. ശരീരത്തിന് ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവിടെ സംഭവിക്കുന്നത്‌. ഇത് ഇൻസുലിൻ പ്രതിരോധം എന്നറിയപ്പെടുന്നു. കാലക്രമേണ, പാൻക്രിയാസിന് ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വന്നേക്കാം. ജീവിതശൈലി പ്രശ്‌നങ്ങൾ, ജനിതക ഘടന, അമിതവണ്ണം എന്നിവ ഇതിന് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വരാം.