അടിവയറിലെ വേദനയും അസ്വസ്ഥതയും നിസ്സാരമാക്കിയ അമ്പത്തിയൊമ്പതുകാരൻ പിന്നാലെ കൊളാൻജിയോകാർസിനോമ എന്ന അപൂർവ അർബുദം ബാധിച്ചു മരിച്ചു. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡ്സിലുള്ള ഹർമി കെയ്‌ന്തിന് 2022 മാർച്ചിലാണ് ആദ്യമായി അടിവയറിൽ വേദന അനുഭവപ്പെടുന്നത്. പേശീവലിവായിരിക്കുമെന്നുകരുതി നിസ്സാരമാക്കുകയും വൈകാതെ അർബുദം സ്ഥിരീകരിക്കുകയുമായിരുന്നു.
ഒരുമാസത്തോളം വേദന നിസ്സാരമാക്കുകയും അസിഡിറ്റിയുടേതാണെന്നു കരുതുകയും ചെയ്തു. വിട്ടുമാറാതിരിക്കുകയും അസാധാരണക്ഷീണം അനുഭവപ്പെടുകയും ചെയ്തതോടെയാണ് ഹർമി വിദഗ്ധപരിശോധനയ്ക്കു മുതിർന്നതെന്ന് മക്കളായ ടാഷയും സെറിനയും പറയുന്നു. അഞ്ചുമാസത്തിനുള്ളിൽ ഹർമിയുടെ ആരോഗ്യം പാടെ തകരാറിലായെന്ന് കുടുംബം ദ മിററിനോടു സംസാരിക്കവേ പറഞ്ഞു. പെട്ടെന്ന് വണ്ണംകുറയുകയും മഞ്ഞപ്പിത്തം സ്ഥിരീകരിക്കുകയും മൂത്രം കാപ്പിനിറത്തിൽ പോവുകയും ചെയ്തു. വൈകാതെ വിശപ്പു കുറയുകയും ഉറക്കംവരെ തടസ്സപ്പെടുത്തുന്ന രീതിയിൽ എക്കിൾ വരാനും തുടങ്ങി.
വിദഗ്ധപരിശോധനകളിൽ കരളിന്റെ പ്രവർത്തനം തകരാറിലായെന്നു മനസ്സിലായെന്നും സിടി സ്കാൻ പരിശോധനയിൽ കൊളാൻജിയോകാർസിനോമ സ്ഥിരീകരിക്കുകയും ചെയ്തെന്ന് കുടുംബം പറയുന്നു. പിന്നാലെ കീമോതെറാപ്പിയും ഇമ്മ്യൂണോതെറാപ്പിയും സർജറിയും ചെയ്തെങ്കിലും രണ്ടുവർഷത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
കൊളാൻജിയോകർസിനോമ
പിത്തനാളിയിൽ രൂപപ്പെടുന്ന കാൻസറാണിത്. ഈ നാളികളിലൂടെയാണ് ദഹനത്തിന് സഹായിക്കുന്ന പിത്തരസം ഒഴുകുന്നത്. കരൾ പിത്താശയം, ചെറുകുടൽ എന്നിവയെ ബന്ധിപ്പിക്കുന്ന നാളികളാണ് പിത്തരസ നാളികൾ. സാധാരണയായി 50 വയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ് പിത്തരസ നാളി കാൻസർ അഥവാ കോളൻജിയോകാർസിനോമ കൂടുതലും കണ്ടുവരാറുള്ളത്. പിത്തരസ നാളികളിൽ കാൻസർ എവിടെയാണ് കാണപ്പെടുന്നതെന്നതിനെ അടിസ്ഥാനമാക്കി ഡോക്ടർമാർ കോളൻജിയോകാർസിനോമയെ വിവിധ തരങ്ങളായി തിരിച്ചിട്ടുണ്ട്.
കരളിനുള്ളിലെ പിത്തരസ നാളികളിൽ കാണപ്പെടുന്നതിനെ ഇൻട്രാഹെപ്പാറ്റിക് കൊളാൻജിയോകാർസിനോമ എന്നുവിളിക്കുന്നു. ഇത് കരൾ കാൻസറിന്റെ ഒരു വിഭാഗമായും കണക്കാക്കപ്പെടുന്നുണ്ട്. കരളിന് തൊട്ടുപുറത്തുള്ള പിത്തരസ നാളികളിൽ കാണപ്പെടുന്നതിനെ പെരിഹിലാർ കൊളാൻജിയോകാർസിനോമ എന്നും ചെറുകുടലിനോട് ഏറ്റവും അടുത്തുള്ള പിത്തരസ നാളിയുടെ ഭാഗത്ത് കാണുന്നതിനെ ഡിസ്റ്റൽ കൊളാൻജിയോകാർസിനോമ എന്നും പറയുന്നു.
ലക്ഷണങ്ങൾ
- ചർമത്തിലും കണ്ണിനും മഞ്ഞനിറം
- ചർമത്തിൽ ചൊറിച്ചിൽ
- മലത്തിൽ വെള്ളനിറം
- അമിതക്ഷീണം
- വലതുവശത്ത് അടിവയറുവേദന
- അകാരണമായി ഭാരംകുറയൽ
- രാത്രികാലങ്ങളിൽ വിയർപ്പ്
- മൂത്രത്തിന് കടുംനിറം
- തുടർച്ചയായ ക്ഷീണം, വയറുവേദന, മഞ്ഞപ്പിത്തം തുടങ്ങിയവ ഉണ്ടെങ്കിൽ ഡോക്ടറെ കാണാൻ വൈകരുത്.
Content Highlights: Persistent stomach pain and fatigue should not be ignored as simple acidity., Cholangiocarcinoma is a rare and aggressive bile duct cancer., Key symptoms include jaundice, dark urine, and unexplained weight loss.
Published: 14 Aug 2026, 09:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented