ലോക ന്യുമോണിയ ദിനം - നവംബര്‍ 12

ന്യൂമോണിയയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിർണയം, ഫലപ്രദമായ ചികിത്സ എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വർഷവും നവംബർ 12 ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നു. 'ന്യൂമോണിയ നിയന്ത്രണത്തിന്റെ പുതിയ യുഗം' (A New Era of Pneumonia Control) എന്നതാണ് 2026-ലെ ദിനാചരണ പ്രമേയം. വാക്‌സിനുകൾ, ആധുനിക രോഗനിർണയ സംവിധാനങ്ങൾ, നൂതന ചികിത്സാരീതികൾ എന്നിവയിലുണ്ടായ പുരോഗതി ന്യൂമോണിയ നിയന്ത്രണത്തിൽ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളിലെ ന്യൂമോണിയ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം പോഷകാഹാരക്കുറവ്, പുകവലി, വായുമലിനീകരണം തുടങ്ങിയ ഘടകങ്ങൾ മുതിർന്നവരുടെ ശ്വാസകോശാരോഗ്യത്തിനുണ്ടാക്കുന്ന ഭീഷണികൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു.
ന്യുമോണിയ വിവിധ രോഗകാരികൾ മൂലമാണ് ഉണ്ടാകുന്നത്-പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കിൽ ഫംഗസ്. ഇത് രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരുന്നു. പ്രായമായവരിൽ (55 വയസും അതിനുമുകളിലും പ്രായമുള്ളവരിൽ), ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാൾ 13 മടങ്ങ് കൂടുതലാണ് (പ്രായം 18-49). ദൗർഭാഗ്യവശാൽ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകർച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വർഷവും ഏകദേശം 2.5 ദശലക്ഷം ജീവൻ ന്യുമോണിയ മൂലം നഷ്ടപ്പെടുന്നു. മെഡിക്കൽ പുരോഗതികൾ മെച്ചപ്പെട്ട ചികിത്സ നൽകുന്നുണ്ടെങ്കിലും, ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു, പ്രത്യേകിച്ചും 2021 ലെ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ.
ന്യൂമോണിയ സംബന്ധമായ മരണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാൽ, ആരോഗ്യ പരിപാലന അസമത്വങ്ങളും ലോക ന്യുമോണിയ ദിനം ഉയർത്തിക്കാട്ടുന്നു. വാക്‌സിനുകൾ, ആന്റിബയോട്ടിക്കുകൾ, ഓക്‌സിജൻ തെറാപ്പി, ജനങ്ങൾക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയ അവശ്യങ്ങളാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്.
ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്; രോഗം അതിജീവിക്കുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, ശ്വാസകോശത്തിന്റെ പ്രവർത്തനം കുറയുക, ബുദ്ധി വികാസത്തിന് കാലതാമസം, ആവർത്തിച്ചുള്ള ശ്വസന അണുബാധകൾ എന്നീ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളിൽ കനത്ത സമ്മർദ്ദം ചെലുത്തുന്നു, പ്രത്യേകിച്ച് ആരോഗ്യ സംവിധാനങ്ങൾ പരിമിതമായ പ്രദേശങ്ങളിൽ, കൂടാതെ രോഗ ബാധിത കുടുംബങ്ങളിൽ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.
ന്യുമോണിയയുടെ കാരണങ്ങൾ
- ബാക്ടീരിയ: സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം.
- വൈറസ്: RSV, ഇൻഫ്‌ളുവൻസ, കൊറോണ വൈറസുകൾ.
- ഫംഗസ്: പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു.
അപകട ഘടകങ്ങൾ
- പ്രായം: അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ള മുതിർന്നവരും.
- പോഷകാഹാരക്കുറവ്
- വിട്ടുമാറാത്ത രോഗങ്ങൾ: ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങിയ അവസ്ഥകൾ.
- പരിസ്ഥിതി ഘടകങ്ങൾ: വായു മലിനീകരണം, പുകവലി, മുതലായവ.
- രോഗപ്രതിരോധശേഷി കുറവ്
രോഗലക്ഷണങ്ങൾ
കടുത്ത പനി, വിറയൽ, കഫത്തോടുകൂടിയ ചുമ, ശ്വാസതടസ്സം, ക്ഷീണം, തുടങ്ങിയവ.
വ്യാപനം
ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്. ചുമ, തുമ്മൽ, മലിനമായ പ്രതലങ്ങളുമായുള്ള സമ്പർക്കം എന്നിവയിലൂടെ പടരുന്നു.
ചികിത്സ
1930-ൽ, ആദ്യത്തെ ആന്റി ബാക്ടീരിയൽ ഏജന്റായ സൾഫാപിരിഡിൻ, ബാക്ടീരിയ ന്യുമോണിയയെ ചികിത്സിക്കുന്നതിനായി വിൻസ്റ്റൺ ചർച്ചിൽ വികസിപ്പിച്ചെടുത്തു. 1928-ൽ പെൻസിലിൻ കണ്ടുപിടിച്ചെങ്കിലും, 1941 വരെ ഇത് ചികിത്സാ സംബന്ധമായി ഉപയോഗിച്ചിരുന്നില്ല. ഇന്ന്, ബാക്ടീരിയൽ ന്യുമോണിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്, അതേസമയം വൈറൽ അണുബാധയാണെങ്കിൽ ആന്റിവൈറൽ മരുന്നുകൾ ആവശ്യമാണ്, കൂടാതെ കഫം നീക്കം ചെയ്യാൻ സഹായിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്‌സും അനുബന്ധ ചികിത്സകളിൽ ഉൾപ്പെടുന്നു.
ലോക ന്യുമോണിയ ദിനത്തിന്റെ പ്രാധാന്യം
ന്യുമോണിയ രോഗത്തിന്റെ പ്രതിരോധത്തെയും ചികിത്സയെയും പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായകമാകുന്ന തരത്തിൽ സംഘടിത പ്രവർത്തനങ്ങൾ നടത്തുവാനും വായു, കാലാവസ്ഥ എന്നിവയുടെ ഗുണനിലവാരം, തുടങ്ങിയ കാര്യങ്ങൾ സംയോജിപ്പിച്ച് ന്യുമോണിയയ്ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിച്ചുകൊണ്ട് ലോക ന്യുമോണിയ ദിനം അചരിച്ചു വരുന്നു.
പട്ടം എസ്.യുടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് പൾമണോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: World pneumonia day 2026 highlights the importance of awareness, prevention, and treatment advancements to combat pneumonia.
Published: 12 Nov 2026, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented