മിന്നുന്നതെല്ലാം പൊന്നല്ല.... എല്ലാവർക്കും കേട്ടു തഴക്കമുള്ള ഒരു വാചകം. പുറം മോടികളിൽ മയങ്ങരുത് എന്ന മുന്നറിയിപ്പ്. ഈ പഴംചൊല്ലിനെ ശരിവെക്കുന്ന രീതിയിലാണ് കഴിഞ്ഞ ഒരാഴ്ചയായി സുന്ദരിയായ അരളി പൂവ് നേരിടുന്ന വിവാദങ്ങൾ. വിവാദങ്ങൾക്ക് തുടക്കം കുറിച്ച മരണത്തിൻ്റെ യഥാർഥ കാരണം ഇനിയും വ്യക്തമായിട്ടില്ല എന്ന വസ്തുത നിലനിൽക്കെ തന്നെ ഉയരുന്ന ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. സത്യത്തിൽ അരളി ഇത്രയും ഭീകരിയാണോ? ഇതുപോലെ മറ്റു സസ്യങ്ങളും വിഷമയമായവ ഉണ്ടോ? നമുക്ക് നോക്കാം

To advertise here,

തീർച്ചയായും ചില സസ്യങ്ങൾ വിഷാംശം ഉൾക്കൊള്ളുന്നവയാണ്. എന്നാൽ ഒന്ന് തൊടുമ്പോഴേക്കും അല്ലെങ്കിൽ ഒന്ന് മണക്കുമ്പോഴേക്കും മരണം സംഭവിക്കാവുന്ന അളവിൽ വിഷം ഇല്ല താനും. ഏതൊരു വിഷവസ്തുവിനേയും പോലെ ഒരു നിശ്ചിത അളവിൽ കഴിച്ചാൽ മാത്രമേ ഇവ മാരകമാവുകയുള്ളൂ

placeholder
അരളി| Photo: Canva.com

അരളിയുടെ കാര്യം തന്നെ എടുക്കാം. Nerium oleander എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. മഞ്ഞ നിറത്തിലുള്ള അരളിയാണ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇവ പിങ്ക്, വെളുപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്നു. അടുത്ത കാലത്തായി പിങ്ക് നിറത്തിലുള്ള ഇവ ദേശീയ പാതയുടെ ഭാഗമായി കാണപ്പെടാറുണ്ട്. വെളുത്ത പൂക്കളെ പ്രാദേശികമായി കുങ്കുമപ്പൂവ് എന്നും പറഞ്ഞ് വരുന്നു.

അരളിയുടെ ഏറ്റവും വിഷാംശം അടങ്ങിയ ഭാഗം വേരാണ്. പൂവിനും ഇലകൾക്കും വിഷാംശം ചെറിയ അളവിൽ ഉണ്ട്. 10-15 gm വേര് /8-10 കായ / ഒരു കൈകുമ്പിൾ നിറയെ പൂക്കൾ ഉള്ളിൽ ചെന്നാൽ മാത്രമേ ഇത് മാരകമാവുകയുള്ളൂ ശരീരത്തിൽ കടന്നാൽ ഛർദ്ദി എന്ന ലക്ഷണമാണ് പ്രകടമാകുന്നത്. ക്ഷീണം, 'ഹൃദയതാളവും നാഡീമിടിപ്പും കുറയുക എന്നിവയും കാണുന്നു.

കുന്നിക്കുരു 

കാണാൻ നല്ല ഭംഗി ആണ് , ചെറിയ കുട്ടികൾക്ക് പോലും എളുപ്പത്തിൽ വിഴുങ്ങാവുന്ന അത്രയേ വലുപ്പമുള്ളൂ എന്നതു കൊണ്ട് പ്രത്യേകം സൂക്ഷിക്കേണ്ട ഒന്നാണിത്. എന്നാൽ ചവചരച്ച് തിന്നാൽ മാത്രമേ ഇതിലെ അബ്രിൻ എന്ന വിഷം പ്രവർത്തിക്കൂ എന്നതാണ് സമാധാനം തരുന്ന ഒരു വസ്തുത. ഒന്നോ രണ്ടോ കുന്നിക്കുരു ചവച്ച് കഴിച്ചാൽ ഛർദ്ദി, ഹൃദയമിടിപ്പ് കുറയുക തുടങ്ങിയ ലക്ഷണങ്ങളിലൂടെ മരണം വരെ സംഭവിക്കാം.

ആവണക്ക്

placeholder
ആവണക്ക്| Photo: Canva.com

ആവണക്കിൻ കുരുവിൽ Ricin ആണ് വിഷകരമായ വസ്തു. 5 മുതൽ 6 കുരു ഉള്ളിൽ ചെന്നാൽ മരണം സംഭവിക്കാം. ആവണക്കിൻ കുരു ചിത്രം വരച്ചതുപോലെ ഭംഗിയുള്ളത് കൊണ്ട് കുട്ടികൾ എടുത്ത് കഴിക്കാനുള്ള സാധ്യത ഉണ്ട്.

സ്വാഭാവികമായി ഉണ്ടായേക്കാവുന്ന ഒരു സംശയമാണ് ആവണക്കിൻ കുരുവിൽ നിന്ന് എടുക്കുന്ന ആവണക്കെണ്ണയും വിഷമയമാകില്ലേ എന്നത്? ആവണക്കിൻ കുരുവിൽ നിന്നും തൈലം വേർതിരിക്കുമ്പോൾ ഉണ്ടാകുന്ന ചൂടുകൊണ്ട് Ricin എന്ന വിഷാംശം തൈലത്തിലേക്ക് വരുന്നില്ല. അതുകൊണ്ട് തന്നെ ആവണക്കെണ്ണ വിഷമയമല്ല.

ഉമ്മം

placeholder
ഉമ്മം| Photo: Canva.com

ഉമ്മത്തിൽ കായ കൂടിയ 'അളവിൽ ഉള്ളിൽ ചെന്നാൽ ബോധക്കേട്, അസംബന്ധമായി സംസാരിക്കുക തുടങ്ങിയ neurological ലക്ഷണങ്ങൾ പ്രകടമാകാം. Atropin, Scopolimine എന്നിവയാണ് ഉമ്മത്തിൽ അടങ്ങിയിട്ടുള്ള വിഷ ഘടകം. 50 മുതൽ 100 വിത്തുകൾ സേവിക്കുന്നത് ലക്ഷണങ്ങൾ പ്രകടമാക്കും.

ചേര്

മരണം സംഭവിക്കത്തക്കവിധത്തിൽ വിഷം ഉള്ളതല്ലെങ്കിലും ചൊറിഞ്ഞു തടിക്കൽ, നീര് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കാം. ചേരിൻ്റെ മരത്തിനെ തൊടുന്നതോ, ചേരിൻ കുരു കഴിക്കുന്നതോ, ചേരിൻ്റെ വിറക് കത്തുന്ന പുക ഏൽക്കുന്നതോ, മരത്തിൻ്റെ അടുത്തു കൂടെ സഞ്ചരിക്കുന്നതു പോലും ലക്ഷണങ്ങൾ ഉണ്ടാക്കാം. താന്നി എന്ന ദ്രവ്യത്തിൻ്റെ കഷായം ആണ് ചേരിന് മറുമരുന്നായി പറയപ്പെട്ടിട്ടുള്ളത്. ചേരിനോട് ബന്ധപ്പെട്ട് allergic ആയി ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾക്കും താന്നി ആണ് മികച്ച പ്രതിവിധി

കാഞ്ഞിരം

placeholder
കാഞ്ഞിരക്കുരു| Photo: Canva.com

1 -2 കാഞ്ഞിരക്കുരു കഴിക്കുന്നത് മരണകാരിയാകാം. Strychnine, bracine, leganin എന്നിവയാണ് toxic ആയ ഘടകങ്ങൾ. കയ്പായത് കൊണ്ട് കാഞ്ഞിരം മരണ കാരകമാകുന്നത് വിരളമാണ്.

സുന്ദരമായ പ്രകൃതിയിൽ സുന്ദരമായ രൂപത്തിൽ ഇത്തരത്തിൽ വിഷമയമായ പദാർത്ഥങ്ങൾ എന്തിനാണ് എന്ന ഒരു ചിന്ത ഉണ്ടാകാം. ഈ സസ്യങ്ങൾക്ക് അവയുടെ സംരക്ഷണാർത്ഥമോ പ്രജനനാർത്ഥമോ ആണ് ഇത്

മറ്റൊരു ചിന്തനീയമായ വിഷയം നേരത്തെ പറയപ്പെട്ട ചെടികളിൽ കുറെ ഒക്കെ ആയുർ വേദ മേഖലയിൽ ഔഷധ നിർമ്മാണത്തിൽ ഉപയോഗിക്കപ്പെടുന്നവയാണ്. ഇവ മരുന്നുകളേയും വിഷമയമാക്കില്ലേ? ശരി തന്നെയാണ് എന്നാൽ  ഔഷധമായി പ്രയോഗിക്കുമ്പോൾ അവയുടെ അളവ് വളരെ ചെറുതായിരിക്കും. കൂടാതെ ഇവയെ കൃത്യമായി ശോധനം ചെയ്തതിനു ശേഷമായിരിക്കും ഔഷധങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്.

എന്താണ് ഔഷധങ്ങളുടെ ശോധനം?

ഒരു ദ്രവ്യത്തെ ശേഖരിച്ചതിനു ശേഷം കൃത്യമായ ശുദ്ധി പ്രക്രിയകൾ ചെയ്തതിനു ശേഷം മാത്രമേ അവയെ ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കാവൂ. നിർവിഷമായ, വീര്യം കുറഞ്ഞ ദ്രവ്യങ്ങളിൽ ഇത് കഴുകി ഉണക്കുന്നതിൽ നിൽക്കും. എന്നാൽ കൊടുവേലി തുടങ്ങിയ തീക്ഷ്ണമായ ദ്രവ്യങ്ങളിൽ പ്രത്യേകമായി ശോധനക്രിയകൾ ഉണ്ട്. ഇതിനെ സംബന്ധിച്ച് ആയുർവേദ രംഗത്ത് പഠനം നടന്നിരുന്നു. ശോധനത്തിനു മുൻപും ശേഷവും നടത്തിയ chromatography പഠനത്തിൽ ശോധനത്തിനു ശേഷം ചില alkaloid കളുടെ അഭാവം വ്യക്തമായിരുന്നു. അവ ശരീരത്തിന്  ബുദ്ധിമുട്ട് ഉണ്ടാക്കുന്നവ ആയിരുന്നു. ഇത്തരത്തിൽ ശുദ്ധി ചെയ്ത് ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ ഒരു പാർശ്വഫലവും ഉണ്ടാക്കുകയില്ല.

സുന്ദരമായി കാണപ്പെടുന്നവയും പ്രകൃതിയിൽ സുലഭമായതുമായി ഒട്ടേറെ ദ്രവ്യങ്ങൾ വിഷാംശം ഉള്ളവയായി ഉണ്ട്. ഇവ എല്ലാം പേടിക്കേണ്ടവ അല്ല. കൂടിയ അളവിൽ സേവിച്ചാൽ മാത്രമേ ഇവ മാരകമാകുന്നുള്ളൂ. പ്രകൃതിയിൽ വിഷമയമായവയും ഉണ്ട് എന്ന ഒരു അവബോധം ഉണ്ടാകണം എന്ന് മാത്രം.

(പാലക്കാട് കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം& വിദ്യാപീഠത്തിലെ പഞ്ചകർമ വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)