തിരുവനന്തപുരം: പകർച്ചവ്യാധികളുടെ കണക്കുകൾ ആയുർവേദ, ഹോമിയോ വിഭാഗങ്ങളിൽനിന്നു ശേഖരിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഈ വിവരങ്ങൾ തിരിച്ചും പങ്കിടണമെന്ന് കേരള ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ. ഈ ആവശ്യമുന്നയിച്ച് സംഘടന സർക്കാരിനു നിവേദനം നൽകി.
സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ ഉന്നതാധികാര സമിതി അടുത്തിടെ ആയുർവേദ, ഹോമിയോ ചികിത്സാകേന്ദ്രങ്ങളിൽ ചികിത്സ തേടുന്ന പനിരോഗികളുടെ വിവരങ്ങളും സംസ്ഥാനത്തിന്റെ ഏകീകൃത പനിക്കണക്കിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഈ കണക്കുകൾ വിശകലനംചെയ്ത് ഫീൽഡ്തലത്തിൽ ബന്ധപ്പെട്ട എല്ലാ ആരോഗ്യസംവിധാനങ്ങൾക്കും ലഭ്യമാക്കണമെന്നാണ് ആയുർവേദ ഡോക്ടർമാരുടെ ആവശ്യം. നിലവിൽ ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ സംവിധാനമായ ഐ.ഡി.എസ്.പി. വഴി അലോപ്പതി സ്ഥാപനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് രോഗസ്ഥിതി വിലയിരുത്തിയാണ് പ്രതിരോധപ്രവർത്തനങ്ങൾ ആസൂത്രണംചെയ്യുന്നത്. ഈ വിവരങ്ങൾ ആയുർവേദ ആശുപത്രികൾക്കും ലഭിച്ചാൽ രോഗബാധ കൂടുതലുള്ള മേഖലകളിൽ പ്രതിരോധ ഔഷധവിതരണം, ബോധവത്കരണം എന്നിവ കാര്യക്ഷമമായി നടത്താനാകുമെന്നാണ് അസോസിയേഷന്റെ വാദം.
ഉന്നതാധികാര സമിതിയുടെ ഘടനയിലും ആയുർവേദ ഡോക്ടർമാർക്കു പരാതിയുണ്ട്. ആയുർവേദ, ഹോമിയോ വിഭാഗങ്ങളിൽനിന്ന് ഡയറക്ടർമാരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അലോപ്പതി മേഖലയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളും ഇതിൽ അംഗങ്ങളാണ്. കേരള ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷനും സമാന പരിഗണന നൽകണമെന്നാണ് ആവശ്യം.
ആയുർവേദത്തെ തമസ്‌കരിച്ചുള്ള പ്രവർത്തനം വിജയിക്കില്ല
ചിക്കുൻഗുനിയയിലും കോവിഡിലും അടക്കം ആയുർവേദമേഖല മികച്ച സേവനങ്ങളാണു നൽകിയത്. ഈ സേവനങ്ങളെ തമസ്‌കരിച്ച് പൊതുജനാരോഗ്യരംഗത്ത് നടത്തുന്ന ഒരു പ്രവർത്തനവും കേരളത്തിൽ വിജയിക്കില്ല.-
ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി, പ്രസിഡന്റ്, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ
Content Highlights: Government to include Ayurveda and Homeopathy fever data in unified state records., Ayurveda doctors demand access to IDSP data for targeted preventive medicine., Call for better representation of Ayurveda medical bodies in high-level committees
Published: 31 Jul 2026, 10:12 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented