ആലപ്പുഴ: ഔദ്യോഗിക ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്ന മരുന്നുകളുടെ നിർമാണാനുമതി താത്കാലികമായി ഉടൻ നിർത്തിവെക്കും. ഇതിനാവശ്യമായ വിധത്തിൽ നിയമഭേദഗതി വരുത്താനായി കേന്ദ്രസർക്കാർ കരട്‌ വിജ്ഞാപനം ചെയ്തു. രാജ്യത്തിന്റെ ഔഷധനിർമാണ, പൊതുജനാരോഗ്യ രംഗങ്ങളിൽ നിർണായകസ്വാധീനം ചെലുത്താവുന്ന തീരുമാനമാണിത്.

To advertise here,

കരടു പ്രകാരം, പരിശോധനാ മാനദണ്ഡങ്ങളിൽ ഏതെങ്കിലുമൊന്നിൽ പരാജയപ്പെട്ടാലുടൻ അനുമതി താത്കാലികമായി നിർത്തിവെക്കും. സർക്കാർ അനലിസ്റ്റാണ് പരിശോധന നടത്തേണ്ടത്. വീഴ്ചവന്ന കമ്പനികൾക്കു കാരണംകാണിക്കൽ നോട്ടീസ് നൽകുന്നതാണു നിലവിലെ രീതി. അതിനുശേഷമേ മറ്റുനടപടികളിലേക്കു കടക്കാനാകൂ. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുംമുൻപ് മരുന്നുകളുടെ വിപണനം കഴിഞ്ഞിട്ടുണ്ടാകും.

ഇതു വലിയ പൊതുജനാരോഗ്യപ്രശ്നമാണെന്ന വാദം ഏറെക്കാലമായി ഉയരുന്നുണ്ട്. ഈ വസ്തുത പരിഗണിച്ചാണു പുതിയ നിയമഭേദഗതിക്കുള്ള നീക്കം. അനുമതി തിരികെ ലഭിക്കാൻ കർശനവ്യവസ്ഥകളും കരട് നിർദേശിക്കുന്നുണ്ട്. നിലവാരക്കുറവിന്റെ കാരണം കണ്ടെത്തി തൃപ്തികരമായ തിരുത്തൽനടപടി ബോധ്യപ്പെടുത്തിയാലേ സസ്‌പെൻഷൻ പിൻവലിക്കാനാകൂ.

ജനറിക് മരുന്നുകളിലൂടെ, ലോകത്തിന്റെ ഫാർമസിയെന്ന നിലയിലേക്കു വളരുന്ന ഇന്ത്യൻമരുന്നുകളെ സംബന്ധിച്ചുയരുന്ന നിലവാരരഹിത ആരോപണം ഇല്ലാതാക്കുകയാണു ലക്ഷ്യം.