"രാത്രി പഴം കഴിച്ചാൽ തടി കൂടും" എന്ന വിശ്വാസം കാരണം പലരും രാത്രി പഴം പൂർണ്ണമായി ഒഴിവാക്കാറുണ്ട്. ഒ.പിയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന സംശയങ്ങളിൽ ഒന്നും ഇതാണ്. എന്നാൽ, രാത്രിയിൽ പഴം കഴിക്കുന്നത് പൊതുവെ ദോഷകരമല്ല. എന്ത് പഴം, എത്ര അളവിൽ, എപ്പോൾ കഴിക്കുന്നു എന്നതാണ് പ്രധാനം. പ്രത്യേകിച്ച് പ്രമേഹമുള്ളവർ പഴത്തിന്റെ അളവിലും സമയത്തിലും കൂടുതൽ ശ്രദ്ധിക്കണം.

To advertise here,

തടി കൂടുമോ?

ശരീരഭാരം കൂടുന്നതും കുറയുന്നതും ഒരു ദിവസത്തെ ആകെ കലോറി ലഭ്യതയെ ആശ്രയിച്ചാണ്. ഒരു പഴം രാത്രി കഴിച്ചു എന്നതുകൊണ്ടുമാത്രം തടി കൂടില്ല. രാത്രി ടിവി കാണുമ്പോൾ ബിസ്കറ്റും ചിപ്സും മധുരപലഹാരങ്ങളും കൊറിക്കുന്ന ശീലമുള്ള ഒരാൾ ഒ.പിയിൽ വന്നാൽ, ആദ്യം പറയുന്നത് ഇവ ഒഴിവാക്കണമെന്നല്ല, ഇവയ്ക്ക് പകരം ചെറിയ അളവിൽ പഴം വയ്ക്കാനാണ്. പഴത്തിലെ നാരുകൾ രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും. അങ്ങനെ കുറച്ച് ആഴ്ച ശീലിച്ചവർ രാത്രി കൊറിക്കാനുള്ള തോന്നൽ കുറഞ്ഞതായി പറയാറുണ്ട്.

ഏത് പഴം, എത്ര അളവ്?

രാത്രി ഏകദേശം 100–150 ഗ്രാം പഴം കഴിക്കാം. ആപ്പിൾ, പേരയ്ക്ക, പപ്പായ, കിവി, ബെറി തുടങ്ങിയവ ഇതിന് അനുയോജ്യമാണ്. ഒരു ചെറിയ ആപ്പിളോ ചെറിയ പേരയ്ക്കയോ ഏകദേശം ഈ അളവിൽ വരും.

കഴിക്കേണ്ട സമയം

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വലിയ അളവിൽ പഴം കഴിക്കുന്നത് ചിലരിൽ അസിഡിറ്റിയോ റിഫ്ലക്സോ ഉണ്ടാക്കാം. അത്താഴത്തിന് ശേഷം വലിയ പാത്രം പഴം കഴിച്ച് ഉടനെ കിടക്കുന്നവർ രാത്രി നെഞ്ചെരിച്ചിലിനെക്കുറിച്ച് പരാതിപ്പെടാറുണ്ട്. ഉറങ്ങുന്നതിന് ഏകദേശം 1–2 മണിക്കൂർ മുമ്പ്, ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്.

ജ്യൂസും ഷേക്കും വേണ്ട

"ഞാൻ രാത്രി പഴം മാത്രമേ കഴിക്കാറുള്ളൂ" എന്ന് പറയുന്ന ചിലർ യഥാർത്ഥത്തിൽ കുടിക്കുന്നത് പഞ്ചസാര ചേർത്ത ഷേക്ക് ആയിരിക്കും. പഴത്തിനല്ല, പഞ്ചസാരയ്ക്കും രൂപത്തിനുമാണ് പ്രശ്നം. പഴം ജ്യൂസായോ ഷേക്കായോ പഞ്ചസാര ചേർത്തോ കഴിക്കുന്നത് ഒഴിവാക്കണം. പഴം മുറിച്ച് അതേപടി കഴിക്കുക. കഴിക്കുക, കുടിക്കരുത് എന്ന് ചുരുക്കി ഓർക്കാം.

ജലാംശവും തണ്ണിമത്തനും

ശരീരത്തിന് ആവശ്യമായ ജലാംശം ലഭിക്കുന്നത് പ്രധാനമാണ്. വെള്ളം കുറവായാൽ മലബന്ധം, മൂത്രാശയ അണുബാധ, വൃക്കയിലെ കല്ല് എന്നിവയ്ക്കുള്ള സാധ്യത കൂടാം. അതുകൊണ്ട് പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കണം.

എന്നാൽ രാത്രി തണ്ണിമത്തൻ പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങൾ അധികം കഴിച്ചാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടി വരികയും ഉറക്കം തടസ്സപ്പെടുകയും ചെയ്യാം. വേനൽക്കാലത്ത് അത്താഴത്തിന് ശേഷം വലിയ പ്ലേറ്റ് തണ്ണിമത്തൻ കഴിച്ച് രാത്രി പലതവണ എഴുന്നേൽക്കേണ്ടി വരുന്നവരുണ്ട്. തണ്ണിമത്തൻ പകൽ കഴിക്കുന്നതാണ് നല്ലത്; രാത്രി ചെറിയ കഷ്ണം മതി.

പ്രമേഹമുള്ളവർ അറിയേണ്ടത്

പ്രമേഹമുള്ളവർ രാത്രി മധുരമുള്ള പഴങ്ങൾ അധികമായി കഴിക്കുന്നത് ഒഴിവാക്കണം. ചിലരിൽ ഇത് രാവിലത്തെ ഫാസ്റ്റിങ് ഷുഗർ ഉയരാൻ കാരണമാകാം. രാത്രി പഴം മാത്രം കഴിച്ചിട്ടും രാവിലെ ഷുഗർ കൂടുതലാണെന്ന് പരാതിപ്പെടുന്നവർ പലപ്പോഴും മധുരം കൂടിയ പഴങ്ങൾ വലിയ അളവിൽ കഴിക്കുന്നവരാണ്.

ആപ്പിൾ, പേരയ്ക്ക, ബെറി തുടങ്ങിയവ 100 ഗ്രാമിൽ താഴെ ചെറിയ അളവിൽ കഴിക്കാം. ഇവ നട്സിനോടോ പഞ്ചസാര ചേർക്കാത്ത തൈരിനോടോ ചേർത്ത് കഴിക്കാം.

ഇൻസുലിൻ അല്ലെങ്കിൽ പ്രമേഹമരുന്നുകൾ ഉപയോഗിക്കുന്നവർക്ക് രാത്രിയിൽ രക്തത്തിലെ പഞ്ചസാര കുറയാനും സാധ്യതയുണ്ട്. ഷുഗർ കൂടുമെന്ന് പേടിച്ച് രാത്രി ഒന്നും കഴിക്കാതെ കിടക്കുന്നതും സ്വയം തീരുമാനങ്ങൾ എടുക്കുന്നതും ശരിയല്ല. എന്ത് കഴിക്കണം, എത്ര കഴിക്കണം എന്നത് ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കണം.

പലതരം പഴങ്ങൾ, ദിവസവും

ദിവസവും ഒരേ പഴം ആവർത്തിക്കുന്നതിനെക്കാൾ പല തരം പഴങ്ങൾ മാറിമാറി കഴിക്കുന്നതാണ് നല്ലത്. ഒന്നോ രണ്ടോ തവണയായി കഴിക്കാം. തിങ്കളാഴ്ച ആപ്പിൾ, ചൊവ്വാഴ്ച പപ്പായ, ബുധനാഴ്ച പേരയ്ക്ക എന്നിങ്ങനെ ഒരു ചെറിയ പട്ടിക ഉണ്ടാക്കുന്നത് ശീലമാക്കാൻ സഹായിക്കും.

എല്ലാവർക്കും ഒരുപോലെയല്ല

ഇന്റർനെറ്റിലോ ലേഖനങ്ങളിലോ വായിക്കുന്ന പൊതുവായ നിർദേശങ്ങൾ എല്ലാവർക്കും ചേരണമെന്നില്ല. വൃക്കരോഗം പോലുള്ള അവസ്ഥകളുള്ളവർ ഏത് പഴം, എത്ര അളവിൽ കഴിക്കണം എന്ന് സ്വയം തീരുമാനിക്കരുത്. ഇത് അവരുടെ പരിശോധനാഫലത്തെയും ഡോക്ടറുടെ നിർദേശത്തെയും ആശ്രയിച്ചിരിക്കും.

ചുരുക്കത്തിൽ

രാത്രി പഴം പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. ഈ നാല് കാര്യങ്ങൾ ഓർത്താൽ മതി:

1. അളവ് കുറയ്ക്കുക (100–150 ഗ്രാം)

2. ഉറക്കത്തിന് 1–2 മണിക്കൂർ മുമ്പ് കഴിക്കുക

3. ജ്യൂസ്, ഷേക്ക്, പഞ്ചസാര എന്നിവ ഒഴിവാക്കുക

4. പ്രമേഹമോ മറ്റ് രോഗങ്ങളോ ഉണ്ടെങ്കിൽ ഡോക്ടറുടെ നിർദേശം പാലിക്കുക

വ്യക്തിയുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണക്രമത്തിനായി ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.