ട്ടേറെ തമാശകൾക്കും കളിയാക്കലുകൾക്കും വിധേയമായ ഒന്നാണ് മരുന്നുകുറിപ്പടികൾ. സിനിമയിലും മിമിക്രിവേദികളിലുമൊക്കെ വ്യക്തമല്ലാത്ത കുറിപ്പടികൾ വരുത്തിയ അമളികളും അബദ്ധങ്ങളും ആവോളം ചർച്ച ചെയ്തിട്ടുള്ളതുമാണ്. രോഗികൾക്ക് മരുന്ന് കുറിക്കുന്നത് സ്വന്തം കലാവൈഭവമാണെന്ന നിലയിൽ വളരെ സർഗാത്മകമായി എഴുതിയ ഡോക്ടർമാരും കുറവല്ല. തിരക്കുകൾ കാരണം വ്യക്തതയില്ലാതായ കുറിപ്പടികൾ അവ്യക്തമായി എഴുതുന്നതാണ് മികച്ച ഡോക്ടറുടെ രീതിയെന്ന് നിലയിലേക്ക് പോലും ഈ സംവിധാനം ചിലപ്പോൾ മാറിപ്പോയി. എന്നാൽ വായിക്കാൻ പറ്റാത്ത കുറിപ്പടികൾ ജീവനുവരെ ഭീഷണിയായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

To advertise here,

കുറിപ്പടികൾ എല്ലാക്കാലത്തും സംവാദവിഷയം തന്നെയാണ്. ജനറിക് മരുന്നുകളുടെ വ്യാപനകാലത്ത് കുറിപ്പടിയും ജനറിക്കാകണമെന്ന നിബന്ധന വന്നു. എന്നാൽ രോഗികളുടെ താത്പ്പര്യം സംരക്ഷിക്കാൻ ഗുണനിലവാരം ഉറപ്പുള്ള മരുന്നുകൾ ഒഴിവാക്കാനാകില്ലെന്ന വാദത്തോടെ വലിയ വിഭാഗം ഡോക്ടർമാർ അതിനെ എതിർക്കുകയാണ്. 

എഴുതാൻ പഠിപ്പിക്കും

മെഡിക്കൽ വിദ്യാഭ്യാസത്തെയും പ്രാക്ടീസിനെയും നിയന്ത്രിക്കുന്ന ദേശീയ മെഡിക്കൽ കമ്മിഷൻ അടുത്തിടെ ശ്രദ്ധേയമായ ഒരു നിർദ്ദേശം മുന്നോട്ടുവെച്ചു. മരുന്നുകുറിപ്പടികൾ എങ്ങനെയാണ് എഴുതേണ്ടതെന്ന് മനസിലാകുംവിധത്തിൽ മെഡിക്കൽ ബിരുദ പാഠഭാഗം ക്രമീകരിക്കണമെന്നാവർ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽത്തന്നെ കുറിപ്പടി സംബന്ധിച്ച മാനദണ്ഡങ്ങളുണ്ട്. ഈ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ എല്ലാ മെഡിക്കൽ കോളേജുകളിലും ഉപസമിതികൾ സ്ഥാപിക്കണമെന്നും കമ്മിഷൻ നിർദ്ദേശിക്കുന്നു.

മെഡിക്കൽ കോളേജുകളിലെ കുറിപ്പടികൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ യോജ്യമായ സംവിധാനമുണ്ടാക്കണമെന്നതാണ് സമിതിയുടെ പ്രധാന കർത്തവ്യം. തകരാറുകൾ കണ്ടെത്തിയാൽ അവ തിരുത്താനും ആവർത്തിക്കാതിരിക്കാനുമുള്ള നടപടികളും വേണം. എല്ലാ കണ്ടെത്തലുകളും സമിതിയുടെ മിനിറ്റ്സിൽ രേഖപ്പെടുത്തണമെന്നും പറയുന്നു. മിനിറ്റ്സുകളടക്കമുള്ള രേഖകൾ കമ്മിഷന്റെ പരിശോധനയ്ക്ക് ലഭ്യമാക്കണം എന്നിവയാണ് മറ്റ് പ്രധാനനിർദേശങ്ങൾ.

നിർദ്ദേശം വന്ന വഴി

ഹരിയാന-പഞ്ചാബ് ഹൈക്കോടതിയുടെ ഒരു ഉത്തരവാണ് മെഡിക്കൽ കമ്മിഷന്റെ ഇടപെടലിന് ആധാരമായത്. ഒരു ലൈംഗികാതിക്രമക്കേസിന്റെ പരിഗണന സമയത്തായിരുന്നു നിർണായകമായ വഴിത്തിരിവ്. ഇരയെ പരിശോധിച്ച സർക്കാർ ഡോക്ടർ നൽകിയ റിപ്പോർട്ട് കോടതിയെ ഞെട്ടിച്ചു. ജസ്റ്റിസ് ജസ്ഗുരുപ്രീത് സിംഗ് പുരിയുടെ അഭിപ്രായത്തിൽ റിപ്പോർട്ടിൽ ഒരുവരിപോലും വായിക്കാവുന്നതായി ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഭരണഘടന അനുശാസിക്കുന്ന പൗരന്റെ ആരോഗ്യാവകാശത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് വൃത്തിയുള്ള കുറിപ്പടിയെന്ന് കോടതിക്ക് പറയേണ്ടിവന്നത്. കുറിപ്പടികൾ എഴുതേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കണമെന്നും കോടതി മെഡിക്കൽ കമ്മിഷനോട് നിർദ്ദേശിച്ചു.

മരുന്നു ശുപാർശകളിലെ തെറ്റുകൾ ആഗോളതലത്തിൽത്തന്നെ പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് ലോകാരോഗ്യസംഘടന തിരിച്ചറിഞ്ഞിട്ടുണ്ട്. മരുന്നുകുറിപ്പടി സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മിഷനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസും മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുമുണ്ട്. ഈ മാനദണ്ഡങ്ങളനുസരിച്ച് മരുന്നുകളുടെ ജനറിക് പേരാണ് കുറിക്കേണ്ടത്. വ്യക്തമായി ആർക്കും വായിക്കാവുന്ന വിധത്തിലാകണം എഴുത്ത്. ഇംഗ്ലീഷിലാണെങ്കിൽ വലിയ അക്ഷരത്തിലാകുകയും വേണം. സർക്കാർ ആശുപത്രികളിലടക്കം കംപ്യൂട്ടർ കുറിപ്പടികൾ വ്യാപകമാകുന്ന സാഹചര്യത്തിലെങ്കിലും കുറിപ്പടി പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.