മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന തലവേദന വളരെ സാധാരണമാണ്. ഇന്നത്തെ ജീവിതരീതിയും മാനസിക സംഘർഷങ്ങളുമെല്ലാം ഇതിന് കാരണമാണ്. മൈഗ്രേൻ തലവേദനയുടെ തീവ്രത അളക്കാൻ മൈഗ്രേൻ ഡിസബിലിറ്റി അസ്സെസ്മെന്റ് സ്‌കോർ (MDAS) നിലവിലുണ്ട്. ഇതനുസരിച്ചാണ് മൈഗ്രേൻ എത്രത്തോളം ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത്. മിക്ക ആളുകളിലും കുറച്ചുകാലം കഴിയുമ്പോൾ രോഗതീവ്രത കുറയുന്നു അല്ലെങ്കിൽ ചിലർ ഇത് ജീവിതത്തിന്റെ ഭാഗമായി കണക്കുകൂട്ടി കൊണ്ടുനടക്കുന്നു.

To advertise here,

ലക്ഷണങ്ങൾ

മൈഗ്രേൻ വരുന്നതിന് തൊട്ടുമുൻപായി തലവേദന വരാൻപോവുകയാണെന്ന് സൂചന കിട്ടുന്നവരുണ്ട്. കണ്ണിൽ ഇരുട്ടടയുക, കാഴ്ച മങ്ങുക, തലയിൽ ഒരുഭാഗത്ത് കുത്തുന്ന പോലൊരു വേദന, മരവിപ്പ്, സംസാരിക്കുമ്പോൾ തെറ്റുകൾ വരുക ഇങ്ങനെയാണ് സൂചനകൾ. ന്യൂറോ വാസ്‌കുലാർ ഹെഡ് എയ്ക്ക് എന്ന വിഭാഗത്തിലാണ് മൈഗ്രേൻ ഉൾപ്പെട്ടിട്ടുള്ളത്. ക്ലാസിക്കൽ മൈഗ്രേൻ, തലയുടെ ഒരുവശത്തുമാത്രമാണ് വരുക. ഇതിനൊപ്പം ഓക്കാനവും ഛർദിയും ഉണ്ടാകാം. ചിലർക്ക് ഛർദിച്ചാൽ തലവേദന കുറയും, ചിലർക്ക് ഉറങ്ങിയാലും കുറയും. ചിലരിൽ ആദ്യം ഒരുഭാഗത്ത് തുടങ്ങി പിന്നീട് മറ്റേഭാഗത്ത് മാറിവരും അല്ലെങ്കിൽ ഇരുഭാഗത്തുംവരാം. രണ്ടുഭാഗത്ത് ഒരുപോലെ വരുന്നതിന് മുൻകൂട്ടി സൂചനകൾ അറിയാറില്ല. ഇതിനെ കോമൺ മൈഗ്രേൻ എന്ന് പറയും.

സാഹചര്യങ്ങളും ചികിത്സയും

തലവേദന വരാൻ ചില ഉദ്ദീപന ഘടകങ്ങൾ ഉണ്ട്. ഒരുപാട്‌നേരം വെയിൽകൊള്ളുക, കുത്തുന്ന ഗന്ധം, അമിതശബ്ദവും വെളിച്ചവുമുള്ള സ്ഥലത്ത് നിൽക്കേണ്ടിവരുക, ഭക്ഷണം സമയംതെറ്റിക്കഴിക്കുക, വിശന്നിരിക്കേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കുക, മദ്യപാനം, ആർത്തവത്തിന് മുൻപോ പിൻപോ തുടങ്ങിയവ. തലവേദന വരുമ്പോൾ ശബ്ദവും വെളിച്ചവും അസഹനീയമായിത്തോന്നാം.

മൈഗ്രേന് ഹോമിയോപ്പതിയിൽ ചികിത്സയുണ്ട്. വേദന കൂടുമ്പോൾ കഴിക്കാനുള്ള താത്കാലിക വേദനസംഹാരികളും ഹോമിയോപ്പതിയിലുണ്ട്.

ഹോമിയോപ്പതിയിലെ നാട്രംമൂർ, സാംഗ്വിനേറിയ, ഐറിസ് വെർ, ഗ്ലൊണോയിൻ തുടങ്ങിയ മരുന്നുകൾ മൈഗ്രേൻ എന്ന അസുഖത്തിന് ഉപയോഗിക്കുന്നു. ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായതിനാൽ രോഗിയെ അറിഞ്ഞ് ചികിത്സിക്കുന്ന രീതിയാണ് ഹോമിയോപ്പതി സ്വീകരിക്കുന്നത്. അംഗീകൃത ചികിത്സാ യോഗ്യതയും ചികിത്സാപരിചയവുമുള്ള ഒരു ഡോക്ടർക്ക് ഇതിന് സാധിക്കും.

(മഞ്ചേരി തൃക്കലങ്ങോട് ഡോ. ദീപികാസ് ഹോമിയോ ഹോസ്പിറ്റലിൽ ചീഫ് മെഡിക്കൽ ഓഫീസറാണ് ലേഖിക)