അയാൾ വന്നു കേറിയപ്പം മൂഡ് പോയതാ, ആകെ നെഗറ്റീവായി'- ചിലരുടെ വാക്കുകളെക്കുറിച്ചും പ്രവൃത്തിയെക്കുറിച്ചും ആളുകൾ പറയുന്ന വാചകമാണിത്. ചില വ്യക്തികൾ അറിഞ്ഞോ, അറിയാതെയോ അവരുടെ നിരുപദ്രവമെന്ന് തോന്നുന്ന വാക്കുകൾ കൊണ്ടും പെരുമാറ്റംകൊണ്ടും മറ്റുള്ളവരുടെ മനസ്സിൽ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കേൾക്കുന്നവർക്ക് അവരെ താഴ്ത്തിക്കെട്ടിയതായും മനസ്സിൻ്റെ ദുർബലമായ മേഖലകളെ മുറിവേൽപ്പിച്ചതായും അനുഭവപ്പെടാൻ ഇത്തരക്കാരുടെ വാക്കു കൾ കാരണമാകുന്നു. 

To advertise here,

അരുൺ, ഐ.ടി. പ്രൊഫഷണലാണ്. ജോലിയിലെ സമ്മർദവും വിശ്രമമില്ലാത്ത ജോലിയുമൊക്കെയായപ്പോൾ താത്പര്യമുള്ള മറ്റ് മേഖലയിലേക്ക് ചേക്കേറാൻ തീരുമാനിച്ചു. അങ്ങനെയാണ് റസ്റ്ററൻ്റ് ബിസിസ്സിലേക്ക് വരുന്നത്. ആയിടയ്ക്കാണ് അമ്മയുടെ സുഹൃത്തായ ഒരു ആന്റി വീട്ടിൽവരുന്നത്. സംസാരത്തിനിടെ അവരുടെ ചോദ്യം നീയെന്താ ഉള്ള പണിയും കളഞ്ഞ് ഈ ചായക്കട നടത്തുന്നത്." അതു കേട്ടപ്പോൾ മുതൽ അരുണിനാകെ അസ്വസ്ഥത. താൻ ദുർബലനായപോലെ ഒരു തോന്നൽ.

പലപ്പോഴും ഇത്തരത്തിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടിയും എല്ലാം അറിയാമെന്നുമുള്ള രീതിയിൽ സംസാരിക്കുന്നവരുടെ നെഗറ്റീവ് വാക്കുകളുടെ പിന്നിലുള്ള മനഃശാസ്ത്രം തിരിച്ചറിഞ്ഞാൽ അവരുടെ വാക്കുകൾ നമ്മുടെ മനസ്സിനെ കലുഷിതമാക്കുകയില്ല. സ്വന്തം ജീവിതത്തിൽ ഏതെങ്കിലുമൊക്കെ മേഖലകളിലെ പോരായ്മകൾ മൂലം അപകർഷബോധവും ആത്മാഭിമാനക്കുറവും അനുഭവിക്കുന്നവരാകും ഇത്തരത്തിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടുന്നതോ, ദുർബലപ്പെടുത്തുന്നതോ ആയ വാക്കുകളും പരദൂഷണവും പറയുന്നവർ. മറ്റുള്ളവരുടെ പല മേഖലകളിലേയും നേട്ടങ്ങളിലും സന്തോഷങ്ങളിലുമുള്ള അസൂയയും, താൻ മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് കാണിക്കാനുള്ള വെമ്പലും ഇത്തരം വാക്കുകളുടെ പിന്നിലെ ചേതോവികാരമാണ്. സ്വന്തം കുറവുകൾ മറയ്ക്കാനുള്ള വൃഥാശ്രമം കൂടിയാണിതിന് പിന്നിൽ. സോഷ്യൽ മീഡിയയിലും മറ്റും മറ്റുള്ളവരുടെ നേട്ടങ്ങൾക്ക് താഴെ സ്ഥിരമായി നെ​ഗറ്റീവ് കമന്റിടുന്നവരും ഇത്തരത്തിൽ മാനസികമായ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നവരാണ്. 

സ്വന്തം രൂപം, സാമ്പത്തിക സ്ഥിതി, യഥാർഥ അംഗീകാരങ്ങൾ, ജോലി, കുടുംബജീവിതം, ബിസിനസ്, പഠനം ഉൾപ്പെടെയുള്ള മേഖലകളിൽ അസന്തുഷ്ടി അനുഭവിക്കുന്നവരുമാകും ഇത്തരക്കാർ. അതിനാൽ ആളുകളിൽനിന്ന് താഴ്ത്തിക്കെട്ടുന്നതോ, മാനസികമായി ദുർബലപ്പെടുത്തുന്നതോ ആയ വാക്കുകളോ പെരുമാറ്റമോ ഉണ്ടാകുമ്പോൾ, നിരാശപ്പെടേണ്ടതില്ല. അവരുടെ വാക്കുകളിലേക്കല്ല, മറിച്ച് നിങ്ങളുടെ തീരുമാനങ്ങളിലേക്ക് ഫോക്കസ് കൊടുക്കുക. നിങ്ങൾ ആ തീരുമാനം എടുത്തതിന്റെ കാരണം എന്താണ്? ആ തീരുമാനം എടുത്തതുകൊണ്ട് നിങ്ങൾക്കുള്ള ഗുണങ്ങൾ എന്തൊക്കെയാണ്? ദോഷങ്ങൾ എന്തൊക്കെയാണ്? മറ്റുള്ളവർ എന്തുവിചാരിക്കുന്നു എന്നതിനാണോ നിങ്ങളുടെ സന്തോഷത്തിനാണോ നിങ്ങൾ പ്രാധാന്യം കൊടുക്കുന്നതെന്ന് ചിന്തിക്കുക. മറ്റുള്ളവർ എന്തുചിന്തിക്കുമെന്നോ, അവരുടെ പ്രതികരണത്തിനോ അമിത പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിക്കുമ്പോൾ നിങ്ങളുടെ ഇഷ്ടങ്ങളും ലക്ഷ്യങ്ങളും താത്പര്യങ്ങളും മറന്ന് അസംതൃപ്തിയിൽ ജീവിതം മുന്നോട്ട് പോകും.

ഇവിടെ അരുൺ അമിത വർക്ക് സ്ട്രസ്സും വിശ്രമരഹിതമായ ജോലിയും കാരണം ഒരു യന്ത്രത്തേപ്പോലെ തുടർന്നിരുന്നെങ്കിൽ ശാരീരിക-മാനസിക ആരോഗ്യത്തെപ്പോലും ദോഷകരമായി ബാധിക്കുമായിരുന്നു. അപ്പോൾ അവിടെ അരുൺ എടുത്ത തീരുമാനം അരുണിനെ സംബന്ധിച്ച് ശരിയാണ്. മറ്റൊരാൾ അഭിപ്രായം പറയുന്നത് അവരുടെ പരിമിതമായ അറിവും മാനോഭാവവും വെച്ചായിരിക്കും. ചിലപ്പോൾ അതിൽ അസൂയയും ഉള്ളിലെ അരക്ഷിതാവസ്ഥ നിറഞ്ഞ അപകർഷം സൃഷ്ടിക്കുന്ന മുൾമുനയുമൊക്കെ കാരണമായേക്കാം. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്കുണ്ടാവേണ്ടത് ഉറച്ച മനസ്സാണ്. വ്യക്തമായ ബോധ്യത്തോടെ ദീർഘവീക്ഷണത്തോടെ ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ നന്മ ആഗ്രഹിക്കാത്തവരോട് ഒരിക്കലും യഥാർഥ ലക്ഷ്യം തുറന്നുപറയാതിരിക്കുക. അവരുടെ ജിജ്ഞാസ അസൂയയിൽ നിന്ന് മുളപൊട്ടുന്നതാണ്. അവർ നിങ്ങളെ മാനസികമായി തളർത്തി നെഗറ്റീവ് വശം മാത്രം പറഞ്ഞ് ദുർബലപ്പെടുത്താനായിരിക്കും ശ്രമിക്കുക. 

ജീവിതത്തിൽ മുൻഗണന നൽകേണ്ട മേഖലകളിൽ ഏതെങ്കിലും ഒരു മേഖലയിൽ മാത്രം പിന്നാലെ പോയാൽ സന്തോഷവും സമാധാനവും വിജയവും ആസ്വദിക്കാൻ കഴിയുകയില്ലെന്ന് തിരിച്ചറിയുക. സമ്പത്ത്, പ്രശസ്തി, അംഗീകാരം, പദവി എല്ലാമുണ്ടായിട്ടും സന്തോഷിക്കാനോ ശരിയായി ഉറങ്ങാനോ കഴിയാത്തവരുണ്ട്. ശാരീരിക-മാനസിക ആരോഗ്യം, കുടുംബം, ജോലി, സാമുഹിക ബന്ധങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകൾക്കും ഒരുപോലെ പ്രധാന്യം കൊടുക്കുക. നിഷേധാത്മക വ്യക്തികളിൽനിന്ന് അകന്നുനിൽക്കുക. നിങ്ങളാരാണെന്ന് അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കാതിരി ക്കുക. ഓരോ ദിവസവും നിങ്ങളുടെ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുക. വേണ്ട സമയങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. ഈ ലോകം നിങ്ങളുടെതാണ്. ഇന്ന് വിമർശിക്കുന്നവർ നാളെ നിങ്ങളുടെ ആരാധകരാകും.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഇന്റർനാഷണൽ ലൈഫ് കോച്ചുമാണ് ലേഖകൻ. 

ആരോ​ഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

 

ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ