
കണ്ണിന്റെ ഏറ്റവും പുറമേയുള്ള നേർത്ത സുതാര്യമായ ഭാഗമാണ് കൺജങ്‌ടൈവ. ഇതിനുണ്ടാവുന്ന അണുബാധയും നീർക്കെട്ടുമാണ് കൺജങ്ടിവിറ്റിസ്. ചെങ്കണ്ണ്, പിങ്ക് ഐ എന്നൊക്കെ ഈ രോഗം അറിയപ്പെടുന്നു. സൂക്ഷ്മജീവികൾ പടർത്തുന്ന ഒരു രോഗമാണിത്. വൈറസും ബാക്ടീരിയകളുമാണ് രോഗത്തിന്റെ മൂലകാരണം.എന്നാൽ, അലർജികൊണ്ടും ഈ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. സാധാരണമായി വേനൽക്കാലത്താണ് ചെങ്കണ്ണ് വ്യാപിക്കുന്നത് എങ്കിലും ഇപ്പോൾ ഏതുകാലത്തും ഈ രോഗം കണ്ടുവരുന്നുണ്ട്.
ലക്ഷണങ്ങൾ
- കണ്ണിന് ചുവപ്പ്.
- കണ്ണിന് വേദന.
- കണ്ണിൽനിന്ന് വെള്ളം വരിക. കണ്ണിൽനിന്ന് പീള (കൊഴുത്ത ദ്രാവകം) വരുക.
- കൺപോളകൾക്ക് വീക്കം.
- വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ടും വേദനയും.
- കാഴ്ച മങ്ങുക.
- കണ്ണിലുണ്ടാകുന്ന ചൊറിച്ചിലും പുകച്ചിലും.
- കണ്ണിലെ കരുകരുപ്പ്.
- ജലദോഷം, പനി, തൊണ്ടവേദന.
പടരുന്നത്
രോഗിയുടെ കണ്ണിലെ സ്രവത്തിൽ അണുക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കും. ഇതുമായുള്ള സമ്പർക്കമാണ് രോഗം പകരാൻ ഇടയാക്കുന്നത്. രോഗമുള്ള കണ്ണിൽ തൊട്ട കൈകൾ ഉപയോഗിച്ച് രോഗമില്ലാത്ത കണ്ണിൽ തൊടുമ്പോൾ രോഗം പകരുന്നു. രോഗി സ്പർശിച്ചതും ഉപയോഗിച്ചതുമായ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരും. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കളിലെല്ലാം രോഗാണുക്കൾ ഉണ്ടായിരിക്കും. ഈ വസ്തുക്കൾ മറ്റൊരാൾ ഉപയോഗിച്ചാൽ അവർക്കും രോഗം ബാധിക്കാനിടയുണ്ട്. സ്‌കൂളുകളിലും മറ്റും രോഗം അതിവേഗം പടരാൻ ഇതാണ് കാരണം.
Also Read
ലക്ഷണങ്ങൾ കണ്ടാൽ
അണുബാധ ഉണ്ടായ ഒരാളിൽ 3-14 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. അതിനാൽ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടണം. ഇല്ലെങ്കിൽ രോഗം ഗുരുതരമായി കൃഷ്ണമണിയെയും ബാധിച്ചേക്കാം.
വൈറസ് മൂലമാണോ ബാക്ടീരിയ മൂലമാണോ രോഗം ഉണ്ടായിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അതിന് ആവശ്യമായ ചികിത്സയാണ് തേടേണ്ടത്. അതിനാൽ ചെങ്കണ്ണ് ഉണ്ടായാൽ ഡോക്ടറുടെ നിർദേശമില്ലാതെ ഏതെങ്കിലും മരുന്ന് വാങ്ങി ഒഴിക്കുകയോ മറ്റൊരാൾ ഉപയോഗിക്കുന്ന മരുന്ന് ഉപയോഗിക്കുകയോ ചെയ്യരുത്. ബാക്ടീരിയ മൂലമാണെങ്കിൽ ആന്റിബയോട്ടിക് മരുന്നുകളും വൈറസ് മൂലമാണെങ്കിൽ ആന്റിവൈറൽ മരുന്നുകളും ഉപയോഗിക്കാം. ഓയിന്റ്‌മെന്റ് രൂപത്തിലോ കണ്ണിൽ ഒഴിക്കുന്ന തുള്ളിമരുന്നിന്റെ രൂപത്തിലോ ആയിരിക്കും ഈ മരുന്നുകൾ. തുള്ളിമരുന്നുകൾ കൃത്യമായി മുടങ്ങാതെ ഉപയോഗിക്കുകയും ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ നിർത്തുകയും ചെയ്യുക.
സാധാരണമായി രോഗതീവ്രതയ്ക്കനുസരിച്ച് ചെങ്കണ്ണ് ഭേദമാകാൻ രണ്ട്മൂന്ന് ആഴ്ചകൾ വരെ എടുക്കും. കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ നിർദേശാനുസരണം രോഗതീവ്രത വിലയിരുത്തണം. ഈ സമയത്തെല്ലാം കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്ന ജോലികൾ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
പീളകെട്ടി കണ്ണ് അടഞ്ഞുപോയാൽ
ചെങ്കെണ്ണ് ബാധിച്ചവരിൽ പലരുടെയും കണ്ണുകൾ രാവിലെ ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുമ്പോൾ ഒട്ടിപ്പിടിച്ച് തുറക്കാൻ പറ്റാത്ത അവസ്ഥയിലാകുന്നത് കാണാറുണ്ട്. ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിക്കരുത്. എളുപ്പത്തിൽ തുറന്നുകിട്ടാനായി തിളപ്പിച്ച് ആറിയ ഇളം ചൂടുവെള്ളത്തിൽ ഒരു ചെറിയ കഷ്ണം തുണി മുക്കി പിഴിഞ്ഞ് ആ തുണി ഉപയോഗിച്ച് കണ്ണ് പതുക്കെ തുടച്ചുകൊടുത്താൽ മതി. അല്പസമയത്തിനകം പീള നീങ്ങി കണ്ണ് തുറക്കാൻ സാധിക്കും. ഇതിനുശേഷം കൈകൾ നന്നായി സോപ്പിട്ട് കഴുകി ശുചിയാക്കണം.
എങ്ങനെ തടയാം ?
- ചെങ്കണ്ണ് ഉണ്ടാക്കുന്ന അണുക്കൾ ശ്വാസനാളത്തെ ബാധിക്കാൻ സാധ്യത ഉള്ളതുകൊണ്ടും ഇതുമൂലം മൂക്കടപ്പ്, ജലദോഷം എന്നീ ലക്ഷണങ്ങൾ കണ്ടുവരാൻ സാധ്യത ഉള്ളതുകൊണ്ടും മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ രോഗവ്യാപനം തടയാം.
- ചെങ്കണ്ണ് വന്ന കണ്ണിൽനിന്ന് ഒഴുകിവരുന്ന വെള്ളം, പീള, തുള്ളിമരുന്ന് എന്നിവ തോർത്തോ ടവ്വലോ ഉപയോഗിക്കാതെ ടിഷ്യൂ ഉപയോഗിച്ച് തുടച്ച ശേഷം ആ ടിഷ്യു അപ്പോൾ തന്നെ നശിപ്പിച്ചുകളയണം.
- രോഗി സ്വയം ഐസൊലേഷൻ സ്വീകരിച്ച് പൊതു ഇടങ്ങളിൽനിന്ന് മാറിനിൽക്കണം. കുട്ടികളാണെങ്കിൽ രോഗം ഭേദമാകുന്നതുവരെ അവരെ സ്‌കൂളിലോ മറ്റോ വിടരുത്. ഇത് രോഗവ്യാപനം ഒഴിവാക്കാൻ സഹായിക്കും.
- കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കുക.
- കണ്ണിൽ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക.
- രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന വസ്തുക്കൾ (ടവൽ, തോർത്ത്, കണ്ണട, വസ്ത്രങ്ങൾ, കിടക്കവിരി, തലയിണ തുടങ്ങിയവ) മറ്റുള്ളവർ ഉപയോഗിക്കരുത്.
- രോഗി തൊട്ടിട്ടുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ (മേശ, കസേര, വാതിൽ, ലോക്ക്, സ്വിച്ച് ബോർഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം) രോഗാണുക്കൾ വ്യാപിച്ചിട്ടുണ്ടാകാം. അതിനാൽ ഇവിടം ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് തുടച്ച് ശുചിയാക്കുന്നതിലൂടെ രോഗവ്യാപനം തടയാം.
- രോഗിയുടെ കണ്ണിൽ മരുന്ന് ഒഴിച്ചുകൊടുക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പിട്ട് കഴുകണം. രോഗി തനിയെ മരുന്ന് ഒഴിക്കുകയാണെങ്കിലും ഇത് ചെയ്യണം. തുടർന്ന് മരുന്ന് കുപ്പിയുടെ പുറംഭാഗവും കൈകളും സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കണം.
- കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നവരാണെങ്കിൽ ഡോക്ടർ നിർദേശിക്കുന്നതുവരെ അത് ഉപയോഗിക്കരുത്.
- സാധാരണ വെള്ളത്തിൽ കണ്ണ് കഴുകുന്നത് ഒഴിവാക്കുക. പകരം തിളപ്പിച്ച് അടച്ചുവെച്ച് ആറിയ വെള്ളത്തിൽ കണ്ണ് കഴുകുകയും ഈ വെള്ളത്തിൽ വൃത്തിയുള്ള തുണിയോ പഞ്ഞിയോ മുക്കിപ്പിഴിഞ്ഞ് വൃത്തിയാക്കുകയോ ചെയ്യാം.
മുളന്തുരുത്തി വെട്ടം കണ്ണാശുപത്രിയിൽ നേത്രരോഗ വിദഗ്ധയാണ് ലേഖിക.
Content Highlights: Pink eye conjunctivitis Symptoms and causes
Published: 25 Nov 2023, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented