തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതുകൊണ്ടോ ആവശ്യത്തിന് രക്തം ലഭിക്കാത്തതുകൊണ്ടോ തലച്ചോറിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ചുപോവുകയോ മന്ദീഭവിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മസ്തിഷ്കാഘാതം, ബ്രെയിൻ അറ്റാക്ക് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. തലച്ചോറിലെ കോശങ്ങൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും എത്തുന്നത് രക്തത്തിലൂടെയാണ്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം എത്താതാകുമ്പോൾ കോശങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുകയും ഈ അവസ്ഥ തുടർന്നാൽ കോശങ്ങൾ നശിച്ചുപോകുകയും ചെയ്യും.

To advertise here,

ലോകത്ത്  ഓരോ മൂന്ന്‌ സെക്കൻഡിലും ഒരാൾക്ക് എന്ന വീതം സ്‌ട്രോക്ക് വരുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. പ്രതിവർഷം 12.2 ദശലക്ഷം സ്‌ട്രോക്ക് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്, 24 വയസ്സിന് മുകളിലുള്ള നാലിൽ ഒരാൾക്ക് സ്‌ട്രോക്ക് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ രോഗാവസ്ഥയെ എത്രത്തോളം ഗൗരവമായി കാണണമെന്ന് ഈ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ചെറുപ്പക്കാരിൽത്തന്നെ സ്ട്രോക്ക് സാധ്യത നിലനിൽക്കുന്നു എന്നത് ഏറെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

പ്രധാനമായും രണ്ടുതരത്തിൽ

പ്രധാനമായി രണ്ടുതരത്തിൽ സ്ട്രോക്ക് സംഭവിക്കാം. 

ഇസ്‌കീമിക് സ്‌ട്രോക്ക്: തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാൽ സംഭവിക്കുന്നതാണ് ഇസ്കീമിക് സ്ട്രോക്ക്. തലച്ചോറിലേക്കുള്ള ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടിയാണ് പ്രധാനമായും തടസ്സങ്ങൾ രൂപപ്പെടുന്നത്. തലച്ചോറിന്റെ ഏതുഭാഗത്തേക്ക് രക്തമെത്തിക്കുന്ന ധമനിയിലാണോ തടസ്സം ഉണ്ടായത് ആ ഭാഗത്തെ കോശങ്ങൾ നശിച്ചുപോകും. തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ തടസ്സം ഉണ്ടാകുന്നതിന് പുറമേ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തുണ്ടായ രക്തക്കട്ട ഒഴുകിയെത്തി തലച്ചോറിലേക്കുള്ള ധമനിയിൽ തടസ്സം ഉണ്ടാക്കുകയും ചെയ്യാം. ഇങ്ങനെയുണ്ടാകുന്ന സ്ട്രോക്കിനെ എംബോളിക് സ്ട്രോക്ക് എന്നുപറയും.

ഹെമറാജിക്  സ്‌ട്രോക്ക്‌: തലച്ചോറിലെ രക്തസ്രാവം മൂലം സംഭവിക്കുന്നതാണ് ഹെമറാജിക് സ്ട്രോക്ക്‌. രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥ. രക്തസ്രാവത്തെത്തുടർന്ന് അവിടെയുള്ള കോശങ്ങൾ നശിക്കും. മാത്രമല്ല ഏതുഭാഗത്തേക്കുള്ള രക്തക്കുഴലാണോ പൊട്ടിയത് അവിടെയുള്ള കോശങ്ങൾ രക്തം ലഭിക്കാതെയും നശിക്കും. ഇങ്ങനെ രക്തക്കുഴലുകൾ പൊട്ടാനുള്ള പ്രധാന കാരണം അമിത രക്തസമ്മർദമാണ്. കൂടാതെ ജന്മനാലുള്ള ചില തകരാറുകളും ഇതിലേക്ക് നയിക്കാറുണ്ട്.

മസ്തിഷ്കത്തിൽ ധമനികളോ മസ്തിഷ്കാവരണങ്ങളോട് ചേർന്നുള്ള ധമനികളോ സ്വയമേവ പൊട്ടി രക്തസ്രാവമുണ്ടാകുന്നതിലൂടെയാണ്‌ രക്തസ്രാവ മസ്തിഷ്കാഘാതം സംഭവിക്കുക. തലയ്ക്കുണ്ടാകുന്ന ക്ഷതമോ മറ്റ്‌ അപകടങ്ങൾകൊണ്ടോ സംഭവിക്കുന്ന മസ്തിഷ്ക രക്തസ്രാവത്തെ മസ്തിഷ്കാഘാതമായി കണക്കാക്കുകയില്ല.

സാധാരണ 70 ശതമാനം മുതൽ 80 ശതമാനം വരെ ഇസ്‌കീമിക് സ്‌ട്രോക്ക് ആണ് കണ്ടുവരാറുള്ളത്, ബാക്കി 20 ശതമാനം മാത്രമേ ഹെമറാജിക് സ്‌ട്രോക്ക് സംഭവിക്കാറുള്ളൂ.

മുന്നറിയിപ്പായി മിനി സ്ട്രോക്ക്

താത്കാലികമായി തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ട്രാൻസിയന്റ് ഇസ്‌കീമിക് അറ്റാക്ക് (TIA) അഥവാ മിനി സ്ട്രോക്ക്. അല്പനേരം നീണ്ടുനിൽക്കുന്ന കൈകാൽ തളർച്ച, ചുണ്ട് കോടൽ, മരവിപ്പ്, തരിപ്പ്, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. വലിയ ഒരു സ്‌ട്രോക്ക് വരുന്നതിന്‌ മുൻപ്‌ ഉണ്ടാകുന്ന ഒരു സൂചനയാണ് ഈ അവസ്ഥ. ഇത് മനസ്സിലാക്കി കൃത്യമായി ചികിത്സിച്ചാൽ ഭാവിയിൽ വരാനിടയുള്ള വലിയ സ്‌ട്രോക്ക് ഒഴിവാക്കാൻ സാധിക്കും. പലപ്പോഴും ഈ ചെറിയ രോഗലക്ഷണം രോഗികൾ നിസ്സാരമായിക്കണ്ട് ചികിത്സ തേടാതിരിക്കുമ്പോളാണ് വലിയ അസുഖത്തിൽ ചെന്ന് അവസാനിക്കുന്നത്.

ലക്ഷണങ്ങൾ

മസ്തിഷ്കത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതുമൂലം പല ശരീരഭാഗങ്ങളുടെയും പ്രവർത്തനങ്ങളിൽ തടസ്സം നേരിടാം. തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് സ്ട്രോക്ക് ബാധിച്ചത് എന്നതിന് അനുസരിച്ച് സങ്കീർണതകളിലും ലക്ഷണങ്ങളിലും വ്യത്യാസം ഉണ്ടാകും. ഡോക്ടർ രോഗിയെ പരിശോധിച്ചശേഷം സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ഉറപ്പാക്കും. ഷുഗർ കുറഞ്ഞാലും സോഡിയം കുറഞ്ഞാലും ഈ ലക്ഷണങ്ങൾ ഉണ്ടാകാവുന്നതാണ്.

  • സംസാരത്തിൽ വ്യക്തതയില്ലാതെ വരുകയും കേൾക്കുന്നവർക്ക് മനസ്സിലാവാതെ വരുകയും ചെയ്യുക.
  • പെട്ടെന്ന് സംസാരിക്കാൻ കഴിയാതെ വരുക.
  • ഒരു ഭാഗത്ത് പെട്ടെന്നുണ്ടാകുന്ന മരവിപ്പ്.
  • മുഖത്തിനോ കൈകൾക്കോ കാലുകൾക്കോ ഉണ്ടാകുന്ന ബലക്ഷയം അല്ലെങ്കിൽ  തളർച്ചയും മുഖത്തിന് പെട്ടെന്ന് സംഭവിക്കുന്ന കോട്ടവും.
  • പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം.
  • ഒരു കണ്ണിനോ രണ്ട് കണ്ണുകൾക്കോ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകുക അല്ലെങ്കിൽ രണ്ടായി കാണുക.
  • പെട്ടെന്ന് കഠിനമായി ഉണ്ടാവുന്ന തലവേദനയും ഛർദിയും.
  • പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം,
  • അപസ്മാരം.

ഈ പറഞ്ഞ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണപ്പെടുകയാണെങ്കിൽ ഉടൻ വിദഗ്ധചികിത്സ ലഭ്യമാക്കേണ്ടതാണ്, എത്രയും വേഗത്തിൽ ചികിത്സ ലഭ്യമാക്കുന്നതുവഴി രോഗിയെ രക്ഷിക്കാം.

കാരണങ്ങൾ

സ്‌ട്രോക്ക് ഒരു പരിധിവരെ ജീവിതശൈലീരോഗങ്ങൾകൊണ്ടോ പാരമ്പര്യമായോ വരാവുന്നതാണ്.

  • കൊളസ്‌ട്രോൾ/പ്രമേഹം: എൽ.ഡി.എൽ. അഥവാ ചീത്ത കൊളസ്‌ട്രോൾ കാരണം തലച്ചോറിലേക്കുള്ള രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടായി അത് സ്‌ട്രോക്കിന് കാരണമാവുന്നു.
  • പുകവലി:  പുകവലി, നിക്കോട്ടിന്റെ അളവ് ശരീരത്തിൽ വർധിപ്പിക്കുകയും അതിലൂടെ മസ്തിഷ്‌കാഘാത സാധ്യത വളരെയധികം വർധിപ്പിക്കുകയും ചെയ്യുന്നു.
  • രക്താതിമർദം: രക്തസമ്മർദം കൂടിയാൽ രക്തക്കുഴലുകൾ പൊട്ടുകയും അത് സ്‌ട്രോക്കിന് കാരണമാവുകയും ചെയ്യാം.  
  • തെറ്റായ ജീവിതരീതിയും വ്യായാമക്കുറവും:  കൂടുതൽ സമയം വെറുതേ ഇരിക്കുന്നതും യാതൊരു തരത്തിലുള്ള ശാരീരിക വ്യായാമമില്ലായ്മയും രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞ് ബ്ലോക്കുണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു. ഇത് സ്‌ട്രോക്കിലേക്ക് നയിച്ചേക്കാം.
  • ഹൃദയത്തിൽ രക്തം കട്ടപിടിച്ച് അത് തലച്ചോറിലേക്ക് പോയി സ്‌ട്രോക്ക് സംഭവിക്കാം(എംബോളിക് സ്‌ട്രോക്ക്)

ചികിത്സ

സ്‌ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രാധാന്യം സമയത്തിനാണ്. എത്ര പെട്ടെന്ന് രോഗിയെ വിദഗ്ധചികിത്സയ്ക്ക് എത്തിക്കുന്നുവോ അത്രയും നല്ലത്. സമയത്തിന്റെ പ്രാധാന്യവും ലക്ഷണങ്ങൾ ഏതെല്ലാമെന്ന് പെട്ടെന്ന് മനസ്സിലാക്കാൻ വേണ്ടിയാണ് BE FAST എന്ന ഇംഗ്ലീഷ് പദം ഉപയോഗിക്കാറുള്ളത്.

സ്ട്രോക്ക് ലക്ഷണങ്ങൾ ഉള്ള ആളെ സ്കാനിങ് സൗകര്യം ഉള്ള ആശുപത്രികളിൽ എത്തിക്കേണ്ടത് വളരെ പ്രധാനമാണ്. ഏതുതരം സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ ചികിത്സ തീരുമാനിക്കാനാകൂ. ഇസ്‌കീമിക് സ്‌ട്രോക്കിന്‌ കൊടുക്കുന്ന മരുന്ന് ഹെമറേജിക് സ്‌ട്രോക്കിന് കൊടുക്കാൻ പാടില്ല. ഇത് കൃത്യമായി സ്ഥിരീകരിക്കുന്നതിന് സ്കാനിങ് അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. ഇതോടൊപ്പം ഒരു ന്യൂറോളജിസ്റ്റിന്റെ സേവനമുള്ള സ്ഥലമാണോ എന്നും നോക്കേണ്ടതുണ്ട്.

തടസ്സം നീക്കാനുള്ള മരുന്ന്

സ്‌ട്രോക്ക് സംഭവിച്ച്‌ നാലരമണിക്കൂറിനുള്ളിൽതന്നെ രക്തക്കട്ടകൾ അലിയിച്ചാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട അവസ്ഥ മാറ്റി രക്തപ്രവാഹം പഴയ നിലയിലേക്കാക്കാം. ഇതിനുവേണ്ടി clot buster drug ഇൻജെക്ഷൻ നാലര മണിക്കൂറിനുള്ളിൽ കൊടുക്കേണ്ടതാണ് , രക്തക്കട്ടയെ അലിയിപ്പിച്ച് രക്തപ്രവാഹം പുനസ്ഥാപിക്കുവാൻ ഇത് സഹായിക്കുന്നു. ഈ ചികിത്സ ഇസ്‌കിമിക് സ്‌ട്രോക്കിന് മാത്രമേ ഫലപ്രദമാവുകയുള്ളൂ.

മെക്കാനിക്കൽ ത്രോംബക്ടമി

തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിലേക്ക് കത്തീറ്റർ കടത്തിവിട്ട് രക്തക്കട്ട നീക്കംചെയ്യുന്ന രീതിയാണിത്. സ്‌ട്രോക്ക് സംഭവിച്ച് 6-12 മണിക്കൂറിനുള്ളിൽതന്നെ ചെയ്യേണ്ട ഒരു ചികിത്സാരീതി ആണിത്. അപൂർവമായി 24 മണിക്കൂറുകൾക്കുള്ളിൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ത്രോംബെക്ടമി വിജയകരമായി ചെയ്യാൻ സാധിക്കും. ഇതിനുവേണ്ടി ഇന്റെർവെൻഷനൽ ന്യൂറോറേഡിയോളജിസ്റ്റോ അല്ലെങ്കിൽ ഇന്റർവെൻഷനൽ ന്യൂറോളജിസ്റ്റോ ഉള്ള ഹോസ്പിറ്റലിൽ രോഗിയെ എത്തിക്കേണ്ടതാണ്. ഇത് ഒരു ചെലവുകൂടിയ ചികിത്സാരീതിയാണ്.

രക്തസ്രാവം തടയാൻ

ഹെമറാജിക് സ്ട്രോക്കാണ് സംഭവിച്ചതെങ്കിൽ ആദ്യം തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കും. അതിന് കാരണമായത് അമിത ബി.പി.യാണെങ്കിൽ അത് കുറയ്ക്കാനുള്ള ചികിത്സ നൽകും. ഗുരുതരമായ രക്തസ്രാവമാണെങ്കിൽ രക്തക്കുഴലിൽ പൊട്ടൽ വന്നത് പരിഹരിക്കാൻ സർജറി ആവശ്യമായി വന്നേക്കും. രക്തക്കുഴലിൽ അന്യൂറിസം ഉണ്ടായ ഭാഗത്ത് രക്തപ്രവാഹം തടയാൻ കോയിലിങ്, ക്ലിപ്ലിങ് രീതികളും ഉപയോഗിക്കാറുണ്ട്.

എങ്ങനെ സ്‌ട്രോക്ക്  പ്രതിരോധിക്കാം ?

സ്‌ട്രോക്ക് സാധ്യത കുറയ്ക്കാനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക എന്നതാണ്. ഇത് രണ്ടും സ്‌ട്രോക്കിന്  പ്രധാന കാരണം ആയി മാറും എന്ന് ഒട്ടേറെ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നല്ല ഭക്ഷണശീലവും ചിട്ടയായ വ്യായാമവും ആരോഗ്യപരമായ ജീവിതരീതിയുമാണ് മസ്തിഷ്കാഘാതത്തെ മാറ്റിനിർത്താനുള്ള ഏറ്റവും എളുപ്പമായ വഴികൾ. ഒരുദിവസം കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്ന ശീലം ഉണ്ടാക്കുക, സ്‌ട്രെസ് കൂടുതൽ അനുഭവിക്കുന്ന ഒരാൾക്ക് സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്, സ്‌ട്രെസ്, ബി.പി. കൂടാനും ഇത് തലച്ചോറിലെ രക്തധമനികളിൽ പ്രഷർ കൂട്ടാനും പൊട്ടാനുമൊക്കെ ഇടയാക്കുന്നു. അമിതവണ്ണം കുറയ്ക്കുന്നതും സ്‌ട്രോക്കിനെ തടഞ്ഞുനിർത്താനുള്ള വഴികളാണ്.

കൊച്ചി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സെന്റർ ഓഫ് എക്സലൻസ് ന്യൂറോളജി വിഭാ​ഗം കൺസൾട്ടന്റ് ആണ് ലേഖകൻ.

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌)