ഇരുചക്രവാഹന അപകടങ്ങളിൽ പലപ്പോഴും മരണകാരണമാകുന്നത് തലയ്ക്ക് ഏൽക്കുന്ന പരിക്കാണ്. തലയ്ക്ക് പരിക്കേറ്റ ആളെ എങ്ങനെ തിരിച്ചറിയാം എന്നത് പ്രധാനമാണ്. അപകടത്തിന് ശേഷം ആൾ പൂർണ അബോധാവസ്ഥയിൽ ആണെങ്കിൽ അത് ഗുരുതരമായ ഹെഡ് ഇഞ്ച്വറി ആകാൻ സാധ്യതയുണ്ട്. അർധബോധാവസ്ഥ, പരസ്പരം ബന്ധമില്ലാതെ സംസാരിക്കുക, തുടർച്ചയായ ഛർദി, ചെവിയിലൂടെയോ മൂക്കിലൂടെയോ രക്തം വരുക, അപസ്മാരം ഇതൊക്കെ തലയ്ക്കേറ്റ പരിക്കിന്റെ ലക്ഷണങ്ങളാണ്.

To advertise here,

ഇരുചക്രവാഹന യാത്രക്കാരെ തലയ്ക്കുള്ള പരിക്കിൽനിന്ന് രക്ഷിക്കാനുള്ള കവചമാണ് ഹെൽമെറ്റ്. ഫുൾ ഫേസ് ഹെൽമെറ്റാണ് ഉപയോഗിക്കുന്നതെങ്കിൽ മുഖത്തെ എല്ലുകൾക്കുണ്ടാകുന്ന പരിക്കുകൾകൂടി ഒഴിവാക്കാൻ പറ്റും. ഹെൽമെറ്റിന്റെ പ്രയോജനം ശരിയായ രീതിയിൽ ലഭിക്കണമെങ്കിൽ അതിന്റെ ക്ലിപ്പ്(Chin strap) ഇട്ടു എന്നുകൂടി ഉറപ്പുവരുത്തണം.

ഹെൽമെറ്റ് ഊരേണ്ട വിധം

ഹെൽമെറ്റ് ധരിച്ച ആൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ ശരിയായ രീതിയിൽ, കഴുത്തിൻ്റെ ചലനങ്ങൾ പരമാവധി കുറച്ചുവേണം ഹെൽമെറ്റ് ഊരിമാറ്റാൻ ശ്രമിക്കേണ്ടത്. അല്ലെങ്കിൽ കഴുത്തിലെ നട്ടെല്ലിലെ ഭാഗത്തിന് പരിക്കുപറ്റിയിട്ടുണ്ടെങ്കിൽ കഴുത്ത് മടക്കിയും ചരിച്ചുമെല്ലാം ഹെൽമെറ്റ് ഊരുമ്പോൾ സുഷുമ്നാ നാഡിക്ക് ക്ഷതംപറ്റുകയും കൈകാലുകൾ തളർന്നു പോവുകയും ചെയ്തേക്കാം.

  • സുരക്ഷിതമായി ഹെൽമെറ്റ് ഊരിമാറ്റുന്നതിന് ചുരുങ്ങിയത് രണ്ട് പേരെങ്കിലും വേണം.
  • ഒരാൾ പരിക്കേറ്റ ആളുടെ തലഭാഗത്തും രണ്ടാമത്തെയാൾ കഴുത്തിൻ്റെ ഭാഗത്തും നിൽക്കുക.
  • കഴുത്തിൻ്റെ ഭാഗത്തുനിൽക്കുന്ന ആൾ ആദ്യം ഹെൽമെറ്റിൻറെ ക്ലിപ് ഊരുക.
  • അതിനുശേഷം ഹെൽമെറ്റിന്റെ ഉള്ളിൽ കൈ കടത്തി, രണ്ട് തള്ളവിരലുകളും താടിയെല്ലിൻ്റെ ഇരുവശങ്ങളിലുമായി അമർത്തിവയ്ക്കുക. . രണ്ട് കൈയിൻ്റെയും മറ്റ് നാലുവിരലുകൾകൊണ്ട് തലയുടെ പിൻഭാഗം സപ്പോർട്ട് ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുത്തിൻ്റെ ചലനങ്ങൾ പരമാവധി കുറയുകയും ശേഷം തലഭാഗത്ത് നിൽക്കുന്ന ആൾ ​ഹെൽമെറ്റിൻ്റെ താഴെഭാഗം മുകളിലേക്ക് ഉയർത്തുകയും ചരിക്കുകയും ചെയ്ത് സാവധാനം ഹെൽമെറ്റ് ഊരിമാറ്റാവുന്നതാണ്.
  • അതിനുശേഷം ഒരു കോളറോ അതില്ലെങ്കിൽ ഒരു ന്യൂസ്പേപ്പറോ ഉപയോഗിച്ച് കഴുത്ത് സപ്പോർട്ട് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റുക.