കണ്ണുനീരല്ല, ഈ ഒരുവയസ്സുകാരി കരഞ്ഞാല്‍ പൊഴിഞ്ഞുവീഴുക കണ്ണുകള്‍തന്നെ. ഒരു കാഴ്ചയും അവള്‍ക്ക് പൂര്‍ണമല്ല. ഉണര്‍വിലെപ്പോഴും കണ്ണിനു മുന്നില്‍ വേലികണക്കെ ബാന്‍ഡേജ്. നെയ്യാറ്റിന്‍കര വെണ്‍പകല്‍ സ്വദേശി സായികൃഷ്ണന്റെയും സജിനിയുടെയും മകള്‍ അദ്വൈതയ്ക്കാണ് ഈ അപൂര്‍വരോഗം.

To advertise here,

അച്ഛനെയും അമ്മയെയും കാണുന്നതുപോലും ബാന്‍ഡേജിന്റെ നേര്‍ത്തവിടവിലൂടെ. കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേക്കു വരുന്നതിനാല്‍ ബാന്‍ഡേജ് ഉപയോഗിച്ച് കണ്ണുകളെ താങ്ങിനിര്‍ത്തണമെന്ന് ഡോക്ടര്‍മാരാണ് നിര്‍ദേശിച്ചത്. ഉറങ്ങുമ്പോള്‍ മാത്രമാണ് ബാന്‍ഡേജ് മാറ്റുന്നത്.

സമാനരോഗം ബാധിച്ചിരുന്ന അദ്വൈതയുടെ ഇരട്ടസഹോദരി അര്‍ത്ഥിത ചൊവ്വാഴ്ച മരിച്ചു. ഗര്‍ഭാവസ്ഥയിലും ജനിച്ചപ്പോഴും ഒരുവിധ വൈകല്യവും കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നില്ല.

ഈയിടെ കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മൂന്നു ശസ്ത്രക്രിയ നടത്തിയാല്‍ കുഞ്ഞിന്റെ ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിന് ഇരുപതുലക്ഷത്തോളം രൂപ ചെലവുവരും.

കൂലിപ്പണിചെയ്താണ് സായികൃഷ്ണന്‍ വീട്ടിലെ ചെലവും കുഞ്ഞിന്റെ ചികിത്സയും നോക്കുന്നത്. സഹായമനസ്സുള്ളവര്‍ക്ക് എസ്ബിഐ നെല്ലിമൂട് ശാഖയില്‍ സായികൃഷ്ണന്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നല്‍കാം. അക്കൗണ്ട് നമ്പര്‍ 44558202029, ഐഎഫ്എസ്സി SBIN0070544, യുപിഐ ഐഡി mr.saikrishnans@sbi