
അരനൂറ്റാണ്ട് മുൻപുവരെ ഹൃദയധമനികളിലെ ബ്ലോക്കുകൾ പരിഹരിക്കാനുള്ള മാർഗം മരുന്ന് ചികിത്സയോ ബൈപ്പാസ് സർജറിയോ മാത്രമായിരുന്നു. പിന്നീട്, ചികിത്സയിൽ വലിയ മുന്നേറ്റങ്ങളുണ്ടായി. 1977-ലാണ് ആദ്യമായി കൊറോണറി ആൻജിയോപ്ലാസ്റ്റി ചെയ്തുതുടങ്ങിയത്. ഏകദേശം അതേ കാലത്ത് തന്നെയാണ് ഇൻട്രാവീനസ് ത്രോംബോലിസിസ് വഴി ബ്ലോക്ക് നീക്കംചെയ്യുന്ന ചികിത്സയും തുടങ്ങിയത്. തുടക്കത്തിൽ ബലൂൺ ആൻജിയോപ്ലാസ്റ്റി മാത്രമാണ് ഉണ്ടായിരുന്നത്. ബലൂൺപോലെ വികസിപ്പിക്കാൻ കഴിയുന്ന ഉപകരണം രക്തക്കുഴലിലെ തടസ്സമുള്ള ഭാഗത്തേക്ക് കടത്തി, അത് വികസിപ്പിച്ച് തടസ്സം നീക്കംചെയ്യുന്ന രീതിയാണിത്.
ആദ്യമായി ആൻജിയോപ്ലാസ്റ്റിയിൽ സ്റ്റെന്റുകൾ ഉപയോഗിച്ചുതുടങ്ങിയത്, 1980-കളിലാണ്. തുടക്കത്തിൽ ബെയർ-മെറ്റൽ സ്റ്റെന്റ് (Bare-metal Stent) മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട്, മരുന്ന് പുരട്ടിയ സ്റ്റെന്റ് ഉപയോഗിച്ചുതുടങ്ങി. ബെയർ-മെറ്റൽ സ്റ്റെന്റിന്റെ പരിമിതി മറികടക്കാൻ ഇതിലൂടെ സാധിച്ചു. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങളിൽ ചിലത് ഇവിടെ വിശദമാക്കാം.
ഹൃദയധമനിയിലെ ബ്ലോക്ക് ചെറുപ്പക്കാരിലും വരുന്നത് എന്തുകൊണ്ടാണ്?
പണ്ടൊക്കെ പ്രായംകൂടിയ ആളുകളിൽ വരുന്ന അസുഖമായിരുന്നു കൊറോണറി ആർട്ടറി ഡിസീസ് അഥവാ ഹൃദയധമനിയിലെ രോഗങ്ങൾ. എന്നാൽ, ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിൽത്തന്നെ ഈ അവസ്ഥ വരുന്നതായി കാണുന്നു. ജീവിതശൈലിയിൽ വന്ന മാറ്റം പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതുകൂടാതെ, പാരമ്പര്യഘടകവും സ്വാധീനം ചെലുത്തുന്നുണ്ട്. അങ്ങനെയുള്ളവർ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി കുറച്ചുകൂടി നേരത്തേ സ്‌ക്രീനിങ് ടെസ്റ്റ് ചെയ്യുന്നതാണ് ഉചിതം.
നിത്യേന വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുക, ലഹരി ഉപയോഗം ഒഴിവാക്കുക എന്നിവയൊക്കെ പ്രധാനമാണ്. ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ആവശ്യമാണ്. പ്രായമനുസരിച്ചും രോഗാവസ്ഥയനുസരിച്ചുമാണ് വ്യായാമത്തിന്റെ സമയവും രീതികളും നിശ്ചയിക്കേണ്ടത്.
സ്‌ക്രീനിങ് ടെസ്റ്റുകൾ എന്തൊക്കെയാണ്?
ഇ.സി.ജി, എക്കോ, ട്രെഡ്മിൽ ടെസ്റ്റ്, അടിസ്ഥാന രക്തപരിശോധന എന്നിവയാണ് പ്രധാന സ്‌ക്രീനിങ് ടെസ്റ്റുകൾ. കൊളസ്‌ട്രോൾ, യൂറിക് ആസിഡ്, തൈറോയ്ഡ് പ്രവർത്തനം, ഷുഗർനില എന്നിവ വിലയിരുത്തുകയാണ് അടിസ്ഥാന രക്തപരിശോധന.
ഇ.സി.ജി.യിൽ കുഴപ്പമൊന്നും കണ്ടില്ല. പിന്നെ, മറ്റ് ടെസ്റ്റുകൾ ചെയ്യുന്നത് എന്തിനാണ്?
ഓരോ ടെസ്റ്റിനും ഓരോ തരത്തിൽ പ്രാധാന്യമുണ്ട്. ശരീരം വിശ്രമാവസ്ഥയിലാവുമ്പോൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനാണ് ഇ.സി.ജി. ഉപയോഗിക്കുന്നത്. രണ്ടാമത്തെത്, എക്കോ കാർഡിയോഗ്രഫിയാണ്. അതായത്, ഹൃദയത്തിന്റെ അൾട്രാസൗണ്ട് സ്‌കാനിങ്ങാണിത്. ഹൃദയത്തിന് ഘടനാപരമായ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നാണ് ഇതിലൂടെ പരിശോധിക്കുന്നത്. വാൽവുകൾക്കോ പമ്പിങ്ങിലോ തകരാറുകളുണ്ടോ, പേശികൾക്ക് കട്ടി കൂടുന്നുണ്ടോ എന്നെല്ലാം മനസ്സിലാക്കാനാകും. അടുത്ത പരിശോധനയാണ് ട്രെഡ്മിൽ ടെസ്റ്റ്. ഹൃദയധമനീരോഗങ്ങൾ കണ്ടുപിടിക്കാൻ ട്രെഡ്മിൽ ടെസ്റ്റാണ് സ്‌ക്രീനിങ് ടെസ്റ്റായി ഉപയോഗിക്കുന്നത്.
ഹൃദയം കൂടുതലായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഹൃദയത്തിന്റെ ഇ.സി.ജി.യെടുക്കുന്ന ടെസ്റ്റാണ് ട്രെഡ്മിൽ ടെസ്റ്റ്. നടക്കുമ്പോഴോ ഓടുമ്പോഴോ ഒക്കെ ഹൃദയത്തിന്റെ പേശികൾക്ക് കൂടുതൽ രക്തം ആവശ്യമായിവരും. ഇത്തരം സമയത്ത് ഹൃദയപേശികളിലേക്ക് സാധാരണയുള്ളതിനേക്കാൾ ആറുമുതൽ ഏഴിരട്ടിവരെ രക്തമൊഴുക്ക് കൂടണം. എന്നാൽ അങ്ങനെ ഉണ്ടായില്ലെങ്കിൽ, ഇ.സി.ജി.യിൽ ആ വ്യതിയാനം കാണിക്കും. ഇത് വിലയിരുത്തിയാണ് കൊറോണറി ആർട്ടറി രോഗങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുക.
ഹൃദയധമനിയിൽ ബ്ലോക്കുണ്ടെങ്കിലും രക്തമൊഴുക്കിനെ പൂർണമായും തടസ്സപ്പെടുത്തണമെന്നില്ല. ശരീരത്തിന്റെ വിശ്രമാവസ്ഥയിൽ ഹൃദയപേശികൾക്ക് ഇതിലൂടെ കടന്നുവരുന്ന രക്തം മതിയായ അളവിലായിരിക്കും. അതുകൊണ്ട്, മറ്റ് അസ്വസ്ഥതകൾ അനുഭവപ്പെടണമെന്നില്ല. എന്നാൽ, വ്യായാമം ചെയ്യുമ്പോൾ കൂടുതൽ രക്തം ആവശ്യമായിവരുകയും തടസ്സം കാരണം മതിയായ അളവിൽ രക്തം ലഭിക്കാതാവുകയും ചെയ്യുമ്പോൾ, അസ്വസ്ഥതകളനുഭവപ്പെടും. അതുകൊണ്ട്, ഈ ടെസ്റ്റുകൾ എല്ലാം ചെയ്താലേ ഹൃദയത്തിന്റെ സ്‌ക്രീനിങ് പൂർത്തിയാവുകയുള്ളൂ.
പ്രമേഹമുള്ളവർക്ക് കൂടുതൽ ശ്രദ്ധ ആവശ്യമാണോ?
പ്രമേഹം ഒട്ടും നിയന്ത്രണത്തിൽ അല്ലാത്തവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയധമനീരോഗങ്ങൾ വരാനുള്ള സാധ്യത അഞ്ചിരട്ടിയോളമാണ്. അനിയന്ത്രിതമായ പ്രമേഹം ശരീരത്തെ ആകെ ബാധിക്കുന്ന രോഗമാണ്. വലുതും ചെറുതുമായ എല്ലാ രക്തക്കുഴലുകളിലും തടസ്സം ഉണ്ടാക്കാൻ സാധ്യതയുള്ള രോഗവുമാണ് ഇത്. അതുകൊണ്ട് ഷുഗർ നില കൃത്യമായ അളവിൽ നിയന്ത്രിച്ചുനിർത്തേണ്ടത് വളരെ പ്രധാനമാണ്.
ഹാർട്ട് അറ്റാക്കിൽ എപ്പോഴും നെഞ്ചുവേദന ഉണ്ടാകണമെന്നുണ്ടോ?
ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ പൊതുവേ സാധാരണമായി കാണുന്ന ലക്ഷണമാണ് നെഞ്ചുവേദന. നെഞ്ചിന്റെ നടുഭാഗത്തുള്ള എല്ലിന്റെ അടിയിലാണ് വേദന അനുഭവപ്പെടുന്നത്. ഏതെങ്കിലും പ്രത്യേക പോയന്റിൽനിന്നുള്ള വേദനയല്ല അത്. നെഞ്ചിൽ ഭാരം എടുത്തുവെച്ചതുപോലെ അനുഭവപ്പെടും. അത് ഇടത് കൈയിലേക്ക് വ്യാപിക്കാം. ചിലർക്ക് കഴുത്തിലേക്കായിരിക്കും വേദന വ്യാപിക്കുക. എന്നാൽ എപ്പോഴും ഇങ്ങനെ അനുഭവപ്പെടണമെന്നുമില്ല. ഓരോരുത്തർക്കും ഓരോ തരത്തിലായിരിക്കാം ലക്ഷണങ്ങൾ. സ്ത്രീകൾക്ക് നെഞ്ചെരിച്ചിൽപോലെ ലക്ഷണങ്ങൾ കാണാറുണ്ട്. ആകെ അസ്വസ്ഥത അനുഭവപ്പെടാം.
ഇത്തരത്തിലുള്ള സൂചന ലഭിച്ചാൽ ആദ്യം ഇ.സി.ജി. എടുക്കുക എന്നതാണ് പ്രധാനം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പെട്ടെന്നുതന്നെ തിരിച്ചറിയാനും ചികിത്സ ലഭ്യമാക്കാനും സാധിക്കും. എന്നാൽ നെഞ്ചുവേദന അനുഭവപ്പെടാതെ ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ അത് തിരിച്ചറിയപ്പെടാതെ പോകാം. നേരത്തേ സൈലന്റ് അറ്റാക്ക് വന്നവർക്ക് പിന്നീട് ഹാർട്ടിന്റെ പേശികളുടെ പ്രവർത്തനക്ഷമത കുറഞ്ഞ് പമ്പിങ് കുറഞ്ഞ് ഹാർട്ട് ഫെയ്‌ലിയർ എന്ന അവസ്ഥയിലേക്കുവരെ പോകാം. അത്തരം ബുദ്ധിമുട്ടുകൾ വന്നതിനെതുടർന്ന് നടത്തുന്ന ഇ.സി.ജി. പരിശോധനയിലായിരിക്കും നേരത്തേ ഹാർട്ട് അറ്റാക്ക് ഉണ്ടായിരുന്നതായി മനസ്സിലാക്കുന്നത്.
അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കും നെഞ്ചുവേദന ഇല്ലാത്ത ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂടുന്നുണ്ട്. വളരെ പ്രായം കൂടിയ ആളുകൾക്ക് നാഡികളുടെ പ്രവർത്തനം കുറയുമ്പോൾ ഇത്തരം വേദന അനുഭവപ്പെടണമെന്നില്ല. ഇങ്ങനെ വേദന തിരിച്ചറിയാനുള്ള ശേഷി കുറഞ്ഞ അവസ്ഥകളിലെല്ലാം ഇതിനുള്ള സാധ്യതയുണ്ട്.
ഹൃദയധമനിയിലെ തടസ്സം കണ്ടെത്താനുള്ള മറ്റ് പരിശോധനകൾ എന്തൊക്കെയാണ്?
ഹൃദയധമനീരോഗങ്ങൾ കണ്ടുപിടിക്കാൻ പുതുതായി ചെയ്തുവരുന്ന ടെസ്റ്റാണ് കൊറോണറി സി.ടി. കാൽസ്യം സ്കോർ. കാൽസ്യം സ്കോർ വിലയിരുത്തിയാണ് രോഗനിർണയം നടത്തുന്നത്. സ്കോർ വളരെ കൂടുതലാണെങ്കിൽ അത് ഹൃദയധമനീരോഗത്തിന്റെ സൂചനയായി കണക്കാക്കാം. സ്കോർ പൂജ്യമാണെങ്കിൽ രോഗം ഇല്ലെന്നുതന്നെ വിലിയിരുത്താം. ഹൃദയസ്പന്ദന നിരക്ക് കൃത്യമായവരിൽ മാത്രമേ ഈ ടെസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ. മറ്റൊരു പരിശോധനാരീതിയാണ് കോറോണറി സി.ടി. ആൻജിയോഗ്രാം. ഡൈ കടത്തിവിട്ടാണ് ഈ പരിശോധന ചെയ്യുന്നത്.
ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാൽ ജീവിതകാലംമുഴുവൻ മരുന്ന് കഴിക്കണോ?
ഹാർട്ട് അറ്റാക്ക് വന്നൊരാൾക്ക് ഹൃദയത്തെ സംരക്ഷിക്കാനുള്ള മരുന്നുകൾ കഴിക്കേണ്ടിവരും. ഏതൊക്കെ തരം മരുന്നുകളാണെന്നും അതിന്റെ ഡോസ് എത്രയാണ് എന്നുമൊക്കെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഡോക്ടർ നിശ്ചയിക്കും. ഓരോ ഘട്ടത്തിലും ആവശ്യമെങ്കിൽ ഡോസിൽ മാറ്റങ്ങൾ വരുത്തും. ആൻജിയോപ്ലാസ്റ്റി ചെയ്താൽ സാധാരണയായി ഒരു മാസമെത്തുമ്പോഴാണ് തുടർവിലയിരുത്തൽ പരിശോധന നടത്തുക. എന്നാൽ ചില ആളുകൾക്ക് ഇത് നേരത്തേ ചെയ്യേണ്ടിവരും. ഇതെല്ലാം ഓരോരുത്തരുടെയും രോഗാവസ്ഥയ്ക്ക് അനുസരിച്ചിരിക്കും. കൂടാതെ ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർക്ക് അത് പരിഹരിക്കാനുള്ള മരുന്നും വേണ്ടിവരും. ആൻജിയോപ്ലാസ്റ്റി ചെയ്ത എല്ലാവർക്കും ഒരേപോലെയല്ല മരുന്ന് ആവശ്യമായിവരുക. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്താൻ പാടില്ല. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ ഇത്തരം മരുന്നുകൾ കഴിക്കുന്നുണ്ടെന്ന കാര്യം ഡോക്ടറെ അറിയിക്കണം.
ഹൃദയധമനിയിൽ കാൽസ്യം അടിഞ്ഞുകൂടിയാൽ അത് നീക്കാൻ എന്താണ് ചികിത്സ?
സങ്കീർണമായ ബ്ലോക്കുകൾവരെ ആൻജിയോപ്ലാസ്റ്റിവഴി ഇപ്പോൾ ചികിത്സിക്കാൻ കഴിയുന്നുണ്ട്. കൊറോണറി ധമനിക്കുള്ളിൽ കാൽസ്യം അടിഞ്ഞുകൂടുന്ന അവസ്ഥയ്ക്ക് പണ്ടുകാലത്ത് ബൈപ്പാസ് സർജറി മാത്രമായിരുന്നു പരിഹാരം. എന്നാൽ ഇപ്പോൾ കാൽസ്യം മോഡിഫിക്കേഷൻ തെറാപ്പിയുണ്ട്. അടിഞ്ഞുകൂടിയ കാൽസ്യത്തെ ആൻജിയോപ്ലാസ്റ്റിവഴി നീക്കംചെയ്യാൻ സാധിക്കും.
റോട്ടേഷണൽ അതിറക്ടമി(Rotational atherectomy), ഓർബിറ്റൽ അതിറക്ടമി എന്നിവയാണ് പ്രധാന കാൽസ്യം മോഡിഫിക്കേഷൻ തെറാപ്പികൾ. ഇതിൽ പൊതുവേ ഉപയോഗിക്കുന്നത് റോട്ടേഷണൽ അതിറക്ടമിയാണ്. മറ്റൊരു ചികിത്സാരീതിയാണ് ഇൻട്രാവാസ്‌കുലാർ ലിതോട്രിപ്‌സി. ഇതും കാൽസ്യം മോഡിഫിക്കേഷൻ തെറാപ്പിയാണ്. ഒരു ബലൂൺ കടത്തി കാൽസ്യം നിക്ഷേപത്തെ പ്രത്യേക അൾട്രാസൗണ്ട് തരംഗങ്ങൾ വഴി പൊട്ടിക്കാൻ കഴിയും. അതിനുശേഷം ആൻജിയോ പ്ലാസ്റ്റി വഴി ബ്ലോക്ക് നീക്കം ചെയ്യും. പൊതുവേ ചെലവ്
കൂടിയ ചികിത്സാരീതി
കളാണിവ.
ട്രെഡ്മിൽ ടെസ്റ്റ് ചെയ്തപ്പോൾ അതിൽ കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഹാർട്ട് അറ്റാക്കുണ്ടായി. എന്തുകൊണ്ടാണിത്?
ചില ആളുകളിൽ ഹൃദയധമനിയിൽ തടസ്സം 20 ശതമാനമോ 30 ശതമാനമോ ആയിരിക്കാം. അതിനാൽ, ചിലപ്പോൾ ട്രെഡ്മിൽ ടെസ്റ്റ് ചെയ്യുമ്പോഴും ഹൃദയപേശിക്കാവശ്യമായ രക്തം ഇതിലൂടെ ലഭിക്കുന്നുണ്ടാകും. അത്തരം അവസ്ഥയിൽ ട്രെഡ്മിൽ ടെസ്റ്റിൽ കുഴപ്പം തിരിച്ചറിയണമെന്നില്ല. പക്ഷേ, ഇങ്ങനെയുള്ള ചെറിയ ബ്ലോക്കുകൾ അൺസ്റ്റേബിളാകാനുള്ള സാധ്യത കൂടുതലാണ്. അതായത്, ബ്ലോക്കിൽ വിള്ളലുണ്ടാകാനും പൊട്ടാനും അതിനുള്ളിലെ പദാർഥങ്ങൾ പുറത്തേക്ക് വരാനുമിടയാകും. അത്തരം പദാർഥങ്ങൾ രക്തവുമായി കലരുമ്പോൾ, രക്തം കട്ടപിടിക്കാനുള്ള സാധ്യതയുണ്ട്.
കോഴിക്കോട് മെയ്‌ത്ര ഹോസ്‌പിറ്റലിൽ സെന്റർ ഫോർ ഹാർട്ട് & വാസ്‌കുലാർ കെയർ വിഭാഗം സീനിയർ കൺസൽട്ടന്റ് ആണ് ലേഖകൻ
Content Highlights: heart disease among younger adults, heart attack symptoms
Published: 31 Oct 2023, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented