ഉറക്കം മനുഷ്യ ജീവിതത്തിൽ അവിഭാജ്യ ഘടകമാണ്. ഒരു ദിവസം കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിക്കേണ്ടത് മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. ഇപ്പോഴിതാ, നമ്മുടെ കണ്ണുകളുടെ ആരോ​ഗ്യത്തേയും ഉറക്കക്കുറവ് ബാധിക്കുമെന്ന് പറയുകയാണ് കണ്ണ് രോഗ വിദഗ്ധനായ ഡോ. വിനയ് പ്രസാദ്. സ്ഥിരമായി ആറ് മണിക്കൂറിൽ കുറവാണ് ഉറക്കമെങ്കിൽ അത് വിവിധ നേത്ര രോ​ഗങ്ങൾക്ക് വഴിവെയ്ക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസിനോട് അദ്ദേഹം പറഞ്ഞു. 

To advertise here,

1. ഡ്രൈ ഐസ്
വേണ്ടത്ര ഉറക്കം ലഭിക്കാതിരുന്നാൽ അത് കണ്ണുകൾക്ക് ആവശ്യമായ ഈർപ്പം നൽകുന്ന കണ്ണുനീർ ഉത്പാദിപ്പിക്കാൻ സാധിക്കാതെ വരും. ആവശ്യത്തിന് കണ്ണുനീർ ഇല്ലാത്തത് കണ്ണുകൾ വരണ്ടതാക്കും. കൂടാതെ, ഈ പ്രശ്നം കണ്ണുകൾ ചുവക്കുന്നതിനും അവയിൽ ചൊറിച്ചിൽ അനുഭവപ്പെടാനും കാരണമായേക്കും. ഇത് പിന്നീട് കണ്ണിന് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നും ഡോക്ടർ പറയുന്നു. 

2. മയോക്കീമിയ(Myokymia)
കൺപോളയിൽ എപ്പോഴെങ്കിലും വലിവ് പോലയോ വിറയലോ അനുഭവിച്ചിട്ടുണ്ടോ. മയോക്കീമിയയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ് ഇത്. കണ്ണുകൾ ക്ഷീണിക്കുന്നതോടെ ഇത് കൂടുതൽ തവണ സംഭവിച്ചേക്കാം. ക്ഷീണം, സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ മൂലമാണ് സാധാരണയായി ഈ പ്രശ്നം ഉണ്ടാകുന്നത്. 

3. കണ്ണിന് ചുറ്റുമുള്ള കറുപ്പ്
ഉറക്കക്കുറവിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിൽ ഒന്നാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പും വീർത്ത കണ്ണുകളും. ആവശ്യമായ ഉറക്കം ലഭിക്കാതെ വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കണ്ണിനു താഴെയുള്ള രക്തക്കുഴലുകളിലുണ്ടാകുന്ന പ്രശ്നമാണ് ഈ ഭാ​ഗം ഇരുണ്ടതായി കാണപ്പെടുന്നതിന് കാരണം. സ്ഥിരമായി ഉറക്കക്കുറവ് ഉള്ളവരിൽ കണ്ണുകൾ വീർത്തതായി കാണാറുണ്ട്. 

4. കാഴ്ച മങ്ങാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള ബുദ്ധിമുട്ട്
ദീർഘനേരത്തെ ജോലിക്ക് ശേഷം കണ്ണുകൾക്ക് വിശ്രമം അത്യാവശ്യമാണ്. നല്ല ഉറക്കശീലം കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നു. ആവശ്യത്തിന് ഉറക്കമില്ലെങ്കിൽ കണ്ണുകൾക്ക് ഏതെങ്കിലും വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തമായി കാണുന്നതിലും പ്രയാസം നേരിടേണ്ടി വരും. സ്ക്രീനിൽ നോക്കുമ്പോഴോ വായിക്കാൻ ശ്രമിക്കുമ്പോഴോ കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടേക്കാം. 

5. നേത്ര അണുബാധ
ബാക്ടീരിയകൾ, പൊടി എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് കണ്ണുനീർ. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് കണ്ണീർ ഉത്പാദിപ്പിക്കുന്നിനെ ബാധിക്കുന്നു. അതിനർഥം കണ്ണുകൾ കൂടുതൽ അണുക്കൾക്ക് വിധേയമാകുന്നു എന്ന് തന്നെയാണ്. ഇത് ചെങ്കണ്ണ് പോലുള്ള ഗുരുതരമായ നേത്ര അണുബാധകൾക്ക് കാരണമായേക്കാം. 

കണ്ണിന്റെ ആരോ​ഗ്യത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

1. 20-20-20 നിയമം 
തുടർച്ചയായി ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടർച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. അതിനാൽ 20 മിനിറ്റ് തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കിയിരിക്കണം. 20-20-20 നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും.

2. കണ്ണട ഉപയോ​ഗിക്കാം
മലിനമായതോ കാറ്റുള്ളതോ ആയ സാഹചര്യങ്ങളിൽ കണ്ണട ഉപയോ​ഗിക്കുക. 

3. കണ്ണുകൾ ചിമ്മുക
ഡിജിറ്റൽ മോണിറ്ററുകളിൽ ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയാറുണ്ട്. ഇടയ്ക്ക് കണ്ണുചിമ്മുകയാണ് ഇതിനുള്ള പരിഹാരം. സാധാരണമായി ഒരു മിനിറ്റിൽ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മണം. ഇത് കണ്ണിൽ ജലാംശം നിലനിർത്തി കണ്ണിനെ ഫ്രെഷാക്കും.

4. ഭക്ഷണത്തിലും ശ്രദ്ധവേണം
കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ ആഹാരത്തിനും പങ്കുണ്ട്. ദീർഘനേരം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നവർക്ക് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. നിർജ്ജലീകരണം കണ്ണിനെ വരണ്ടതാക്കിയേക്കാം. വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, സിങ്ക് എന്നിവ കണ്ണിന് അത്യാവശ്യമാണ്. അതിനായി കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ, മുട്ട, മീൻ, വാൽനട്ട്, സിട്രസ് പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.