ചില വിഭവങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, ആ നാടിനെ നമ്മള്‍ ചേര്‍ത്ത് വയ്ക്കുന്നത് ആ രുചിയോടൊപ്പമായിരിക്കും. കോഴിക്കോടന്‍ ഹല്‍വയും ബിരിയാണിയും, തിരുവന്തപുരത്തിന്റെ ബോളി, ഇടുക്കിക്കാരുടെ ഏഷ്യാഡ്, കോട്ടയത്തെ പിടിയും കോഴിയും, കണ്ണൂരെ കലത്തപ്പം, ആലപ്പുഴക്കാരുടെ സ്‌പെഷ്യല്‍ മീന്‍കറി, വയനാടന്‍ പോത്തും കാല്‍കറി, തൃശൂരിലെ ചേമ്പും മത്തിക്കറിയും ലിസ്റ്റ് ഇങ്ങനെ നീണ്ട് നീണ്ട് പോകും. നമ്മള്‍ അറിയാത്ത പ്രാദേശികമായി മാത്രം കാണുന്ന എത്രയെത്ര രുചികളുണ്ടാകും ആ രുചികളിലേക്കും വിഭവങ്ങളിലേക്കുമുള്ള യാത്രയാണ് എന്റെ നാട് എന്റെ രുചി.
പാലക്കാടിന്റെ കിഴക്കന്‍ പ്രദേശത്ത് കല്യാണത്തലേന്ന് ഉണ്ടാക്കുന്ന വിഭവമാണ് കുമ്പളങ്ങയിട്ട കോഴിക്കറി. പലതരം കോഴിക്കറികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു വിഭവത്തെക്കുറിച്ച് ആദ്യമായി ആണ് കേള്‍ക്കുന്നത്. സംക്രാന്തി പോലെയുള്ള വിശേഷ അവസരങ്ങളിലും കുമ്പളങ്ങയിട്ട കോഴിക്കറി ഉണ്ടാക്കാറുണ്ടെങ്കിലും കല്യാണ വീട്ടിലെ കുമ്പളങ്ങകോഴിക്കറിയുടെ രുചി ഒന്ന് വേറെ തന്നെ ആണ്.
Also Read
എന്നാല്‍ ആ കല്യാണവീട് സ്റ്റൈല്‍ കുമ്പളങ്ങക്കറി തേടിയുള്ള എന്റെ യാത്ര എത്തിയത് പാലക്കാട് കാടാംകോടുള്ള പ്രജീഷ് ചന്ദ്രന്റെ ഡ്രീംസ് കാറ്ററിങ്ങിലാണ്. വര്‍ഷങ്ങളായി പാലക്കാടന്‍ കല്യാണങ്ങള്‍ക്ക് കുമ്പളങ്ങയിട്ട കോഴിക്കറി തയ്യാറാക്കി പരിചയമുണ്ട് പ്രജീഷിന്. യാതൊരു പരിചയവുമില്ലാത്ത ആ കല്യാണവീട്ടിലേക്ക് കുമ്പളങ്ങയിട്ട കോഴിക്കറി തേടി ഞാന്‍ കയറി ചെന്നു.
അടുക്കള ഉണര്‍ന്ന് വരുന്നേയുള്ളു. പച്ചക്കറി നുറുക്കല്‍, ഇറച്ചി വൃത്തിയാക്കല്‍ ഈവക പരിപാടികളൊക്കെ പല ഭാഗത്തായി നടന്നു കൊണ്ടിരിക്കുന്ന അടുക്കള. പണ്ട് ഇറച്ചി കുറവും ആളെണ്ണം കൂടുതലുമായിരുന്ന സമയത്ത് കറികൂട്ടാനാണ് കുമ്പളങ്ങയിട്ടിരുന്നത് എന്ന് ഗൂഗിളും യൂട്യൂബും തന്ന വിവരം ഞാന്‍ പ്രജീഷിനോട് ചോദിച്ചു.
അതും ഒരു കാരണമാണ് പക്ഷേ അതിലും പ്രധാനപ്പെട്ട ഒരു കാരണമുണ്ട് കോഴിക്കറി സ്വതവേ ചൂട് കൂടുതലാണ്, നമ്മടെ നാട്ടിലും ചൂട് കൂടുതല്‍ ആ ചൂട് ഒന്ന് തണുപ്പിക്കാന്‍ എന്ന് കൂടി കരുതിയിട്ടാകണം കോഴിക്കറിയിലേക്ക് കുമ്പളങ്ങകൂടി ചേര്‍ക്കുന്നതെന്ന് പ്രജീഷ്.
ഇന്നും വലിപ്പചെറുപ്പമില്ലാതെ കല്യാണ വീടുകളിലെല്ലാം കുമ്പളങ്ങയിട്ട കോഴിക്കറി വിളമ്പാറുണ്ട്. പല രീതിയില്‍ കുമ്പളങ്ങയിട്ട കോഴിക്കറി തയ്യാറാക്കാന്‍ കഴിയുമെങ്കിലും കല്യാണവീട് സ്റ്റൈല്‍ കുമ്പളങ്ങ കോഴിക്കറിക്കാണ് രുചി കൂടുതല്‍. വളരെ എളുപ്പമാണ് കുമ്പളങ്ങ കോഴിക്കറി തയ്യാറാക്കാന്‍.
ചേരുവകള്‍
- കോഴിയിറച്ചി- 1 കിലോഗ്രാം
- കുമ്പളങ്ങ- 1 കിലോഗ്രാം
- മുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
- മല്ലിപൊടി- 2 ടേബിള്‍ സ്പൂണ്‍
- ചിക്കന്‍ മസാല- 3 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍ പൊടി- അര ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി- 1 സ്പൂണ്‍
- വെളിച്ചെണ്ണ- 80 മില്ലി
- ഇഞ്ചി വെളുത്തുള്ളി അരച്ചത്- 3 ടേബിള്‍ സ്പൂണ്‍
- തേങ്ങ അരച്ചത്- ഒരു ചെറിയ തേങ്ങ
- സവാള- 200 ഗ്രാം
- കറിവേപ്പില- 1 തണ്ട്
- മല്ലിയില- 1 തണ്ട്
- ഉരുളന്‍ കിഴങ്ങ്- 1 ( ആവശ്യമെങ്കില്‍)
- തക്കാളി- 150 ഗ്രാം
തയ്യാറാക്കുന്ന വിധം
ചൂടായ വെളിച്ചെണ്ണയിലേക്ക് അരിഞ്ഞ സവാളയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് വഴറ്റി എടുക്കണം. വഴറ്റിയ സവാളയിലേക്ക് മുളക് പൊടിയും അരച്ച് എടുത്ത ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ക്കണം. ഇതിലേക്ക് തക്കാളിയും മല്ലിപ്പൊടിയും ചിക്കന്‍ മസാലയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഈ കൂട്ട് നന്നായി യോജിച്ച് വരുമ്പോള്‍ അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന കോഴിറച്ചി ചേര്‍ക്കാം.
ആവശ്യത്തിന് ഉപ്പിട്ട് കുറച്ച് വെള്ളമൊഴിക്കണം. മുറിച്ച് കഷ്ണമാക്കി വച്ചിരിക്കുന്ന കുമ്പളങ്ങ കൂട്ടിലേക്ക് ചേര്‍ക്കണം. കുമ്പളങ്ങയും ഇറച്ചിയും നന്നായി വെന്ത ശേഷം ഇതിലേക്ക് അരച്ച് വച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി ഇളക്കണം. കറി നന്നായി തിളച്ച് തേങ്ങയുടെ പച്ച മണം മാറിവരുമ്പോള്‍ എരിവിന് അനുസരിച്ചുള്ള കുരുമുളക് പൊടിയും ചേര്‍ക്കണം.
മേമ്പൊടിക്ക് കറിവേപ്പിലയും മല്ലിയിലയും കൂടി ചേര്‍ത്ത് ഒന്ന് ചെറുതായി തിളപ്പിച്ചാല്‍ പാലക്കാടന്‍ കല്യാണ വീട് സ്റ്റൈല്‍ കുമ്പളങ്ങ കോഴിക്കറി തയ്യാര്‍. കുറുകിയ കറി വേണമെന്നുള്ളവര്‍ക്ക് കുറച്ച് കൂടി തിളപ്പിച്ച് കറി കുറുക്കി എടുക്കാവുന്നതാണ്. കല്യാണ വീടുകളില്‍ സദ്യയ്ക്ക് ഒപ്പവും നെയ്ച്ചോറിന് ഒപ്പവും പലഹാരത്തിനൊപ്പവും കുമ്പളങ്ങ കോഴിക്കറി വിളമ്പാറുണ്ട്.
പ്രധാനമായും മൂന്ന് അവസരങ്ങളിലാണ് കുമ്പളങ്ങയിട്ട കോഴിക്കറി പാലക്കാട് തയ്യാറാക്കുന്നത് ഒന്ന് ചംക്രാന്തി എന്ന് പാലക്കാട്ടുകാര്‍ വിളിക്കുന്ന സംക്രാന്തിക്കാണ്. കൂടാതെ കല്യാണത്തലേന്നും പിന്നെ മരണാനന്തരച്ചടങ്ങിനും ഈ വിഭവം ഉണ്ടാക്കും.
പാലക്കാടിന്റെ കിഴക്കന്‍ ഭാഗത്തുള്ള അമ്പലങ്ങളിലും ചടങ്ങുകളുടെ ഭാഗമായി കുമ്പളങ്ങയിട്ട കോഴിക്കറി തയ്യാറാക്കാറുണ്ട്. ആഡംബരമില്ലാത്ത, അധിക ചേരുവകളില്ലാത്ത, നാടന്‍ കറിയാണിതെന്ന കാര്യത്തില്‍ സംശയമേ വേണ്ട.
Content Highlights: palakkad kumbalanga chicken curry recipe
Published: 14 Jul 2024, 07:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented