ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണോ? അതിന് സഹായിക്കുന്ന പ്രോട്ടീന്‍ നിറഞ്ഞ ഒരു വിഭവമാണ് എഗ്ഗ് സാലഡ്. ഇത് തയ്യാറാക്കാന്‍ 15 മിനിറ്റ് മതി.

To advertise here,

ജിം പരിശീലനത്തിന് ശേഷം നിങ്ങളുടെ ശരീരം പേശികളെ വീണ്ടെടുക്കാനും പുനര്‍നിര്‍മിക്കാനും കഠിനമായി പ്രവര്‍ത്തിക്കും. ഇതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. മണിക്കൂറുകളോളം വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ മുട്ടകളില്‍ അടങ്ങിയിട്ടുണ്ട്.

വില കുറഞ്ഞതും, പാചകം ചെയ്യാന്‍ എളുപ്പമുള്ളതുമായ ഭക്ഷണ പദാര്‍ഥമാണ് മുട്ടകള്‍. പേശികള്‍ക്ക് ആവശ്യമായ അമിനോ ആസിഡുകളും അവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ എഗ്ഗ് സാലഡ് ഡയറ്റിലുള്‍പ്പെടുത്തുന്നത് നല്ലതാണ്.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കുകയും ശരീരഭാരം കുറയ്ക്കുമ്പോള്‍ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

വ്യായാമത്തിന് ശേഷം രണ്ട് മണിക്കൂറിനുള്ളില്‍ പ്രോട്ടീന്‍ കഴിക്കുന്നത് പേശികളുടെ പ്രോട്ടീന്‍ സിന്തസിസിനെ (muscle protein synthesis) പിന്തുണയ്ക്കുമെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. പേശികള്‍ സ്വയം നന്നാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സ്വാഭാവിക പ്രക്രിയയാണിത്.

രണ്ട് വലിയ മുട്ടകളില്‍ ഏകദേശം 13 ഗ്രാം ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

ശരീരത്തിന് തനിയെ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവശ്യ അമിനോ ആസിഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. കഠിനമായ വ്യായാമത്തിന് ശേഷം 20 ഗ്രാം മുട്ടയുടെ പ്രോട്ടീന്‍ പേശികളെ വീണ്ടെടുക്കുന്ന പ്രക്രിയയെ വേഗത്തിലാക്കുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.

മുട്ടയുടെ വെള്ള മാത്രമല്ല മുട്ട മുഴുവനായും ഉപയോഗിക്കണം. മുട്ടയുടെ മഞ്ഞക്കരു പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുകയും കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ വളരെ പ്രധാനമാണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നതിനേക്കാള്‍ 40% അധികം ഗുണം മുട്ട മുഴുവനായി കഴിക്കുമ്പോള്‍ ലഭിക്കുമെന്ന് ഇലിനോയിസ് സര്‍വകലാശാലയിലെ ഒരു പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

എഗ്ഗ് സാലഡ് റെസിപ്പി
ആവശ്യമായ ചേരുവകള്‍

  • 4 വലിയ പുഴുങ്ങിയ മുട്ട
  • 1/2 കപ്പ് സോര്‍ ക്രീം അല്ലെങ്കില്‍ ഗ്രീക്ക് യോഗട്ട് (ഗ്രീക്ക് യോഗട്ട് കൂടുതല്‍ പ്രോട്ടീന്‍ നല്‍കുന്നു)
  • 2 ടീസ്പൂണ്‍ ഡിജോണ്‍ മസ്റ്റാര്‍ഡ്
  • 1 ടീസ്പൂണ്‍ മുളകുപൊടി
  • 2 ഉള്ളിത്തണ്ട് അരിഞ്ഞത്
  • 1 ടേബിള്‍സ്പൂണ്‍ മല്ലിയില അരിഞ്ഞത്
  • ഉപ്പും കുരുമുളകും ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങിയെടുത്ത് തൊലി കളയുക.

ക്രീം ബേസ് ഉണ്ടാക്കുക
ഒരു പാത്രത്തില്‍ സോര്‍ ക്രീം അല്ലെങ്കില്‍ ഗ്രീക്ക് യോഗട്ട്, ഡിജോണ്‍ മസ്റ്റാര്‍ഡ്, മുളകുപൊടി, ഉപ്പ്, കുരുമുളക് എന്നിവ നന്നായി യോജിപ്പിക്കുക.

അധികം ഇളക്കാതെ യോജിപ്പിക്കുക
മുട്ട വലിയ കഷണങ്ങളായി അരിയുക. ഉള്ളിത്തണ്ടും മല്ലിയിലയും ചേര്‍ത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് തയ്യാറാക്കിയ ക്രീം മിശ്രിതം ഒഴിച്ച് പതുക്കെ ഇളക്കി യോജിപ്പിക്കുക.

തണുപ്പിച്ച് വിളമ്പാം
രുചികള്‍ നന്നായി യോജിക്കുന്നതിനായി സാലഡ് കുറഞ്ഞത് 20 മിനിറ്റെങ്കിലും ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. കുറഞ്ഞ കലോറിയും ഉയര്‍ന്ന പ്രോട്ടീനുമുള്ള ഭക്ഷണമായി ഇത് കഴിക്കാം. വ്യായാമത്തിന് ശേഷം കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് വേണമെങ്കില്‍ ഗോതമ്പ് ടോസ്റ്റിന്റെയോ പച്ചക്കറികളുടെയോ കൂടെ കഴിക്കാം.

വ്യത്യസ്ത ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഈ സാലഡില്‍ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. ഗ്രീക്ക് യോഗട്ട് പ്രോട്ടീന്‍ വര്‍ധിപ്പിക്കുന്നു. ഗ്രില്‍ ചെയ്ത ചിക്കന്‍ ചേര്‍ക്കുന്നത് പ്രോട്ടീന്റെ അളവ് ഗണ്യമായി കൂട്ടുന്നു. കൂടാതെ അവൊക്കാഡോയോ വിത്തുകളോ ചേര്‍ക്കുന്നതും നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)